സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 7 February 2016

മടക്കയാത്ര

പുണ്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ആത്മനിര്‍വൃതിയോടെ, അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹം നേടി നാട്ടിലേക്ക് മടക്കയാത്രയാകാം. മക്കയില്‍ നിന്ന് പുറപ്പെടുന്നവര്‍ വിദാഇന്റെ ത്വ വാഫ് നിര്‍വഹിച്ച് ഒട്ടും വൈകാതെ പുറപ്പെടണം. മദീനയില്‍നിന്നാണ് മടക്കയാത്രയെങ്കില്‍ വിടവാങ്ങല്‍ സിയാറത്ത് നടത്തി പിരിയാം. യാത്ര കഴിഞ്ഞു സ്വകുടുംബത്തിലേക്ക് തിരിക്കുമ്പോല്‍ അവര്‍ക്ക് സമ്മാനമായി വല്ലതും കൊണ്ടുപോകുന്നത് സുന്നത്താണ്. മക്കയില്‍നിന്ന് സംസം വെള്ളം നാട്ടിലേക്ക് കൊണ്ടുപോകല്‍ സുന്നത്തുണട്. മദീനയിലെ അജ്വ കാരക്കക്ക് പ്രത്യേക പ്രാധാന്യമുള്ളതായി ഹദീസിലുണ്ട്. യാത്രക്കുള്ള മിക്ക മര്യാദകളും മടക്കയാത്രയി ലും പാലിക്കണം.
മടക്കയാത്രയില്‍ ചൊല്ലേണ്ട  ദിക്റ്, സ്വദേശം ദൃഷ്ടിയില്‍പ്പെട്ടാല്‍ നിര്‍വഹിക്കേണ്ട പ്രാര്‍ഥന എന്നിവ (“ദിക്റ് ദുആകള്‍”) എന്ന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.
നാട്ടില്‍ മടങ്ങിയെത്തുന്ന തിയ്യതി വിവരം മുന്‍കൂട്ടി കുടുംബത്തെ അറിയിക്കുന്നത് നല്ലതാണ്. പെട്ടെന്ന് കയറിച്ചെല്ലരുത്.
സ്വദേശത്ത് പ്രവേശിക്കുന്നത് പ്രഭാതസമയത്താകല്‍ ഉത്തമമാണ്. അതിനായില്ലെങ്കില്‍ വൈകുന്നേരമാണുത്തമം. രാത്രിയാകരുത്. വീട്ടില്‍ പ്രവേശിക്കുംമുമ്പ് അവര്‍ക്ക് വിവരംകൊടുക്കണം. യാത്രകഴിഞ്ഞു തിരിച്ചെത്തിയാല്‍ രണ്ട് റക്അത് സുന്നത്ത് നിസ്കാരമുണ്ട്. അത് അടുത്തുള്ള പള്ളിയില്‍ വെച്ച് നിര്‍വഹിച്ച ശേഷം വീട്ടില്‍ പ്രവേശിക്കുക.
വീട്ടില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇപ്രകാരം പറയല്‍ സുന്നത്താണ്.
“കുറ്റം അവശേഷിക്കാത്ത മടക്കവും പരിപൂര്‍ണ തൌബയും നാഥാ, നിന്നോട് ഞാന്‍ ആവര്‍ ത്തിച്ചു ചോദിക്കുന്നു”. തുടര്‍ന്ന് വീട്ടില്‍വെച്ച് അല്ലാഹുവിന് നന്ദിയായി രണ്ട് റക്അത് നിസ്കരിച്ച് പ്രാര്‍ഥിക്കുക. യാത്ര കഴിഞ്ഞെത്തിയവര്‍ ഭക്ഷണം വിതരണം ചെയ്യലും കുടുംബക്കാര്‍ യാത്രക്കാരനെ സല്‍ക്കരിക്കലും സുന്നത്താണ്. യാത്രകഴിഞ്ഞെത്തുന്നവരെ വഴിയില്‍ ചെന്ന് എതിരേല്‍ക്കലും അവരെ അണച്ചുകൂട്ടലും മുസ്വഫഹത് ചെയ്യലും സുന്നത്താണ്. മുഖം ചുംബിക്കുന്നത് കറാഹത്താണ്.
ഹാജിയെ സ്വീകരിക്കുന്നവര്‍ സലാം പറയുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും വേണം.
“അല്ലാഹു നിന്റെ ഹജ്ജ് സ്വീകരിക്കട്ടെ. പാപം പൊറുത്തുതരട്ടെ. ചിലവഴിച്ച ധനത്തിന് പകരം നല്‍കുകയും ചെയ്യട്ടെ”.
