സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 4 February 2016

യൌമുത്തര്‍വിയ

ഹാജിമാര്‍ പലതരം
ദുല്‍ഹജ്ജ് മാസം എട്ട് മുതല്‍ പതിമൂന്ന് വരെയുള്ള ആറ് ദിനങ്ങളിലാണ് ഹജ്ജുമായി ബന്ധപ്പെട്ട മുഖ്യകര്‍മ്മങ്ങള്‍ നടക്കുന്നത്. ഹജ്ജിന്റെ കാര്യത്തില്‍ ജനങ്ങള്‍ വിവിധ തരക്കാരാണ്.
1. മീഖാത്തില്‍ വെച്ച് ഉംറക്കു മാത്രം ഇഹ്റാം ചെയ്ത് തമത്തുഅ് രീതി സ്വീകരിച്ചവര്‍. അവര്‍ മക്കയിലെത്തി ഉംറ പൂര്‍ത്തിയാക്കി മുടിയെടുത്ത് സാധാരണ നിലയില്‍ ഹജ്ജ് ദിനം വരെ താമസിക്കുന്നവരാണ്. ഫിദ്യ നിര്‍ബന്ധമായ ഇവര്‍ അറുക്കാന്‍ സാധിക്കാത്തവരാണെങ്കില്‍ മൂന്നുദിസം ഹജ്ജ് കാലത്ത് നോമ്പനുഷ്ഠിക്കണം. ദുല്‍ഹജ്ജ് ഒമ്പതിന് നോമ്പ് എടുക്കാതിരിക്കലാണ് ഹാജിമാര്‍ക്ക് ഉത്തമം. എട്ടിന് മിനായില്‍ പോയി താമസിക്കാനുള്ളതിനാല്‍ അന്നും നോമ്പില്ലാതിരിക്കലാണ് സൌകര്യം. ദുല്‍ഹജ്ജ് 5, 6, 7 ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാനുള്ളതിനാല്‍ അതിനുമുമ്പ് ഇഹ്റാം ചെയ്യലാണ് ഇവര്‍ക്ക് നല്ലത്. 7, 8, 9 ദിനങ്ങളില്‍ നോമ്പ് നോറ്റാലും മതിയാകുന്നതാണ്. ഫിദ്യ സാധിക്കുന്നവരാണെങ്കില്‍ ദുല്‍ഹജ്ജ് എട്ടിന് കുളിച്ച് ഇഹ്റാം ചെയ്ത് മിനായിലേക്ക് പുറപ്പെടണം.
2. മീഖാത്തില്‍വെച്ച് ഉംറക്കു മാത്രം ഇഹ്റാം ചെയ്ത് മക്കയിലെത്തി ഉംറ പൂര്‍ത്തിയാക്കിയവര്‍. പക്ഷേ, ഇവര്‍ ഹജ്ജിന് മുമ്പ് മദീനായാത്ര നടത്തുകയും മടക്കത്തില്‍ ദുല്‍ഹുലൈഫയില്‍ വെച്ച് ഹജ്ജിന് ഇഹ്റാം നിര്‍വഹിക്കുകയും ചെയ്തവര്‍. ഇവര്‍ മക്കയിലെത്തി ഖുദൂമിന്റെ ത്വവാഫിനു ശേഷം ഹജ്ജിന്റെ സഅ്യ് പൂര്‍ത്തിയാക്കി ഇഹ്റാമില്‍ തന്നെ താമസിക്കുന്നു. ദുല്‍ഹജ്ജ് എട്ടിന് ഇവരും മിനായിലേക്ക് പുറപ്പെടണം. ഇവര്‍ക്ക് ഫിദ്യയില്ല.
3. മീഖാത്തില്‍  വെച്ച് ഹജ്ജിനു മാത്രം ഇഹ്റാം ചെയ്ത് മുഫ്രിദായി വന്നവര്‍. ഇവര്‍ ഖുദൂമിന്റെ ത്വവാഫിനു ശേഷം ഹജ്ജിന്റെ സഅ്യ് ചെയ്ത് ഇഹ്റാമില്‍ മക്കയില്‍ താമസിക്കുന്നു. ഇത്തരക്കാര്‍ എവിടേക്ക് യാത്ര ചെയ്താലും ഇഹ്റാമില്‍ നിന്ന് ഒഴിവാകയില്ല. ദുല്‍ഹജ്ജ് എട്ടുവരെ ഇഹ്റാമില്‍ താമസിച്ച് അന്നേദിവസം മിനായിലേക്ക് പുറപ്പെടണം. ഇവര്‍ക്ക് ഫിദ്യ നിര്‍ബന്ധമില്ല.
