സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 9 February 2016

മദീനയിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍

മദീനാ മുനവ്വറയിലെ ഓരോ മണല്‍തരിയും ചരിത്രമുറങ്ങുന്ന മണ്ണാണ്. വ്യാപകാര്‍ഥത്തി ല്‍ മദീന മുഴുവന്‍ സന്ദര്‍ശന സ്ഥാനമാണ്. എന്തെങ്കിലും ഒരു ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഓരോ ദിക്കുകളും.
മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലക്ക് സ്മാരകങ്ങളുടെയും ചരിത്രസ്ഥാനങ്ങളുടെയും കലവറയാണ് മദീനാ ശരീഫ്. മദീനായുടെ ഊടും വഴിയും ഇക്കാലത്ത് ചരിത്ര ഗവേഷകര്‍ വിശകലന വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ പൂര്‍വ്വകാല മുസ്ലിംകള്‍ കാണിച്ച ചരിത്രബോധം ഈയടുത്ത കാലത്ത് കാണിക്കാതെ പോയതിനാല്‍ മദീനയിലെ അത്യപൂര്‍വ്വമായ പല ചരിത്രസ്മാരകങ്ങളും അപ്രത്യക്ഷമാവുകയും നാമാവശേഷമാവുകയും ചെയ്തിരിക്കുന്നു. ഇടക്കാലത്ത് ഫഹദ് ഭരണകൂടം ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുകയും പല അപൂര്‍വ്വ സ്മാരകങ്ങളും മസ്ജിദുകളും സംരക്ഷിക്കുന്നതില്‍ വ്യാപൃതരാവുകയും ചെയ്തു.
മദീന പള്ളിയിലുള്ള ലൈബ്രറിയുടെ സ്ഥാപകനും പ്രമുഖ ചരിത്ര ഗവേഷകനുമായ പ്രൊഫ. സര്‍ സയ്യിദ് അഹ്മദ് യാസീന്‍ അല്‍ ഖയ്യാരി എന്ന പണ്ഢിതന്‍ മദീനാ ചരിത്രസംബന്ധമായി നല്ലൊരു പഠനഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്. അത്യപൂര്‍വ്വമായ പല ചിത്രങ്ങളും ചരിത്രാവശി ഷ്ട രേഖകളും അദ്ദേഹം പ്രകാശനം ചെയ്തിട്ടുണ്ട്. ‘താരീഖു മആലിമില്‍ മദീനത്തില്‍ മുനവ്വറഃ’ എന്നാണ് ഗ്രന്ഥത്തിന്റെ പേര്. ചരിത്ര കുതുകികള്‍ക്ക് പല പുണ്യസ്ഥലങ്ങളും വിവരങ്ങളും കണ്ടെത്താന്‍ പ്രസ്തുത ഗ്രന്ഥം സഹായകമാണ്.
മദീനാശരീഫില്‍ ഇന്ന് നിലവിലുള്ളതും വളരെ പ്രാധാന്യമുള്ളതുമായ ഏതാനും സന്ദര്‍ശന കേന്ദ്രങ്ങളെ കുറിച്ച് ഹ്രസ്വമായി വിവരിക്കാം.
ഓരോ മദീനാ സന്ദര്‍ശകനും സാധിക്കുമെങ്കില്‍ അവ ഓരോന്നും അന്വേഷിച്ച് കണ്ടെത്തി പുണ്യം നേടേണ്ടതാണ്. പൊതുവെ എല്ലാവരും സന്ദര്‍ശിച്ചുവരുന്നതും പരക്കെ ചരിത്രം അറിയപ്പെട്ടതുമായ കേന്ദ്രങ്ങള്‍ താഴെ പറയുന്നു: സിയാറഃ എന്ന് വിളിച്ചു കയറ്റിക്കൊണ്ട് പോകുന്ന വാഹനക്കാര്‍ സാധാരണ പോകാറുള്ള സ്ഥലങ്ങളാണിവ. വിശദീകരണം ശേഷം പറയുന്നതാണ്.
