സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 6 February 2016

ഫിദ്യയുടെ വിവരങ്ങള്‍

ഹജ്ജിലെ വാജിബാത്തുകള്‍ ഉപേക്ഷിച്ചാല്‍ ഫിദ്യ നിര്‍ബന്ധമാണ്. ഫിദ്യയുടെ വിവിധ വശങ്ങള്‍ പരിശോധിക്കാം. തമത്തുഅ് ആയോ ഖിറാന്‍ ആയോ ഇഹ്റാം ചെയ്യല്‍, വാജിബാത്തുകള്‍ ഉപേക്ഷിക്കല്‍, വിരോധിക്കപ്പെട്ടവ പ്രവര്‍ത്തിക്കല്‍ എന്നീ മൂന്നു കാരണങ്ങള്‍ക്ക് ഫിദ്യ നിര്‍ബന്ധമാകും.
(1) തമത്തുഅ്, ഖിറാന്‍ രീതിയില്‍ ഇഹ്റാം ചെയ്തവരുടെ ഫിദ്യ വിവരം
മക്കയില്‍ നിന്ന് രണ്ട് മര്‍ഹലക്കപ്പുറമുള്ളവര്‍ ഹജ്ജ് മാസങ്ങളില്‍ മീഖാത്തില്‍ വെച്ച് ഉംറക്ക് മാത്രമോ ഹജ്ജിനും ഉംറക്കും ഒരുമിച്ചോ ഇഹ്റാം ചെയ്താല്‍ ഫിദ്യ നിര്‍ബന്ധമാകുന്നതാണ്. ഉള്ഹിയ്യത്തിനു മതിയാകുന്ന ആടിനെ അറുക്കലാണ് ഫിദ്യ. ഒട്ടകവും മാടും ഏഴുപേര്‍ക്ക് മതിയാകുന്നതാണ്.
മൃഗം ലഭ്യമല്ലാത്തത് കൊണ്ടോ വില കൈവശമില്ലാത്തത് കൊണ്ടോ അറവ് സാധിക്കാതെ വ ന്നാല്‍ പകരമായി പത്തുനോമ്പ് അനുഷ്ഠിച്ചാല്‍ മതിയാകും. മൂന്ന് നോമ്പ് ഹജ്ജിന്റെ ഇഹ്റാമിലും ഏഴ് നോമ്പ് നാട്ടില്‍വെച്ചുമാണ് നോല്‍ക്കേണ്ടത്. തമത്തുഅ് രീതി സ്വീകരിച്ചവര്‍ മറ്റൊരു മീഖാത്തിലേക്ക് യാത്രചെയ്തു അവിടെവെച്ച് ഹജ്ജിന് ഇഹ്റാം ചെയ്താല്‍ അറവ് ഒഴിവാകുന്നതാണ്.
(2) വാജിബാത്തുകള്‍ ഉപേക്ഷിച്ചാലുള്ള ഫിദ്യ
ഹജ്ജിലെ വാജിബാത്തുകളില്‍ ഏതെങ്കിലുമൊന്ന് ഉപേക്ഷിച്ചാല്‍ അറവ് നിര്‍ബന്ധമാണ്. സാ ധിക്കാത്തവര്‍ക്ക് തമത്തുഇലുള്ളത് പോലെ പത്തുനോമ്പ് അനുഷ്ഠിച്ചാലും മതി. മിനയില്‍ രാ പ്പാര്‍ക്കല്‍ വാജിബാണല്ലോ. മൂന്നു രാത്രിയും താമസം ഒഴിവാക്കിയാല്‍ ഒരു അറവ് കൊണ്ട് പരിഹരിക്കണം. ഒരു രാത്രി ഒഴിവായാല്‍ ഒരു മുദ്ദ് (650 ഗ്രാം) ഭക്ഷണ ധാന്യം ദാനം ചെയ്താ ല്‍ മതിയാകും. ഒരു രാത്രി താമസിച്ച് രണ്ടു രാത്രി ഒഴിവായാല്‍ രണ്ട് മുദ്ദ് കൊടുക്കണം. എന്നാല്‍ ധൃതിയില്‍ ദുല്‍ഹജ്ജ് പന്ത്രണ്ടിന് മിന വിടുന്നവര്‍ ഒന്നും കൊടുക്കേണ്ടതില്ല. മുസ്ദലിഫയിലും മിനയിലുമുള്ള താമസം കാരണമില്ലാതെ ഉപേക്ഷിച്ചാല്‍ രണ്ട് ഫിദ്യ കൊടുക്കല്‍ നിര്‍ബന്ധമാകും.
