സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 1 February 2016

അനുഭൂതികളില്‍ മുഴുകിയ ഹജ്ജ് യാത്ര

(മുറാദ് ഹോഫ്മാന്‍ എന്ന ജര്‍മന്‍ ചിന്തകന്‍ 1980ല്‍ ഇസ്ലാം സ്വീകരിച്ചു. കത്തോലിക്കന്‍ കുടുംബത്തില്‍ നിന്നു മതപരിവര്‍ത്തനം നടത്തിയ മുറാദ് ഹോഫ്മാന്‍ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ജീനിയസാണ്. പരമ്പരാഗത മുസ്ലിംകള്‍ക്ക്, നവാഗതര്‍ക്ക് അനുഭവിക്കാനാവുന്ന അനുഭൂതി മനസ്സിലായിക്കൊള്ളണമെന്നില്ല. സൃഷ്ടിപൂജയുടെ ലോകത്തുനിന്നു ഏകദൈവ വിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് എത്തിയ മുറാദ് ഹോഫ്മാന്റെ യാത്രകളും എഴുത്തും കൂടുതല്‍ ജീവനുള്ളതായി അനുഭവപ്പെടും. അദ്ദേഹത്തിന്റെ ഹജ്ജ് യാത്രാ അനുഭവങ്ങള്‍ ജേണ്‍ടു മക്കയില്‍ വികാര തീവ്രതയോടെയാണ് വിവരിക്കുന്നത്)
1982ല്‍ ഉംറ നിര്‍വ്വഹിച്ചു. 92ലാണ് ഹജ്ജ് ചെയ്തത്. യാത്ര മനുഷ്യന്റെ സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുന്ന സന്ദര്‍ഭമാണ്. ഒന്നും ഒളിച്ചുവെക്കാന്‍ യാത്രക്കാരനാകില്ല. അവനറിയാതെ സ്വഭാവം, രീതികള്‍ എന്നിവ പുറത്തുചാടും. അഭിനയിച്ചുതീര്‍ക്കാന്‍ യാത്രക്കാരനാവില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ഹാജിമാര്‍ പാലിക്കുന്ന ആത്മനിയന്ത്രണവും പരസ്പര സഹായമനോഭാവവും മുറാദ് ഹോഫ്മാനെ വല്ലാതെ ആശ്ചര്യപ്പെടുത്തി.
കസാപ്ളാങ്കാ എയര്‍പോര്‍ട്ട്. സാദാ യാത്രക്കാരില്‍ നിന്നും വ്യത്യസ്തമായ മുഖത്തോടെ ഹജ്ജിനു പുറപ്പെടുന്ന ഹാജിമാര്‍. കൂടെ മുറാദ് ഹോഫ്മാനും. നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഗേജ് പരിശോധന കഴിഞ്ഞു. ഉദ്യോഗസ്ഥന്‍ വന്നുപറഞ്ഞു. ഡാങ്കറില്‍നിന്നുള്ള സഊദി ജംബോജെറ്റ് ഒരു മണിക്കൂര്‍ മുമ്പ് ഇവിടെ ലാന്റ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വിമാനം ഇതുവരെ ഡാങ്കറില്‍ ലാന്റ് ചെയ്തിട്ടില്ല. അതിനാല്‍ എണ്‍പതു മൈല്‍ മടക്കയാത്ര ചെയ്തു റിബാത്വില്‍ എത്തുക. അല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ മണിക്കൂറുകള്‍ ഇനിയും കാത്തുനില്‍ക്കുക.
