സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 19 February 2016

സ്നേഹന്ധവും പരിഗണനയും

വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചു കൊണ്ടായിരിക്കണം. മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കില്‍ ബുദ്ധിമുട്ടാക്കാതിരിക്കുകയെങ്കിലും വേണം. വ്യക്തമായ നിര്‍ദേശം തന്നെ ഇക്കാര്യത്തില്‍ ഹദീസുകളിലുണ്ട്. “നിങ്ങള്‍ അസ്ത്രവുമായി പള്ളിയിലൂടെയോ അങ്ങാടിയിലൂടെയോ നടക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതു കാരണം അപകടം പിണയാതിരിക്കാന്‍ അതൊഴി വാക്കുക. അല്ലെങ്കില്‍ അതിന്റെ മുന പിടിച്ചു വയ്ക്കുക” (ബു.മു). വളരെ നിസ്സാരമാണു കാര്യം. പക്ഷേ, സാമൂഹിക ജീവതത്തില്‍ ഈ നിസ്സാര കാര്യം പോലുമുണ്ടാക്കുന്ന പ്രതിഫലനം മൂന്‍കൂട്ടി കണ്ടുകൊണ്ടുള്ളഅധ്യാപനങ്ങളാണ് ഇസ്ലാമിന്റെത്. “ജനങ്ങളോടു കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല” (ബു.മു). വിശ്വാസികള്‍ പരസ്പരം അഞ്ചു ബാധ്യതകള്‍ നിറവേററണം. 1 – സലാം മടക്കുക, 2- രോഗിയെ സന്ദര്‍ശിക്കുക. 3- മയ്യിത്തിനെ പിന്തുടരുക. 4- ക്ഷണം സ്വീകരിക്കുക. 5- തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക. സാമൂഹിക ബന്ധം ഉറപ്പിച്ചു നിര്‍ത്താനുള്ള ഉപാധികളായി, വിശ്വാസികളുടെ ബാധ്യതയായാണ് ഇവ എണ്ണിയിരിക്കുന്നത്.
ബന്ധങ്ങളുടെ ദൃഢത സ്നേഹത്തിലൂടെയാണു നിലനില്‍ക്കുന്നത്. ഔപചാരികമായ നാട്യങ്ങ ള്‍ക്ക് ആത്മാര്‍ഥ ബന്ധത്തില്‍ ഒരു സ്ഥാനവുമില്ല. നാട്യങ്ങളല്ല പ്രധാനം. വ്യക്തികള്‍ക്കിടയില്‍ രൂഢമൂലമായ സ്നേഹമാണ്. ആത്മാര്‍ഥമായ സ്നേഹം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കതീതമാണത്.വ്യക്തിപരമായ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടി പ്രകടമാകുന്ന സ്നേഹം അധികവും കപടമായിരിക്കും. വിശ്വാസിയുടെ സ്നേഹം ആത്മാര്‍ഥമായിരിക്കണം. മാനവ സ്നേഹത്തിന്റെ ഉദാത്ത തലങ്ങളിലാണു സാമൂഹിക ബന്ധത്തിന്റെ അടിത്തറ നിലകൊള്ളുന്നത്. ഇസ്ലാം വിശാലമായ സ്നേഹ സാമ്രാജ്യത്തിലേക്കു മനുഷ്യ സമൂഹത്തെ നയിക്കുന്നു. “മൂന്നു ഗുണങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ സത്യ വിശ്വാസത്തിന്റെ മാധുര്യം അവന്നനുഭവപ്പെടും. 1- മറെറല്ലാവരേക്കാളും അല്ലാഹുവിനോടും പ്രവാചകനോടും സ്നേഹം. 2- അല്ലാഹുവിനു വേണ്ടി മനുഷ്യനെ സ്നേഹിക്കുക. 3- നരകത്തിലെറിയപ്പെടും പ്രകാരം – അല്ലാഹു അവനെ രക്ഷപ്പെടുത്തിയിട്ടും – സത്യ നിഷേധത്തിലേക്ക് മടങ്ങുന്നതില്‍ വെറുപ്പ് തോന്നുക” (ബുഖാരി, മുസ്ലിം). “എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെ തന്നെ സത്യം, സത്യ വിശ്വാസികളാവുന്നതു വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങളാരും സത്യ വിശ്വാസികളാവുകയില്ല. ഞാനൊരു കാര്യം നിങ്ങളെ അറിയിക്കാം. അത് കൈകൊണ്ടാല്‍ നിങ്ങള്‍ പരസ്പരം  സ്നേഹിക്കുന്നവരാകും. നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുകയെന്നതാണത്” (മുസ്ലിം).
