സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 1 February 2016

ലൈലതുല്‍ ഖ്വദ്ര്‍

ഖദ്ര്‍ എന്ന പദത്തിന് നിര്‍ണയം(തഖ്ദീര്‍) എന്നാണര്‍ഥമെന്ന് ഭാഷാപണ്ഢിതന്‍ വാഹിദി പറയുന്നുണ്ട്. ഒരു വസ്തുവിനെ സമതുലിതാവസ്ഥയില്‍ സംവിധാനിക്കുക എന്നാണ് നിര്‍വചനം. ഇതിനോട് ലൈലത്(രാവ്) എന്നുകൂടി ചേര്‍ക്കുമ്പോള്‍ നിര്‍ണയത്തിന്റെ രാവ് എന്നാകുന്നു. അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണയം നടത്തുന്ന രാവാണ് ലൈലതുല്‍ഖദ്ര്‍. ലൈലതുല്‍ഖദ്ര്‍ എന്ന് പേരു വരാന്‍ പണ്ഢിതന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. കാര്യങ്ങളും വസ്തുതകളും കണക്കാക്കുന്ന രാവാണത്. ഇബ്നു അബ്ബാസ്(റ)വിന്റെ വിവരണം ഈ വിവക്ഷ അംഗീകരിക്കുന്നു. ഈ രാവിലാണ് വര്‍ഷാവര്‍ഷത്തെ മുഖ്യപ്രാപഞ്ചിക പ്രശ്നങ്ങള്‍ അല്ലാഹു നിര്‍ണയിക്കുന്നത് എന്നാണ് അദ്ദേഹത്തി ന്റെ അഭിപ്രായം, ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം ഈ രാവില്‍ കണക്കാക്കപ്പെടുന്നു. അടിസ്ഥാനപരമായ ഖദ്ര്‍ ഈ രാവിലാണെന്നത് ഇതിനര്‍ഥമില്ല.
സര്‍വ ശക്തനായ അല്ലാഹു എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കെ ഈ ഖദ്ര്‍ കൊണ്ടുള്ള ഉദ്ദേശ്യമെന്ത്? പ്രസ്തുത കാര്യങ്ങളെല്ലാം വകുപ്പുകള്‍ തിരിച്ച് അതാത് വകുപ്പിനു നിയോഗിക്കപ്പെട്ട മാലാഖമാരെ അല്ലാഹു അറിയിക്കുകയും ഏല്‍പ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഒരു വ്യാഖ്യാനം. ഇക്രിമ(റ) പറയുന്നു: “ലൈലതുല്‍ ഖദ്റില്‍ തന്നെയാണ് കഅ്ബാലയ തീര്‍ഥാടകരായ ഹാജിമാരുടെ കാര്യങ്ങള്‍ വരെ നിര്‍ണയിക്കപ്പെടുക. ഓ രോ വര്‍ഷത്തെയും ഹാജിമാരുടെ നാമങ്ങള്‍, പിതൃനാമങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രാവില്‍ രേഖപ്പെടുത്തുന്നു’.
രണ്ടാമത്തെ വീക്ഷണം ഇമാം സുഹ്രി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നതിങ്ങനെയാണ്. ഖദ്ര്‍ എന്ന വാക്കിനര്‍ഥം സ്ഥാനം, മഹത്വം, ബഹുമതി എന്നിങ്ങനെയാണ്. സാധാരണ അറബികള്‍ ഈ അര്‍ഥത്തില്‍ ഖദ്ര്‍ എന്ന പദം പ്രയോഗിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഈ അര്‍ഥത്തില്‍ ഖദ്ര്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതനുസരിച്ച് ലൈലതുല്‍ ഖദ്ര്‍ രണ്ട് രൂപത്തില്‍ മഹത്വപൂര്‍ണമാണെന്ന് ഇമാം റാസി(റ) പറയുന്നു. ഒന്ന്: കര്‍ത്താവിനെ ലക്ഷ്യമാക്കുന്നു. അഥവാ ഈ രാവില്‍ പ്രവര്‍ത്തന നിരതരാകുന്നവര്‍ മഹത്വങ്ങള്‍ക്കു പാത്രീഭവിക്കുന്നു. രണ്ട്: കര്‍മത്തെ ആധാരമാക്കുന്നു. അഥവാ ഈ രാവില്‍ സുകൃതങ്ങള്‍ക്ക് ഏറെ ബഹുമതികള്‍ അവകാശപ്പെടാവുന്നതാണ്.
അബൂബക്റുല്‍ വര്‍റാഖ്(റ) മറ്റൊരു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. ലൈലതുല്‍ ഖദ്ര്‍ എന്ന പേരിനു പിന്നിലെ ഉദ്ദേശ്യം അദ്ദേഹം ഇങ്ങനെ അനുമാനിക്കുന്നു. ‘ഈ രാവിലാ ണ് മഹത്വമേറിയ ഗ്രന്ഥം, മഹത്വമേറിയ മലകുവഴി മഹത്വമേറിയ സമൂഹത്തിലേക്ക് അവതീര്‍ണമായത്. ഇതുകൊണ്ടാകാം ഇതു സംബന്ധമായ ഖുര്‍ആന്‍ സൂറത്തില്‍ മൂന്നുതവണ ലൈലതുല്‍ ഖദ്ര്‍ എന്ന് ആവര്‍ത്തിച്ചു പറഞ്ഞത്.’ ഖദ്ര്‍ എന്ന പദത്തിനു തിങ്ങിനിറഞ്ഞു എന്ന അര്‍ഥമുണ്ട്. ഈ രാവില്‍ വാനലോകത്തു നിന്ന് മാലാഖമാര്‍ ഇറങ്ങിവ ന്നു ഭൌമലോകത്ത് നിറയുന്നു. ഈ അടിസ്ഥാനത്തിലാണ് ലൈലതുല്‍ഖദ്ര്‍ എന്ന പേരുവന്നത് എന്നും ചിലര്‍ അനുമാനിക്കുന്നുണ്ട്. ഈ രാവില്‍ പ്രത്യേക ബഹുമതികളുള്ള മലകുകള്‍ ഇറങ്ങിവരുന്നത് കൊണ്ടാണെന്നും അല്ലാഹു വിശ്വാസികള്‍ക്കു സവിശേഷമായ അനുഗ്രഹം കണക്കാക്കുന്നത് കൊണ്ടാണെന്നും മറ്റും അഭിപ്രായങ്ങളുമുണ്ട്.
ഖുര്‍ആന്‍ പറയുന്നു
ലൈലതുല്‍ഖദ്റിനെ പരാമര്‍ശിക്കുന്ന ഒരധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രസ് തുത സൂറത്തിന്റെ ആശയം ശ്രദ്ധിക്കുക: ‘ഖുര്‍ആന്‍ നാം അവതരിപ്പിച്ചത് ലൈലതുല്‍ഖദ്റിലാകുന്നു. ലൈലതുല്‍ ഖദ്ര്‍ എന്താണെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നത്. ലൈലതു ല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ പുണ്യപൂരിതമാണ്. അല്ലാഹുവിന്റെ ആജ്ഞാനുസരണം മലകുകളും ആത്മാവും ആ രാവില്‍ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന സലാമിന്റെ രാവാണത്’.
ഈ സൂക്തത്തില്‍ പ്രധാനമായ ചില വസ്തുതകളുണ്ട്. ഒന്ന്: ഖുര്‍ആന്‍ അവതരണം റമ ള്വാനിലെ ലൈലതുല്‍ ഖദ്റിലാണെന്നു തീര്‍ത്തു പറയുന്നു. ലൈലതുല്‍ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ പുണ്യമുള്ളതാണെന്നും പറയുന്നു. മഹത്തായ ഈ രാവ് അല്ലാഹു നമുക്കു നല്‍കാന്‍ എന്താണ് കാരണം? ഈ സൂക്തത്തിന്റെ അവതരണ പശ്ചാതലത്തില്‍ നിന്ന് ഇതിനുള്ള ഉത്തരംകിട്ടും. ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന വീക്ഷ ണം ശ്രദ്ധിക്കുക. മാലികുബ്ന്‍ അനസ്(റ) പറയുന്നു: “പൂര്‍വ്വകാല സമുദായത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് റസൂല്‍കരീം(സ്വ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണ് ലൈലതുല്‍ഖദ്ര്‍ വിളംബരപ്പെടുത്തുന്ന സൂക്തം അവതീര്‍ ണമായത്’ (മാലിക് – മുവത്വ, ബൈഹഖി ഫീ ശുഅ്ബില്‍ ഈമാന്‍).
മുജാഹിദ്(റ): ‘ബനൂ ഇസ്രാഈല്‍ സമൂഹത്തിര്‍ രാവ് മുഴക്കെ അല്ലാഹുവിന് ആരാധനയും പകല്‍ മുഴുവന്‍ ദീനന്റെ ഉയര്‍ച്ചക്കുവേണ്ടിയുള്ള സമരവും നയിച്ച് ആയിരം മാ സം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ചു കേട്ട തിരുനബി(സ്വ)യും അനുചരന്മാരും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര കുറവാണെന്നു ഖേദം കൊള്ളുകയും ചെയ്തു. ഈ പശ്ചാതലത്തിലാണ് പ്രസ്തുത സൂറത്ത് അവതീര്‍ണമായത്’ (ഇബ്നുജരീര്‍). ഈ വീക്ഷണത്തിനു സമാനമായി ആയിരം മാസം ദീനിനുവേണ്ടി പൊരുതിയ ഒരു യോദ്ധാവിനെപ്പറ്റിയുള്ള വിവരണം ഇബ്നുഅബീഹാതിം, ഇബ്നുല്‍മുന്‍ദിര്‍, ബൈഹഖി – സുനന്‍ തുടങ്ങിയവര്‍ വെളിപ്പെടുത്തുന്നുണ്ട്.