4. മീഖാത്തില്‍വെച്ച് ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്തു ഹജ്ജിന്റെ അമലുകള്‍ മാത്രം ചെയ്യുന്നവര്‍. ഇവരും ദുല്‍ഹജ്ജ് എട്ടുവരെ ഇഹ്റാമില്‍ താമസിച്ച് അന്നേദിനം മിനായിലേക്ക് പുറപ്പെടണം. അറവ് നിര്‍ബന്ധമാണ്.
യൌമുത്തര്‍വിയ
അറഫയിലേക്കുള്ള യാത്രാമധ്യേ ദുല്‍ഹജ്ജ് എട്ടിന് മിനായില്‍ ചെന്ന് താമസിക്കല്‍ ശക്തിയായ സുന്നത്താണ്. യൌമുത്തര്‍വിയ എന്നാണ് ഈ ദിവസത്തിനു പേര്. ദുല്‍ഹജ്ജ് 9ന് അറഫയിലെ നിര്‍ത്തമാണ് ഹജ്ജിലെ മുഖ്യകര്‍മ്മം.
അറഫയിലേക്ക് പ്രവേശിക്കാനുള്ള മാനസിക തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുവാന്‍ തലേദിവസം മിനയില്‍ താമസിക്കുന്നത് സഹായകമാണ്. എട്ടിന് മിനയില്‍ താമസിച്ച് ദിക്റ് ദുആകളിലൂടെ മനസ്സ് ശുദ്ധമാക്കി ഒമ്പതിന് അറഫയില്‍ പ്രവേശിക്കാന്‍ ആത്മീയ യോഗ്യത കൈവരിക്കുകയാണ് സത്യവിശ്വാസി. ദുല്‍ഹജ്ജ് എട്ടിന് മിനയില്‍ തങ്ങാതെ നേരിട്ട് അറഫയിലേക്ക് പുറപ്പെടല്‍ സുന്നത്തിന് വിരുദ്ധമാണ്. ഒമ്പതിന് അറഫയില്‍ നേരിട്ട് ഹാജരായാലും ഹജ്ജ് ലഭിക്കുന്നതാണ്.
ഇഹ്റാമില്‍ അല്ലാത്തവര്‍ ദുല്‍ഹജ്ജ് എട്ടിന് രാവിലെ കുളിച്ച് ശുദ്ധിവരുത്തി, ഇഹ്റാമിന്റെ വസ്ത്രങ്ങള്‍ ധരിച്ച്, ശേഷം മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുക. അവിടെവെച്ച് ഇഹ്റാമിന്റെ രണ്ട് റക്അത് സുന്നത്ത് നിസ്കരിച്ച് താമസ സ്ഥലത്തുപോയി വീട്ടുവാതില്‍ക്കല്‍ വെച്ച് ഹജ്ജിനു ഇഹ്റാം ചെയ്യണം. ഇക്കാലത്ത് ഭയങ്കരമായ തിരക്കുകാരണം അങ്ങനെ മസ്ജിദില്‍ പോയി നിസ്കരിക്കാന്‍ കഴിയാറില്ല. വിഷമത്തില്‍ കുടുങ്ങാനും കൂട്ടുകാരെ കാണാതാകാനും സാധ്യതയുള്ളതിനാല്‍ വീട്ടില്‍വെച്ചുതന്നെ നിസ്കരിക്കാം. തുടര്‍ന്ന് മിനായിലേക്ക് പുറപ്പെടുംമുമ്പ് വദാഇന്റെ ത്വവാഫ് ചെയ്യലും സുന്നത്താണ്. ത്വവാഫ് കഴിഞ്ഞ് താമസിയാതെ മിനയിലേക്ക് പുറപ്പെടണം. മീഖാത്തില്‍ വെച്ച് ഹജ്ജിന് ഇഹ്റാം ചെയ്തവര്‍ക്കും ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്തവര്‍ക്കും ഈ ത്വവാഫ് സുന്നത്തില്ല. ദുല്‍ഹജ്ജ് എട്ടിന് രാ വിലെ ളുഹാ സമയത്ത് പുറപ്പെടലാണ് എല്ലാവര്‍ക്കും സുന്നത്ത്.