സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 7 February 2016

പകരം ഹജ്ജ് ചെയ്യല്‍

ഹജ്ജ് നിര്‍ബന്ധമായ ഒരാള്‍ക്ക് സുഖപ്രതീക്ഷയില്ലാത്ത അനാരോഗ്യം, വാര്‍ധക്യം മുതലായ ശറഅ് അനുവദിക്കുന്ന വല്ല തടസ്സങ്ങള്‍ കൊണ്ടും സ്വന്തമായി ഹജജ് ചെയ്യാന്‍ സാധിക്കാതെവന്നാല്‍ അയാള്‍ക്ക് പകരമായി മറ്റൊരാള്‍ ഹജ്ജ് ചെയ്താല്‍ മതിയാകുന്നതാണ്. മേല്‍ പറഞ്ഞവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യാന്‍ അവരുടെ അനുവാദം നിര്‍ബന്ധമാകുന്നു. സ്വന്തം മക്കള്‍ ചെയ്യുകയോ, മറ്റു വല്ലവരെക്കൊണ്ടും ചെയ്യിപ്പിക്കുകയോ ആകാം.
പകരം ഹജ്ജ് ചെയ്യുന്നവര്‍ തങ്ങളുടെ നിര്‍ബന്ധമായ ഹജ്ജ് മുമ്പ് പൂര്‍ത്തിയാക്കിയവരാകല്‍ ശര്‍ത്വാണ്. സാമ്പത്തികമായി സൌകര്യമില്ലാത്ത ഒരാള്‍ മറ്റു വല്ല നിലക്കും മക്കയില്‍ ഹജ്ജ് കാലത്ത് എത്തിപ്പെട്ടാല്‍ അവന്‍ സ്വന്തമായി ഹജ്ജ് ചെയ്യേണ്ടതാണ്. മറ്റൊരാള്‍ക്ക് പകരം ഹജ്ജ് ചെയ്യാന്‍ ഏറ്റെടുക്കുന്ന ആള്‍ മുമ്പ് ഹജ്ജ് ചെയ്തു സ്വയം ബാധ്യത തീര്‍ത്ത ആളായിരിക്കണം.
മേല്‍പ്പറഞ്ഞ പ്രകാരം ഒരാള്‍ തനിക്കു പകരം ഹജ്ജ് ചെയ്യിപ്പിച്ചു. പിന്നീട് അയാള്‍ക്ക് തടസ്സങ്ങള്‍ നീങ്ങിയാല്‍ താമസം വിനാ അയാള്‍ സ്വന്തമായ നിലക്ക് പോയി ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്. മുമ്പ് പകരം ചെയ്യപ്പെട്ട ഹജ്ജ് മതിയാവുകയില്ല. പിന്നെയും വല്ല കാരണവശാലും സ്വന്തമായി പോയി ഹജ്ജ് ചെയ്യാതെ പിന്തിക്കുകയും തന്മൂലം വീണ്ടും വല്ല പ്രതിബന്ധങ്ങളും നേരിടുകയോ മരണപ്പെടുകയോ ചെയ്താല്‍ അയാള്‍ക്ക് വേണ്ടി വീണ്ടും ഒരു ഹജ്ജ് കൂടി ചെയ്യല്‍ നിര്‍ബന്ധമാണ്.
മരണപ്പെട്ടവര്‍ക്കുവേണ്ടി ഹജ്ജ്
ഹജ്ജ് നിര്‍ബന്ധമായവര്‍ ഹജ്ജ് നിര്‍വഹിക്കാതെ മരണപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ അവരുടെ മേല്‍ ഹജ്ജ് ചെയ്യലോ ചെയ്യിപ്പിക്കലോ നിര്‍ബന്ധമാണ്. മാത്രമല്ല, അങ്ങനെ മരണപ്പെട്ടവരുടെ സ്വത്തില്‍ നിന് ഹജ്ജ് ചെയ്യിപ്പിക്കാനുള്ള സംഖ്യ കഴിച്ചു ബാക്കിയുള്ളത് മാത്രമേ അനന്തരാവകാശികള്‍ക്ക് അര്‍ഹതപ്പെടുകയുള്ളൂ. ഹജ്ജിന്റെ നിര്‍ബന്ധ ബാധ്യത പൂര്‍ത്തിയാക്കാതെ മരണപ്പെട്ടാല്‍ കുടുംബക്കാര്‍ക്ക് പോലും ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ഗൌരവത്തോടെ കണക്കിലെടുക്കേണ്ട സംഗതിയാണിത്. മരണപ്പെട്ടവര്‍ക്കുവേണ്ടി അവരുടെ മക്കള്‍ സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവരില്‍ ആര് ഹജ്ജ് ചെയ്താലും കടം വീടുന്നതാണ്. പകരം ചെയ്യുന്ന ആള്‍ സ്വന്തം നിര്‍ബന്ധം കഴിച്ചവരായിരിക്കണം. സ്വന്തം ഹജ്ജ് ചെയ്യുന്നതോടൊപ്പം മറ്റൊരാള്‍ക്കുവേണ്ടിയുള്ള പകരം ഹജ്ജും കൂടി ഒന്നിച്ച് ഒരു വര്‍ഷം ചെയ്യാന്‍ യാതൊരു വകുപ്പും ഇല്ല. നിര്‍ബന്ധമായവര്‍ക്കു വേണ്ടി പകരം ചെയ്യുമ്പോള്‍ ഉംറയും നിര്‍ബന്ധമാണ്. ഉംറ ഒരേ വര്‍ഷത്തില്‍ പലപ്രാവശ്യം ചെയ്യാന്‍ കഴിയുന്നതിനാല്‍ മരിച്ചവര്‍ക്ക് വേണ്ടിയോ പ്രതീക്ഷയില്ലാത്ത രോഗികള്‍ക്കുവേണ്ടിയോ പകരമായി ഏവര്‍ക്കും ഉംറ ചെയ്യാവുന്നതാണ്. ആദ്യം തനിക്ക് നിര്‍ബന്ധമായ ഉംറ നിര്‍വഹിക്കണം. ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയാണെങ്കില്‍ അനുവാദം അനിവാര്യമാണ്.
ഇന്നാലിന്നവന്റെ പേരില്‍ ഹജ്ജ്/ ഉംറ ചെയ്യുവാന്‍ ഞാന്‍ കരുതി. അതിനുവേണ്ടി ഞാന്‍ ഇഹ്റാം ചെയ്തു എന്ന് കരുതുക.