ഇരുതല മനുഷ്യന്‍
ഒരു ജഡത്തിന് രണ്ടു തലകളുണ്ടാകുമോ? അതേ. ഒരു ജഡത്തിന് രണ്ട് ശിരസ്സുകളുണ്ടാ യിട്ടുണ്ട് (തുഹ്ഫഃ 9:41). ഇമാം ശാഫിഈ (റ) ആയിനത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഫിഖ്ഹ് പരമായ ഗവേഷണപഠനങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ വിവാഹങ്ങളിലൊന്നായിരുന്നു അത്. അല്ലാമാ മുഹമ്മദ്ബിന്‍ ഖത്വീബ് ശിര്‍ബീനി പ്രസ്തുത സംഭവം ഇപ്രകാരം ഉദ്ധരിക്കുന്നു. ഇരുതലയുള്ള ഒരു സ്ത്രീയെ സംബന്ധിച്ച വാര്‍ത്ത ഇമാംശാഫിഈ (റ) ക്ക് ലഭിച്ചു. അപ്പോള്‍ നൂറു ദീനാര്‍ കൊടുത്ത് ആ സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു. അവളെ നോക്കി മനസ്സിലാക്കുകയും പിന്നീട് അവളെ വിവാഹമോചനം നടത്തുകയും ചെയ്തു (മുഗ്നി 4:127).ഇരുതലയുള്ള ജഡം ചിലപ്പോള്‍ ഒരു വ്യക്തിയായിരിക്കും. മറ്റുചിലപ്പോള്‍ രണ്ടു വ്യക്തികളും. ഒരു ആത്മാവ് മാത്രമുണ്ടാകുമ്പോള്‍ ഒരു വ്യക്തിയും രണ്ട് ആത്മാവുണ്ടാകുമ്പോള്‍ രണ്ടു വ്യക്തികളുമായിത്തീരുന്നു. ഓരോ വ്യക്തിക്കും പ്രത്യേകമായ ജീവനുണ്ടെന്ന് ഉറക്കം, ഉണര്‍ച്ച, ചിരി, വിലാപം ആദിയായ കാര്യങ്ങളിലെ യോജിപ്പുവിയോജിപ്പുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ പ്രകടമായ അടയാളങ്ങളിലൂടെ ഓരോരുത്തര്‍ക്കും സ്വന്തമായ ജീവനുണ്ടെന്നു വ്യക്തമായാല്‍ അവര്‍ രണ്ടു വ്യക്തികള്‍ തന്നെ. ഇല്ലെങ്കില്‍ ഒരു വ്യക്തിയായി കണക്കാക്കേണ്ടതാണ്. ഇബ്നുഹജര്‍ (റ) എഴുതുന്നു.
“തലയല്ലാത്ത അവയവങ്ങള്‍ ഒന്നിലധികമുണ്ടാവുകയെന്നത് ഒരു ഉപാധിയല്ല. പ്രത്യുത, ഓരോ വ്യക്തിക്കും സ്വന്തമായ ജീവനുണ്ടെന്ന് അറിവായാല്‍ രണ്ടു വ്യക്തികളായി പരിഗണിക്കേണ്ടതാണ്. ഒരാള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ മറ്റേയാള്‍ ഉറങ്ങുകയെന്നത് ഓരോരു ത്തര്‍ക്കും സ്വതന്ത്രമായ ജീവനുണ്ടെന്നതിന് ഉദാഹരണമാണ്” (തുഹ്ഫഃ 6:397).
അലീശിബ്റാമല്ലസി നിഹായഃ വ്യാഖ്യാനത്തില്‍ ദമീരിയില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളത് ഒ ന്നാം ഇനത്തില്‍പ്പെട്ടതാണ്. ഒരു സ്ത്രീ ഇരുതലയുള്ള ഒരു കുട്ടിയെ പ്രസവിക്കുകയുണ്ടായി. ആ കുട്ടി കരഞ്ഞാല്‍ ഇരുതലകൊണ്ടും കരയുമായിരുന്നു. കരച്ചില്‍ നിര്‍ത്തിയാല്‍ ഇരുതലകൊണ്ടും കരച്ചില്‍ നിറുത്തുമായിരുന്നു (നിഹായഃ വ്യാഖ്യാനം 7:382).
പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
പ്രതിസമതയുള്ള സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്താമോ? ഇവര്‍ രണ്ടുപേരും പൂര്‍ണമായ രണ്ടു വ്യക്തികളാണ്. ചിലപ്പോള്‍ ഇവരുടെ സംയോജനം കേവലം നാമമാത്രമായിരിക്കും. നബി (സ്വ) യുടെ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബിന്റെ പിതാവ് ഹാശിമും അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുശംസും ജനന സമയത്തു സയാമീസ് ഇരട്ടകളായിരുന്നു. ഹാശിമിന്റെ ഒരു കാല്‍ വിരല്‍ അബ്ദുശംസിന്റെ നെറ്റിയില്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് പ്രസവം നടന്നത്. കാല് നെറ്റിയില്‍ നിന്ന് അടര്‍ത്തിയെടുത്തപ്പോള്‍, രക്തപ്രവാഹമുണ്ടായി. ഇവരുടെ സന്താനങ്ങള്‍ക്കിടയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന്, ഇതുകണ്ടപ്പോള്‍ ചിലര്‍ ലക്ഷണപ്രവചനം നടത്തി. അതു ശരിയാണെന്നു പറയാവുന്നവിധം ഹിജ്റഃ 133ാം ആണ്ടില്‍ ഹാശിം പരമ്പരയിലെ അബ്ബാസികളും അബ്ദുശംസ് പരമ്പരയിലെ ഉമവികളും തമ്മില്‍ ചില യുദ്ധങ്ങള്‍ നടക്കുകയുണ്ടായി.(1)
ഹാശിമിന്റെയും സഹോദരന്റെയും സംയോജനം വളരെ നിസാരവും അത് വേര്‍പ്പെടുത്തല്‍ വളരെ ലളിതവുമായിരുന്നു. എന്നാല്‍ സംയോജനം ചിലപ്പോള്‍ വളരെ സങ്കീര്‍ണവും അതിന്റെ ശസ്ത്രക്രിയ ഗുരുതരവുമാകും. അതുകൊണ്ടുതന്നെ വേര്‍പ്പെടുത്തല്‍ അനുവദനീയമാകുന്ന സാഹചര്യവും നിഷിദ്ധമാകുന്ന സാഹചര്യവുമുണ്ട്. രണ്ടുപേര്‍ക്കുമോ അല്ലെങ്കില്‍ രണ്ടിലൊരാള്‍ക്കോ അപകടം വരുത്തുന്ന ഒരു പ്രവര്‍ത്തനവും നടത്താന്‍ പാടില്ല. അപകടം വരാത്ത രീതിയില്‍ ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്തുന്നതിനു വിരോധമില്ലെന്ന്, കാന്‍സര്‍ പിടിച്ച കൈ മുറിച്ചുമാറ്റുന്നതു സംബന്ധിച്ചു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ നടത്തിയ വിശദീകരണങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ശരീരത്തിലെ മുഴ മുറിച്ചു മാറ്റുന്നതു സംബന്ധിച്ച ഏഴു രൂപങ്ങള്‍ കൈമുറിക്കുന്നേടത്തും വരുമെന്നും അവിടെ അനുവദനീയമായത് കൈവിച്ഛേദത്തിലും അനുവദനീയമാകുമെന്നും ഫിഖ്ഹ് പഠിപ്പിക്കുന്നു.
ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യ ശരീരത്തിലെ ശസ്ത്രക്രിയകള്‍ അനുകൂല സാഹചര്യങ്ങളില്‍ അനുവദിക്കുന്നതും പ്രതികൂല സാഹചര്യങ്ങളില്‍ നിരോധിക്കുന്നതും. ഇതേ മാനദണ്ഡം വെച്ചുകൊണ്ടുതന്നെയാണ് പ്രതിസമതാ സയാമീസിന്റെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയുടെ അനുവദനീയതയും അനനുവദനീയതയും അളക്കേണ്ടതും. അനുകൂല സാഹചര്യങ്ങളില്‍ വേര്‍പ്പെടുത്താവുന്നതുകൊണ്ടാണ്, ആധികാരിക ശാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ തുഹ്ഫഃ, വേര്‍പ്പെടുത്താവുന്ന സാഹചര്യവും അതിനു സാധ്യമാകാത്ത രൂപവുമുണ്ടെന്ന് സൂചിപ്പിച്ച് വേര്‍പ്പെടുത്താന്‍ സാധിക്കാത്ത സയാമീസിന്റെ ആരാധനാനിയമങ്ങള്‍ 6: 397 ല്‍ പ്രത്യേകം പ്രതിപാദിച്ചത്.
സയാമീസിന്റെ ശേഷക്രിയകള്‍
സംയുക്ത ഇരട്ടകളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്ന മറ്റേ ഇരട്ടയ്ക്കു ഉപദ്രവമേല്‍ക്കാത്തവിധം വേര്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍ വേര്‍പ്പെടുത്തി ശേഷക്രിയകള്‍ നടത്തേണ്ടതാണ്. അങ്ങനെ വേര്‍പ്പെടുത്താന്‍ കഴിയില്ലെങ്കില്‍ ഖബറടക്കമല്ലാത്തതൊക്കെ നിര്‍വ്വഹിക്കണം. കഴിയുന്നവിധം കുളിപ്പിച്ചു കഫന്‍ ചെയ്തു നിസ്കാരം നിര്‍വ്വഹിക്കണം. പിന്നീട് മയ്യിത്തില്‍ നിന്നു വേര്‍പ്പെടുന്ന ഭാഗങ്ങള്‍ ഖബറടക്കണം. വേര്‍പ്പെടുന്നതിനു മുമ്പ് മൃതശരീരം വഹിച്ചുകൊണ്ടു മറ്റേയാള്‍ നിസ്കരിച്ച നിസ്കാരം സാധുവാകുന്നതും എന്നാല്‍ പിന്നീടു ഖളാഅ് വീട്ടേണ്ടതുമാണ്. മൃതശരീരത്തിന്റെ അന്തര്‍ഭാഗത്തുള്ള നജസ് വഹിച്ചുകൊണ്ടു നിസ്കരിച്ചു എന്നതാണു കാരണം (നിഹായഃ, വ്യാ ഖ്യാനം: അലി ശിബ്റാമല്ലസി 2/474).സംയുക്ത ഇരട്ടകള്‍ ഇരുവരും ഒന്നിച്ചു മരിച്ചാലോ? എന്നാല്‍ ഒന്നിച്ചുകുളിപ്പിച്ച്, ഒന്നിച്ചു കഫന്‍ ചെയ്ത്, ഒന്നിച്ചുനിസ്കരിച്ച്, ഒന്നിച്ചു ഖബറടക്കണം (നിഹായഃ,വ്യാ ഖ്യാനം: അലി ശിബ്റാമല്ലസി 2/474).
ഇരുവരുടെയും മുഖങ്ങള്‍ എതിര്‍ദിശകളിലേക്കാണെങ്കില്‍ ആരെയാണ് ഖിബ്ലക്കഭിമുഖ മാക്കേണ്ടത്? ഒരാളെ ഖിബ്ലക്കഭിമുഖമാക്കുമ്പോള്‍ അപരന്‍ ഖിബ്ലക്കു പിന്നിടുമല്ലോ? ഇരുവരുടെയും പേരില്‍ നറുക്കിടണം. ആരുടെ നറുക്കാണോ കിട്ടുന്നത്, അയാളെ ഖിബ്ലക്കഭിമുഖമാക്കണം (തുഹ്ഫഃ: വ്യാഖ്യാനം, അബ്ദുല്‍ ഹമീദുശ്ശര്‍വാനി 3/171).
മയ്യിത്ത് ഖിബ്ലക്കഭിമുഖമാക്കല്‍ നിര്‍ബന്ധമാണ്. ഖിബ്ലക്കഭിമുഖമല്ലാത്ത വിധം ഖബറടക്കം സംഭവിച്ചാല്‍ ഖബര്‍ തുറന്ന് ഖിബ്ലക്കഭിമുഖമാക്കല്‍ നിര്‍ബന്ധമാണ് (മിന്‍ ഹാജ്: പേ. 33,തുഹ്ഫഃ 3:171). അപ്രകാരം തന്നെ രണ്ടു പുരുഷന്മാരെയോ രണ്ടു സ്ത്രീകളെയോ ഒന്നിച്ചൊരു ഖബറില്‍ അടക്കം ചെയ്യല്‍ കറാഹത്തും അന്യസ്ത്രീപുരുഷന്മാരെ ഒന്നിച്ച് ഒരു ഖബറില്‍ അടക്കം ചെയ്യല്‍ ഹറാമുമാകുന്നു (തുഹ്ഫഃ 3:173). എന്നാല്‍ ഈ രണ്ടു നിയമങ്ങള്‍ പരിഗണിച്ച് ഇവിടെ, മരിച്ച സംയുക്ത ഇണകളെ വേര്‍പ്പെടുത്താവതല്ല. കാരണം മയ്യിത്തിന് അനാദരവ് വരുത്തുന്ന ഒരു പ്രവര്‍ത്തനവും അനുവദനീയമല്ല. അതുകൊണ്ടാണു ചേലാകര്‍മം ചെയ്യാത്തവന്റെ അഗ്രചര്‍മം നീക്കി തല്‍സ്ഥാനം കഴുകുന്നതിനു പകരം തയമ്മും ചെയ്യണമെന്നു വിധിച്ചിട്ടുള്ളത് (ഖുലാസ്വതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി 2/56).