ഹജ്ജ് കഴിഞ്ഞ് വന്നവരുടെ പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരമുണ്ട്. റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ ഹാജിയുടെ ദുആക്ക് പ്രത്യേക പ്രാധാന്യമുള്ളതിനാല്‍ സ്വശരീരത്തിനും മറ്റുള്ളവര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കണം. ഹജ്ജ് കഴിഞ്ഞെത്തിയവരെ കണ്ടാല്‍ പ്രാര്‍ഥന ആവശ്യപ്പെടലും സുന്നത്താണ്.
ഹജ്ജ് കഴിഞ്ഞെത്തിയാല്‍ ഓരോ മുസ്ലിമും തന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കണം. അല്ലാഹുവിന്റെ പരിശുദ്ധഭവനം സന്ദര്‍ശിച്ച് വിശുദ്ധ ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കി വന്നവര്‍സമൂഹത്തില്‍ എപ്പോഴും മാതൃകാ വ്യക്തികളായി ജീവിക്കണം. ഹജ്ജ് കഴിഞ്ഞുവന്ന ശേഷം ഇബാദത്തിന്റെ കാര്യങ്ങളില്‍ മുമ്പത്തെക്കാള്‍ താത്പര്യം കാണിക്കുന്നത് ഹജ്ജ് മഖ്ബൂലായതിന്റെ ലക്ഷണമാണെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പരിശുദ്ധ ഹജ്ജും ഉംറയും മഖ്ബൂലും മബ്റൂറുമായി ആവര്‍ത്തിച്ച് നിര്‍വഹിക്കാനും മഹാനായ അശ്റഫുല്‍ ഹല്‍ഖ്നബി(സ്വ)യുടെ റളാശരീഫ് പലതവണ സിയാറത്ത് ചെയ്യാനും അല്ലാഹു നമുക്കെല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ. നമ്മെയെല്ലാവരെയും റഹ്മാനായ റബ്ബ് അവന്റെ സദ്ജനങ്ങളില്‍ ഉള്‍പ്പെടുത്തി സ്വര്‍ഗലോകത്ത് ഒരുമിച്ചുകൂട്ടിത്തരട്ടെ.
മക്കയോട് വിട
ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം സഫലീകരിച്ച്, ആത്മനിര്‍വൃതിയടഞ്ഞ് പ്രിയപ്പെട്ട മക്കാശരീഫിനോട് യാത്രചോദിക്കാന്‍ നേരമായാല്‍ അതിയായ ദുഃഖവും കഅ്ബാ ഭവനത്തെ വിട്ടുപിരിയുന്നതില്‍ സങ്കടവും പ്രകടിപ്പിക്കണം. ഇനിയുമിനിയും ഈ വിശുദ്ധമണ്ണില്‍ തിരിച്ചെത്താന്‍ അല്ലാഹുവോട് ആത്മാര്‍ഥമായി ദുആ ഇരക്കണം.
ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പിന്നെ കൂടുതല്‍ കാലം കാരണമില്ലാതെ മക്കയി ല്‍ തങ്ങുന്നത് അനഭിലഷണീയമാണെന്ന് ചില മഹാന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഖലീഫാ ഉമര്‍(റ) ഹജ്ജ് കഴിഞ്ഞാല്‍ വിദേശികളോട് അവരവരുടെ സ്വരാജ്യങ്ങളിലേക്ക് വേഗംമടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതായി ചരിത്രത്തിലുണ്ട്. മക്കാശരീഫിനോടുള്ള ബഹുമാനാദരവുകള്‍ നിലനിര്‍ത്താന്‍ ഇത് സഹായകമാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. അതല്ല, മക്കാശരീഫില്‍ കഴിയുന്നിടത്തോളം കാലം താമസിച്ച് ഇബാദത്ത് വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നാണ് മറ്റു ചില പണ്ഢിതന്മാരുടെ അഭിപ്രായം. ഇക്കാലത്ത് മക്കാ ശരീഫില്‍ ഹാജിമാരുടെ താമസ കാലാവധി നിശ്ചയിക്കുന്നത് സര്‍ക്കാറാണ്. നിശ്ചിത തിയ്യതി എത്തിയാല്‍ പുറപ്പെടല്‍ അനിവാര്യമാണ്.
മദീനായാത്ര ഹജ്ജിന് മുമ്പ് നിര്‍വഹിച്ചവര്‍ ഹജ്ജ് കഴിഞ്ഞാല്‍ മക്കയില്‍നിന്ന് നേരെ നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് പതിവ്. എന്നാല്‍ ഹജ്ജ്കഴിഞ്ഞ് മദീന യാത്ര നടത്തുന്നവര്‍ മക്കയില്‍നിന്ന് യാത്ര പറഞ്ഞ് പുറപ്പെട്ട് മദീനയില്‍ നിശ്ചിതദിവസം താമസിച്ച് അവിടെനിന്ന് നാട്ടിലേക്ക് യാത്രതിരിക്കുന്നു. പിന്നീട് മക്കയിലേക്ക് വരുന്നത് നിയമപരമായി  ഇപ്പോള്‍ വിലക്കിയിട്ടുണ്ട്.