ലൈലതുല്‍ഖദ്ര്‍: തിരുവചനങ്ങളില്‍
ലൈലതുല്‍ഖദ്ര്‍ ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതായി കാണാം. സല്‍മാന്‍  (റ)വില്‍ നിന്ന് നിവേദനം: ‘ശഅ്ബാന്‍ അന്ത്യത്തില്‍ നബി(സ്വ) ഉത്ബോധനം നടത്തി. ‘ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തെക്കാള്‍ നന്മ നിറഞ്ഞതാണത്’ (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍).
അബുശ്ശൈഖ്(റ) നിവേദനം ചെയ്യുന്നു: ‘റമള്വാന്‍ മാസത്തില്‍ ഹലാലായ ഭക്ഷണം കൊ ണ്ട് ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നവന് റമള്വാന്‍ രാവുകള്‍ മുഴുക്കെ മാലാഖമാര്‍ അനുഗ്രഹ പ്രാര്‍ഥന നടത്തുന്നതാണ്. ലൈലതുല്‍ഖദ്റില്‍ ജിബ്രീല്‍(അ) അവന്റെ കരം ചുംബിക്കുന്നതുമാണ’ (ബൈഹഖി, ഇബ്നുഖുസൈമ). അബൂഹുറയ്റ(റ)വില്‍ നിന്നു നിവേദനം: ‘റമള്വാന്‍ മാസത്തില്‍ ഒരു രാത്രി അല്ലാഹു സംവിധാനിച്ചിരിക്കുന്നുവെന്നത് സത്യമാണ്. ആയിരം മാസത്തെക്കാള്‍ നന്മയേറിയതാണ് പ്രസ്തുത രാവ്. ആ രാവിന്റെ പുണ്യം നിഷേധിക്കപ്പെട്ടവന്‍ പരാചിതന്‍ തന്നെയാകുന്നു.’ (നസാഇ, ബൈഹഖി).
ഖദ്റിന്റെ രാത്രി റമള്വാനിലെ ഏതോ രാവിലാണെന്നേ പ്രമാണങ്ങളില്‍ നിന്നു വ്യക്തമാകുന്നുള്ളൂ. ഏത് രാവാണെന്നു കൃത്യമായി പറയുന്നില്ല. താഴെ പറയുന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക.
ഉബാദതുബ്നു സ്വാമിതില്‍ നിന്ന്: ‘നബി(സ്വ) ഒരിക്കല്‍ ലൈലതുല്‍ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ സ്വഹാബാക്കളുടെ അടുത്തേക്ക് ചെന്നു.അപ്പോള്‍ രണ്ടുപേര്‍ പള്ളിയില്‍ വെച്ച് എന്തോ കാര്യത്തില്‍ ശബ്ദമുണ്ടാക്കുന്നു. ഇതുകണ്ട് നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്ര്‍ ഏതു ദിവസമാണെന്ന് പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. പ ക്ഷേ, ഇവര്‍ ബഹളമുണ്ടാക്കുന്നത് ഞാന്‍ കാണാനിടയായി. അതോടെ പ്രസ്തുത ജ്ഞാ നം അല്ലാഹു എന്നില്‍ നിന്നു പിന്‍വലിച്ചു കളഞ്ഞു എങ്കിലുമത് നിങ്ങള്‍ക്ക് നന്മവരുത്തുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ’. ‘രണ്ടുപേര്‍ തര്‍ക്കിക്കുകയായിരുന്നു. അവരുടെ കൂടെ പിശാചുമുണ്ടായിരുന്നു’ എന്നുകൂടി മുസ്ലിമിന്റെ നിവേദനത്തില്‍ കാണുന്നു.
അബൂഹുറയ്റ(റ)യില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: ‘ലൈലതുല്‍ഖദ്ര്‍ എനിക്കു നിര്‍ണിതമായ രൂപത്തില്‍ തന്നെ അറിയിക്കപ്പെടുകയായിരുന്നു. അതിനിടക്കാണ് വീട്ടുകാരാ രോ എന്നെ വന്നുണര്‍ത്തിയത്. അതോടെ ഞാനത് മറന്നുപോയി’ (മുസ്ലിം).
വ്യക്തമായി ഈ ദിനം എന്നാണെന്നു ജ്ഞാനമില്ലെങ്കിലും പണ്ഢിതന്മാര്‍ പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ചില നിഗമനങ്ങള്‍ നടത്തിയിട്ടുണ്ട്. മു സ്ലിം ലോകം കാലാന്തരങ്ങളിലായി ഈ ദിനം റമള്വാന്‍ ഇരുപത്തിയേഴാം രാവാണെ ന്നു കണക്കാക്കുന്നു. ആഗോള തലത്തില്‍ തന്നെ പ്രസ്തുത രാവിനെ സജീവമാക്കാന്‍ വിശ്വാസികള്‍ താത്പര്യപ്പെട്ടു കാണുന്നുണ്ട്. ഇരുപത്തിയേഴാം രാവിനെപ്പറ്റി പരാമര്‍ ശിച്ചു തര്‍ശീഹ് ഉണര്‍ത്തുന്നത് കാണുക: ‘ഇരുപത്തിയേഴാമത്തെ രാവ് തന്നെയാണ് മു സ്ലിം ലോകം പൂര്‍വ്വികമായി(ലൈലതുല്‍ഖദ്റായി) സജീവമാക്കി വരുന്നത്. ഇതുതന്നെയാണ് ഭൂരിപക്ഷ ജ്ഞാനികളുടെ വീക്ഷണവും. ഇമാം റാസി(റ) ഉദ്ധരിക്കുന്നതും ഇതുതന്നെയാണ്’.
സിര്‍റുബ്ന്‍ ഹുബൈശി(റ)ല്‍ നിന്ന്: ഞാനൊരിക്കല്‍ ഉബയ്യുബ്ന്‍ കഅ്ബ്(റ)നോട് പറഞ്ഞു. ‘വര്‍ഷം മുഴുവന്‍ ആരാധനാ നിമഗ്നരാകുന്നവര്‍ക്ക് ലൈലതുല്‍ഖദ്ര്‍ പ്രാപിക്കാവുന്നതാണ് എന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘പാവം അബൂ അബ്ദിറഹ്മാന്‍, അവിടന്നെന്താണാവോ മനസ്സിലാക്കിയത്? ലൈലതുല്‍ഖദ്ര്‍ റമള്വാന്‍ അവസാന പത്തിലാണെന്നും അതുതന്നെ ഇരുപത്തിയേഴാം രാവാണെന്നും അറിയപ്പെട്ടതല്ലേ. ജനങ്ങള്‍ ആ രാവിനെ മാത്രം ആശ്രയിക്കാതിരിക്കാനാണ് അത് തറപ്പിച്ചു പ്രഖ്യാപിക്കാതിരുന്നത്. സ ത്യത്തില്‍ ലൈലതുല്‍ഖദ്ര്‍ റമള്വാന്‍ ഇരുപത്തിയേഴാം രാവ് തന്നെയാണ്’. എന്തുകാരണത്താലാണ് താങ്കളിങ്ങനെ തറപ്പിച്ചു പറയുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘നബി(സ്വ) പഠിപ്പിച്ചുതന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്’. (അഹ്മദ്, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ, ഇബ്നുഹിബ്ബാന്‍).
ഇബ്നുഉമര്‍(റ)വില്‍ നിന്ന്; നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ലൈലതുല്‍ഖദ്റിനെ ഇരുപത്തി യേഴാമത്തെ രാവില്‍ പ്രതീക്ഷിക്കുവിന്‍’.
ഉമര്‍(റ)വിന്റെ സാന്നിധ്യത്തില്‍ ഇബ്നുഅബ്ബാസ്(റ) പ്രകടിപ്പിച്ചതാണ് മറ്റൊരഭിപ്രായം. സ്വഹാബത്തിനെ ഒന്നിച്ചുചേര്‍ത്ത് ഉമര്‍(റ) ഇതിനെക്കുറിച്ചൊരു ചര്‍ച്ച നടത്തി. കൂട്ടത്തി ല്‍ ചെറുപ്പക്കാരനായ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ‘അല്ലാഹുവിന് ഏറെ താത്പര്യം ഒറ്റ സംഖ്യകളോടാണ്. ഒറ്റകളില്‍ തന്നെ ഏഴിനോട് പ്രത്യേക താത്പര്യമുണ്ടെന്നു കാ ണാം. ഭൂമിയും ആകാശവും ദിനങ്ങളും ത്വവാഫിന്റെ എണ്ണവും അവയവങ്ങളും ഏഴായാണ് കാണുന്നത്. ഇത് ലൈലതുല്‍ഖദ്ര്‍ ഇരുപത്തിയേഴാം രാവാകാനുള്ള സാധ്യത ക്കു തെളിവായിക്കാണുന്നതില്‍ തെറ്റില്ല. ലൈലതുല്‍ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. ഇതാവട്ടെ സൂറത്തില്‍ മൂന്നുതവണ ആവര്‍ത്തിക്കുന്നു. ഇത് ഗുണിക്കുമ്പോള്‍ ഇരുപത്തിയേഴ് ലഭിക്കുന്നു. ഇരുപത്തിയേഴാമത്തെ രാവില്‍ ലൈലതു ല്‍ ഖദ്ര്‍ വരുമെന്നതിന് ഇതും സൂചനയാകാം’ (എഴുത്തില്‍ പ്രയോഗിക്കുന്ന എല്ലാ അക്ഷരങ്ങളും അറബിയില്‍ അക്ഷരമായിത്തന്നെ പരിഗണിക്കണം)
ഗാലിം(റ) തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: ‘ലൈലതുല്‍ഖദ്ര്‍ ഇരുപത്തിയേഴാം രാവില്‍ താന്‍ ദര്‍ശിച്ചതായി ഒരു സ്വഹാബി നബി(സ്വ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. ‘ലൈലതുല്‍ഖദ്ര്‍ സംബന്ധമായ നിങ്ങളുടെ ദര്‍ശനങ്ങള്‍ അവസാന പ ത്തില്‍ ഏകോപിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് റമള്വാന്‍ അവസാന പത്തിലെ ഒറ്റരാവുകളില്‍ നിങ്ങളതിനെ പ്രതീക്ഷിക്കുക’ (മുസ്ലിം).