ജംറകളെ എറിയുന്നതില്‍ മൂന്നു മുതല്‍ എഴുപത് കല്ലുവരെ ഉപേക്ഷിച്ചാലും ഒരു ഫിദ്യ മതിയാകുന്നതാണ്. അവസാന ജംറയില്‍ ഒരു കല്ല് ഒഴിവായാല്‍ ഒരു മുദ്ദും രണ്ട് കല്ല് ഒഴിവായാല്‍ രണ്ടു മുദ്ദും ഭക്ഷണം ദാനം ചെയ്യണം. സാധിച്ചില്ലെങ്കില്‍ ഒരു മുദ്ദിനു നാല് നോമ്പ് എന്ന കണക്കില്‍ നോറ്റുവീട്ടേണ്ടതാണ്.
അറഫയില്‍ നില്‍ക്കല്‍ നിശ്ചിത സമയത്ത് നടന്നില്ലെങ്കില്‍ ഹജ്ജ് നഷ്ടപ്പെടും. അങ്ങനെ സംഭവിച്ചവര്‍ ത്വവഫ്, സഅ്യ്, മുടിനീക്കല്‍ എന്നിവ ചെയ്ത് ഇഹ്റാമില്‍ നിന്ന് ഒഴിവാകണം. അറഫ നഷ്ടപ്പെട്ടതിനു അറവ് നിര്‍ബന്ധമാണ്. കൂടാതെ ഹജ്ജ് ഏതു ഇനത്തില്‍പെട്ടതായാലും അടുത്ത വര്‍ഷം ഖള്വാഅ് വീട്ടലും നിര്‍ബന്ധമാണ്. ഇവര്‍ ഖള്വാഅ് വീട്ടിക്കൊണ്ട് അടുത്തവര്‍ഷം ഹജ്ജിന് ഇഹ്റാം ചെയ്താല്‍ മാത്രമേ അവരുടെ അറവിന്റെ സമയം ആരംഭിക്കുകയുള്ളൂ.  ഖള്വാഇനു ഇഹ്റാം ചെയ്യാനുള്ള സമയം ആരംഭിച്ചാലും അറവു നടത്താം. രോഗം, അബോധാവസ്ഥ പോലുള്ള കാരണം കൊണ്ട് അറഫ നഷ്ടപ്പെട്ടുപോയവര്‍ കുറ്റക്കാരല്ലെങ്കിലും മേല്‍പ്പറഞ്ഞ പരിഹാരങ്ങളെല്ലാം ചെയ്യല്‍ അവര്‍ക്കും നിര്‍ബന്ധമാണ്.
3. വിരോധിക്കപ്പെട്ടവ പ്രവര്‍ത്തിച്ചാലുള്ള ഫിദ്യ
ഇഹ്റാം വേളയില്‍ വിരോധിക്കപ്പെട്ട വസ്ത്രധാരണ, സുഗന്ധം ഉപയോഗിക്കുക, തലയിലോ താടിയിലോ എണ്ണയിടുക, ഭാര്യാഭര്‍ത്താക്കള്‍ തമ്മില്‍ ആഗ്രഹത്തോടെ ഗുഹ്യസ്ഥാനമല്ലാത്തതില്‍ ബന്ധപ്പെടുക, ഹജ്ജിന്റെ ഒന്നാം തഹല്ലുല്‍ കഴിഞ്ഞ് സംയോഗം ചെയ്യുക, ഒരേ സമയത്ത് ഒരേ സ്ഥലത്തു നിന്ന് മൂന്നു താടിയോ മൂന്നു നഖമോ നീക്കുക, തലമറക്കുക, ഇവയില്‍ ഏതെങ്കിലുമൊരു കാര്യം പ്രവര്‍ത്തിച്ചാല്‍ ഒരാടിനെ അറുക്കുകയോ അര സ്വാഅ് (1600 മി.ലി.) വീതം ആറ് മിസ്കീന്മാര്‍ക്ക് ഭക്ഷണം കൊടുക്കുകയോ മൂന്നു നോമ്പ് അനുഷ്ഠിക്കുകയോ ചെയ്യണം. ഈ മൂന്നു കാര്യങ്ങളില്‍ ഇഷ്ടമുള്ളത് ചെയ്യാം.
തലയുടെ അല്‍പ്പ ഭാഗം മറച്ചാലും, മുടി വടിച്ച ശേഷം തലയിലോ താടിയിലോ എണ്ണയിട്ടാലും കുറഞ്ഞ മുടിക്ക് എണ്ണ കൊടുത്താലും പൂര്‍ണ ഫിദ്യ തന്നെ നല്‍കണം. ഒരു മുടിയോ ഒരു നഖമോ നീക്കിയാല്‍ ഒരു മുദ്ദും രണ്ടെണ്ണം നീക്കിയാല്‍ രണ്ടു മുദ്ദും നിര്‍ബന്ധമാണ്. നോമ്പെടുക്കുകയാണെങ്കില്‍ ഒരു മുദ്ദിന് ഒരു നോമ്പു വീതം നോല്‍ക്കണം.