ദൈവ പ്രീതിയുദ്ദേശിച്ചു കൊണ്ടുള്ള മാനവ സ്നേഹമാണ് ഈ ഹദീസുകളില്‍ പ്രതിപാദിച്ചത്. മനുഷ്യ സഹജമായ ഒരു വിധ സ്വാര്‍ഥതക്കും അതില്‍ പങ്കില്ലെന്നു വ്യക്തം. അങ്ങനെയാവുമ്പോള്‍ ഭൌതികമായ നേട്ടങ്ങള്‍ക്കും വീക്ഷണ വൈജാത്യങ്ങള്‍ക്കും ആ സ്നേഹത്തെ തകര്‍ ക്കാന്‍ കഴിയില്ല. സ്നേഹിച്ചാല്‍ പോര, സ്നേഹം പരസ്പരം  അറിയിക്കണമെന്നും  പങ്കുവയ് ക്കണമെന്നും മതം പഠിപ്പിക്കുന്നു. പരസ്പര സ്നേഹത്തെക്കുറിച്ചറിയുമ്പോഴാണല്ലോ ബന്ധങ്ങള്‍ സമൃദ്ധമാകുന്നത്. “ഒരാള്‍ തന്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കില്‍ അക്കാര്യം അവനെ അറിയിച്ചു കൊള്ളട്ടെ”(അബൂദാവൂദ്, തിര്‍മുദി).
സ്നേഹത്തിനു ചില മാനദണ്ഢങ്ങളും തിരു നബി (സ്വ) നിര്‍ദ്ദേശിച്ചതായി കാണുന്നു. ആ രെയും കയറി സ്നേഹിക്കാന്‍ പറ്റില്ല. കാരണം  സ്നേഹ ബന്ധങ്ങള്‍ക്ക് വ്യക്തികളെ പല വഴികളിലേക്കും തിരിച്ചു വിടാന്‍ കഴിയും. നന്നാക്കാനും ദുഷിപ്പിക്കാനും സൌഹൃദം പര്യാപ്തമാണ്. സുഹൃത്ത് ഓരോ വ്യക്തിയിലും വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നു വ്യക്തം. “മനുഷ്യന്‍ തന്റെ സ്നേഹിതന്റെ നടപടികളാണു കൈകൊള്ളുക. അതു കൊണ്ട് നിങ്ങള്‍ ചിന്തിച്ചു വേണം സൌഹൃദം സ്ഥാപിക്കാന്‍”(അബൂദാവൂദ്,തിര്‍മുദി).”മനുഷ്യന്‍ താനിഷ്ടപ്പെടുന്നവര്‍ക്കൊപ്പമായിരിക്കും” (ബു.മു). സ്നേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതോടൊപ്പം സ്നേഹം വളരാനുള്ള വഴികളും പ്രവാചകന്‍ (സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ഹദീസ് കാണുക: “അല്ലാഹുവും മനുഷ്യരും എന്നെ സ്നേഹിക്കാന്‍ പറ്റിയ ഒരു കര്‍മം എനിക്കു പഠിപ്പിച്ചു തന്നാലും.” ഒരാള്‍ നബി (സ്വ) യോട് ആവശ്യപ്പെട്ടു. നബി (സ്വ) പറഞ്ഞു : “ഐഹികാഡംബരങ്ങളെ നീയുപേക്ഷിക്കുക; എന്നാല്‍ അല്ലാഹുവിനു നിന്നോടു  സ്നേഹമായിരിക്കും. ജനങ്ങളുടെ പക്കലുള്ളതു നീ മോഹിക്കാതിരിക്കുക. എന്നാല്‍ ജനങ്ങളും നിന്നെ സ്നേഹിക്കും” (ഇബ്നു മാജ). സ്വാര്‍ഥമുക്തമായ സ്നേഹമാണി വിടെ സൂചിപ്പിക്കുന്നത്. അതേ സമയം പരസ്പര സഹായത്തിലധിഷ്ഠിതമാ യിരിക്കണം സാമൂഹിക ബന്ധങ്ങള്‍ എന്നും ഹദീസില്‍ വ്യക്തമാക്കുന്നുണ്ട്. സഹായം