അബൂഹുറയ്റ(റ) പറഞ്ഞു: ‘ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി(സ്വ) ആരാഞ്ഞു. ‘ചന്ദ്രന്‍ ഒരു തളികയുടെ അര്‍ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്?’ അബുല്‍ഹസന്‍(റ) പറയുന്നു: ഇരുപത്തിയേഴാത്തെ രാവാണ് ഇവിടെ ഉദ്ദേശ്യം. കാരണം ചന്ദ്രന്‍ മേല്‍പ്പറഞ്ഞവിധം പ്രത്യക്ഷപ്പെടുന്നത് ഇരുപത്തിയേഴാമത്തെ രാവിലാണ്’.
ഖദ്റിന്റെ രാവിലെ വിശേഷങ്ങള്‍
ലൈലതുല്‍ഖദ്ര്‍ ഏറെ ആത്മീയ പ്രാധാന്യമുള്ള രാവാണ്. ഖുര്‍ആന്‍ ഈ രാവിനെ വിശേഷിപ്പിച്ചത് ‘മലകകളും റൂഹും അവതരിക്കുന്ന രാവ്’ എന്നാണ്. ഇതിനു തഫ്സീറുല്‍ കബീറില്‍ നല്‍കിയ വ്യാഖ്യാനം കാണുക: “മലകുകളും റൂഹും അവതരിക്കുമെന്നു പറഞ്ഞതിന്റെ പൊരുള്‍ പലതരത്തില്‍ യുക്തമാണ്. മലകുകള്‍ ആത്മീയതയെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണ്. മനുഷ്യരാവട്ടെ മാനുഷിക ഭാവങ്ങള്‍ക്കു പ്രാധാന്യം കല്‍പ്പിക്കുന്നു. ചീത്ത വിചാരവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരായതു കൊണ്ട് മനുഷ്യരോട് മലകുകള്‍ക്കു മടുത്തു. അവര്‍ പറഞ്ഞു. ഭൂമിലോകത്ത് രക്തം ചൊരിയുന്ന ഈ വര്‍ഗത്തെയാണോ നീ പ്രതിനിധിയായി വാഴ്ത്തിയയക്കാന്‍ പോകുന്നത്?’ മനുഷ്യനായ നി ന്നെ പ്രഥമഘട്ടത്തില്‍ നിന്റെ മാതാപിതാക്കള്‍ പോലും വെറുക്കുന്നു. ഇന്ദ്രിയമായ നി ന്നെ, രക്തപിണ്ഡമായ നിന്നെ വസ്ത്രത്തിലായാല്‍ കഴുകിക്കളയുന്നു.നിനക്ക് അല്ലാഹു സുന്ദര രൂപം നല്‍കിയപ്പോള്‍ അവര്‍ നിന്നെ സ്വീകരിച്ചു. താത്പര്യപൂര്‍വ്വം താലോലിച്ചു. ഇതുപോലെ നിന്റെ ആത്മാവ് ഇലാഹീബോധത്താലും ജ്ഞാനാനുസരണത്താലും നിറ ഞ്ഞു സൌകുമാര്യം പൂണ്ടുനില്‍ക്കുന്നത് കണ്ടു മലകുകള്‍ നിന്നിലേക്കടുത്തു. നിന്നെ പ്രിയംവെച്ചു. നേരത്തേ പ്രകടിപ്പിച്ച അഭിപ്രായം തെറ്റായിപ്പോയെന്ന മട്ടില്‍ അവര്‍ നിന്നിലേക്കിറങ്ങി വരുന്നു. ഇതാണ് മലകുകള്‍ അവതരിക്കുമെന്നു പറഞ്ഞതിന്റെ പൊരുള്‍.
മറ്റൊരു വീക്ഷണം ശ്രദ്ധിക്കുക: മലകുകള്‍ അവതരിക്കുമെന്നു പറയുന്നതിന്റെ താത് പര്യം ബാഹ്യമായിത്തന്നെ എല്ലാ മലകുകളും ഇറങ്ങിവരുമെന്നു തന്നെയാണ്. എല്ലാ മലകുകള്‍ക്കും ഇറങ്ങിവരാന്‍ മാത്രം ഭൂമുഖം പ്രവിശാലമാണോ എന്നു സംശയിക്കാം. ഇതിനു പണ്ഢിതന്മാര്‍ വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. ചിലര്‍ പറയുന്നത് മലകുകളത്രയും ഒന്നാമാകാശത്തേക്കവതരിക്കുമെന്നാണ്. എന്നാല്‍ അധിക പണ്ഢിതന്മാരുടെയും അഭിപ്രായം മലകുകള്‍ ഭൌമലോകത്തേക്ക് അവതരിക്കുമെന്നു തന്നെയാണ്. കാരണം, പ്രസ്തുത രാവിനെ സജീവമാക്കുന്നതിനു പ്രേരണ നല്‍കുകയാണ് ഈ സൂക്തത്തിന്റെ താത്പര്യം. മറ്റുചില ദിവസങ്ങളിലും മാലാഖമാര്‍ ഭൂമിയിലേക്കിറങ്ങുമെന്ന് ഹദീസുകളില്‍ കാണാം. എങ്കില്‍ ലൈലതുല്‍ഖദ്റ് ഇതിനേറ്റവും അര്‍ഹതപ്പെട്ടതാണല്ലോ.
മാലാഖമാരുടെ വരവ് സംബന്ധിച്ച് പണ്ഢിതന്മാരുടെ ചില അഭിപ്രായങ്ങള്‍ കാണുക: “ഈ രാവില്‍ മലകുകള്‍ ഭൌമലോകത്തെത്തുന്നത് മനുഷ്യരുടെ ആരാധനയും പരിശ്രമസ്വഭാവവും അടുത്തറിയാനാണെന്ന് ഒരു വിഭാഗം പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഭൌമലോകത്തേക്കിറങ്ങാന്‍ മലകുകള്‍ അല്ലാഹുവിനോട് സമ്മതമാരായുന്നതില്‍ നിന്നു മനുഷ്യരെ ദര്‍ശിക്കാന്‍ മലകുകള്‍ താത്പര്യം കാണിക്കുന്നു എന്ന് മനസ്സിലാക്കാം. അല്ലാഹുവിന്റെ അനുമതി പ്രകാരം അവര്‍ അവതരിക്കുമെന്നു പറഞ്ഞതിന്റെ പൊരുള്‍ ഇതാണെന്നനുമാനിക്കുന്നതില്‍ തെറ്റില്ല. ഇതനുസരിച്ച് അവരോഹണത്തില്‍ മലകുകള്‍ സമ്പൂര്‍ണ സംതൃപ്തരാണെന്നു വ്യക്തമാകുന്നു. പാരത്രിക ലോകത്ത് മലകുകള്‍ വന്നു സലാം നേരുമെന്നു അല്ലാഹു പറഞ്ഞതാണ്. എന്നാല്‍ ലൈലതുല്‍ഖദ്റിലൂടെ ദുനിയാവില്‍ വെച്ചുതന്നെ ഇബാദത്തില്‍ മുഴുകിയവരെ മലകുകള്‍ സന്ദര്‍ശിക്കുമെന്നും രക്ഷാപ്രാര്‍ഥന നടത്തുമെന്നും വ്യക്തമാകുന്നു. നബി(സ്വ) തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ‘നമുക്കു സലാം പറയാനും ശിപാര്‍ശ നടത്താനും മലകുകള്‍ അവതീര്‍ണമാകും. ഇങ്ങനെ മലകക്കുകളുടെ സലാം എത്തിയവര്‍ പാപങ്ങള്‍ പൊറുക്കപ്പെട്ടവരാകുന്നതാണ്.’
