സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 5 February 2016

മുസ്ദലിഫയില്‍ താമസിക്കല്‍

അറഫയില്‍നിന്ന് വിട്ട് അല്‍പ്പം കഴിഞ്ഞാല്‍ എത്തുന്നതും മിനയുടെ മുമ്പുള്ളതുമായ ഒരു ഭൂ പ്രദേശമാണ് മുസ്ദലിഫ. മുസ്ദലിഫയില്‍ താമസിക്കല്‍ വാജിബാണ്. (പൂര്‍ണമായ രൂപം ഇപ്രകാരമാണ് സൂര്യാസ്തമയം ഉറപ്പായാല്‍ അറഫയില്‍നിന്ന് കാല്‍നടയായി പുറപ്പെട്ട് മുസ്ദലിഫയില്‍ എത്തുക. മഗ്രിബും ഇശാഉം ജംആക്കല്‍ അനുവദനീയമായവര്‍ അങ്ങനെ നിസ്കരിച്ച് അവിടെ രാപ്പാര്‍ക്കുക. ദിക്റുകളും ദുആകളും വര്‍ധിപ്പിക്കുക, പിറ്റേദിവസവും, അയ്യാമുത്തശ്രീഖിലും ജംറയെ എറിയുവാനുള്ള കല്ലുകള്‍ ശേഖരിക്കുക. മുസ്ദലിഫയുടെ അവസാനമായി സ്ഥിതിചെയ്യുന്ന മശ്അറുല്‍ ഹറാം സന്ദര്‍ശിച്ച് അവിടെവെച്ചും ദിക്റും ദുആയും അധികരിപ്പിക്കുക. തുടര്‍ന്ന് പ്രഭാതം വരെ മുസ്ദലിഫയില്‍ താമസിക്കുക. സ്വുബ്ഹി ആദ്യസമയം നിസ്കരിച്ച് സൂര്യോദയത്തിനു മുമ്പായി മിനയിലേക്ക് കല്ലെറിയാനായി പുറപ്പെടുക. പെരുന്നാള്‍ ദിവസം സൂര്യന്‍ ഉദിച്ചുയര്‍ന്നത് മുതല്‍ ഉച്ചക്ക് മുമ്പ് ജംറതുല്‍ അഖബയെ എറിയുക. ഈ വിവരിച്ച ക്രമമാണ് ഏറ്റവും ശ്രേഷ്ഠമായ രീതി. എന്നാല്‍ ഇക്കാലത്ത് പല കാരണങ്ങളാല്‍ ഈ ക്രമം പാലിക്കാന്‍ പലര്‍ക്കും പ്രയാസം നേരിടും. സാധിക്കുന്നവര്‍ മേല്‍ പ്രകാരമാണ് ചെയ്യേണ്ടത്.
രാപ്പാര്‍ക്കേണ്ട സമയം
പെരുന്നാള്‍ രാവ് പകുതിക്കുശേഷം മുസ്ദലിഫയില്‍പ്പെട്ട ഏതെങ്കിലും ഒരു സ്ഥലത്ത് അല്‍പ്പസമയം താമസിക്കുക എന്നതാണ് വാജിബ്. അതുവഴിവാഹനത്തില്‍ കടന്നുവന്നാലും വാജിബ് പൂര്‍ത്തിയാകുന്നതാണ്. അത് ഉപേക്ഷിച്ചാല്‍ ഫിദ്യ നിര്‍ബന്ധമാണ്. അര്‍ധരാത്രിക്കുമുമ്പ് താമസിച്ചാല്‍ മതിയാവുകയില്ല.
