സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 3 February 2016

ഇഹ്റാം: പ്രായോഗികരൂപം

നാട്ടില്‍ നിന്ന് നേരിട്ടുള്ള ജിദ്ദാ ഫ്ളൈറ്റിലാണ് യാത്രയെങ്കില്‍ കുളി, വസ്ത്രം മാറ്റല്‍, സുന്നത്ത് നിസ്കാരം മുതലായവ വിമാനത്താവളത്തിലോ വീട്ടില്‍ വെച്ചോ നിര്‍വഹിക്കുക. ബോംബെ വഴിയോ മദ്രാസ് വഴിയോ ആണ് യാത്രയെങ്കില്‍ ഇവയത്രയും അവിടെവെച്ച് ചെയ്യാം. എത്രമണിക്ക് വിമാനത്താവളത്തില്‍ എത്തണം എന്ന വിവരം ഉറപ്പിച്ചറിഞ്ഞതിനു ശേഷം അതിനനുസരിച്ച് താമസസ്ഥലത്ത് വെച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക.
ബോംബെയില്‍ രാത്രി താമസിക്കുന്ന അവസ്ഥയില്ലാതെ ചുരുങ്ങിയ മണിക്കൂറുകളില്‍ ഇറങ്ങിക്കയറുന്ന സംവിധാനമാണെങ്കില്‍ ഇഹ്റാമിന്റെ ഒരുക്കങ്ങള്‍ കുളി പോലുള്ളത് വളരെ മുമ്പേ ചെയ്യേണ്ടിവരും. പരിധികവിഞ്ഞ ഇടവേളയുണ്ടായാല്‍ സുന്നത്ത് ലഭിക്കുകയില്ല. ബോംബെയില്‍ ഇറക്കമുണ്ടെങ്കില്‍ കുളിക്കും മറ്റും എങ്ങനെയെങ്കിലും സൌകര്യം കണ്ടെത്തുക. യാത്രാസംവിധാനം നിര്‍ണയിക്കുന്നത് നാമെല്ലാത്തതിനാല്‍ ചില സുന്നത്തുകള്‍ മുറപോലെ നിര്‍വഹിക്കാന്‍ കഴിയാതെ വരും. അതില്‍ വിഷമിച്ചിട്ടുകാര്യമില്ല. സാധിക്കാവുന്ന സുന്നത്തുകള്‍ വിട്ടുകളയാതിരിക്കാന്‍ ഉത്സാഹിക്കുക.
ഇഹ്റാമിന്റെ വസ്ത്രങ്ങളും യാത്രക്കാവശ്യമായ മറ്റു അവശ്യ സാധനങ്ങളും പ്രത്യേകം ഒരു കവറില്‍ കരുതിയാല്‍ പ്രധാന പെട്ടി വഴിക്കുവെച്ച് തുറക്കാതെ ഒപ്പിക്കാം. വിമാനത്താവളത്തിലേക്കു പുറപ്പെടും മുമ്പ് കുളിച്ച് ഇഹ്റാമിന്റെ വസ്ത്രം മാറ്റുക. വിമാനത്താവളത്തില്‍ ബോര്‍ ഡിംഗ് പാസ് കരസ്ഥമാക്കാനും എമിഗ്രേഷന്‍ എളുപ്പമാകാനുമെല്ലാം ഇത് സഹായകമായേക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് ഇഹ്റാമിന്റെ നിസ്കാരവും നിയ്യത്തും നിര്‍വഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വിമാനയാത്ര വല്ല കാരണവശാലും മുടങ്ങിപ്പോയാല്‍ ഇഹ്റാമില്‍ തന്നെ കഴിഞ്ഞുകൂടേണ്ട അവസ്ഥയുണ്ടാകും. വിശിഷ്യാ സീസണ്‍ കാലത്ത് വിമാനത്തി ല്‍ ഓകെയുള്ള യാത്രക്കാര്‍ക്കുപോലും ചിലപ്പോള്‍ ബോര്‍ഡിംഗ് പാസ് കിട്ടാതെ വരാറുണ്ട്. മൂന്നും നാലും ദിവസം ബോംബെയില്‍ ഇഹ്റാമില്‍ കഴിയേണ്ടിവന്ന അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട്. അതിനാല്‍ ഏറ്റവും സുരക്ഷിതത്വം നിസ്കാരവും നിയ്യത്തുമല്ലാത്ത എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടിലെത്തുകയാണ്. ബോര്‍ഡിംഗ് പാസ് ലഭിച്ചശേഷം എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വെയ്റ്റിംഗ് ഹാളില്‍ എത്തുക. അവിടെ വുള്വൂഅ് ചെയ്യാനും നിസ്കരിക്കാനും സൌകര്യപ്പെടുന്ന സ്ഥലങ്ങളുണ്ട്. അവ അവിടെവെച്ച് നിര്‍വഹിച്ച് വിമാനത്തില്‍ കയറി സീറ്റുറപ്പിച്ച ശേഷം നിയ്യത്ത് ചെയ്യുക.
തമത്തുഅ് രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ ഉംറയുടെ ഇഹ്റാമിന്റെ സുന്നത്ത് നിസ്കാരവും ഉംറയുടെ നിയ്യത്തുമാണ് നിര്‍വഹിക്കേണ്ടത്. ഹജ്ജിനാണ് ഇഹ്റാം ചെയ്യുന്നതെങ്കില്‍ താഴെ പറയും പ്രകാരം നിയ്യത്തും ദിക്റും കൊണ്ടുവരണം. (ഹജ്ജ് ചെയ്യാന്‍ ഞാന്‍ കരുതി. അതിനുവേണ്ടി ഞാന്‍ ഇഹ്റാം ചെയ്തു. അല്ലാഹുവേ, നിന്നോട് ഞാന്‍ നിന്റെ പ്രീതിയും സ്വര്‍ഗവും യാചിക്കുന്നു. നിന്റെ കോപത്തില്‍ നിന്നും നരകത്തില്‍നിന്നും അഭയം തേടുന്നു).
ഉംറയാണെങ്കില്‍, ഉംറ ചെയ്യാന്‍ ഞാന്‍ കരുതി. അതിനുവേണ്ടി ഞാന്‍ ഇഹ്റാം ചെയ്തു എന്നാണ് പറയേണ്ടത്. നിയ്യത്തിനു ശേഷം –അഷ്ടാഹുമ്മ ഉഹര്‍റിമു നഫ്സീ….. എന്ന ദുആ (“ദിക്റുകള്‍, ദുആകള്‍”) കൂടി ഉത്തമമാണ്.
നിയ്യത്ത് വെച്ചതോടെ ഇഹ്റാമില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇനി വളരെ കരുതലോടെ ഓരോ ചലനങ്ങളും സൂക്ഷിക്കേണ്ടതാണ്.