ഈ രാവില്‍ ഭൂമിയിലെ ആരാധന അല്ലാഹു ഏറ്റവും മഹത്തരമാക്കി നിശ്ചയിച്ചിരിക്കുന്നു എന്നു പറയാവുന്നതാണ്. അപ്പോള്‍ മലകുകള്‍ അവരുടെ സദ്വൃത്തികള്‍ക്ക് അധിക പ്രതിഫലം കാംക്ഷിച്ചു ഭൂമിയിലേക്ക് ഇബാദത്തിനായി അവതരിക്കുകയാകാം. സാധാരണ മനുഷ്യന്‍ പണ്ഢിതന്മാരുടെയും ഉന്നതസ്ഥാനീയരുടെയും സാന്നിധ്യത്തി ല്‍ നല്ല കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കാറുണ്ട്. ഈ തത്വമനുസരിച്ച് ഉന്ന ത സ്ഥാനീയരായ മാലാഖമാരുടെ സാന്നിധ്യത്തില്‍ മനുഷ്യന്‍ സദ്കര്‍മ്മങ്ങള്‍ പൂര്‍ണമാ യും ആത്മാര്‍ഥതയോടെയും നിര്‍വഹിക്കട്ടേയെന്ന് അല്ലാഹു ഉദ്ദേശിച്ചിരിക്കാം. ഇമാം റാസി(റ) കഅ്ബ്(റ)വില്‍ നിന്നുദ്ധരിക്കുന്നു: സിദ്റതുല്‍ മുന്‍തഹായില്‍ കഴിഞ്ഞുകൂടുന്ന മലകുകളെല്ലാം വിശ്വാസികള്‍ക്കു കാരുണ്യവും സ്നേഹവും ചൊരിഞ്ഞുകൊണ്ട് ലൈലതുല്‍ഖദ്റില്‍ ജിബ്രീലു(അ)മൊത്തു ഭൂമിയിലേക്കിറങ്ങുന്നതാണ്. ഭൂമിയിലെല്ലായിടത്തും അല്ലാഹുവിന് സുജൂദും റുകൂഉം ചെയ്തുകൊണ്ട് വിശ്വാസികള്‍ക്കായി അ വര്‍ പ്രാര്‍ഥിക്കുന്നു. ജിബ്രീല്‍(അ) എല്ലാ വിശ്വാസികളുടെയും കരതലം ചുംബിക്കും. ജിബ്രീല്‍(അ) ഹസ്തദാനം ചെയ്ത വ്യക്തിയുടെ ശരീരം രോമാഞ്ചമണിയുകയും മന സ്സ് ആര്‍ദ്രമാവുകയും നയനങ്ങള്‍ ഈറനണിയുകയും ചെയ്യും. ഈ അവസരത്തിലാരെങ്കിലും ലാഇലാഹ ഇല്ലല്ലാഹ് എന്നു മൂന്നുതവണ പറഞ്ഞാല്‍ അതില്‍ ഒന്നുകൊണ്ട് അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും രണ്ടാമത്തെയും മൂന്നാമത്തെയും കൊണ്ട് അവന് നരകമുക്തിയും സ്വര്‍ഗപ്രവേശവും വിധിക്കപ്പെടുകയും ചെയ്യും.
തുടര്‍ന്ന് ആദ്യം ആരോഹണം ചെയ്യുന്നത് ജിബ്രീല്‍(അ) ആയിരിക്കും. ജിബ്രീല്‍(അ) സൂര്യഗോളത്തിനടുത്തെത്തിയാല്‍ തന്റെ ഹരിത ചിറകുകള്‍ രണ്ടും വിടര്‍ത്തും. ഈ രാ വിലല്ലാതെ ജിബ്രീല്‍(അ) ഈ ചിറക് വിടര്‍ത്താറില്ല. തുടര്‍ന്ന് ഓരോ മലകിനെയും വിളിച്ചു വാനലോകത്തേക്ക് കയറ്റുന്നതാണ്. ഒരു പകല്‍ മുഴുവന്‍ ജിബ്രീലും(അ) മറ്റു മലകുകളും വായുമണ്ഡലത്തില്‍ കഴിച്ചുകൂട്ടുന്നതാണ്. ഈ അവസരത്തില്‍ അവര്‍ വി ശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. പാപമോചനാര്‍ഥന നടത്തും. കാരുണ്യവും സ്നേ ഹവും ചൊരിയാനര്‍ഥിക്കും.
പ്രദോഷമായാല്‍ അവര്‍ ഒന്നാമാകാശത്തേക്ക് പ്രവേശിക്കും. അവിടെ ഒന്നാമാകാശത്തി ലെ മലകുകളോടൊപ്പം ഭൂമിയിലെ ഓരോ പുരുഷന്റെയും സ്ത്രീയുടെയും അവസ്ഥകള്‍ വിലയിരുത്തും. പിറ്റേദിവസം അവര്‍ രണ്ടാമാകാശത്തിലേക്ക് കയറുന്നു. അവിടത്തെ മലകുകളുമായി ഭൂമിയിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. സിദ്റതുല്‍ മുന്‍ത ഹാ വരെ ഓരോ ആകാശത്തിലും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നു. അവിടെയെത്തിയാല്‍ സിദ്റ പറയും. ‘എന്നിലെ താമസക്കാരേ, എന്താണ് ജനങ്ങളുടെ വര്‍ത്തമാനങ്ങള്‍?’ എല്ലാം പറയൂ, എനിക്കും അതറിയാന്‍ അവകാശമുണ്ടല്ലോ? അല്ലാഹു സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കട്ടെ.’ സിദ്റതിന്റെ ഈ അന്വേഷണത്തിനു മലകുകള്‍ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നാമങ്ങളും പിതൃനാമങ്ങളും ചേര്‍ത്തു വ്യക്തമായി വിവരണം നല്‍കുന്നതാണ്. തുടര്‍ന്ന് ആ സുവാര്‍ത്ത സ്വര്‍ഗലോകത്തെത്തും. അപ്പോള്‍ സ്വര്‍ഗം പ്രതികരിക്കും: ‘അല്ലാഹുവേ, ഈ ആളുകളെ എത്രയും പെട്ടെന്ന് എന്നിലേക്ക് ആനയിക്കുക’. സ്വര്‍ഗത്തിന്റെ ഈ ആഗ്രഹം കേള്‍ക്കുമ്പോള്‍ മലകുകളും സിദ്റ വാസികളും ആമീന്‍ എന്നുപറയും’.
ഇമാം റാസി(റ) തുടരുന്നു: ‘ഈ വക കാര്യങ്ങള്‍ പരിഗണിച്ചു നമുക്കിങ്ങനെ പറയാം. സംഘത്തിലെ അംഗസംഖ്യ വര്‍ധിക്കുമ്പോള്‍ അവിടെ കാരുണ്യവര്‍ഷവും വര്‍ധിക്കുന്നു. ഇതുകൊണ്ടാണ് ഹജ്ജിന്റെ അവസരത്തില്‍ റഹ്മത് വര്‍ഷം വര്‍ധിതമാകുന്നത്. ഇതുപോലെ ലൈലതുല്‍ഖദ്റില്‍ ഇറങ്ങുന്നത് അല്ലാഹുവിന്റെ സാമീപ്യം നേടിയെടുത്ത ഉന്നതസ്ഥാനീയരായ മലകുകളുടെ സംഘങ്ങളാണ്. അതുകൊണ്ട് ആ രാവില്‍ റഹ്മത് ഏറെ വര്‍ഷിക്കുമെന്നതില്‍ സംശയമില്ല”.
ലൈലതുല്‍ഖദ്റിന്റെ മഹത്വമായി ഖുര്‍ആന്‍ പറഞ്ഞ മറ്റൊരുകാര്യം റൂഹ് ഭൂമിയിലേക്കിറങ്ങുമെന്നാണ്. പ്രസ്തുത പ്രസ്താവത്തെ സംബന്ധിച്ച പണ്ഢിതാഭിപ്രായങ്ങള്‍ തഫ് സീറുല്‍ കബീറില്‍ നിന്നുതന്നെ ഉദ്ധരിക്കട്ടെ. ലൈലതുല്‍ഖദ്റില്‍ മാത്രം അവതരിക്കുന്ന ഒരുപറ്റം മലകുകളാണ് റൂഹ് കൊണ്ടുദ്ദേശ്യം. ഈ രാവില്‍ മാത്രമേ അവരെ കാണുകയുള്ളൂ. റൂഹ് ഒരുപറ്റം ദൈവിക സൃഷ്ടികളാണെന്ന മറ്റൊരഭിപ്രായവുമുണ്ട്. അവര്‍ മലകുകളോ മനുഷ്യരോ അല്ല. ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം. സ്വര്‍ഗീയ സേവകരാകാമെന്നു പറയപ്പെടുന്നുണ്ട്. ഈസാനബി(അ)യാണ് റൂഹ് കൊണ്ടുദ്ദേശ്യം എന്നൊരഭിപ്രായവുമുണ്ട്. കാരണം റൂഹ് എന്ന് അദ്ദേഹത്തിന് നാമമുണ്ടല്ലോ. എങ്കില്‍ മലകുകളോടൊപ്പം മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തെ വീക്ഷിക്കാന്‍ അദ്ദേഹവും എത്തുന്നതാകാം.
റൂഹ് എന്ന പ്രയോഗം ഖുര്‍ആനെപ്പറ്റി തന്നെയാണെന്നും ഒരഭിപ്രായമുണ്ട്. റൂഹ് എന്നാല്‍ റഹ്മത്താണെന്നാണ് മറ്റൊരഭിപ്രായം. ഇതനുസരിച്ച് പ്രസ്തുത സൂക്തത്തിന്റെ താത് പര്യം ഇങ്ങനെയാകാം. ‘മലകുകള്‍ അവതരിക്കുന്നു. അതിന്റെ കൂടെ അല്ലാഹുവിന്റെ അപാരമായ കാരുണ്യവും. അങ്ങനെ ഇഹപര വിജയങ്ങള്‍ക്ക് ദാസന്മാര്‍ പാത്രീഭവിക്കുന്നു.’ റൂഹ് എന്നാല്‍ അല്ലാഹുവിന്റെ മലകുകളില്‍ പരമശ്രേഷ്ഠരായവരാണ്. മനുഷ്യന്റെ നന്മ തിന്മകള്‍ കുറിക്കുന്നവരും മനുഷ്യര്‍ക്കു കാവല്‍നില്‍ക്കുന്നവരുമായ മലകുകളാണ് എന്നും അഭിപ്രായമുണ്ട്.
റൂഹ് ജിബ്രീല്‍(അ) ആണെന്നാണ് മറ്റൊരു പക്ഷം. ജിബ്രീലി(അ)ന്റെ മഹത്വം കാരണമാണ് ഇങ്ങനെ എടുത്തുപറഞ്ഞതത്രെ. വേറൊരഭിപ്രായത്തില്‍ റൂഹ് എന്നത് കൊണ്ടുദ്ദേശ്യം സത്യവിശ്വാസികളുടെ ആത്മാക്കളാണ്. ആ ആത്മാക്കള്‍ തങ്ങളുടെ ബന്ധുക്ക ളെ സന്ദര്‍ശിക്കാന്‍ ഈ രാവില്‍ എത്തുന്നതിനെപ്പറ്റിയാകാം ആത്മാവ് അവതരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. റൂഹുല്‍ മആനിയില്‍ ഇങ്ങനെയൊരു വീക്ഷണം ഉദ്ധരിച്ചിട്ടുണ്ട്. ഈസാനബി(അ) തിരുനബി(സ്വ)യുടെ റൌള സിയാറത്ത് ചെയ്യാന്‍ ഇറങ്ങിവരുന്നതിനെക്കുറിച്ചാണ് ഈ പ്രസ്താവമെന്നും പറയപ്പെടുന്നു.