എന്നാല്‍ മയ്യിത്തിന് അനാദരവ് വരാത്തവിധം വേര്‍പ്പെടുത്താന്‍ സാധിക്കുമെങ്കില്‍ വേര്‍പ്പെടുത്താവുന്നതാണെന്ന് അലീശിബ്റാമല്ലസിയുടെ നിഹായാ വ്യാഖ്യാനത്തില്‍ നിന്നു (3/7, 2/474) മനസ്സിലാക്കാവുന്നതാണ്. ഇത്രയും പറഞ്ഞത് സംയുക്ത ഇരട്ടകള്‍ രണ്ടും ആണോ അല്ലെങ്കില്‍ പെണ്ണോ ആകുമ്പോഴുള്ള വിധിയാണ്. സയാമീസ് ഇരട്ടകള്‍ ഒരേ സിക്താണ്ഡത്തില്‍ നിന്ന് ഉണ്ടാകുന്നവരായതുകൊണ്ട് ഒരേ ലിംഗത്തില്‍ പെട്ടവരായി മാത്രമേ വരാറുള്ളൂ. എന്നാല്‍ ലിംഗവ്യത്യാസമുള്ള സംയുക്ത ഇണകള്‍ ജനിക്കാനും മരിക്കാനും ഇടവന്നാലോ? ഈ വിദൂരസാധ്യതയും ഇസ്ലാമിക കര്‍മശാസ്ത്രം ചര്‍ച്ചചെയ്തു പ്രതിവിധി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒന്ന് ആണും മറ്റേത് പെണ്ണുമെങ്കില്‍ ഇരുവരെയും സാധ്യമെങ്കില്‍ വേര്‍പ്പെടുത്തി ശേഷക്രിയകള്‍ നടത്തണം. സാധ്യമല്ലെങ്കില്‍ കഴിയുന്ന വിധം ശേഷക്രിയകള്‍ നടത്തുകയും ഖബ്റില്‍ പുരുഷനെ ഖിബ്ലക്കഭിമുഖമാക്കുകയും ചെയ്യണം (നിഹായഃ വ്യാഖ്യാനം. അലി ശിബ്റാമല്ലസി 2/474).
സയാമീസിന്റെ സഹശയനം
സയാമീസ്, ഏകാണ്ഡ ഇരട്ടകളുടെ ഇനത്തില്‍പ്പെട്ടതായതുകൊണ്ട് സാധാരണഗതിയില്‍ രണ്ടും ആണോ അല്ലെങ്കില്‍ രണ്ടും പെണ്ണോ ആയിരിക്കും. ബീജാണ്ഡ സംയോജനങ്ങളില്‍ ഏത് അപസാമാന്യതയും സംഭവിക്കാമെന്ന സാധ്യത വെച്ചുനോക്കുമ്പോള്‍ വല്ലപ്പോഴും പരസ്പരം ലിംഗ വ്യത്യാസമുള്ള സയാമീസ് ഇരട്ടകളും ഉണ്ടായേക്കാം.ഏതായാലും ഇവര്‍ സഹോദരന്മാരോ സഹോദരിമാരോ സഹോദരീ സഹോദരന്മാരോ ആയിരിക്കും. അതുകൊണ്ട് മുട്ടുപൊക്കിളിനിടയ്ക്കുള്ള സ്ഥലമൊഴിച്ച് ബാക്കിയുള്ള ശരീരഭാഗങ്ങളെല്ലാം പരസ്പരം നോക്കലും സ്പര്‍ശിക്കലും ഇവര്‍ക്ക് അനുവദനീയമാണ്. പക്ഷേ, സ്പര്‍ശനം ആവശ്യത്തിനോ വാത്സല്യത്തിനോ മാത്രമേ പാടുള്ളൂ (ഖുലാസ്വതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി 3/95).
ഔറത്തുമറയ്ക്കല്‍ മറ്റുള്ളവരെപ്പോലെ ഇവര്‍ക്കും നിര്‍ബന്ധമാണ്. പക്ഷേ സാധ്യമായവിധം പരമാവധി മറച്ചാല്‍ മതി. ഇരുവരെയും രണ്ടു വ്യക്തികളായി ഗണിക്കുന്നതുകൊണ്ട് ഒരാളുടെ ജനാബത്ത്, ആര്‍ത്തവം മുതലായ അശുദ്ധികള്‍ മറ്റെയാളെ ബാധിക്കില്ല. അശുദ്ധിയുണ്ടായ വ്യക്തി കഴിയും വിധം ശുദ്ധിവരുത്തിയാല്‍ മതി.
സഹശയനം, ആണായാലും പെണ്ണായാലും ഒരു വിരിപ്പില്‍ ഹറാമാണല്ലോ? അപ്പോള്‍ പിന്നെ സയാമീസ് എങ്ങനെ കിടന്നുറങ്ങും? പ്രശ്നമില്ല. ഒരു വിരിപ്പില്‍, നഗ്നരായി സഹശയനം നടത്തുന്നതാണു നിഷിദ്ധമാകുന്നത്. ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ മറയ്ക്കേണ്ട ഭാഗങ്ങള്‍ പരമാവധി മറച്ചു കിടന്നാല്‍ മതി. എന്നാല്‍ സഹശയനം കുറ്റമറ്റതാകുന്നു.