4. ഇഹ്റാമില്‍ സംയോഗം ചെയ്താലുള്ള വിധി
ഉംറക്ക് ഇഹ്റാം ചെയ്തവന്‍ മുടി നീക്കുന്നതിന് മുമ്പോ, ഹജ്ജിന് ഇഹ്റാം ചെയ്തവന്‍ ഒന്നാം തഹല്ലുലിനു മുമ്പോ സംയോഗം ചെയ്താല്‍ കര്‍മ്മം നഷ്ടപ്പെടുന്നതും കഫ്ഫാറത്ത് നിര്‍ബന്ധമാകുന്നതുമാണ്. സംയോഗം ചെയ്യപ്പെട്ട സ്ത്രീയും പുരുഷനും ഇഹ്റാമിലുള്ളവരായാല്‍ സ്ത്രീ കഫ്ഫാറത്ത് കൊടുക്കേണ്ടതില്ല. പുരുഷന്‍ ഇഹ്റാമിലല്ലാതെ ഇഹ്റാമിലുള്ള സ്ത്രീയെ സംയോഗം ചെയ്താല്‍ സ്ത്രീ കഫ്ഫാറത്ത് നല്‍കണം. അഞ്ചു വയസ്സുള്ള ഒരു ഒട്ടകത്തെ അറുത്ത് വിതരണം ചെയ്യലാണ് കഫ്ഫാറത്ത്. അത് സാധിക്കില്ലെങ്കില്‍ രണ്ടു വയസ്സായ മാട്, അതും സാധിച്ചില്ലെങ്കില്‍ ഏഴ് ആട്, അതും കഴിഞ്ഞില്ലെങ്കില്‍ ഒട്ടകത്തിന്റെ വിലക്ക് ധാന്യം വാങ്ങി വിതരണം ചെയ്യണം. അതും കഴിയില്ലെങ്കില്‍ ധാന്യത്തിന്റെ ഓരോ മുദ്ദിനും ഓരോ നോ മ്പ് എന്ന കണക്കില്‍ നോറ്റു വീട്ടണം. ഇഹ്റാമില്‍ സംയോഗം ചെയ്യുന്നത് വളരെ നീചവൃത്തിയും കുറ്റകരവുമാണ്. അതിന്റെ പ്രതിവിധിയും വളരെ കര്‍ശനമാണ്.
5. വേട്ടയാടിയാലുള്ള വിധി
ഇഹ്റാമില്‍ നിഷിദ്ധമായ കാര്യമാണ് വേട്ടയാടല്‍. ഹറമില്‍ വെച്ച് വേട്ടയാടുന്നതും നിഷിദ്ധമാണ്. ഇഹ്റാം കൊണ്ടോ ഹറമില്‍ വെച്ചോ വേട്ടയാടല്‍ നിരോധിക്കപ്പെട്ട ജീവിയെ നശിപ്പിച്ചാല്‍ ആട്, മാട്, ഒട്ടകം എന്നിവയില്‍ നിന്ന് നശിപ്പിക്കപ്പെട്ടവയോട് തുല്യമായതിനെ അറുത്ത് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ തുല്യമായതിന്റെ വിലക്ക് ഭക്ഷ്യധാന്യം കൊടുക്കുകയോ ഒരു മുദ്ദിന് ഒരു നോമ്പ് വീതം നോക്കുകയോ വേണം. തുല്യതയില്ലാത്ത മൃഗമാണ് നശിപ്പിക്കപ്പെട്ടതെങ്കില്‍ ആ ജീവിയുടെ വിലക്കനുസരിച്ച് ഭക്ഷണവിതരണമോ മുദ്ദനുസരിച്ച് നോ മ്പോ കൊണ്ടുവരണം. പ്രാവിനെയാണ് നശിപ്പിച്ചതെങ്കില്‍ ഒരാടിനെ അറുക്കണം. അല്ലെങ്കില്‍ ആടിന്റെ വിലക്കു ഭക്ഷണമോ മുദ്ദനുസരിച്ച് നോമ്പോ ഫിദ്യയായി നല്‍കണം.
അറവിനു പകരം നല്‍കുന്ന ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ നിയ്യത്ത് ചെയ്യലും ഹറമിലെ താമക്കാര്‍ക്ക് കൊടുക്കലും മൂന്നു പേരില്‍ കുറഞ്ഞവര്‍ക്കാകാതിരിക്കലും ആവശ്യമാണ്. ഭക്ഷണത്തിനുള്ള മുദ്ദിനു പകരം നോമ്പെടുക്കുമ്പോള്‍ ഒരു മുദ്ദില്‍ താഴെ വന്നതിനും ഒരു നോമ്പു തന്നെ നോല്‍ക്കണം. മുദ്ദ് കൊടുത്തതിനു പകരം അതിന്റെ വില കൊടുത്താലും മതിയാകുമെന്ന് ഹനഫീ മദ്ഹബില്‍ അഭിപ്രായമുണ്ട്.