ലൈലതുല്‍ഖദ്റില്‍ മലകുകള്‍ ഇറങ്ങുന്നത് അവരുടെ നാഥന്റെ സമ്മതത്തോടെയാണ് എന്ന് ഖുര്‍ആനില്‍ പറയുന്നു. മലകുകളുടെ അവതരണത്തെ കൂടുതല്‍ മഹത്വവത്കരിക്കുന്നു ഈ പ്രയോഗം. മനുഷ്യരില്‍ സംപ്രീതരായി ഭൂമിലോകത്തേക്കവതരിക്കാന്‍ മലകുകള്‍ അല്ലാഹുവിനോട് അനുമതി തേടുന്നു. അനുവാദത്തോടെ അവര്‍ വരുന്നു എ ന്നാണ് ഈ ഖുര്‍ആന്‍ വചനത്തിന്റെ താത്പര്യം. എന്നാല്‍ മനുഷ്യര്‍ പാപ പങ്കിലരായിരിക്കെ മലകുകള്‍ നമ്മെ ഇഷ്ടപ്പെടുന്നതെങ്ങനെ എന്നു സംശയിക്കാം. ഇതിനു ഇമാം റാസി(റ) നല്‍കുന്ന മറുപടി കാണുക: “മലകുകള്‍ക്ക് മനുഷ്യരുടെ പാപങ്ങളെപ്പറ്റി കൃത്യമായ അറിവ് അല്ലാഹു നല്‍കുന്നില്ല. അവര്‍ ലൌഹ് ഫലകത്തില്‍ മനുഷ്യപ്രവൃത്തികള്‍ കാണുമ്പോള്‍ കുറ്റങ്ങളുടെ ഭാഗത്ത് ഒരു മറ വീഴുന്നുവെന്നും അതിനാല്‍ കുറ്റങ്ങ ള്‍ കാണുകയില്ലെന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു”.
മലകുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതിന് മറ്റുപല പ്രേരണകളുമുണ്ട്. പ്രധാനമായി വാനലോകത്ത് കാണപ്പെടാത്ത പല സദ്പ്രവര്‍ത്തനങ്ങളും ഭൂമിയില്‍ നടക്കുന്നു. ഉദാഹരണമായി ദാനധര്‍മ്മങ്ങള്‍. ഇത് വാനലോകത്തില്ലാത്തതാണല്ലോ. അതുപോലെ തന്നെ പാപികളുടെ ദുഃഖപൂര്‍ണമായ തേങ്ങിക്കരച്ചില്‍. ഇതും വാനലോകത്തുണ്ടാവില്ല. അല്ലാ ഹു പറഞ്ഞു: ‘പാപിയുടെ തേങ്ങലാണ് തസ്ബീഹിന്റെ ഈണത്തെക്കാള്‍ എനിക്കേറ്റവും താത്പര്യം”. ഇതറിയാവുന്ന മലകുകള്‍ ഇങ്ങനെ പറയുന്നതായി സങ്കല്‍പ്പിക്കക്കാം. ‘വരൂ കൂട്ടുകാരേ, നമുക്ക് ഭൂമിയിലേക്കിറങ്ങാം. അല്ലാഹുവിനേറ്റവും താത്പര്യമുള്ള പാപികളുടെ തേങ്ങല്‍ കേള്‍ക്കാം’.
ഖുര്‍ആനില്‍ ‘അവരുടെ നാഥന്റെ സമ്മതത്തോടെ’ എന്നാണ് പറഞ്ഞത്. അല്ലാഹു എല്ലാവരുടെയും നാഥനായിരിക്കെ ഇവിടെ അവരുടെ നാഥന്‍ എന്നു പറഞ്ഞത് മലകുകളെ വന്ദിക്കാനും പാപികളെ നിന്ദിക്കാനുമാണെന്ന് ഇമാം റാസി(റ) അഭിപ്രായപ്പെടുന്നു. ലൈലതുല്‍ഖദ്ര്‍, നാം അല്ലാഹുവിന്റേതാകാനുള്ള അവസരമാണെന്നും അത് ഉപയോഗപ്പെടുത്തിയാല്‍ അല്ലാഹു നമ്മുടെ മിത്രമാകുമെന്നുമുള്ള സൂചനയാണ് ഈ പ്രയോഗത്തിലുള്ളതെന്നാണ് പണ്ഢിതാഭിപ്രായം. “അവര്‍ സര്‍വകാര്യങ്ങള്‍ക്കുമായി അവതരിക്കുന്നു” എന്നാണ് സൂറത്തിലെ മറ്റൊരു വാക്യം. ഇതിന്റെ താത്പര്യം മലകുകള്‍ റുകൂഅ്, സുജൂദ്, പ്രാര്‍ഥന, ധ്യാനം, പഠനം, ദിവ്യബോധന കൈമാറ്റം, ലൈലതുല്‍ഖദ്ര്‍ മാഹാത്മ്യ കാംക്ഷ, വിശ്വാസികള്‍ക്കു സലാം പറയല്‍ തുടങ്ങി വ്യത്യസ്ത ജോലികളില്‍ വ്യാപൃതരാണ്. ഇതാണ് പണ്ഢിതന്മാരില്‍ ചിലരുടെ അഭിപ്രായം. അതാത് വര്‍ഷത്തെനന്മ തിന്മകള്‍ കണക്കാക്കുന്ന ഏര്‍പ്പാടുമായി മലകുകള്‍ അവതരിക്കുന്നു എന്നാണ് മറ്റുചിലരുടെ അഭിപ്രായം. താരതമ്യേന അംഗീകൃതമായ അഭിപ്രായമിതാകുന്നു.
ഇവിടെ ഖുര്‍ആന്‍ പ്രയോഗിച്ച അംറ് എന്ന പദം മനുഷ്യരുടെ ഐഹികപാരത്രിക കാര്യങ്ങള്‍ക്കെല്ലാം ബാധകമാകുംവിധം അര്‍ഥവ്യാപ്തിയുള്ളതാണ്.ഇത് പരിഗണിക്കുമ്പോള്‍ മലകുകളുടെ അവതരണം നമ്മുടെ ഭൌതിക പാരത്രിക താത്പര്യങ്ങള്‍ ഉദ്ദേശിച്ചാണെന്നു വരുന്നു.
ഇവിടെ സ്വാഭാവികമായി ഒരു സംശയമുണ്ടാകും. മനുഷ്യന്റെ ഭക്ഷണം, മരണം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച കണക്കുകള്‍ ശഅ്ബാന്‍ പതിനഞ്ചിനാണവതരിക്കുന്നതെന്നല്ലേ പറയുന്നത്? എങ്കില്‍ പിന്നെ ലൈലതുല്‍ഖദ്റില്‍ അതെങ്ങനെ സംഭവിക്കു ന്നു? ‘ലൈലതുല്‍ബറാഅതിലാണ് അല്ലാഹു കാര്യങ്ങള്‍ കണക്കാക്കുന്നത്. ലൈലതുല്‍ ഖദ്റിലാണ് പ്രസ്തുത രേഖകള്‍ അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നല്‍കുന്നത്’ എന്ന ഹദീസ് ഇതിനു വ്യക്തമായ മറുപടിയാണ്. ലൈലതുല്‍ഖദ്റിന്റെ വൈശിഷ്ട്യമായി ഖുര്‍ആന്‍ പറയുന്ന മറ്റൊരു കാര്യം ‘അത് പ്രഭാതം വരെ സലാമാണെന്നാണ്’. ഈ രാവില്‍ മലകുകളെത്തി വിശ്വാസികള്‍ക്കു സലാം ചൊരിയുന്നുവെന്നാണിതു കൊ ണ്ടുദ്ദേശ്യമെന്നാണഭിപ്രായം. മലകുകള്‍ കൂട്ടംകൂട്ടമായി അവതരിച്ചു ഭൂമിയില്‍ സലാം വര്‍ഷം നടത്തുന്നു. അങ്ങനെ ആ രാവ് സലാമിന്റേതായിത്തീരുന്നു.
മറ്റൊരു വീക്ഷണം ‘ലൈലതുല്‍ഖദ്റ് വിഷമങ്ങള്‍, ദുരിതങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിവയില്‍ നിന്നെല്ലാമുള്ള രക്ഷയാണ് എന്ന അര്‍ഥത്തിലാണ് സലാം പ്രയോഗിച്ചത് എന്നാണ്. അബൂമുസ്ലിമിന്റെ പക്ഷം ഈ രാവ് കൊടുങ്കാറ്റ്, ഇടിത്തീ, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം മുക്തമായിരിക്കുമെന്നാണ്. ലൈലതുല്‍ഖദ്റില്‍ പ്രഭാതം വരെ ഓരോ നിമിഷവും പൂര്‍ണമായി ആയിരം മാസത്തെക്കാള്‍ പുണ്യമേറിയതു തന്നെയാണ്. മറ്റു രാവുകളിലേത് പോലെ ഫര്‍ളായ കാര്യങ്ങള്‍ക്ക് ഉത്തമം രാവിന്റെ ഒന്നാം ഭാഗം, മറ്റ് ഇബാദത്തുകള്‍ക്കു രണ്ടാം ഭാഗം, പ്രാര്‍ഥനക്ക് മൂന്നാം ഭാഗം എന്നിങ്ങനെയു ള്ള വിഭജനം ലൈലതുല്‍ ഖദ്റിലില്ല എന്നും പ്രഭാതം വരെ ഈ രാവ് സലാമാണെന്നും അഭിപ്രായമുണ്ട്.