ഇരുജഡമനുഷ്യന്‍
ഒരാള്‍ക്ക് രണ്ട് ഉടലുണ്ടായാല്‍ അയാള്‍ ഒരു വ്യക്തിയോ രണ്ടു വ്യക്തികളോ? ‘ഒരു തലമാത്രമേയുള്ളൂവെങ്കില്‍ ഇരുജഡവും കൂടി ഒരു വ്യക്തിയാകുന്നു’(മുഗ്നില്‍മുഹ്താജ് 4:127). രണ്ടു ശിരസ്സുണ്ടെങ്കില്‍ രണ്ടു വ്യക്തികളായി ഗണിക്കുന്നതാണ്. തുഹ്ഫഃ 9/41-ല്‍ നിന്ന് ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്. ഇവ്വിധം ഒട്ടിച്ചേര്‍ന്നുനില്‍ ക്കുന്ന വ്യക്തികള്‍ക്കാണ് സയാമീസ് ഇരട്ടകള്‍ എന്നുപറയുന്നത്. അപ്പോള്‍, രണ്ടുശരീ രങ്ങള്‍ ഒട്ടിച്ചേര്‍ന്നുനില്‍ക്കുകയും ഓരോന്നിനും സ്വന്തമായി തലയും കൈകാലുകളും ഗുഹ്യസ്ഥാനവും ഉണ്ടാവുകയും ചെയ്താല്‍ അവര്‍ക്ക് രണ്ടുവ്യക്തികളുടെ വിധിതന്നെയാണ് എല്ലാ വിഷയങ്ങളിലും (തുഹ്ഫഃ 6:397).അനന്തരാവകാശത്തിന്റെ അധ്യായത്തില്‍ മയ്യിത്തിനു സന്താനമോ പുത്രസന്താനമോ സഹോദരീസഹോദരന്മാരില്‍ നിന്നു രണ്ടുപേരോ ഉണ്ടാകുമ്പോള്‍ മാതാവിന് ആറിലൊരുഭാഗം മാത്രമേ ദായധനാവകാശമായി കിട്ടുകയുള്ളൂവെന്ന നിയമത്തിന്റെ വ്യാഖ്യാനത്തില്‍ മുഗ്നി രേഖപ്പെടുത്തുന്നതു കാണുക: സഹോദരീ സഹോദരന്മാരില്‍ രണ്ടുപേരുണ്ടായാല്‍ മാതാവിന് ആറിലൊന്നേ കിട്ടൂ എന്ന പ്രസ്താവന ഈ രൂപത്തെക്കൂടി ഉള്‍പ്പെടുത്തുന്നു. ഇരുതലയും നാലുകാലും നാലുകൈയും രണ്ടു ഗുഹ്യസ്ഥാനങ്ങളും ഉള്ള പരസ്പരം ഒട്ടിപ്പിടിച്ച രണ്ടു കുട്ടികളെ ഒരു സ്ത്രീ പ്രസവിച്ചു. ആ സ്ത്രീക്ക് മറ്റൊരു പുത്രന്‍ കൂടിയുണ്ട്. ഈ പുത്രന്‍ തന്റെ മാതാവിനെയും ഈ ഇരട്ട ശിശുക്കളെയും വിട്ടേച്ചുകൊണ്ടു മരണപ്പെട്ടുപോയി. അപ്പോള്‍ മാതാവിന് മരിച്ച പുത്രന്റെ ധനത്തില്‍ നിന്ന് ആറിലൊന്നു മാത്രമേ നല്‍കപ്പെടൂ. കാര്യം അങ്ങനെതന്നെ. കാരണം സംയുക്ത ഇരട്ടകള്‍ക്ക് രണ്ടു വ്യക്തികളുടെ വിധിയാണ് എല്ലാ വിഷയങ്ങളിലും. പ്രതിക്രിയയിലും പ്രായശ്ചിത്തത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം (മുഗ്നില്‍ മുഹ്താജ് 3: 14).
ഒരു കൈയില്‍ രണ്ടു പത്തി
കൈപ്പത്തിയുടെ അകം കൊണ്ടു മനുഷ്യന്റെ ഗുഹ്യഭാഗം തൊട്ടാല്‍ വുളൂ നഷ്ടപ്പെടും. ഒരാളുടെ ഒരു കൈക്കു തന്നെ രണ്ടു കൈപ്പത്തികളുണ്ടെങ്കിലോ? ഏതിന്റെ തലംകൊണ്ടു തൊട്ടാലാണു വുളൂ നഷ്ടപ്പെടുക?
രണ്ടും മൂലാവയവങ്ങളാവുകയോ അല്ലെങ്കില്‍ മൂലാവയവം ഏതെന്ന് അവ്യക്തമാവുകയോ ചെയ്താല്‍ അവയില്‍ ഏതൊന്നുകൊണ്ടു തൊട്ടാലും വുളൂ നഷ്ടപ്പെടും. അപ്രകാരം തന്നെ രണ്ടിലൊന്ന് അധികാവയവമായിരിക്കേ പ്രവര്‍ത്തനയോഗ്യമാവുകയോ മൂലത്തോടു ദിശയൊത്തു നേരിട്ടുനില്‍ക്കുകയോ ചെയ്താലും അതുകൊണ്ടുള്ള സ്പര്‍ശം വുളൂ നഷ്ടപ്പെടുത്തും. എന്നാല്‍ അധികമായ കൈപ്പത്തി പ്രവര്‍ത്തനയോഗ്യവും മൂലത്തോടു നേരിട്ടുനില്‍ക്കുന്നതുമല്ലെങ്കില്‍ അതുമുഖേന വുളൂ നഷ്ടപ്പെടുന്ന പ്രശ്നമേയില്ല.
കൈപ്പത്തിയുടെ അകത്തലം കൊണ്ടു മനുഷ്യഗുഹ്യം തൊട്ടാല്‍ വുളൂ നഷ്ടപ്പെടുമെന്നാണല്ലോ പറഞ്ഞത്. ഒരു പുരുഷനു രണ്ടു ലൈംഗികാവയവമുണ്ടെങ്കില്‍ അവയിലേതു സ്പര്‍ശിച്ചാലാണ് വുളൂ നഷ്ടപ്പെടുക. രണ്ടില്‍ ഏതു സ്പര്‍ശിച്ചാലും വുളൂ നഷ്ടപ്പെടും. പക്ഷേ, രണ്ടിലൊന്ന് അധികലിംഗമെന്നു വ്യക്തമാവുകയും അതു പ്രവര്‍ത്തനയോഗ്യമോ മൂലത്തോട് ഒരേദിശയില്‍ നേരിട്ടു നില്‍ക്കുന്നതോ അല്ലാതിരിക്കുകയും ചെയ്താല്‍ അതിന്റെ സ്പര്‍ശം കൊണ്ടു വുളൂ നഷ്ടപ്പെടുകയില്ല.
സയാമീസിന്റെ വിവാഹം
സയാമീസ് ഇരട്ടകള്‍ക്കു വിവാഹം സാധ്യമാണോ? സാധ്യമാണെങ്കില്‍ അത് അനുവദനീ യമാണോ? അനുവദനീയമെങ്കില്‍ അതിന്റെ പ്രായോഗിക രൂപമെന്ത്? വളരെ പ്രസക്തമായ ചോദ്യങ്ങളാണിവ. സാധ്യമാണെന്നതിനു, സയാമീസ് എന്ന പേരില്‍ ആദ്യം പ്രസിദ്ധരായ തായ്ലന്റുകാരായ ചാംഗ്, എംഗ് എന്നീ ഇരട്ടകളുടെ കഥതന്നെ തെളിവാണ്. 1811 ല്‍ ജനിച്ച ഇവര്‍ ഇരുവരും പില്‍ക്കാലത്ത് വിവാഹിതരാവുകയുണ്ടായി. അവരുടെ ദാമ്പത്യജീവിതത്തില്‍ ഒന്നാമനു പത്തും രണ്ടാമനു പന്ത്രണ്ടും സന്താനങ്ങളുണ്ടായി (പാരമ്പര്യവും ക്ളോണിംഗും. പേ. 33).സാധ്യമാണെന്ന പോലെ തന്നെ, മതദൃഷ്ട്യാ ചില ഉപാധികളോടെ ഇവരുടെ വിവാഹം അനുവദനീയമാണ്. പ്രതിസമതയുള്ള ഇരട്ടകളെ (Symmetical Siamese Twins) എല്ലാ വിഷയങ്ങളിലും മറ്റുള്ളവരെപ്പോലെ രണ്ടു വ്യക്തികളായിത്തന്നെ ഗണിക്കുമല്ലോ.