കിട്ടുമെന്ന മോഹത്താലല്ല സ്നേഹിക്കുന്നതെങ്കിലും സ്നേഹത്തില്‍ നിന്നുല്‍ഭൂതമാവുന്ന കര്‍മങ്ങള്‍, സഹായ സഹകരണങ്ങള്‍ തന്നെയാണല്ലോ ജീവിതം സൌകര്യപ്രദവും പ്രയാസ രഹിതവുമാക്കിത്തീര്‍ക്കുന്നത്. സാമ്പത്തികമോ കായികമോ ആയ സഹായം മാത്രമല്ല, ജീവിതത്തിന്റെ സുഗമമായ നിലനില്‍പിനാവശ്യമായ എന്തും മാനസിക പിന്തുണയോടെയാണെങ്കിലും സഹായമാണ്. സാമൂഹിക ബന്ധത്തിന്റെ തേട്ടമാണത്. ആളുകള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലും നന്മ ഉപദേശിക്കലും തിന്മ തടയലും വിഷമമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കലും നല്ല വാക്കു പ റഞ്ഞു സന്തോഷിപ്പിക്കലുമെല്ലാം സഹായമാണ്.
സഹായിക്കാന്‍ എന്താണോ സ്വന്തമായുള്ളത് അതു നല്‍കി സഹായിക്കുക എന്നാണു തിരുനബി (സ്വ) യുടെ അധ്യാപനം. അതു ധാരാളമുണ്ടാവണമെന്നില്ല. സുഭിക്ഷമായിക്കൊള്ളണമെന്നില്ല. ആവശ്യക്കാരന്റെ ആവശ്യം ഏതെങ്കിലും വിധത്തില്‍ പരിഹരിക്കപ്പെടുമെങ്കില്‍ അതെല്ലാം സഹായമായി പരിഗണിക്കപ്പെടും. അബൂ സഈദില്‍ ഖുദ്രിയ്യ് (റ) പറഞ്ഞു :”ഞങ്ങള്‍ തിരു  നബി (സ്വ) ക്കൊപ്പം ഒരു യാത്രയിലാണ്. അപ്പോള്‍ മുമ്പിലേക്കൊരാള്‍ വാഹനപ്പുറത്തേറി വന്നു. അയാള്‍ (എന്തോ പരതും വിധം) ഇടത്തോട്ടും വലത്തോട്ടും ദൃഷ്ടി തെറ്റിച്ചു കൊണ്ടിരുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു :”ആരുടെയെങ്കിലുമടുക്കല്‍ കൂടുതല്‍ വാഹനമുണ്ടെങ്കില്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കുക, കൂടുതല്‍ ഭക്ഷണം കൈയിലുള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുക്കുക.” ഇങ്ങനെ പറഞ്ഞു പറഞ്ഞു സമ്പത്തിന്റെ  പല വകുപ്പുകളും അവിടന്നു പരാമര്‍ശിച്ചു. ഇതു കേട്ടപ്പോള്‍ മിച്ചം വരുന്ന ഒന്നും ഞങ്ങള്‍ക്കവകാശപ്പെട്ടതല്ലെന്നു ഞങ്ങള്‍ വിചാരിച്ചു പോയി” (മുസ്ലിം). നിര്‍ബന്ധ ദാനമായ സകാതിനെ കുറിച്ചല്ല ഈ പരാമര്‍ശമെന്നോര്‍ക്കുക. കൈയില്‍ നമ്മുടെ ആവശ്യത്തില്‍ കവിഞ്ഞ് എന്താണോ ഉള്ളത് അത് ഇല്ലാത്തവരുടെ അവകാശമാണെന്ന അതി വിശാലമായ സേവന മനസ്ഥിതി വിശ്വാസിക്കുണ്ടാവണമെന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.