വൈശിഷ്ട്യങ്ങള്‍
ഇബ്നുഅബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന സുദീര്‍ഘമായ ഹദീസില്‍ നബി(സ്വ) പറയുന്നു: “ലൈലതുല്‍ഖദ്ര്‍ ആസന്നമായാല്‍ അല്ലാഹു ജിബ്രീല്‍(അ)ന് ആജ്ഞ നല്‍ കും. ജിബ്രീല്‍(അ) ഉടന്‍ ഒരു സംഘം മലകുകളുമൊത്ത് ഭൂമിയിലേക്കിറങ്ങും. ഒരു പച്ചപ്പതാകയുമായാണിറങ്ങുക. ആ പതാക അവര്‍ കഅ്ബയുടെ മുകളില്‍ ഉയര്‍ത്തും.. ജിബ് രീല്‍(അ)ന് നൂറ് ചിറകുകളുണ്ട്. അവയില്‍ രണ്ടെണ്ണം ലൈലതുല്‍ഖദ്റില്‍ മാ ത്രമേ വിടര്‍ത്തൂ. അത് വിടര്‍ത്തുമ്പോള്‍ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പൂര്‍ണമായി നിറഞ്ഞുനില്‍ക്കും. ജിബ്രീല്‍(അ)ന്റെ നിര്‍ദേശാനുസരണം മറ്റു മലകുകള്‍ ഭൂവിതാനത്തിലേക്ക് സഞ്ചരിച്ചു നിന്നും ഇരുന്നും ആരാധനയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കു സലാം പറ ഞ്ഞ് അവരുടെ കരതലം ചുംബിക്കുകയും അവരുടെ പ്രാര്‍ഥനയില്‍ ചേര്‍ന്ന് ആമീന്‍ പറയുകയും ചെയ്യും. ഈ അവസ്ഥ പ്രഭാതം വരെ തുടരും.
“പ്രഭാതമായാല്‍ നമുക്ക് യാത്ര തിരിക്കാന്‍ സമയമായി എന്നു മലകുകളോട് ജിബ്രീല്‍ (അ) പറയും. അപ്പോള്‍ മലകുകള്‍ സജ്ജരാകും. അവര്‍ ജിബ്രീല്‍(അ)നോട് ചോദിക്കും. അല്ലാഹു മുഹമ്മദീയ സമുദായത്തിന്റെ കാര്യത്തില്‍ എന്തു തീരുമാനമാണ് എടുത്തത്? അപ്പോള്‍ ജിബ്രീല്‍(അ) പ്രതികരിക്കും. ഈ രാവില്‍ അല്ലാഹു ഇവര്‍ക്കു കാ രുണ്യം ചൊരിഞ്ഞിരിക്കുന്നു. എല്ലാവരോടും വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. നാലു വിഭാഗം മാത്രം ഈ മാപ്പിനര്‍ഹരല്ല. ഈ ഹദീസ് കേട്ടുകൊണ്ടിരുന്ന സ്വഹാബികള്‍ ചോദിച്ചു. ഹതഭാഗ്യരായ ആ നാലുവിഭാഗം ആരാണ് റസൂലേ? നബി(സ്വ) വിശദീകരിച്ചു: ഒന്ന്: സ്ഥിരമായി മദ്യപിക്കുന്നവര്‍, രണ്ട്: മാതാപിതാക്കളെ പീഡിപ്പിക്കുന്നവര്‍, മൂന്ന്: കുടുംബബന്ധം വിച്ഛേദിക്കുന്നവര്‍. നാല്: കാപട്യവും കുശുമ്പും ഹൃദയത്തി ല്‍ കൊണ്ടുനടക്കുന്ന അധര്‍മ്മികള്‍’. ഈ ഹദീസ് ഇബ്നുഹിബ്ബാന്‍(റ), ബൈഹഖി(റ) എന്നീ ഹദീസ് നിവേദകര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസ് ഉദ്ധരിച്ചവരില്‍ ആരും ദുര്‍ബലര്‍ എന്ന അയോഗ്യതയുള്ളവരല്ലെന്ന് അല്‍ഹാഫിള് മുന്‍ദിരി(റ) പറഞ്ഞിരിക്കുന്നു.
ളഹ്ഹാക(റ)ല്‍ നിന്ന് നിവേദനം: ‘ഖുര്‍ആനില്‍ പറഞ്ഞ റൂഹ് കൊണ്ടുദ്ദേശ്യം ജിബ്രീല്‍ (അ) ആകുന്നു. ലൈലതുല്‍ഖദ്റില്‍ പ്രഭാതം വരെ തെറ്റിമാറുന്ന ഒറ്റനക്ഷത്രവും കാണപ്പെടുന്നതല്ല’(ഇബ്നുമുന്‍ദിര്‍). മുജാഹിദ്(റ)ല്‍ നിന്ന്: ‘ലൈലതുല്‍ ഖദ്റിനെപ്പറ്റി അത് ര ക്ഷയാണെന്ന് ഖുര്‍ആന് ഉണര്‍ത്തിയതിന്റെ താത്പര്യം ആ രാവില്‍ പിശാചിന്റെ കുതന്ത്രങ്ങള്‍ക്ക് ശക്തിയും പ്രസക്തിയും ഉണ്ടാവില്ല എന്ന അര്‍ഥത്തിലാണ്’ (ബൈഹഖി, സഈദുബ്ന്‍ മന്‍സ്വൂര്‍, അബ്ദുബ്നു ഹമീദ്, മുഹമ്മദ് ബിന്‍ നസ്വ്ര്‍, ഇബ്നു അബീഹാതിം). മന്‍സ്വൂറുബ്നു സാദാതില്‍ നിന്ന്: ‘ലൈലതുല്‍ ഖദ്റിന്റെ സൂര്യാസ്തമയം മുതല്‍ പ്രഭാതം വരെ മലകുകള്‍ ഇറങ്ങുന്നതാണ്. അവര്‍ ഓരോ വിശ്വാസിയുടെയും ചാരത്തുകൂടെ നടന്ന് അസ്സലാമു അലൈക യാ മുഅ്മിന്‍’ (സത്യവിശ്വാസീ, നിനക്ക് അല്ലാഹുവിന്റെ കരുണാ കടാക്ഷമുണ്ടാകട്ടെ) എന്ന് സലാം പറയുന്നതാണ്’(സഈദുബ്ന്‍ മന്‍സ്വൂര്‍, ഇബ്നുല്‍ മുന്‍ദിര്‍).
ഹസന്‍(റ)വില്‍ നിന്ന്: ‘ലൈലതുല്‍ഖദ്റില്‍, മഗ്രിബ് നിസ്കാരം മുതല്‍ പ്രഭാതം വരെ അല്ലാഹുവിന്റെ മാലാഖമാര്‍ കാരുണ്യത്തിന്റെയും രക്ഷയുടെയും സന്ദേശങ്ങളുമായി ചിറകടിച്ചെത്തുന്നതാണ്’ (ഇബ്നുല്‍ മുന്‍ദിര്‍). സൂറതുല്‍ഖദ്റിലെ ‘സലാം’ എന്ന പദത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ‘ആ രാവില്‍ ജിന്ന്, പിശാച്, ഇഫ്രീത് വര്‍ഗങ്ങള്‍ക്കെല്ലാം അല്ലാഹു വ്യക്തമായ വിലക്കേര്‍പ്പെടുത്തുന്നതാണ്. വാനലോകത്തിന്റെ കവാടങ്ങള്‍ മുഴുക്കെ തുറക്കപ്പെടുന്നതാണ്. ആ രാവില്‍ പശ്ചാതപിക്കുന്നവര്‍ക്കെല്ലാം അല്ലാഹു പാപമുക്തി നല്‍കുന്നതാണ്. ഈ വക കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രസ്തുത രാവ് സലാം ആണെന്നു പറഞ്ഞത്. പ്രദോഷം മുതല്‍ പ്രഭാതം വരെയാണ് ഈ രക്ഷയുടെ മുഹൂര്‍ത്തം’ (മുഹമ്മദ് ബിന്‍ നസ്വ്ര്‍, ഇബ്നു മുര്‍ദവൈഹി).
അലി(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം: “ഏഴാമാകാശത്ത് ഒരു സ്വര്‍ഗീയ പൂങ്കാവനമുണ്ട്. അവിടെ റൂഹ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരുപറ്റം മലകുകളെ കാണാം. ലൈലതുല്‍ഖദ്ര്‍ ആസന്നമായാല്‍ ഭൌമലോകത്തിലേക്കിറങ്ങാന്‍ അവര്‍ അല്ലാഹുവോട് അനുമതി തേടും. അല്ലാഹുവിന്റെ അനുവാദത്തോടെ അവര്‍ ഭൂമിയിലേക്കിറങ്ങും. പള്ളികളില്‍ നിസ്കരിക്കുന്നവര്‍ക്കും വഴികളില്‍ തങ്ങള്‍ കണ്ടുമുട്ടുന്നവര്‍ക്കുമെല്ലാം അവര്‍ ഗുണത്തിനായി പ്രാര്‍ഥിക്കും’ (ബൈഹഖി).