അപ്പോള്‍ വൈവാഹിക നിയമങ്ങള്‍ ഇവര്‍ക്കും ബാധകമാണ്. ഇരുവരും പുരുഷരെങ്കില്‍ രണ്ടു പേര്‍ക്കുംകൂടി ഒരു ഭാര്യയോ സ്ത്രീകളെങ്കില്‍ ഇരുവര്‍ക്കുംകൂടി ഒരു ഭര്‍ത്താവോ പറ്റില്ല. ഒന്നാമത്തേത് ഇസ്ലാം നിരോധിച്ച ബഹുഭര്‍തൃത്വമാണ്. രണ്ടാമത്തേതാകട്ടെ, സഹോദരിമാരെ ഒരേസമയം ഒരു പുരുഷന്‍ വിവാഹം ചെയ്യലാണ്. ബഹുഭാര്യത്വം അനുവദിക്കുന്നുവെങ്കിലും സഹോദരിമാരെ ഒരേസമയം ഒരുപുരുഷന്‍ ഭാര്യാപദത്തില്‍ നിര്‍ത്തുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടു രണ്ടുപേരെയും ഒന്നിച്ചു വിവാഹം കഴിച്ചാല്‍ രണ്ടും, രണ്ടുതവണ നികാഹു ചെയ്താല്‍ രണ്ടാമത്തേതും അസാധുവാകും (ഖുലാസ്വത്തുല്‍ ഫിഖ്ഹില്‍ ഇസ്ലാമി.3/98).
അപ്പോള്‍ ഇരുവര്‍ക്കും വെവ്വേറെ ഇണകളെത്തന്നെ കണ്ടെത്തണം. ചാംഗും എംഗും സഹകരിച്ചതുപോലെ പരമാവധി സഹകരിച്ചെങ്കിലേ ഈ വൈവാഹിക ജീവിതം വിജയിക്കുകയുള്ളൂ. ലാദേനും ലാലേയും തമ്മില്‍ കലഹിച്ചപോലെ കലഹിച്ചാല്‍ വിവാഹംതന്നെ നടക്കുകയില്ല. വിവാഹം നടന്നാല്‍ അവരുമായി ദാമ്പത്യം സ്ഥാപിക്കുന്ന രണ്ടുപേരില്‍ ഓരോരുത്തര്‍ക്കും തന്റെ ഇണയല്ലാത്തവര്‍ തികച്ചും അന്യമാണ്. അയാളെ കാണുന്നതും തൊടുന്നതും പരമാവധി സൂക്ഷിക്കേണ്ടതാണ്.
ഇരട്ടയും ഇദ്ദയും
ഭര്‍ത്താവിന്റെ വേര്‍പാടിനെത്തുടര്‍ന്നു മറ്റൊരാള്‍ക്കു വിവാഹിതയാകും മുമ്പ് സ്ത്രീ ആചരിക്കുന്ന ദീക്ഷയ്ക്കാണ് ഇദ്ദ എന്നുപറയുന്നത്. മുന്‍ഭര്‍ത്താവിനു തന്റെ ഗര്‍ഭാശയത്തില്‍ ശിശു ജനിച്ചിട്ടില്ലെന്നുറപ്പു വരുത്തുവാനും തദ്വാരാ സന്താനങ്ങളുടെ വംശബന്ധത്തില്‍ ഉണ്ടായിത്തീരുന്ന സംശയങ്ങളും അവ്യക്തതകളും നീക്കിക്കളയുവാനുമാണ് അടിസ്ഥാനപരമായി ഈ നിയമം ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഇദ്ദ മൂന്നു കാരണങ്ങ ളാല്‍ നിര്‍ബന്ധമാകുന്നു. ഒന്ന്, സംഭോഗം നടത്തിയിട്ടുള്ള ഒരു ഭര്‍ത്താവ് വിവാഹമോചനം മുഖേന ഭാര്യയുമായി വേര്‍പ്പെടുക. രണ്ട്, ഒരു സ്ത്രീയെ അബദ്ധത്തില്‍, തന്റെ ഭാര്യയാണെന്നു തെറ്റിദ്ധരിച്ചു സംഭോഗം നടത്തുക. മൂന്ന്, ഭര്‍ത്താവിന്റെ മരണം.ഒന്നും രണ്ടും കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇദ്ദ, ആര്‍ത്തവമുണ്ടാകുന്ന പെണ്ണാണെങ്കില്‍ മൂന്നു ശുദ്ധിയുടെ കാലയളവാണ്. രണ്ട് ആര്‍ത്തവങ്ങളുടെ ഇടക്കോ ഒരു ആര്‍ത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും ഇടക്കോ ഉണ്ടാകുന്ന ശുദ്ധിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവളോ അല്ലെങ്കില്‍ ഇനി ആര്‍ത്തവം ഉണ്ടാവാന്‍ സാധ്യതയില്ലാത്തവളോ ആണെങ്കില്‍ മൂന്നു ചാന്ദ്രമാസക്കാലമാണ് ഇദ്ദ. ഭര്‍ത്താവ് സംഭോഗം നടത്താതെ വിവാഹമോചനം നടത്തിയാല്‍ സ്ത്രീക്ക് ഇദ്ദയില്ല. ഭര്‍ത്താവിന്റെ മരണം നിമിത്തമുണ്ടാകുന്ന ഇദ്ദ നാലുമാസവും പത്തുദിവസവുമാണ്.
എന്നാല്‍ ഭര്‍ത്താവിന്റെ വേര്‍പ്പാടു സമയത്തു സ്ത്രീ ഗര്‍ഭിണിയെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്നു കാരണങ്ങള്‍ കൊണ്ടുള്ള ഇദ്ദയും പ്രസവം കൊണ്ടു കഴിയുന്നതാണ്. പക്ഷേ, പ്രസവം കൊണ്ട് ഇദ്ദ കഴിയണമെങ്കില്‍, രണ്ട് ഉപാധികളുണ്ട്. ഒന്ന്, ശിശു ഇദ്ദക്ക് കാരണക്കാരനായ പുരുഷന്റേത് ആയിരിക്കണം. രണ്ട്, ഗര്‍ഭസ്ഥശിശു പൂര്‍ണമായി പുറത്തുവരണം. അപ്പോള്‍, ഇരട്ടകളില്‍ ഒന്ന് പ്രസവിക്കപ്പെട്ടു, മറ്റേത് ഗര്‍ഭാശയത്തില്‍ അവശേഷിക്കുന്നു; എങ്കില്‍ അതിന്റെകൂടി പ്രസവം നടന്നെങ്കിലേ ഇദ്ദ കഴിയുകയുള്ളൂ. രണ്ടു പ്രസവങ്ങളുടെയും ഇടക്ക് ആറുമാസത്തില്‍ കുറഞ്ഞ കാലയളവു മാത്രം ഉണ്ടാവുമ്പോഴാണ് രണ്ടാമത്തേത് ഒന്നാമത്തേതിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നത്. ആറുമാസമോ അതില്‍ കൂടുതലോ ഇടവേളയുണ്ടെങ്കില്‍ രണ്ടാമത്തേത് മറ്റൊരു ഗര്‍ഭമായി പരിഗണിക്കപ്പെടുന്നതുകൊണ്ട് ഒന്നാമത്തെ പ്രസവം കൊണ്ടുതന്നെ ഇദ്ദ കഴിയുന്നതാണ് (ഫത്ഹുല്‍ മുഈന്‍ പേ. 408, ഇആനത്തുത്വാലിബീന്‍. 4/48).
ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍
ഇരട്ടകളെ സംബന്ധിച്ചും ഇരട്ടകളിലെ അപൂര്‍വ്വരൂപങ്ങളായ സയാമീസ് ഇരട്ടകളെ സംബന്ധിച്ചുമുള്ള പ്രതിപാദനങ്ങള്‍ ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മിക്ക അധ്യായങ്ങളിലും വന്നിട്ടുണ്ട്. ജനനം തൊട്ടു ഖബറടക്കം വരെയുള്ള വിധികളുടെ സമഗ്രരൂപം അവയില്‍ നിന്നു ലഭിക്കുന്നതാണ്. നിയമശാസ്ത്രങ്ങളെ കുഴക്കുന്ന, നിയമജ്ഞന്മാരെ കശക്കുന്ന വിഷമപ്രശ്നങ്ങളാണ് സയാമീസിന്റെ പ്രശ്നങ്ങള്‍. അവരെ ഒരു വ്യ ക്തിയായോ രണ്ടു വ്യക്തികളായോ കാണേണ്ടത്? അവരുടെ ഉദ്ദേശങ്ങള്‍ വിരുദ്ധമാകുമ്പോള്‍ എന്താണു പരിഹാരം? അവരുടെ ശുദ്ധീകരണക്രമങ്ങളും ആരാധനാക്രമങ്ങളുമെങ്ങനെ? അവരുടെ വിവാഹം എങ്ങനെ? അനന്തരാവകാശങ്ങളില്‍ ഒന്നായോ രണ്ടായോ കാണേണ്ടത്?പ്രതിസമതാ സയാമീസിനെ വേര്‍പ്പെടുത്തി രണ്ടാക്കാമോ? പ്രതിസമതയില്ലാത്ത സയാമീസില്‍ പാരസൈറ്റുകളെ മുറിച്ചുനീക്കാമോ? ഇരുതലയും ഇരുമുഖവും നാലുകൈയും നാലുകാലുകളുമുണ്ടാകുമ്പോള്‍ വുളൂഅ്, നിസ്കാരങ്ങള്‍ എങ്ങനെ? സയാമീസില്‍ ഒരാള്‍ മരണപ്പെട്ടാല്‍ സംസ്കരണവും ഖബറടക്കവും എങ്ങനെ? ഇത്യാദി സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കെല്ലാം മറുപടി ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താം.
സംയുക്ത ഇരട്ടകളെ സംബന്ധിച്ചെന്നപോലെ സാധാരണ ഇരട്ടകളെ സംബന്ധിച്ചും പ്രത്യേകമായ നിരവധി നിയമങ്ങള്‍ കര്‍മശാസ്ത്രം വിശദമാക്കിയിട്ടുണ്ട്. ഒരു സമയത്ത് ഒറ്റപ്രസവത്തില്‍ ജനിക്കുന്ന കുട്ടികളേ ഇരട്ടകളാകൂ എന്ന തെറ്റിദ്ധാരണ തന്നെ തിരുത്തുന്ന രീതിയിലാണ് ഇരട്ടകളെ കര്‍മശാസ്ത്രം നിര്‍വചിച്ചിട്ടുള്ളത്.
‘ഒരേഗര്‍ഭത്തിലുണ്ടാകുന്ന രണ്ടു ശിശുക്കളാണ് ഇരട്ടകള്‍. ഇരുപ്രസവങ്ങളും ആറുമാസത്തിനകം നടക്കണമെന്നതാണ് ഇരുവരും ഇരട്ടകളാകാനുള്ള ഉപാധി. ആറുമാസമോ അതിലധികമോ ഇടവേള വന്നാല്‍ രണ്ടു ഗര്‍ഭമായി പരിഗണിക്കുമെന്ന വിധി അവിതര്‍ക്കിതമാണ് (ശറഹുല്‍മുഹദ്ദബ്. ഇമാം നവവി. 2/526).
ഇരട്ടശിശുവിന്റെ നിഷേധം
ഗര്‍ഭത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് ആറുമാസവും ഏറ്റവും കൂടിയ കാലയളവ് നാലുവര്‍ഷവുമാണ്. അപ്പോള്‍ ഒരാള്‍ തന്റെ ഭാര്യയുമായി വേര്‍പിരിഞ്ഞശേഷം അവള്‍ ഒരുകുഞ്ഞിനെ പ്രസവിച്ചാല്‍ അതു നാലു രൂപങ്ങളില്‍ പരിഗണിക്കാം. ഒന്ന്, അവള്‍ മറ്റൊരാളുടെ ഭാര്യയാകുന്നതിനുമുമ്പു പ്രസവിക്കുക. അങ്ങനെയാണെങ്കില്‍ നാലുവര്‍ഷം വരെ ജനിക്കുന്ന കുട്ടിയുടെ പിതാവ് ആദ്യ ഭര്‍ത്താവാണ്. രണ്ട്, അവള്‍ മറ്റൊരാളുടെ ഭാര്യയായതിനുശേഷം പ്രസവിക്കുക. അപ്പോള്‍ രണ്ടാമന്റെ സംഭോഗാനന്തരം ആറുമാസം പൂര്‍ണമായിട്ടുണ്ടെങ്കില്‍ ആ ശിശു രണ്ടാമന്റേതാണ്. മൂന്ന്, രണ്ടാമന്റെ സംഭോഗാനന്തരം ആറുമാസം തികയാതെയും ഒന്നാമന്റെ സംഭോഗാനന്തരം നാലുവര്‍ഷത്തിലധികമാവുകയും ചെയ്ത അവസ്ഥയില്‍ പ്രസവം നടക്കുക. അപ്പോള്‍ ആ ശിശു ഒന്നാമന്റേതുമല്ല, രണ്ടാമന്റേതുമല്ല. നാല്, രണ്ടാമന്റെ സംഭോഗം തൊട്ട് ആറുമാസം പൂര്‍ണമാവുകയും ഒന്നാമന്റെ സംഭോഗം തൊട്ടു നാലുവര്‍ഷം തികയാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ പ്രസവം നടക്കുക. അപ്പോള്‍ അവരോരോരുത്തരും ആ ശിശുവിന്റെ പിതാവാകാന്‍ സാധ്യതയുണ്ട്. പ്രസ്തുത ശിശുവിന്റെ കാര്യത്തില്‍ അവരിരുവരും തമ്മില്‍ അഭിപ്രായാന്തരമുണ്ടായാല്‍ പിതൃനിര്‍ണയത്തിനായി ഒരുവിദഗ്ധ ലക്ഷണക്കാരനെ അവലംബിക്കണം. അയാള്‍ നിര്‍ണയിക്കുന്നവനാണു പിതാവ്. ഇല്ലെങ്കില്‍ പ്രായപൂര്‍ത്തിക്കു ശേഷം അവരിരുവരില്‍ ഇഷ്ടമുള്ളയാളെ പിതാവായി സ്വീകരിക്കാന്‍ കുട്ടിക്ക് അവകാശമുണ്ട് (ഫത്ഹുല്‍മൂഈന്‍ പേ: 408, ഇആനതുത്വാലിബീന്‍ വാ. 4. പേ. 49).
തന്റേതല്ലെന്നുറപ്പുള്ള ഒരു ശിശുവിന് തന്റെ ഭാര്യജന്മം നല്‍കിയാല്‍ അതു നിഷേധിക്കല്‍ പുരുഷനു നിര്‍ബന്ധമാണ്. തന്റേതല്ലെന്ന് എങ്ങനെ അറിയാന്‍ കഴിയും? അവന്‍ സംഭോഗം നടത്തിയിട്ടില്ല; അല്ലെങ്കില്‍ അവന്റെ സംഭോഗം തൊട്ട് ആറുമാസം തികയും മുമ്പു പ്രസവം നടന്നു; അല്ലെങ്കില്‍ സംഭോഗം തൊട്ടു നാലുവര്‍ഷത്തിനുശേഷം പ്രസവം നടന്നു; എന്നാല്‍ തന്റേതല്ലെന്നു മനസ്സിലാക്കാവുന്നതാണ് (മിന്‍ഹാജ് പേ: 145).
എന്നാല്‍ നിഷേധിക്കപ്പെടുന്ന ശിശു ഇരട്ടകളിലൊന്നാണെങ്കിലോ? നിഷേധം ഫലപ്പെടുകയില്ല. രണ്ടിനെയും ഒന്നിച്ചു നിഷേധിക്കാതെ ഒന്നുമാത്രം നിഷേധിച്ചാല്‍ രണ്ടും അവനോടു വംശംചേരും. നിഷേധം നിരര്‍ഥകമാകും. കാരണം ഇരട്ടകള്‍ ഒരു ഗര്‍ഭമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇരു ശിശുക്കളുടെയും പ്രസവങ്ങള്‍ക്കിടയില്‍ ആറുമാസം ഇടവേളയുണ്ടെങ്കില്‍ അതു രണ്ടു ഗര്‍ഭമായി ഗണിക്കപ്പെടും. അപ്പോള്‍ രണ്ടിലൊന്നിന്റെ നിഷേധം സാധുവാകുകയും ചെയ്യും (തുഹ്ഫഃ 10/410, നിഹായഃ 7/125, റൌളഃ 6/332).
പിതൃനിര്‍ണയം നടത്തുന്ന ലക്ഷണക്കാരന്‍ രണ്ടിണകളെ രണ്ടുപേരുടെ സന്താനങ്ങളായി പ്രഖ്യാപിച്ചു. അഥവാ ഒരു ശിശുവിനെ അവരില്‍ ഒരാളുടെതായും മറ്റേ ശിശുവിനെ അപരന്റേതായും വിധിച്ചു. എന്നാല്‍ ഈ വിധി അസാധുവാണ്. കാരണം, ഇരട്ടകളുടെ പിതൃത്വം ഒരാളിലേ ആരോപിക്കാന്‍ പറ്റൂ (മുഗ്നി 4/621, ശര്‍വാനി 10/350).
സയാമീസ് ഇരട്ടകളുടെ ആരാധന
സംയുക്ത ഇരട്ടകള്‍ ഓരോരുത്തരും എങ്ങനെയാണ് നിസ്കരിക്കുക? എങ്ങനെയാണ് ഹജ്ജ്, ഉംറഃ നിര്‍വ്വഹിക്കുക?അവര്‍ വ്യത്യസ്ത കാര്യങ്ങളുദ്ദേശിക്കുമ്പോള്‍ ആരുടെ ഉദ്ദേശ്യത്തിനാണ് മുന്‍ഗണന. ഉദാഹരണത്തിന് ഒരാള്‍ നിസ്കാരം ആദ്യസമയത്തും മറ്റൊരാള്‍ അവസാനസമയത്തും നിര്‍വഹിക്കാനുദ്ദേശിച്ചു. അല്ലെങ്കില്‍ ഒരാള്‍ സുന്നത്ത് നിസ്കാരം നിന്നും മറ്റൊരാള്‍ ഇരുന്നും നിര്‍വ്വഹിക്കാനുദ്ദേശിച്ചു. അതുമല്ലെങ്കില്‍ യാതാമധ്യേ ഒരാള്‍ നിസ്കാരം ഖസ്വ്റ് ചെയ്യുവാനും മറ്റൊരാള്‍ അതു പൂര്‍ണമാക്കാനും ഉ ദ്ദേശിച്ചു. ഇനിയും പറയട്ടെ, യാത്രയിലൊരാള്‍ മുന്തിച്ചു ജംഅ് ചെയ്യാനും മറ്റൊരാള്‍ പിന്തിച്ചു ജംഅ് ചെയ്യാനും കരുതി. ആരുടെ ഇംഗിതത്തിനാണു മുന്‍ഗണന കൊടുക്കേണ്ടത്?
അപ്രകാരം തന്നെ ഒരാള്‍ ഈ വര്‍ഷം ഹജ്ജ് ചെയ്യുവാനും മറ്റെയാള്‍ അടുത്ത വര്‍ഷം ഹജ്ജു ചെയ്യുവാനും ഉദ്ദേശിക്കുന്നു. അല്ലെങ്കില്‍ ഇരുവരും ഹജ്ജിനിറങ്ങിത്തിരിച്ചപ്പോള്‍ ഒരാള്‍ ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്യുവാനൊരുങ്ങി. അപരനാകട്ടെ രണ്ടും വെവ്വേറെ നടത്തുവാന്‍ തയ്യാറായി. അതുമല്ലെങ്കില്‍ രണ്ടുപേരും ഒന്നിച്ച് ഹജ്ജിനുതന്നെ ഇഹ്റാം ചെയ്തു. അപ്പോള്‍ ഒരഭിപ്രായവ്യത്യാസം. ഒരാള്‍ ഖുദൂമിന്റെ ത്വവാഫിനുടനെ സഅ്യ് ചെയ്യണമെന്ന് പറയുന്നു. മറ്റൊരാള്‍ അത് ഇഫാളത്തിന്റെ ത്വവാഫിനു ശേഷം നടത്തിയാല്‍ മതിയെന്നു വാശിപിടിക്കുന്നു. ഇങ്ങനെ ആരാധനാ നിര്‍വഹണത്തില്‍ അഭിപ്രായാന്തരമുണ്ടാകുമ്പോള്‍ ഒരാള്‍ തന്റെ അഭിപ്രായം കൈയൊഴിച്ച് അപരനോടു യോജിച്ചു സഹകരിക്കല്‍ നിര്‍ബന്ധമുണ്ടോ? അങ്ങനെ സഹകരിച്ചാല്‍ പിന്നീട് അതിനു പകരമായി അപരന്‍ ഒന്നാമനോടു സഹകരിക്കല്‍ നിര്‍ബന്ധമാകുമോ?
സയാമീസ് ഇരട്ടകള്‍ സ്വതന്ത്രരായ രണ്ടു വ്യക്തികളാണ്. അവരില്‍ ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ അപരന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചുനില്‍ക്കുന്നുവെങ്കിലും ഒരാള്‍ അപരനോടു യോജിക്കണമെന്നു കല്‍പ്പിക്കാവതല്ല. വേതനത്തിനോ വേതനമില്ലാതെയോ ഒരാള്‍ അപരനോടു സഹകരിക്കുന്നതിനു നിര്‍ബന്ധിക്കാവുന്നതുമല്ല. കാരണം, ഒരു മനുഷ്യന്‍ മറ്റൊരാള്‍ക്കുവേണ്ടി ഒരു പ്രവൃത്തി ചെയ്യുന്നതിനു നിര്‍ബന്ധിക്കപ്പെടണമെങ്കില്‍ പ്രഥമനില്‍ നിന്നു രണ്ടാമത്തവന്റെ കാര്യത്തില്‍ വല്ലവീഴ്ചയും സംഭവിക്കുകയോ അല്ലെങ്കില്‍ രണ്ടാമന് ഒരു പ്രവൃത്തി നിര്‍ബന്ധമാകുന്നതില്‍ ഒന്നാമന്‍ കാരണക്കാരനാകുകയോ ചെയ്യണം. ഭാര്യയുടെ ഹജ്ജ്, ഭര്‍ത്താവ് അതിക്രമമായി അസാധുവാക്കിയാല്‍ അത് ഖളാഅ് വീട്ടുന്നതിനുവേണ്ടി അടുത്ത വര്‍ഷം അവളോടൊപ്പം പുറപ്പെടല്‍ അവനു നിര്‍ബന്ധമാകുന്നത് ഒന്നാം കാരണം കൊണ്ടാണ്. കുട്ടിക്കുവേണ്ടി രക്ഷാകര്‍ത്താവ് ഹജ്ജിന് ഇഹ്റാം ചെയ്താല്‍ വേണ്ട സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകല്‍ അവനു നിര്‍ബന്ധമാകുന്നതു രണ്ടാം കാരണം കൊണ്ടുമാണ്. ഈ രണ്ടു കാരണങ്ങളും സയാമീസ് ഇരട്ടകളുടെ ആരാധനകളില്‍ സാധാരണ ഗതിയില്‍ ഉണ്ടാകുന്നില്ല.
ചില കാര്യങ്ങള്‍ വേതനം വാങ്ങിക്കൊണ്ടു മറ്റൊരാള്‍ക്കുവേണ്ടി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാകുന്ന സാഹചര്യമുണ്ട്. അതു ശരീരരക്ഷക്കുവേണ്ടിയോ ധനരക്ഷക്കുവേണ്ടിയോ ആണ് ഉണ്ടാകുന്നത്. ശിശുവിനു മുലകൊടുക്കാന്‍ മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ വേതനം വാങ്ങി മുലകൊടുക്കല്‍ ഒരു സ്ത്രീക്കു നിര്‍ബന്ധമാകുന്നത് ഒന്നാം കാരണം കൊണ്ടും, ധനം നഷ്ടപ്പെട്ടുപോകുമെന്ന് കാണുമ്പോള്‍ അതു സൂക്ഷിക്കാന്‍ യോഗ്യനായ ഏകവ്യക്തിക്കു പ്രതിഫലം വാങ്ങി അതു സൂക്ഷിക്കല്‍ നിര്‍ബന്ധമാവുന്നതു രണ്ടാം കാരണം കൊണ്ടുമാണ്. എന്നാല്‍ ഒരാളുടെ ആരാധന മറ്റൊരാള്‍ പ്രതിഫലത്തിനോ സൌജന്യത്തിനോ നിര്‍വഹിക്കല്‍ നിര്‍ബന്ധമാകണമെങ്കില്‍ അതു വളരെ സൌ കര്യപ്രദവും ആവര്‍ത്തന സ്വഭാവമില്ലാത്തതുമായിരിക്കണം. പഠിപ്പിക്കാന്‍ മറ്റാരുമില്ലാത്തേടത്ത് പ്രതിഫലം വാങ്ങിക്കൊണ്ട് ഫാതിഹ സൂറത്ത് പഠിപ്പിക്കല്‍ ഒരാള്‍ക്കു നിര്‍ബന്ധമ ാവുന്നത് അതു പ്രയാസ രഹിതവും ആവര്‍ത്തന സ്വഭാവമില്ലാത്തതും എന്നാല്‍ വിദ്യാര്‍ഥിക്ക് അതിന്റെ ഗുണം ദീര്‍ഘകാലം നിലനില്‍ക്കുന്നതിനാലുമാണ്.
മറ്റ് ആരാധനകള്‍ ഈ ഇനത്തില്‍ പെട്ടതല്ല. ഹജ്ജ് പ്രയാസകരവും ക്ളേശകരവുമാണ്. നിസ്കാരം ദിനേന പലതവണ ആവര്‍ത്തിക്കപ്പെടുന്നതും ആയുഷ്കാലം മുഴുവനും നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ട് പ്രയാസമോ ആവര്‍ത്തനസ്വഭാവമോ ഉള്ള ഒരു ആരാധനയുടെ കാര്യത്തിലും ഒരു വ്യക്തി മറ്റു വ്യക്തിയുമായി സഹകരിക്കണമെന്ന് നിര്‍ബന്ധിക്കാവതല്ല. അതുകൊണ്ടു തന്നെ സംയുക്ത ഇരട്ടകള്‍ സ്വമനസ്സാ സൌഹൃദത്തോടെ പരസ്പരം സഹകരിച്ചു നീങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. കോടതിക്കുപോലും ഇക്കാര്യത്തില്‍ നിര്‍ബന്ധം ചെലുത്താന്‍ അധികാരമില്ല. ശരീരത്തിന്റെയോ ധനത്തിന്റെയോ സംരക്ഷണം പോലെ കാര്‍ക്കശ്യമുള്ള കാര്യമല്ല ആരാധനാകര്‍മങ്ങള്‍. അതില്‍ പല വിട്ടുവീഴ്ചകളുമുണ്ട്. ഓരോരുത്തരും തന്റെ കഴിവുപോലെ, സാധ്യത പോലെ നിര്‍വഹിച്ചാല്‍ മതിയെന്നാണ് നിയമം. ഈ വിശദീകരണങ്ങളെല്ലാം തുഹ്ഫഃ യും അതിന്റെ വ്യാഖ്യാനമായ ശര്‍വാനിയും (വാ. 6. പേ. 397).നോക്കിയാല്‍ കാണാവുന്നതാണ്.