മുസ്ദലിഫ: പ്രായോഗികരൂപം
അറഫയില്‍നിന്ന് വാഹനത്തില്‍ പോരുന്നവര്‍ക്ക് അല്‍പ്പം വൈകി മാത്രമേ പുറപ്പെടാന്‍ കഴിയാറുള്ളൂ. ഗതാഗതക്കുരുക്ക് അത്രയും ശക്തമായിരിക്കും. സാധാരണ രീതിയില്‍ അര്‍ധരാത്രി ക്കു മുമ്പായി മുസ്ദലിഫയിലെത്താറുണ്ട്. അറഫയില്‍നിന്ന് കയറിയ വാഹനം ഉപേക്ഷിച്ച് മുസ്ദലിഫയില്‍ ഇറങ്ങി താമസിക്കുക. മറ്റു വാഹനം പിടിക്കുന്നതിനെക്കാള്‍ അറഫയില്‍നിന്ന് വന്ന വാഹനത്തെ തന്നെ അല്‍പ്പസമയം താമസിപ്പിക്കുന്നതാണ് നല്ലത്.
ജംറതുല്‍ അഖബ എറിയുമ്പോള്‍ വമ്പിച്ച തിരക്കില്‍പ്പെട്ടു ബുദ്ധിമുട്ടാതിരിക്കാനായി ബലഹീനര്‍ക്കും സ്ത്രീകള്‍ക്കും അവരെ പിന്തുടര്‍ന്നവര്‍ക്കും പ്രഭാതത്തിനുമുമ്പ് തന്നെ മിനായിലേക്ക് പുറപ്പെടാം. അവര്‍ അര്‍ധരാത്രി പിന്നിട്ടശേഷം ഏറ് നിര്‍വഹിക്കുന്നതില്‍ കുഴപ്പമില്ല.
പ്രഭാതത്തിനു ശേഷം മുസ്ദലിഫ വിട്ടാല്‍ ഏറ്റവും തിരക്കുള്ള സമയത്തായിരിക്കും ജംറയില്‍ എത്തിപ്പെടുക. ഹജ്ജിനു സമാഗതരായ ഭൂരിഭാഗം ജനങ്ങളും സാധാരണയായി പ്രഭാതശേഷമാണ് ജംറയില്‍ എത്തുക. മധ്യാഹ്നത്തിനും പ്രഭാതത്തിനും മിടുക്കുള്ളസമയത്ത് ലക്ഷക്കണക്കിനാളുകള്‍ ഒരു പോയിന്റില്‍ കല്ലെറിയാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള തിരക്ക് ഊഹാതീതമാണ്. അര്‍ധരാത്രി പിന്നിട്ടശേഷം ജംറയെ എറിയാം എന്ന നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ആരോഗ്യകരം.
ഇനി മുസ്ദലിഫയില്‍ നിന്ന് പുറപ്പെടാന്‍ വൈകി ഏറ്റവും തിരക്കുള്ള സമയത്താണ് ജംറയില്‍ എത്തിപ്പെടുന്നതെങ്കില്‍ പെരുന്നാള്‍ ദിവസത്തെ കല്ലേറ് രാത്രിയിലേക്കോ പിറ്റേ ദിവസത്തേ ക്കോ പിന്തിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഖള്വാഅ് ആവുകയില്ല. അപകട സാധ്യതയുള്ള സമയങ്ങളില്‍ ഏറ് മാറ്റിവെക്കണം. ശക്തിയായ രോഗമുണ്ടാവുക, രോഗിയെ ശുശ്രൂഷിക്കുക, ധനനഷ്ടമോ ശാരീരികാപത്തോ ഭയപ്പെടുക, അറഫയില്‍നിന്ന് പുറപ്പെട്ടു മുസ്ദലിഫയില്‍ നിശ്ചിത സമയത്ത് എത്താന്‍ ശ്രമിച്ചിട്ടും കഴിയാതെ വരിക തുടങ്ങിയ നിര്‍ബന്ധ കാരണങ്ങളാല്‍ മുസ്ദലിഫയില്‍ താമസിക്കാന്‍ സാധിക്കാത്തവര്‍ക്ക് താമസം നിര്‍ബന്ധമില്ല. അവര്‍ ഫിദ്യ കൊടുക്കേണ്ടതുമില്ല.