ലൈലതുല്‍ഖദ്റിന്റെ പുണ്യത്തെക്കുറിച്ച് ആലൂസി ഉദ്ധരിക്കുന്നത് കാണുക: “ലൈലതു ല്‍ ഖദ്റില്‍ അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്രീല്‍(അ) ഓഹരി ചെയ്യുന്നതാണ്. ജീവിച്ചിരിപ്പുള്ള എല്ലാ സത്യവിശ്വാസികള്‍ക്കും അതിന്റെ വിഹിതം ലഭിച്ചാലും പി ന്നെയും ബാക്കിവരുന്നതാണ്. അപ്പോള്‍ ‘നാഥാ, ഈ ബാക്കിയുള്ള കാരുണ്യം എന്തുചെയ്യണം?’ എന്ന് ജിബ്രീല്‍(അ) അല്ലാഹുവിനോട് ചോദിക്കും. അപ്പോള്‍ മുഹമ്മദീയ സമുദായത്തില്‍ നിന്നു മരണപ്പെട്ടവര്‍ക്ക് അതിന്റെ നിശ്ചിതവിഹിതം വിതരണം ചെ യ്യാന്‍ അല്ലാഹു കല്‍പ്പിക്കും. പിന്നെയും ആ കാരുണ്യം ബാക്കിവരുമ്പോള്‍ അതെന്തു ചെയ്യണമെന്നു ജിബ്രീല്‍(അ) വീണ്ടും ചോദിക്കും. അപ്പോള്‍ അല്ലാഹു അത് അവിശ്വാസികള്‍ക്കു കൂടി നല്‍കാന്‍ കല്‍പ്പിക്കും. ആ രാവില്‍ പ്രസ്തുത റഹ്മത് ലഭിച്ച അമുസ് ലിംകളാണത്രെ പിന്നീട് സത്യവിശ്വാസികളായി മരണപ്പെടാനിടവരുന്ന സൌഭാഗ്യവാന്മാര്‍. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇസ്മാഈല്‍ ഹഖി(റ) ഉദ്ധരിക്കുന്നു: “ലൈലതുല്‍ഖദ്റിന്റെ എണ്ണമറ്റ മഹത്വങ്ങളില്‍പെട്ടതാണ് മരണപ്പെട്ടവര്‍ക്കു പ്രസ്തുത രാവില്‍ ലഭിക്കുന്ന ഖബര്‍ശിക്ഷാ മോചനം.” ലൈലതുല്‍ഖദ്റില്‍ വന്നെത്തുന്ന മലകുകള്‍ പ്രവേശിക്കാത്ത ചില ഭാഗങ്ങളുണ്ട്. തഫ്സീര്‍ റുഹുല്‍ബയാന്‍ അവ വ്യക്തമാക്കുന്നു. (1) ക്രൈസ്തവ ദേവാലയങ്ങള്‍. (2) ബഹുദൈവ-ബിംബാരാധകരുടെ ഭവനങ്ങള്‍. (3) ശറഹ് അനുവദിക്കാത്ത ആവശ്യത്തിനുവേണ്ടി വളര്‍ത്തുന്ന നായ്ക്കളുള്ള ഭവനങ്ങള്‍. (4) ജീവജാലങ്ങളുടെ പ്രതിമ സ്ഥാപിച്ച സ്ഥലങ്ങള്‍, വീടുകള്‍. (5) മദ്യപാനി ഇരിക്കുന്ന ഭവനം. (6) മദ്യമുള്ള വീടുകള്‍. (7) കുടുംബബന്ധം വിഛേദിച്ചവരുടെ വീടുകള്‍. (8) വലിയ അശുദ്ധിക്കാര്‍ താമസിക്കുന്ന വീട്. (9) പന്നിമാംസം തിന്നുന്നവര്‍ വസിക്കുന്ന ഭവനം. (10) ശരീരമാസകലം കുങ്കുമമോ മറ്റോ മോശമായ രൂപത്തില്‍ പൂശിയവന്‍ അധിവസിക്കുന്ന ഭവനം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കണം. ലൈലതുല്‍ഖദ്റിന്റെ കാരുണ്യം നിഷേധിക്കപ്പെടുന്ന ഇ ത്തരം സംഗതികള്‍ വീടുകളില്‍ നാമറിയാതെ വന്നുപെടുന്നത് സൂക്ഷിക്കണം. നായ, ജീവജാലങ്ങളുടെ രൂപം തുടങ്ങിയവയുള്ളതും ജനാബതുകാര്‍ വസിക്കുന്നതുമായ ഭവനത്തില്‍ ലൈലതുല്‍ഖദ്റില്‍ മാത്രമല്ല, അല്ലാത്തപ്പോഴും കാരുണ്യത്തിന്റെ മലകുകള്‍ പ്രവേശിക്കുന്നതല്ലെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസില്‍ കാ ണാവുന്നതാണ്. ഇബ്നുഹിബ്ബാന്‍(റ), ഹാകിം(റ) തുടങ്ങിയ ഹദീസ് നിരൂപകര്‍ ഈ ഹദീസ് സ്വഹീഹാണെന്ന് വിലയിരുത്തിയതായി ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു. ഇതോടൊപ്പം അദ്ദേഹം പറഞ്ഞ ഒരുകാര്യം ശ്രദ്ധേയമാണ്.
ജനാബത്തുകാര്‍ എന്നത് കൊണ്ടുദ്ദേശ്യം ഖത്ത്വാബി ഇമാം പറഞ്ഞതുപോലെ, വലിയ അശുദ്ധിയുടെ കാര്യത്തില്‍ അലസത പുലര്‍ത്തുകയും കുളി പതിവായി ഒഴിവാക്കുക യും ചെയ്യുന്നവരാണ്. അല്ലാതെ അല്‍പ്പം കഴിഞ്ഞു കുളിക്കാമെന്നുറച്ചു പിന്തിച്ചവര്‍ ഈ ഗണത്തില്‍ പെടുന്നതല്ല. അതുപോലെ തന്നെയാണ് നായയുടെ കാര്യവും. കാവലി നോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ വേണ്ടി വളര്‍ത്തുന്ന നായകള്‍ വസിക്കുന്നിടം റഹ്മതി ന്റെ മലകുകള്‍ പ്രവേശിക്കാതിരിക്കില്ല.
ലൈലതുല്‍ഖദ്റിലെ ആരാധനാ മാഹാത്മ്യം
ലൈലതുല്‍ഖദ്റ് സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കണം. ആയിരം മാസത്തെക്കാള്‍ പു ണ്യമേറിയ രാവാണത്. അംറുബ്നു ഖൈസി(റ)ല്‍ നിന്നുള്ള നിവേദനത്തില്‍ ‘ആയിരം മാസത്തെക്കാള്‍ മഹത്തരം’ എന്ന ഖുര്‍ആനിലെ വിശേഷണത്തെക്കുറിച്ചു പറയുന്നത് കാണുക. ‘ആ രാവിലെ സദ്കര്‍മ്മങ്ങള്‍ ആയിരം മാസത്തെ അണമുറിയാത്ത സദ്വൃത്തിക്കു സമാനമാകുന്നു’ (ഇബ്നുജരീര്‍). അനസ്(റ)വില്‍ നിന്നുള്ള ഒരു വചനത്തില്‍ കാണുന്നു: “ലൈലതുല്‍ഖദ്റിലെ സദ്പ്രവൃത്തികള്‍, ദാനധര്‍മ്മങ്ങള്‍, സകാത്, നിസ് കാരം എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനത്തെക്കാള്‍ പുണ്യമാണ്.’ ഇമാം നവവി(റ) ഉദ്ധരിക്കുന്നത് കാണുക: ‘സ്വാഹിബുല്‍ ഹാവി പറഞ്ഞിരിക്കുന്നു. ‘ലൈലതുല്‍ ഖദ്ര്‍ വ്യക്തമായറിഞ്ഞവര്‍ അത് രഹസ്യമായി സൂക്ഷിക്കല്‍ സുന്നത്താണ്. ആ രാത്രിയില്‍ തികഞ്ഞ ആത്മാര്‍ഥതയോടെയും താത്പര്യത്തോടെയും കരുത്തോടെ യും താന്‍ ഇച്ഛിക്കുന്ന ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം. ദുആഇല്‍ ഭൂരിഭാഗവും ദീനിന്റെ വിജയത്തിനും പരലോകക്ഷേമത്തിനും വേണ്ടിയായിരിക്കണം’.
അബുഹുറയ്റ(റ)യില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ‘ഖ്വദ്റിന്റെ രാവില്‍ വിശ്വാസപൂര്‍വ്വം, പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ പൂവ്വപാപങ്ങള്‍ പൂര്‍ണമായി പൊറുക്കപ്പെടുന്നതാണ്’(ബുഖാരി, മു സ്ലിം, അബൂദാവൂദ്, നസാഇ, ഇബ്നുമാജ). ഈ ഹദീസില്‍ നിന്ന് പ്രസ്തുത രാവ് സുനിശ്ചിതമാണെന്നും ആ രാവിലെ നിസ്കാരങ്ങള്‍ക്കു മഹത്വമേറെയുണ്ടെന്നും ഗ്രഹിക്കാം. റമള്വാന്‍ അവസാന പത്തില്‍ ഓരോ രാവും ഖദ്റിന്റെ രാവാകാമെന്ന ബോധത്തോടെ സുകൃതങ്ങളില്‍ മുഴുകണം. റമള്വാന്‍ മുഴുവന്‍ ഈ ബോധം ആവശ്യമാണെങ്കിലും ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ പറഞ്ഞതനുസരിച്ച് റമള്വാന്‍ അവസാന പത്തില്‍ നിശ്ചയമായും ഈ ബോധം ഉണ്ടായിരിക്കണം.