1. ജന്നത്തുല്‍ ബഖീഅ്. ഇതിന് വാഹനയാത്ര ആവശ്യമില്ല. മസ്ജിദുന്നബവിയുടെ കിഴക്കുവശത്ത് പള്ളിയുടെ മുറ്റത്തെന്നപോലെ സ്ഥിതിചെയ്യുന്ന സ്വഹാബിമാരുടെ മഖ്ബറയാണിത്. 2. ഉഹ്ദ്. 3. മസ്ജിദുല്‍ ഖുബാഅ്. 4. മസ്ജിദുല്‍ ഖിബ്ലതൈന്‍, 5. മസ്ജിദുല്‍ ഫത്ഹ് അഥവാ ഖന്‍ദഖ്. മേല്‍പറയപ്പെട്ട സ്ഥലങ്ങള്‍ വ്യാപകമയി സന്ദര്‍ശനം നടക്കാറുള്ളതും വളരെ പുണ്യപ്പെട്ടതുമാണ്.
1. ജന്നത്തുല്‍ ബഖീഅ്
പതിനായിരത്തോളം സ്വഹാബിവര്യന്മാരുടെ ഖബറിടം ഇവിടെയുണ്ട്. എല്ലാ ദിവസവും ബഖീഅ് സന്ദര്‍ശനം സുന്നത്താണ്. വെള്ളിയാഴ്ച പ്രത്യേകം സുന്നത്താണ്. നബി(സ്വ)യുടെ ജീവിതകാലത്തുതന്നെ അവിടുന്ന് നേതൃത്വം നല്‍കി പല പ്രമുഖ സ്വഹാബിമാരെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. മഹാനായ നബി(സ്വ) പലപ്പോഴും ഇവിട സിയാറത്തു ചെയ്യുക പതിവായിരുന്നു. അവിടുത്തെ വിയോഗത്തിനു തൊട്ടുമുമ്പ് ഒരു പാതിരാവില്‍ രോഗശയ്യയില്‍ നിന്നെഴുന്നേറ്റ് ബഖീഅ് സന്ദര്‍ശിച്ചതും അവിടെ വെച്ച് സുദീര്‍ഘമായി പ്രാര്‍ഥിച്ചതും അന്ത്യയാത്രയായി തന്റെ അനുചരന്മാരോട് വികാരവിവശനായി വിടപറഞ്ഞതുമായ സംഭവം കരളലിയിപ്പിക്കുന്നതും സര്‍വ്വത്ര പ്രസിദ്ധവുമാണ്.
മസ്ജിദുന്നബവിയുടെ അടുത്ത് കിഴക്കേ വശത്താണിത് സ്ഥിതിചെയ്യുന്നത്. ചുറ്റുഭാഗവും ഭദ്രമായി വളച്ചുകെട്ടിയിരിക്കുന്നു. ബഖീഉല്‍ അമ്മാത്ത്, മദ്ഫനു ഉസ്മാന്‍(റ) തുടങ്ങി പല പേരുകളില്‍ പല കെട്ടുകളിലായിരുന്നു മുമ്പ് ഖബറുകള്‍. എല്ലാം ഇപ്പോള്‍ ഒരു കെട്ടിനുള്ളില്‍ ഒതുക്കിയിരിക്കുന്നു. ദിനേന സ്വുബ്ഹി, അസ്വ്ര്‍ നിസ്കാരാനന്തരം മസ്ജിദുന്നബവിയുടെ ഭാഗത്തുള്ളമെയിന്‍ ഗേറ്റ് തുറന്നിടുന്നതിനാല്‍പുരുഷന്മാര്‍ക്ക് സൌകര്യാനുസരണം അകത്ത് പ്രവേശിച്ച് ദു ആ നടത്താം. സ്ത്രീകള്‍ പുറത്തുനില്‍ക്കണം. മസ്ജിദുന്നബവിയില്‍ നിന്ന് റസൂല്‍(സ്വ)യുടെ മേല്‍ സലാം പറഞ്ഞ ശേഷമാണ് ബഖീഇലേക്ക് പോകേണ്ടത്. അകത്തുകടന്നാല്‍ ആദ്യം എല്ലാവര്‍ക്കുമായി ഒന്നിച്ച് സലാം ചൊല്ലി പ്രാര്‍ഥിക്കണം. നബി(സ്വ)യുടെ കൂടെ പടവെട്ടി രക്തസാക്ഷിത്വം വരിച്ചവരും ഇസ്ലാമിനെ ജീവനെക്കാള്‍ സ്നേഹിച്ചവരും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയവരുമായ ദീനിന്റെ കാവല്‍ഭടന്മാരാണ് ഇവിടെ കിടന്നുറങ്ങുന്നതെന്ന വികാരവിചാരങ്ങള്‍ സന്ദര്‍ശനവേളയില്‍ നമുക്കുണ്ടാകണം. ഈ കിടക്കുന്ന സ്വഹാബിമാരില്‍ ഓരോരുത്തരും ഓരോ സംഭവങ്ങളും ചരിത്രവും പ്രസ്ഥാനങ്ങളുമായിരുന്നു. മഹാഭാഗ്യവാന്മാരായ അവര്‍ മഹാനായ റസൂല്‍(സ്വ)യുടെ കൂടെ മുസ്ലിമായി ജീവിച്ച് സ്വര്‍ഗപ്രാപ്തി നേടിയവരാണ്. അവരോടുള്ള അകമഴിഞ്ഞ സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിട്ടുള്ളത്. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പ്രശംസിച്ചു പറഞ്ഞ മഹാന്മാരാണവര്‍. പൊതുവായ സലാം അസ്സലാമു അലൈകും ദാറഖൌമിന്‍………(“ദിക്റു ദുആകള്‍”) എന്ന് പറയാം.
തുടര്‍ന്ന് ഖബര്‍സ്ഥാനിലൂടെ മുന്നോട്ട് നീങ്ങുക. വിശുദ്ധ ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്ത ശേഷം ഓരോ പ്രധാന ഖബറിനരികിലും ചെന്ന് സിയാറത്ത് ചെയ്യുക. ബഖീഇലെ ഖബറുകള്‍ ആരുടേതെന്ന് വ്യക്തമാകുന്ന വിശദമായ ചാര്‍ട്ടുകള്‍ മദീനയില്‍ പലരില്‍ നിന്നും ലഭിക്കും. അത് കരസ്ഥമാക്കിയാല്‍ സുഗമമായി ഖബറുകള്‍ തിരിച്ചറിയാം.
(1). മഖ്ബറയിലേക്ക് പ്രവേശിച്ച് വളരെ മുന്നോട്ടുനീങ്ങുക. ഏകദേശം കിഴക്കേയറ്റത്തായി സയ്യിദുനാ ഉസ്മാന്‍(റ)വിന്റെ ഖബറിടം കാണാം. അവിടുന്നാണ് സിയാറത്ത് തുടങ്ങാന്‍ നല്ലത്. ഇവിടെ ഖബറിനു ചുറ്റും സിമന്റ് തറയും ചെറിയ ചുമരും കാണാം. മുമ്പ് ഇവിടെ മനോഹരമായ വലിയ ഖുബ്ബയും കെട്ടിടവും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് പൊളിക്കപ്പെട്ടതാണ്. മക്കായിലെയും മദീനയിലെയും പലസ്വഹാബിമാരുടെയും മഖ്ബറകളുടെയും സ്ഥിതി ഇതാണ്. മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന് അസ്സലാമു അലൈകും യാ അമീറല്‍ മുഅ്മിനീന്‍…….(“ദിക്റു ദുആകള്‍”) എന്ന് സലാം പറയുക. തുടര്‍ന്ന് അവിടെനിന്ന് പ്രത്യേകം ദുആ ചെയ്യുക.