ഇലാഹീ തൃപ്തിക്കായി സര്‍വ്വവും മാറ്റിവെച്ചു യാത്രതിരിച്ചവര്‍ കാത്തിരിപ്പു നിര്‍ദ്ദേശം വിഷമമില്ലാ തെ സ്വീകരിച്ചു. ഹജ്ജ് നിര്‍വ്വഹിക്കാന്‍ 8000 മൈല്‍ താണ്ടി ഒരു വര്‍ഷത്തെ പ്രയത്നം നടത്തിയ പഴയ മൊറോക്കക്കാരെ അവര്‍ ഓര്‍ത്തിട്ടുണ്ടാകണം. ഹജ്ജ് യാത്രക്കാരുടെ സാന്നിധ്യം കൊണ്ട് എയര്‍പോര്‍ട്ട്, പള്ളിയുടെ പ്രതീതിയായി. നിസ്കരിക്കാന്‍ വേണ്ടി ടെര്‍മിനല്‍ വൃത്തിയാക്കി. ക്ഷമയുടെയും ത്യാഗത്തിന്റെയും സ്മരണകള്‍ താലോലിക്കുന്നതാണല്ലോ ഹജ്ജ്. ദൈവാനുഗ്രഹത്താല്‍ അടുത്ത ദിവസം തന്നെ സഊദി എയര്‍ലൈന്‍സ് അവരെയും കൊണ്ട് പറന്നു.
മദീന
മുറാദ് ഹോഫ്മാന്റെ ആദ്യലക്ഷ്യം മദീന സിയാറത്തായിരുന്നു. അത്യാവശ്യത്തിനു വേണ്ട സാധനങ്ങള്‍ മാത്രമാണ് കയ്യിലുള്ളത്. തോള്‍ സഞ്ചിയില്‍ മുസ്വ്ഹഫും വെള്ളവും കയ്യില്‍ വെളുത്ത ഒരു കുട. ഇതൊക്കെയാണ് മുറാദ് ഹോഫ്മാന്റെ വശമുള്ളത്.
മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തി. നബി(സ്വ)ക്ക് അഭയവും അത്താണിയുമായ മണല്‍തരികളെ കണ്ടു. പാതിരാവോടടുത്ത സമയം. മുത്തുനബി(സ്വ)യുടെയും അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവരുടെയും ഖബര്‍ സിയാറത്തിനുപോയി. മനസ്സുനിറയെ സ്നേഹം നല്‍കി ആദരിക്കപ്പെടുകയും ഒടുവില്‍ മരണം വരിച്ച ആ മണ്ണില്‍ നില്‍ക്കുമ്പോള്‍ ദൃഢചിത്തര്‍ പോലും പതറുന്നത് മുറാദ് ഹോഫ് മാന്‍ കാണുകയുണ്ടായി.
വികാരതീവ്രതയോടെ പ്രവാചകന്റെ സന്നിധിയില്‍ വന്നു പ്രാര്‍ഥിക്കുന്ന വിശ്വാസികളുടെ സ്നേഹം മുറാദ് ഹോഫ്മാന്‍ നേരില്‍ അനുഭവിച്ചറിയുകയായിരുന്നു. പ്രവാചക കുടുംബങ്ങളടക്കം മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീഅ് സിയാറത്ത് ചെയ്തു. മസ്ജിദുല്‍ ഖുബ, ഉഹ്ദ് യുദ്ധക്കളം  എന്നിവ സന്ദര്‍ശിച്ചു. ചരിത്രങ്ങള്‍ സൂക്ഷിക്കുന്നതിലെ പരാജയം മുറാദ് ഹോഫ്മാനെ വല്ലാതെ വ്യസനത്തിലാക്കി.