മുസ്ദലിഫ: സുന്നത്തുകള്‍
മുസ്ദലിഫയിലേക്കുള്ള യാത്രയിലും മുസ്ദലിഫയിലും പല മര്യാദകളുമുണ്ട്. പ്രധാനപ്പെട്ടവ താഴെ വിവരിക്കുന്നു. (1). അറഫയില്‍നിന്ന് പുറപ്പൈടുമ്പോഴുള്ള ദുആ നടത്തുക. വളരെ താഴ്മയോടെയും ഭക്തിയോടെയും ദിക്റുകളും തല്‍ബിയത്തും അധികരിപ്പിക്കുക. (2). അറഫയില്‍നിന്ന് കാല്‍നടയായി പോകുന്നവര്‍ രണ്ട് മലകളുടെ ഇടയില്‍കൂടി കാണുന്ന മഅ്സമൈന്‍ എന്ന വഴിയില്‍ക്കൂടി മുസ്ദലിഫയിലേക്ക് കടക്കുക. നബി(സ്വ) നടന്ന വഴിയാണത്. (3). മുസ്ദലിഫയോട് അടുത്താല്‍, മുസ്ദലിഫയില്‍ പ്രവേശിക്കുന്നു എന്ന നിയ്യത്തോടെ സുന്നത്തായകുളി നിര്‍വ്വഹിക്കുക. വെള്ളം ലഭിക്കാത്തവര്‍ക്ക് തയമ്മും ചെയ്യാം. (4). മുസ്ദലിഫയുടെ അ തിര്‍ത്തിക്കുള്ളില്‍ എവിടെയെങ്കിലും അല്‍പ്പസമയം ഉറങ്ങുക. ഉറക്കം വരുന്നില്ലെങ്കില്‍ അവിടെ പ്രസ്തുത സമയം താമസിച്ചാലും സുന്നത്ത് ലഭിക്കുന്നതാണ്. (5). അറഫയില്‍ നിന്നുള്ള യാത്ര ഉളരിക്കുക. (6). സൂര്യോദയത്തിനു അല്‍പ്പം മുമ്പുവരെ മുസ്ദലിഫയില്‍ താമസിക്കുക. വെളിച്ചം പരന്നാല്‍ സൂര്യോദയത്തിനു മുമ്പായി മിനയിലേക്ക് പുറപ്പെടുക. (7). പെരുന്നാള്‍ ദിനം ജംറതുല്‍ അഖബ എറിയാനുള്ള ഏഴ് കല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് പെറുക്കുക. അയ്യാമുത്തശ്രീഖില്‍ മൂന്ന് ജംറകളും ഏഴുവീതം എറിയാന്‍ ആവശ്യമായ 63 കല്ലുകളും കൂടി മുസ്ദലിഫയില്‍ നിന്ന് എടുക്കുന്നത് ഉത്തമമാണ്. കുറഞ്ഞു പോകാതിരിക്കാന്‍ കല്ലുകള്‍ കുറച്ച് അധികമെടുക്കുക. കല്ലുകള്‍ രാത്രിയില്‍തന്നെ എടുക്കുന്നതാണ് നല്ലത്.
മുസ്ദലിഫയില്‍നിന്നു കല്ല് പെറുക്കാന്‍ സൌകര്യം ലഭിക്കാത്തവര്‍ മിനയില്‍നിന്നോ മറ്റോ എടുത്താലും മതി. മുസ്ദലിഫയില്‍ നിന്ന് അധികം എടുത്തവരോട് വാങ്ങുന്നതിനും വിരോധമില്ല. പള്ളി, മലമൂത്ര വിസര്‍ജന സ്ഥലം, നജസ്സുള്ള സ്ഥലം, ജംറകള്‍ എന്നിവിടങ്ങളില്‍ നിന്നെടുക്ക ലും കല്ലെടുത്ത് പൊട്ടിച്ചുണ്ടാക്കലും കറാഹത്താണ്. കല്ലുകള്‍ കൂടുതല്‍ വലുതോ ചെറുതോ ആകരുത്. ഏകദേശം അവരക്ക മണിയുടെ വലുപ്പമാണ് വേണ്ടത്.