ആഇശാബീവി(റ) പറയുന്നു: ‘ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. തിരുദൂതരേ, ലൈലതുല്‍ഖദ്റില്‍ പ്രത്യേകമായി വല്ലതും ചൊല്ലേണ്ടതുണ്ടോ? അവിടുന്ന് പ്രതിവചിച്ചു. നി ങ്ങള്‍ ‘അല്ലാഹുവേ, നീ ഏറ്റവും വിട്ടുവീഴ്ച ചെയ്യുന്നവനാണല്ലോ, വിട്ടുവീഴ്ച നീ ഇഷ് ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് പാപിയായ എനിക്ക് നീ മാപ്പുതരൂ.’ എന്നര്‍ഥം വരുന്ന പ്രാര്‍ഥന ചൊല്ലുക. ഈ പ്രാര്‍ഥനാവാചകം അഹ്മദ്, തിര്‍മുദി, നസാഇ, ഇബ്നുമാജ(റ.ഹും) തുടങ്ങി അനേകം ഹദീസ് പണ്ഢിതന്മാര്‍ സ്വഹീഹാ യി ഉദ്ധരിച്ചതുകാണാം.
റമള്വാന്‍ അവസാന പത്തിലെ രാവുകളില്‍ ഈ ദിക്റിന് ഏറെ പ്രാധാന്യമുണ്ട്. ഈ പ്രാര്‍ഥനയുടെ പൊരുളറിഞ്ഞതുകൊണ്ടാകാം പ്രമുഖ സാത്വികന്‍ സുഫ്യാനുസ്സൌരി(റ) അഭിപ്രായപ്പെടുന്നു. ‘ആത്മാ ര്‍ഥമായ ദുആയാണ് ലൈലതുല്‍ഖദ്റില്‍ ഐച്ഛിക നിസ്കാരത്തെക്കാള്‍ എനിക്കേറ്റവും പ്രിയങ്കരം. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയുമാണ് മെച്ചമായ ഇബാദത്ത്’
ആഇശാബീവി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് കാണുക: ‘ലൈലതുല്‍ഖദ്റാണെന്നു ഞാന്‍ മനസ്സിലാക്കിയ രാവിലെല്ലാം അല്ലാഹുവോട് നല്ല കാര്യങ്ങള്‍ അനുഷ്ഠിക്കാനുള്ള ആരോഗ്യം ഞാന്‍ ചോദിച്ചിരുന്നു’(ഇബ്നുഅബീശൈബ,ബൈഹഖി). മറ്റൊരു വചനത്തില്‍ ആഇശാബീവി(റ) പറയുന്നു: ‘ലൈലതുല്‍ ഖദ്റാണെന്നു ഞാന്‍ അറിഞ്ഞ രാവില്‍ എന്റെ അധിക പ്രാര്‍ഥനയും അല്ലാഹുവോട് മാപ്പും ആ രോഗ്യവും തേടുന്നതായിരുന്നു’ (ഇബ്നു അബീശൈബ).
ലൈലതുല്‍ഖദ്ര്‍ സംബന്ധമായി ഇമാം റാസി(റ) പറയുന്നത് കാണുക: “ലൈലതുല്‍ഖദ്റിന്റെ കാര്യത്തില്‍ അവതീര്‍ണമായ വചനത്തില്‍ വിശ്വാസികള്‍ക്കു മഹത്തായ സുവിശേഷവും വന്‍പാപികള്‍ക്കു വ്യക്തമായ താക്കീതും ഉള്‍ക്കൊണ്ടിരിക്കുന്നതായി അനുമാനിക്കാം. ലൈലതുല്‍ഖദ്ര്‍ പുണ്യകരമാണെന്നു മാത്രം പറഞ്ഞ് നിര്‍ത്തിയതാണ് സുവിശഷ വാര്‍ത്തക്കാധാരം. ആ പുണ്യത്തെ കൃത്യമായി അല്ലാഹു നിര്‍വചിച്ചിട്ടില്ല. അപ്പോള്‍ ഒരു തവണ ഈ രാവിനെ സജീവമാക്കാന്‍ കഴിഞ്ഞ വ്യക്തിക്ക് എണ്‍പത്തിമൂന്നില്‍പ്പരം വര്‍ഷത്തെ(ആയിരം മാസം) ആരാധനാഫലം സ്വായത്തമാക്കാമെന്ന് വരുന്നു. ഇങ്ങനെ എല്ലാ വര്‍ഷവും സജീവമാക്കുന്ന വ്യക്തി അനേക വര്‍ഷത്തെ ആയുര്‍ ദൈര്‍ഘ്യം ലഭിച്ചവര്‍ക്കു സമാനരാകുന്നതാണ്. മാസം മുഴുക്കെ പ്രസ്തുത രാവിനെ പ്രതീക്ഷിച്ചു സജീവമാക്കിയവന്‍ മുപ്പതു ഖദ്ര്‍ രാവുകള്‍ സ്വായത്തമാക്കിയവനു തുല്യനാണ്. ഇതുമായി ബന്ധപ്പെട്ട ഒരു നിവേദനത്തില്‍ നാനൂറ് വര്‍ഷം ആരാധന നിര്‍വഹിച്ച ഒരു ഇസ്രാഈലി സഹോദരനെയും നാല്‍പ്പത് വര്‍ഷം മാത്രം ആരാധന നിര്‍വഹിച്ച ഒരു മുഹമ്മദീയ സമുദായക്കാരനെയും പരലോകത്ത് ഹാജരാക്കപ്പെടുന്ന കാര്യം പറയുന്നുണ്ട്. അവിടെ മുഹമ്മദ് നബി(സ്വ)യുടെ സമുദായക്കാരനായിരിക്കും പ്രതിഫലത്തില്‍ മുന്‍പന്തിയില്‍. അപ്പോള്‍ ആ ഇസ്രാഈലി സഹോദരന്‍ ദുഃഖത്തോടെ ചോദിക്കും: ‘നാഥാ, നീ നീതിമാനാണല്ലോ. ഇദ്ദേഹത്തിന്റെ സുകൃതഫലങ്ങള്‍ എത്രയോ പെരുത്തതായി കാണപ്പെടുന്നതെന്തുകൊണ്ടാണ്?’ അപ്പോള്‍ അല്ലാഹു പറയും: ‘നിങ്ങള്‍ ഇബാദത്തെടുത്തത് ഇഹലോക ശിക്ഷയെ ഭയന്നായിരുന്നു. എന്നാല്‍ മുഹമ്മദീയ സുദായം ഇഹലോക ശിക്ഷയില്‍ നിന്നു നിര്‍ഭയത്വം ലഭിച്ചവരായിരിക്കെത്തന്നെ ഇബാദത്തുകളില്‍ ശ്രദ്ധ പതിപ്പിച്ചവരാണ്. ഇക്കാരണത്താലാണ് അവര്‍ പ്രതിഫലം വര്‍ധിച്ചവരാകുന്നത്.’ ഈ വചനത്തില്‍ ഒരു മുന്നറിയിപ്പുണ്ട്. അതായത് വന്‍പാപങ്ങള്‍ ചെയ്തുകൂട്ടുന്നവര്‍ പശ്ചാതാപത്തിനൊരുമ്പെടാതെ അധര്‍മ്മിയായി കാലം കഴിക്കുന്നവനാണെങ്കില്‍ നൂറുക്കണക്കിന് ലൈലതുല്‍ഖദ്ര്‍ സജീവമാക്കിയാലും അവന്‍ നരകത്തില്‍ നിന്നും മോചിതനാകുന്നില്ല. ഇത് പാപത്തിന്റെ ഗൌരവം ബോധ്യപ്പെടുത്താന്‍ പര്യാപ്തമായതാകുന്നു’.
ആയിരം മാസത്തെ ആരാധന ഏറെ ശ്രമകരമാണല്ലോ. എന്നിരിക്കെ ഒറ്റ രാവില്‍ ആ യിരം മാസത്തെ ഇബാദത്ത് എന്നു പറയുന്നത് യുക്തമോ? എങ്ങനെയാണ് രണ്ടും തു ല്യമാവുക?’
ഈ സംശയത്തിന് ഇമാം റാസി(റ) മറുപടി പറയുന്നത് കാണുക: ‘മേല്‍ സംശയത്തിന് പല അര്‍ഥത്തില്‍ മറുപടി കാണാവുന്നതാണ്. ഒന്നാമതായി നാം ചെയ്യുന്ന പ്രവൃത്തി തന്നെ അവസരങ്ങള്‍ക്കനുസരിച്ച് നന്മയുടെയും തിന്മയുടെയും കാര്യത്തില്‍ വ്യത്യസ്ത മാനങ്ങള്‍ പുലര്‍ത്താവുന്നതാണ്. ഉദാഹരണത്തിന് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നത് ഒറ്റക്ക് നിസ്കരിക്കുന്നതിനെക്കാള്‍ മഹത്തരമാണ്. ചിലപ്പോള്‍ അതിന്റെ രൂ പത്തിലും മാറ്റം വരാം. പിന്തിത്തുടര്‍ന്ന വ്യക്തിക്ക് ഒരു റക്അത് തന്നെ ഒഴിവായിപ്പോകും. അതുപോലെ ഒരാളെ വ്യഭിചാരക്കുറ്റത്തിന് എറിഞ്ഞുകൊല്ലുന്നു എന്ന് സങ്കല്‍പ്പിക്കുക. അയാളെപ്പറ്റി നമ്മള്‍ ‘ആ മനുഷ്യന്‍ വ്യഭിചാരിയാണ്. എറിഞ്ഞുകൊല്ലപ്പെടുകയാണ്.’ എന്ന് അഭിപ്രായം പറഞ്ഞാല്‍ അത് തെറ്റല്ല. എന്നാല്‍ ഇതേ അഭിപ്രായം ചാരിത്യ്രശുദ്ധി അവകാശപ്പെടാവുന്ന ഒരാളെപ്പറ്റിയാണ് പറഞ്ഞതെങ്കില്‍ നാം വ്യഭിചാരാരോപണത്തിനുള്ള ശിക്ഷ വാങ്ങാന്‍ അര്‍ഹരാണ്’.