“ആരെങ്കിലും ഒരു വിശ്വാസിയുടെ ഐഹിക സങ്കടം തീര്‍ത്തു കൊടുത്താല്‍ അല്ലാഹു അ വന്റെ പാരത്രിക  സങ്കടങ്ങളിലൊന്നു തീര്‍ത്തു കൊടുക്കും. നിര്‍ധനനെ ആരെങ്കിലും ആശ്വസിപ്പിച്ചാല്‍ ഇഹത്തിലും പരത്തിലും അല്ലാഹു അവന് ആശ്വാസം  നല്‍കുന്നതാണ്. ആരെങ്കിലും മുസ്ലിമിന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ ന്യൂനതകളും മറച്ചു വയ്ക്കും. ഒരാള്‍ തന്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചു കൊണ്ടിരിക്കും”(മുസ്ലിം). “ഒരു കാരക്കയുടെ കീറു ധര്‍മം ചെയ്തു കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക” (ബു.മു). ഇസ്ലാമില്‍ ഉത്തമമായ കാര്യമേതാണ് എന്ന ചോദ്യത്തിനു തിരുനബി (സ്വ) യുടെ മറുപടി ‘വിശപ്പടക്കാന്‍ ഭക്ഷണം കൊടുക്കലും പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയലുമാണ്’ എന്നായിരുന്നു (ബു.മു).
ദാരിദ്യ്രമാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം. ഈ യാഥാര്‍ഥ്യം അംഗീകരിച്ചു കൊണ്ടു  തന്നെയായിരുന്നു റസൂല്‍ (സ്വ) ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്.’ദാരിദ്യ്രം സത്യ നിഷേധത്തിലേക്കു വരെ കൊണ്ടെത്തിക്കു’മെന്ന് അവിടുന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സ്വസ്ഥവും സമാധാന പൂര്‍ണവുമായ സാമൂഹിക ജീവിതത്തിന്റെ നിലനില്‍പിന്ന് ദാരിദ്യ്രം ഒരു ഭീഷണിയാണെന്നു അവിടുന്നു സൂചിപ്പിച്ചു. ദാരിദ്യ്ര നിര്‍മാര്‍ജനം തന്റെ ദൌത്യ നിര്‍വഹണ മാര്‍ഗത്തിലെ അനിവാര്യതയായി അവിടുന്ന് കണ്ടു. അനേകം ഹദീസുകള്‍ ഇതിനു തെളിവാണ്. പ്രത്യക്ഷമായും പരോക്ഷമായും പരസ്പര സഹായ സഹകരണങ്ങള്‍ വ്യാപിപ്പിക്കാന്‍ അവിടുന്ന് പ്രോത്സാഹനം നല്‍കി. സ്വന്തം പ്രവര്‍ത്തനത്തിലൂടെ മാതൃക കാട്ടി. പരസഹായം പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായി അവിടുന്നു നിര്‍ദ്ദേശിച്ചു. ചില ആരാധനാ കര്‍മങ്ങളില്‍ വന്നു പെടുന്ന അബദ്ധങ്ങള്‍ക്ക്, പാകപ്പിഴവുകള്‍ക്കു നിശ്ചിത എണ്ണം ദരിദ്രര്‍ക്ക്, നിശ്ചിത അളവില്‍ ധാന്യം വിതരണം ചെയ്യുകയെന്നതാണു പരിഹാരമായി അവിടുന്നു നിര്‍ദേശിച്ചത്.
മരണപ്പെട്ടവരുടെ ഗുണത്തിനു വേണ്ടി കിണര്‍ കുഴിക്കാനും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാനും മറ്റു ഉദാരമായ ദാനധര്‍മങ്ങള്‍ നടത്താനും അവിടുന്നു നിര്‍ദേശിച്ച ഹദീസുകള്‍ കാണാം. ഭൌതിക ജീവിതത്തിന്റെ നടുത്തളത്തില്‍ നിന്നു കൊണ്ടു തന്നെ സമൃദ്ധമായ സാമൂഹിക  ബന്ധം സ്ഥാപിക്കാനും അതു വഴി ഒരുത്തമ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും തിരുനബി (സ്വ) ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി.