സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 7 February 2016

സഅ്യ്

ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധകര്‍മ്മങ്ങളില്‍ പെട്ടതാണ് സഅ്യ്. സ്വഫാമര്‍വക്കിടയിലെ ദൂരം ഏഴുതവണ വിട്ടുകടക്കുന്നതിന് സഅ്യ് എന്നു പറയുന്നു. മീഖാത്തില്‍ വെച്ച് ഉംറക്കു ഇഹ്റാം ചെയ്തവര്‍ ത്വവാഫ് കഴിഞ്ഞാല്‍ ഉംറയുടെ സഅ്യ് ചെയ്യല്‍ നിര്‍ബന്ധമാണ്. ഹജ്ജിന് ഇഹ്റാം ചെയ്തവരാണെങ്കില്‍ അറഫയില്‍ നിന്നതിന് ശേഷമുള്ള ഇഫാള്വതിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്താലും മതിയാകുന്നതാണ്. സുന്നതായ ഖുദൂമിന്റെ ത്വവാഫിന് ശേഷം ചെയ്യുന്നതാണ് ഉത്തമം. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമായല്ലാതെ സഅ്യ് മാത്രമായി ചെയ്യുന്നത് സുന്നത്തില്ല.
സ്വഹീഹായ ത്വവാഫിന്റെ ശഷമായിരിക്കലും സ്വഫാ കൊണ്ട് തുടങ്ങലും നിര്‍ബന്ധമാണ്. സ്വഫയില്‍ നിന്ന് തുടങ്ങി മര്‍വയിലെത്തിയാല്‍ ഒരു തവണയും മര്‍വയില്‍ നിന്ന് തിരിച്ച് സ്വഫയിലെത്തിയാല്‍ മറ്റൊരു തവണയുമായി പരിഗണിക്കപ്പെടും.
സഅ്യ്: പ്രായോഗികരൂപം
ഉംറക്ക് മീഖാത്തില്‍ നിന്ന് ഇഹ്റാം ചെയ്തു മക്കയിലെത്തി ത്വവാഫ് പൂര്‍ത്തിയാക്കി. ഇനി നിര്‍ബന്ധമായ സഅ്യും കൂടി പൂര്‍ത്തിയാക്കിയാല്‍ മുടി എടുത്ത് ഉംറയില്‍ നിന്ന് വിരമിക്കാം. ത്വവാഫും ശേഷമുള്ള സുന്നത്ത് നിസ്കാരവും കഴിഞ്ഞു. ഹജറുല്‍ അസ്വദ് ചുംബിച്ചു. സംസവും കുടിച്ചു. ബാബുസ്സ്വഫയില്‍ കൂടി സ്വഫാകുന്നിലേക്ക് കയറുക. ഇത് വളരെ അടുത്തും കഅ്ബയില്‍ നിന്ന് കാണാവുന്നതുമാണ്. സ്വഫയിലെത്തിയാല്‍ സ്വഫാ വാതിലിലൂടെ കഅ്ബയിലേക്ക് മുഖം തിരിക്കണം. അവിടെനിന്ന് കഅ്ബ കാണാം. കണ്ടില്ലെങ്കിലും സ്വഫാ വാതിലിന്റെ നേര്‍ക്ക് കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കുക. ശേഷം സഅ്യിന്റെ നിയ്യത്തും താഴെ പറയുന്ന പ്രാര്‍ഥനയും കൊണ്ടുവരിക. സഅ്യിനുള്ള നിയ്യത്ത് ഇഹ്റാമില്‍ ഉള്‍പ്പെടുമെന്നതിനാല്‍ പ്രത്യേക നിയ്യത്ത് ശര്‍ത്വില്ല. സുന്നത്താണ്. സഅ്യിന് വുള്വൂഅ് നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്.
ഉംറയില്‍ നിയ്യത്തിന്റെ രൂപം: “അല്ലാഹുവേ, സ്വഫാ മര്‍വയുടെ ഇടയില്‍ ഏഴുതവണ ഉംറയുടെ സഅ്യ് ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നു”. ഹജ്ജിന്റെ സഅ്യാണെങ്കില്‍ ഉംറക്കു പകരം സഅ്യല്‍ ഹജ്ജി എന്ന് ചേര്‍ത്തുകൊടുക്കേണ്ടതാണ്. തുടര്‍ന്ന് ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞ ശേഷം ‘ദിക്ര്‍ ദുആകള്‍’ എന്ന ഭാഗത്ത് ചേര്‍ത്ത അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ് എന്ന് തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലുക.
സ്വഫയും മര്‍വയും പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന പുണ്യസ്ഥാനങ്ങളാണ്. മേല്‍ പ്രാര്‍ഥനക്കു പുറമെ ഇഹപര കാര്യങ്ങളില്‍ ആഗ്രഹമുള്ളവ വേണ്ടുവോളം ചോദിക്കുകയും മേല്‍ ദിക്റ് ദു ആകള്‍ മൂന്നുതവണ ആവര്‍ത്തിക്കുകയും വേണം. ശേഷം സ്വഫയില്‍നിന്ന് ഇറങ്ങി മര്‍വയിലേക്ക് നടക്കുക. സ്വഫയില്‍നിന്ന് മര്‍വയിലേക്ക് നടക്കുമ്പോള്‍ ഇടതുവശത്തുള്ള ഇടച്ചുമര്‍ ചേര്‍ന്നു നടക്കുന്നതാണുത്തമം. വലതുഭാഗത്തെ ചുവരിനരികിലുള്ള സ്ഥലം ഇടക്കാലത്ത് മസ്ആ വിപുലീകരിച്ചപ്പോള്‍ കൂട്ടിച്ചേര്‍ത്ത ഭാഗമായതിനാല്‍ അത് ഒഴിവാക്കി ഇടതുവശം ചേ ര്‍ന്ന് നടക്കാന്‍ ശ്രദ്ധിക്കണം. സ്വഫാ മര്‍വക്കിടയില്‍ ഇടച്ചുമര്‍ കെട്ടി രണ്ട് ഭാഗത്തേക്കുമുള്ള വഴി വേര്‍തിരിച്ചതിനാല്‍ പരസ്പരം കൂട്ടിമുട്ടാതെ സൌകര്യപ്രദമായി സഅ്യ് ചെയ്യാം. നടക്കാ ന്‍ കഴിയാത്തവരെ ഉന്തിനീക്കുന്ന വണ്ടികള്‍ക്ക് സഞ്ചരിക്കാന്‍ ഇടച്ചുമരിനിടയില്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ക്കൂടി കാല്‍നടക്കാര്‍ പ്രവേശിക്കരുത്.
സ്വഫയില്‍ നിന്ന് നടത്തം ആരംഭിച്ച് ഏകദേശം 75 മീറ്റര്‍ എത്തിയാല്‍ ഇരുവശത്തും പച്ചത്തൂണും പച്ചലൈറ്റും കാണാം. അവിടം മുതല്‍ പുരുഷന്മാര്‍ വേഗതകൂട്ടി നടക്കുന്നതാണ് സു ന്നത്ത്. സ്ത്രീകള്‍ അപ്രകാരം ചെയ്യരുത്. ഇരുവശവും എട്ട് തൂണുകളുടെ ദൂരം ധൃതിയില്‍ നടന്ന് പച്ചലൈറ്റും അടയാളവുമുള്ള രണ്ടാമത്തെ സ്ഥലത്തെത്തിയാല്‍ വേഗത നിര്‍ത്തി മര്‍വ വരെ സാധാരണ രീതിയില്‍ നടക്കണം. നടത്തത്തില്‍ പൊതുവെയും പച്ചത്തൂണുകള്‍ക്കിടയില്‍ പ്രത്യേകിച്ചും റബ്ബിഗ്ഫിര്‍ വര്‍ഹം വതജാവസ്…എന്ന ദിക്റ് താഴെകൊടുത്ത ദിക്റ് ചൊല്ലണം.
ബാക്കിയുള്ള സ്ഥലങ്ങളില്‍ മറ്റു ദുആകള്‍ നിര്‍വഹിക്കുകയോ വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തുകയോ സ്വന്തമായി പ്രാര്‍ഥിക്കുകയോ ആകാം. ഇങ്ങനെ മര്‍വയിലെത്തിയാല്‍ ഒരു സഅ്യ് ആയി. മര്‍വയിലേക്ക് കയറി കഅ്ബക്കഭിമുഖമായി നിന്ന് സ്വഫയില്‍ വെച്ച് ചൊല്ലിയ ദിക്റ് ദുആകള്‍ ആവര്‍ത്തിക്കണം. പിന്നെ, മര്‍വയില്‍നിന്ന് സ്വഫയിലേക്ക് നടക്കുക. പച്ചലൈറ്റുകളുള്ള സ്ഥലത്തെത്തുമ്പോള്‍ വേഗം നടക്കുകയും ബാക്കിഭാഗം സാധാരണഗതിയില്‍ നടക്കുകയും ചെയ്യുക. സ്വഫയിലെത്തുന്നതോടെ മൂന്ന് സഅ്യ് ആയി. മുന്‍പറഞ്ഞ ദിക്റ് ദുആകള്‍ നടത്തി വീണ്ടും മര്‍വയിലേക്ക് പുറപ്പെടുക. ഇങ്ങനെ ഏഴ് സഅ്യ് പൂര്‍ത്തിയാക്കുക. മര്‍വയില്‍വെച്ച് സഅ്യ് അവസാനിപ്പിക്കുക. കാരണമില്ലാതെ സ്വഫമര്‍വ മലകളില്‍ ഇരിക്കല്‍ നല്ലതല്ല.
സംക്ഷിപ്തം
ഉംറക്ക് മാത്രമായി ഇഹ്റാം ചെയ്തവര്‍ മക്കാ ശരീഫിലെത്തി ഉംറയുടെ നിര്‍ബന്ധമായ ത്വവാ ഫും സഅ്യും മുടിനീക്കലും പൂര്‍ത്തിയാക്കുന്നതോടെ ഉംറയില്‍ നിന്ന് വിരമിച്ചു സാധാരണ നില പ്രാപിച്ചു. ഇവര്‍ ഹജ്ജ് വരെ മക്കയില്‍ തന്നെ താമസിച്ച് ദുല്‍ഹജ്ജ് എട്ടിന് കുളിച്ച് വസ്ത്രം മാറ്റി ഹജ്ജിന് ഇഹ്റാം ചെയ്ത് മിനായിലേക്ക് പുറപ്പെടുന്നു. ഹജ്ജ് പൂര്‍ത്തിയാക്കി മുടി നീക്കുന്നു. ഇവര്‍ അറവുനടത്തല്‍ നിര്‍ബന്ധമാണ്.
ഹജ്ജിനു മുമ്പ് മദീനാശരീഫിലേക്ക് യാത്ര സൌകര്യപ്പെട്ടാല്‍ അതാണ് നല്ലത്. മദീനയില്‍ നിന്ന് മടങ്ങുമ്പോള്‍ ഹജ്ജിന്റെ മീഖാത്തായ ദുര്‍ഹുലൈഫയില്‍ നിന്ന് ഹജ്ജിന് ഇഹ്റാം ചെയ്ത് മക്കയില്‍ പ്രവേശിക്കുന്നു. ഖുദൂമിന്റെ ത്വവാഫിനു ശേഷം ഹജ്ജിന്റെ സഅ്യ് പൂര്‍ത്തിയാക്കുന്നു. ഖുദൂമിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്യുന്നില്ലെങ്കില്‍ ഇഫാള്വതിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്താലും മതി. മുടിയെടുക്കാതെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകും വരെ ഇഹ്റാമില്‍ കഴിഞ്ഞുകൂടുന്നു. ഇവര്‍ക്ക് അറവ് ഒഴിവാകുന്നതാണ്.
ഹജ്ജിനുമാത്രം ഇഹ്റാം ചെയ്ത്, മക്കയിലെത്തിയവര്‍ ഖുദൂമിന്റെ ത്വവാഫിനു ശേഷം ഹജ്ജി ന്റെ സഅ്യ് പൂര്‍ത്തിയാക്കി മുടിയെടുക്കാതെ ഹജജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കും വരെ ഇഹ്റാമില്‍ കഴിഞ്ഞുകൂടുന്നു. (ഇവര്‍ ഖുദൂമിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്യുന്നില്ലെങ്കില്‍ ഇഫാള്വതിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്താലും മതി) ഇവര്‍ ഹജ്ജിനു ശേഷം ഹറമിന്റെ പുറത്ത് പോയി ഉംറക്ക് ഇഹ്റാം ചെയ്ത് ഉംറ പൂര്‍ത്തിയാക്കണം. ഇങ്ങനെ മുഫ്രിദായി ഹജ്ജ് ചെയ്യുന്നവര്‍ക്കും അറവ് നിര്‍ബന്ധമില്ല