മക്കയിലേക്ക്
രണ്ടുമണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനു ശേഷം സഊദി എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ മുറാദ് ഹോഫ്മാന്‍ ജിദ്ദയിലെത്തി. അവിടെനിന്നു മക്കയിലേക്ക് തിരിച്ചു. കഅ്ബ ഹോഫ്മാന്റെ ശ്രദ്ധയെ കവര്‍ന്നെടുത്തു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട ആവരണം (കില്ല) കാണാം. സഊദി മന്ത്രിസഭയിലെ അണ്ടര്‍ സെക്രട്ടറി മുന്‍വര്‍ഷത്തെ കില്ലയുടെ ഒരു കഷ്ണം മുറാദ് ഹോഫ്മാന് സമ്മാനിച്ചു. ഹജറുല്‍ അസ്വദ് തൊടാനും മുത്താനും തിരക്കാണ്. ഈ കില്ലു തൊടുന്നയാള്‍ പ്രവാചകനുമായി ശാരീരിക ബന്ധംസ്ഥാപിക്കുന്നുണ്ടെന്ന് മുറാദ് ഹോഫ്മാന്‍ നിരീക്ഷിക്കുന്നു. യുഗങ്ങള്‍ തമ്മിലുള്ള അന്തരമില്ലാതെ വിശ്വാസികള്‍ ആത്മീയ ശ്രേണിയിലെ കണ്ണിയായി മാറുകയാണ്.
……………………………………..
ഒരു ബദവിയുടെ കൂടെ മഗ്രിബ് നിസ്കരിക്കാന്‍ പോയതായിരുന്നു. ഉച്ചത്തിലുള്ള നിലവിളികള്‍ കേട്ടപ്പോള്‍ ആരാണെന്നുനോക്കി. യമനി. യാത്രാരേഖകളും കാശും എടുത്ത് ഭാര്യ സ്ഥലം വിട്ടിരിക്കുന്നു. ഉദാരമനസ്കരായ ഹാജിമാര്‍ കൈയയച്ച് യമനിയെ സഹായിച്ചു.
……………………………………
യാത്രക്കിടയില്‍ ഉണ്ടാകുന്ന ഉള്‍ക്കാഴ്ചകള്‍ നോട്ടു ചെയ്തിരുന്നു. ഇത് സഹോദരന്‍ അഹ്മദ് കണ്ടു. ‘ഇഹ്റാം മരണത്തിലേക്കുള്ള സൂചനയാണ്. അവ അന്ത്യനാളിന്റെ സ്മരണ ഉയര്‍ത്തും. മിനയിലെ കല്ലേറ് സാത്താനോടുള്ള ആയുഷ്കാല കല്ലേറാണ്.’ സഹോദരനെ യാത്രാ കുറിപ്പുകള്‍ ഏറെ ചിന്തിപ്പിച്ചു. ഹജ്ജ് ചെയ്യുക. ഒരു മുസ്ലിമിന്റെ ജിവിതാഭിലാഷമാണ്. അതിനുവേണ്ടി പഠിക്കുന്നതും ഒരുങ്ങുന്നതും കഷ്ടതകള്‍ അനുഭവിക്കുന്നതും ആനന്ദമാണ്. പി.എച്ച്.ഡി.യോ മറ്റു ടൈറ്റലുകളോ ഒന്നും ഹാജി എന്ന പേരിനോളം വരില്ല എന്ന് മുറാദ് ഹോഫ്മാന്‍.
………………….
ഇസ്ലാമിലേക്ക് വന്നതിനുശേഷം ദൈവവുമായിട്ടുള്ള ആത്മീയബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഹജ്ജിനു വലിയ പങ്കുവഹിക്കാനായിട്ടുണ്ടെന്ന് മുറാദ് ഹോഫ്മാന്‍ പറയുന്നു. മുറാദ് ഹോഫ്മാനടക്കം 150 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മിനാ കൊട്ടാരത്തില്‍ വിരുന്നൊരുക്കിയിരുന്നു. ബ്രൂണായ് സുല്‍ത്താനും ഇറാന്‍ പ്രസിഡന്റ് റഫ്സഞ്ചാനിയുടെ മകനും അതിലുള്‍പ്പെടും. ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ തനിക്കെതിരെ ജര്‍മന്‍ മീഡിയകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വേട്ടക്കു തിരിച്ചടിയായിട്ടാണ് ക്ഷണം ലഭിക്കുന്നത്.