(8). മുസ്ദലിഫയിലും മശ്അറുല്‍ ഹറാമില്‍ പ്രത്യേകിച്ചും അല്ലാഹുമ്മ അൌഖഫ്തനാ ഫീഹി ….. എന്ന പ്രാര്‍ഥന (‘ദിക്ര്‍ ദുആകള്‍’)  ചൊല്ലുക.
(9). മശ്അറുല്‍ ഹറാമില്‍ കയറുക.
മശ്അറുല്‍ ഹറാം
മുസ്ദലിഫാ മിനാ വഴിയില്‍ മുസ്ദലിഫയുടെ അവസാനമുള്ള കുസഹ് എന്നുപേരുള്ള ഒരു ചെറിയ കുന്നാണ് മശ്അറുല്‍ ഹറാം. അവിടെ എത്തിയാല്‍ സാധിക്കുമെങ്കില്‍ മല കയറല്‍ സുന്നത്താണ്. താഴെ നിന്നാലും മതി. അവിടെ ഖിബ്ലക്കഭിമുഖമായി തിരിഞ്ഞുനിന്ന് ഹംദ്, തക്ബീര്‍, തഹ്ലീല്‍, തല്‍ബിയത് എന്നിവ വര്‍ധിപ്പിക്കണം. അല്ലാഹുവിനെ കൂടുതലായി അനുസ്മരിക്കണം. പരിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം പേരെടുത്തുപറഞ്ഞ സ്ഥലമാണത്. അവിടെ പ്ര ത്യേകം മുന്‍പറഞ്ഞ പ്രാര്‍ഥന നിര്‍വഹിക്കണം. മുസ്ദലിഫയില്‍ എവിടെവെച്ചും മുന്‍പറഞ്ഞ പ്രാര്‍ഥനക്ക് പുറമെ അല്ലാഹുമ്മഗ്ഫിര്‍ലീ ഖത്വീഅതീ വജഹ്ലീ…..(‘ദിക്ര്‍ ദുആകള്‍’)  എന്ന് തുടങ്ങുന്ന പ്രാര്‍ഥന കൂടി നിര്‍വഹിക്കല്‍ ഉത്തമമാണ്.
വാദീമുഹസ്സര്‍
മുസ്ദലിഫയില്‍ നിന്ന് മിനയിലേക്ക് വരുമ്പോള്‍ വാദിമുഹസ്സര്‍ എന്നുപേരായ ഒരു മലഞ്ചെരിവുണ്ട്. വാദിനാര്‍ എന്നും ഇതിനു പേരുണ്ട്. കഅ്ബാശരീഫിനെ നശിപ്പിക്കാന്‍ വന്ന അബ്റഹത്തിന്റെ ആനപ്പട്ടാളത്തെ അല്ലാഹു നശിപ്പിച്ചത് ഈ സ്ഥലത്തുവെച്ചാണെന്ന് ചരിത്രമുണ്ട്. ഈ സ്ഥലം മുസ്ദലിഫയിലും മിനയിലും പെട്ടതല്ല. ഇവിടെയെത്തിയാല്‍ കുറച്ചുദൂരം ഏകദേശം 250 വാര അതിവേഗം നടക്കണം. വാഹനങ്ങള്‍ക്ക് വേഗത കൂട്ടണം. അവിടെ വിട്ടുകടക്കുമ്പോള്‍ അല്ലാഹുമ്മ ലാ തഖ്തുല്‍നാ ബിഗള്വബിക… എന്ന് പ്രാര്‍ഥന (‘ദിക്ര്‍ ദുആകള്‍’) ഉരുവിടണം.
മിനയില്‍ വീണ്ടും
മുസ്ദലിഫയില്‍ നിന്ന് പുറപ്പെട്ട് മിനയില്‍ എത്തിയ ഉടന്‍ അല്ലാഹുമ്മ ഹാദിഹീ മിനന്‍ ഖദ് അതൈതുഹാ….(‘ദിക്ര്‍ ദുആകള്‍’)  എന്ന് പ്രാര്‍ഥിക്കണം: