സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 3 February 2016

ഇഹ്റാമിന്റെ രീതികള്‍

1. ഇഫ്റാദ് 2. തമത്തുഅ 3. ഖിറാന്‍ 4. ഇത്വ്ലാഖ്
ഹജ്ജിലോ ഉംറയിലോ പ്രവേശിക്കാന്‍ കരുതുന്നതിന് ഇഹ്റാം ചെയ്യുക എന്നു പറയുന്നു. മറ്റ് ആരാധനകളുടെ നിയ്യത്തിന്റെ സ്ഥാനത്താണ് ഇഹ്റാം. നാല് രൂപത്തില്‍ ഹജ്ജ്, ഉംറയില്‍ പ്രവേശിക്കാവുന്നതാണ്. ഏത് രൂപമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് ഇഹ്റാമിന്റെ സമയത്തു തീരുമാനിക്കേണ്ടതും അപ്രകാരം കര്‍മ്മം പൂര്‍ത്തിയാക്കേണ്ടതുമാണ്.
1. ഇഫ്റാദ്
ഹജ്ജിന്റെ മാസങ്ങളില്‍ മീഖാത്തില്‍ വെച്ച് ഹജ്ജിനു മാത്രം ഇഹ്റാം ചെയ്ത് മക്കയിലെത്തി ഹജ്ജിന്റെ ദിവസങ്ങള്‍ വരെ ഇഹ്റാമില്‍ തന്നെ കാത്തിരുന്ന് ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹറമിന്റെ പുറത്തുപോയി ഉംറക്ക് ഇഹ്റാം ചെയ്തു ഉംറയുടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക. ഈ രൂപമാണ് ഏറ്റവും ശ്രേഷ്ഠമായത്.
വളരെ നേരത്തേ മക്കയിലെത്തുന്നവര്‍ക്ക് പ്രായോഗിക തലത്തില്‍ ഈ രീതി ചില പ്രയാസങ്ങളുണ്ടാക്കുന്നതാണ്. ഇവര്‍ ഹജ്ജു ദിവസം വരെ ഇഹ്റാമിന്റെ മര്യാദകള്‍ പാലിച്ച് അതേ പ്രകാരം കഴിച്ചുകൂട്ടേണ്ടിവരും. നീണ്ട ദിവസങ്ങള്‍ ഇഹ്റാമില്‍ തുടരുക എന്നത് പല പ്രശ്നങ്ങള്‍ ക്കും ഇടവരുത്തും. മുടികൊഴിഞ്ഞുപോവുക, എണ്ണയോ സുഗന്ധമോ ഉപയോഗിക്കുക മുതലായ വല്ല നിഷിദ്ധ കാര്യങ്ങളും വന്നുപോകാന്‍ സാധ്യത കൂടുതലാണ്.
ഹജ്ജിന്റെ അടുത്ത ദിവസമാണ് ഒരാള്‍ എത്തുന്നതെങ്കില്‍ ഈ രൂപം ഏറ്റവും സൌകര്യ പ്രദമാണ്. ഇഫ്റാദ് രൂപം സ്വീകരിക്കുന്നവര്‍ക്ക് ഫിദ്യ നിര്‍ബന്ധമില്ല. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹജ്ജിനു വരുന്ന തൊഴിലാളികള്‍ക്കും മറ്റും കുറഞ്ഞ ദിവസമാണ് ഒഴിവുണ്ടാവുക. അങ്ങനെയുള്ളവര്‍ക്ക് തങ്ങളുടെ മീഖാത്തില്‍ നിന്ന് ഹജ്ജിനു മാത്രം ഇഹ്റാം ചെയ്ത് ഈ രീതി സ്വീകരിക്കുന്നതാണുത്തമം. അയ്യാമുത്തശ്രീഖിനു ശേഷം ഇവര്‍ക്ക് തന്‍ഈമിലോ മറ്റോ പോയി ഇഹ്റാം ചെയ്തു ഉംറ നിര്‍വ്വഹിക്കാവുന്നതുമാണ്.
ഇഫ്റാദുകാര്‍ നിയ്യത്തില്‍ പറയേണ്ടത് ഇപ്രകാരമാണ്: “ഹജ്ജിനെ ഞാന്‍ കരുതി. ഹജ്ജ് കൊണ്ട് ഞാന്‍ ഇഹ്റാം ചെയ്തു”.
2. തമത്തുഅ്
ഹജ്ജ് മാസങ്ങളില്‍ മീഖാത്തില്‍ വെച്ച് ഉംറക്ക് ഇഹ്റാം ചെയ്തു ഉംറയുടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഇഹ്റാമില്‍ നിന്നൊഴിവാകുക. പിന്നീട് മക്കയിലെ താമസ സ്ഥലത്തു നിന്ന് മിനയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ഹജ്ജിന് ഇഹ്റാം ചെയ്യുക. ഈ രീതിക്ക് ശ്രേഷ്ഠതയില്‍ രണ്ടാം സ്ഥാനമുണ്ട്. ഇവര്‍ക്ക് ഫിദ്യ നിര്‍ബന്ധമാണ്. എന്നാല്‍ ഹറമില്‍ നിന്ന് രണ്ട് മര്‍ഹലക്കുള്ളില്‍(132 കി.മി.) താഴെ സ്ഥിരതാമസക്കാരായവര്‍ക്ക് ഈ രീതി സ്വീകരിച്ചാല്‍ ഫി ദ്യ നിര്‍ബന്ധമില്ല. (ജിദ്ധയിലും മറ്റും ജോലി ആവശ്യാര്‍ഥമോ മറ്റോ താമസിക്കുന്നവര്‍ക്ക് ഈ ആനുകൂല്യമില്ല. അവര്‍ തമത്തുഅ് രീതി സ്വീകരിച്ചാല്‍ ബലിനല്‍കല്‍ നിര്‍ബന്ധമാകും). മേല്‍ വിവരിച്ച അഞ്ചിലൊരു മീഖാത്തില്‍ പോയി ഹജ്ജിന് ഇഹ്റാം ചെയ്യുകയോ ഇഹ്റാം ചെയ്ത ശേഷം മീഖാത്തിലേക്ക് പോയി വരികയോ ചെയ്തവരും ഫിദ്യ കൊടുക്കേണ്ടതില്ല.
ഉദാഹരണമായി നാട്ടില്‍ നിന്ന് മക്കയിലേക്ക് പോകുമ്പോള്‍ മീഖാത്തില്‍ വെച്ച് ഉംറക്ക് ഇഹ് റാം ചെയ്തു മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ഒഴിവായവര്‍ ഹജ്ജിനു മുമ്പ് മദീനാ സിയാറത്തിന് യാത്രതിരിക്കുകയും മദീനയില്‍ നിന്നു മടങ്ങവെ ദുല്‍ഹുലൈഫാ മീഖാത്തില്‍ വെച്ച് ഹജ്ജിന് ഇഹ്റാം ചെയ്യുകയുമാകയാല്‍ അവര്‍ക്ക് ഫിദ്യ നല്‍കല്‍ ആവശ്യമില്ല. ഇക്കാര്യം നാലു മദ്ഹബിലും വിധി ഇപ്രകാരം തന്നെയാണ്. ഈള്വാഹ് ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മശാ സ്ത്ര ഗ്രന്ഥങ്ങളിലും ഇത് വിവരിച്ചിട്ടുണ്ട്.
ഈ രീതി സ്വീകരിക്കുന്നതാണ് കൂടുതല്‍ സൌകര്യപ്രദം. ഇവര്‍ മുത്വവ്വിഫുമായി ബന്ധപ്പെട്ട് മദീനാ യാത്രക്ക് ദുല്‍ഖഅദ് ഇരുപതിനും ഇരുപത്തിനാലിനും ഇടയില്‍ അവസരം വാങ്ങേണ്ടതാണ്. ദുല്‍ഹജ്ജ് ഒന്നിനും നാലിനുമിടയില്‍ മക്കയിലേക്ക് മടക്കമായാല്‍ ഇഹ്റാമില്‍ കുറഞ്ഞ ദിവസം താമസിച്ചാല്‍ മതി. മദീനയില്‍ നിന്നുള്ള മടക്കയാത്ര നേരത്തെ ആയതിന്റെ പേ രിലോ മറ്റോ ഹജ്ജുദിനം വരെ ഇഹ്റാമില്‍ കഴിഞ്ഞുകൂടുന്നത് വിഷകരമായിത്തോന്നുന്നവര്‍ ഹജ്ജിനു ഇഹ്റാം ചെയ്യേണ്ടതില്ല. എന്നാല്‍ ഉറക്ക് ഇഹ്റാം ചെയ്യല്‍ നിര്‍ബന്ധമാണ്. ഹജ്ജിന് മുമ്പ് മദീനായാത്ര ചെയ്യാത്തവര്‍ക്ക് മറ്റൊരു മീഖാത്തില്‍ പോയി ഇഹ്റാം ചെയ്യാന്‍ സാധാരണ ഗതിയില്‍ കഴിയില്ല. അപ്പോള്‍ ഫിദ്യ നല്‍കേണ്ടിവരും. നേരത്തേ പോകുന്ന ഹാജിമാര്‍ക്ക് കൂടുതല്‍ പ്രായോഗികം തമത്തുഅ് രീതിയാകുന്നു.
തമത്തുഉകാര്‍ നിയ്യത്തില്‍ പറയേണ്ടതിപ്രകാരമാണ്: “ഉംറയെ ഞാന്‍ കരുതി. അല്ലാഹു തആലാക്കുവേണ്ടി ഉംറക്ക് ഞാന്‍ ഇഹ്റാം ചെയ്തു”. മീഖാത്തില്‍ വെച്ച് ഇപ്രകാരം തമത്തുഅ് രീതിയില്‍ ഉംറക്ക് ഇഹ്റാം ചെയ്തു ഉംറ പൂര്‍ത്തിയാക്കിയവര്‍ മദീനയില്‍ നിന്നുള്ള മടക്ക യാത്രയില്‍ ദുല്‍ഹുലൈഫാ മീഖാത്തില്‍ വെച്ചോ അങ്ങനെ ചെയ്യാത്തവര്‍ മക്കയിലെ താമസ സ്ഥലത്തുവെച്ചോ ഹജ്ജിന് ഇഹ്റാം ചെയ്യണം.
3. ഖിറാന്‍
മീഖാത്തില്‍ വെച്ച് ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്തു ഹജ്ജിന്റെ കര്‍മ്മങ്ങള്‍ മാ ത്രം ചെയ്യുക. ഹജ്ജിനും ഉംറക്കും കൂടി ഇഹ്റാം ത്വവാഫ്, സഅ്യ് മുടി നീക്കല്‍ മുതലായ അമലുകളെല്ലാം ഓരോന്ന് കൊണ്ടു മതിയാക്കുന്ന ഈ രീതിക്ക് ഉംറയുടെ കൂടി പ്രതിഫലം ലഭിക്കും. ശ്രേഷ്ഠതയില്‍ ഇത് മൂന്നാം സ്ഥാനത്താണ്. ഫിദ്യ നിര്‍ബന്ധവുമാണ്.
എന്നാല്‍ ഹറമില്‍ നിന്ന് രണ്ട് മര്‍ഹലക്കുള്ളില്‍ താഴെ സ്ഥിരതാമസക്കാരായവര്‍ക്ക് ഫിദ്യ വേണ്ട.(ജിദ്ധയിലും മറ്റും ജോലി ആവശ്യാര്‍ഥമോ മറ്റോ താമസിക്കുന്നവര്‍ക്ക് ഈ ആനുകൂല്യ മില്ല. അവര്‍ ഈ രീതി സ്വീകരിച്ചാല്‍ ബലിനല്‍കല്‍ നിര്‍ബന്ധമാകും).  അതുപോലെ അറഫയി ല്‍ നില്‍ക്കുന്നതിന്റെ മുമ്പ് അഞ്ചിലൊരു മീഖാത്തിലേക്കോ രണ്ട് മര്‍ ഹല ദൂരത്തേക്കോ യാത്ര പോയിവന്നവര്‍ക്കും ഫിദ്യ ഒഴിവാകുന്നതാണ്.
ഖിറാനുകാര്‍ നിയ്യത്തില്‍ പറയേണ്ടതിപ്രകാരമാണ്: “ഹജ്ജും ഉംറയും കൂടി ചെയ്യാന്‍ ഞാന്‍ കരുതി. അത് രണ്ടിനും ഇഹ്റാം ചെയ്തു”.
ഇഫ്റാദായി ഇഹ്റാം ചെയ്തു ഹജ്ജു മാത്രം നിര്‍വ്വഹിച്ച് ആ വര്‍ഷം ദുല്‍ഹജ്ജ് കഴിയുന്നതിന് മുമ്പ് ഉംറ ചെയ്യാതിരിക്കുന്നതിനെക്കാള്‍ ഉത്തമം ഖിറാനായി ഇഹ്റാം ചെയ്യുന്നതാണ്.
4. ഇത്വ്ലാഖ്
മീഖാത്തില്‍ വെച്ച് മേല്‍ വിവരിച്ച മൂന്നൂ രൂപവും മനസ്സില്‍ കരുതാതെ ഇഹ്റാമിനെ കരുതുക. പിന്നീട് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഹജ്ജെന്നോ ഉംറയെന്നോ രണ്ടും കൂടിയെന്നോ നിര്‍ണയിച്ച് പ്രവര്‍ത്തിക്കുക. എന്നാല്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്നതാണ് ഇതിനെക്കാള്‍ ഉത്തമം.
ഇത്വ്ലാഖായി നിയ്യത്ത് ചെയ്യുന്ന രീതി ഇപ്രകാരമാണ്: “നുസുക്ക് കൊണ്ട് ഞാന്‍ ഇഹ്റാം ചെയ്തു”.
മുന്‍ വിവരിച്ച നാലു വിധത്തിനു പുറമെ ഇഹ്റാം ചെയ്യാവുന്ന അഞ്ചാമതൊരു വിധവും കൂടിയുണ്ട്. തഅ്ലീഖ് എന്നാണിതിനു പേര്‍. ഒരാളുടെ ബന്ധപ്പെട്ടവരോ സംഘത്തിലുള്ളവരോ സ്നേഹിതരോ നേരത്തേ ഹജ്ജിനു പുറപ്പെടുകയും അവരുടെ ഇഹ്റാം രീതി പോലെ ഇഹ്റാം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, അവരുടെ ഇഹ്റാം ഏതു വിധമാണെന്നറിഞ്ഞുകൂട. ഇഹ്റാം ചെയ്യുന്ന സമയത്ത് ‘ഇന്ന ആള്‍ ഇഹ്റാം ചെയ്തിട്ടുള്ള പോലെ ഞാനും ഇഹ്റാം ചെയ്യുന്നു.’ എന്ന് നിയ്യത്ത് ചെയ്തു. പിന്നീട് ഏതെങ്കിലും ഒരു രീതിയിലേക്ക് തിരിക്കാവുന്നതാണ്.
ഹജ്ജ് മാസത്തില്‍ മീഖാത്തിലെത്തും മുമ്പ് യാത്രയിലോ വഴിയിലോ സ്വന്തം വീട്ടില്‍ നിന്ന് ത ന്നെയോ ഇഹ്റാം ചെയ്യുന്നതിന് വിരോധമില്ല. മീഖാത്തില്‍ വെച്ച് ഇഹ്റാം ചെയ്യുന്നതാണുത്തമം. വിമാന യാത്രക്കാര്‍ക്ക് മീഖാത്തിനെ കേന്ദ്രമാക്കാന്‍ പ്രയാസമാണ്. അവര്‍ മുന്‍കൂട്ടി ഇഹ് റാം ചെയ്യലാണ് സുരക്ഷിതം.