(2). ശേഷം അല്‍പ്പം കിഴക്കോട്ട് മാറി ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന രണ്ട് ഖബറുകളുണ്ട്. വടക്ക് കിഴക്കോട്ട് തിരിഞ്ഞു നിന്ന് ഇവര്‍ രണ്ടുപേരെയും സിയാറത്ത് ചെയ്യണം. ഒന്ന്: അന്‍സ്വാറുകളുടെ ക്യാപ്റ്റനും ബദര്‍യുദ്ധ ആമുഖ ചര്‍ച്ചയില്‍, അന്ന് നബി(സ്വ)ക്ക് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച് നബി(സ്വ)യുടെ പ്രിയംപ ിടിച്ചുപറ്റിയവരും തന്റെ മരണത്തെ തുടര്‍ന്ന് ആകാശലോകത്ത് അല്ലാഹുവിന്റെ അര്‍ശ് പോലും വിറകൊണ്ടു എന്ന് നബി(സ്വ) പ്രഖ്യാപിച്ചവരുമായ സഅദു ബ്നു മുആദ്(റ). രണ്ട്: പ്രശസ്ത ഹദീസ് നിവേദകനും മഹാപണ്ഢിതനുമായ പ്രമുഖ സ്വഹാബിവര്യന്‍ അബൂസഈദുല്‍ ഖുദ്രി(റ). ഇവരിരുവര്‍ക്കും അസ്സലാമു അലൈകും യാ സഅ്ദബ്ന മുആദിന്‍……..(“ദിക്റു ദുആകള്‍”) എന്ന് സലാം പറയുക.
(3). കിഴക്കുനിന്ന് പടിഞ്ഞാറോട്ട് അല്‍പ്പം തെറ്റി ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)ന്റെ ഖബറിന് ഏകദേശം അടുത്തായി ഒരു പ്രധാന ഖബറുണ്ട്. ചുറ്റും കെട്ടിയത് കാണാം. നബി(സ്വ)ക്ക് മുലകൊടുത്തുവളര്‍ത്തിയ ഹലീമാബീവി(റ)യുടെ ഖബറാണ് അതെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, അവരുടെ ഖബര്‍ മദീനയിലല്ലെന്നും അഭിപ്രായമുണ്ട്.
(4).  പടിഞ്ഞാറോട്ട് നീങ്ങുമ്പോള്‍ ഏകദേശം മധ്യഭാഗത്ത് മതിലിനരികില്‍ കാണുന്ന ഖബറുകള്‍ ഹര്‍റ ശുഹദാക്കളുടേതാണെന്ന് പറയപ്പെടുന്നു. അതിന് ചരിത്രപിന്‍ബലം കുറവാണ്.
(5). അല്‍പ്പം കൂടി പടിഞ്ഞാറോട്ട് നീങ്ങിയാല്‍ കുറേ ഖബറുകള്‍ കാണാം. (1) നബി(സ്വ)യുടെ മകന്‍ ഇബ്രാഹിം(റ), (2) നബിയുടെ മകള്‍ റുഖയ ബീവി(റ), (3) ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ),(4)അബ്ദുറഹ്മാനുബ്നു ഔഫ്(റ),(5)അസ്അദ്ബിന്‍ സുറാറ(റ), (6) ഖുനൈസ് ബിന്‍ ഹുദാഫ അസ്സഹ്മീ(റ), (7) ഫാത്വിമ ബിന്‍ത് അസദ്(റ), (8) അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), (9) സഅദുബിന്‍ അബീവഖാസ്(റ) ഇവര്‍ക്ക് മൊത്തമായും ഒറ്റക്കൊറ്റക്കും സലാം(“ദിക്റു ദുആകള്‍”) പറയാവുന്നതാണ്.
(6).തുടര്‍ന്ന് അല്‍പ്പം കൂടി മാറിയാല്‍ ഒരു കെട്ടിടത്തിനകത്ത് കാണുന്നത് മഹാനായ ഇബ്നു ഉമറി(റ)ന്റെ ഭൃത്യനും പ്രമുഖ പണ്ഢിതനുമായ നാഫിഅ് മൌലാ ഇബ്നു ഉമര്‍(റ) ന്റെ ഖബര്‍ ആണെന്ന് ഇബ്നുഹജര്‍(റ) ശറഹുല്‍ ഈളാഹിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
(7). തുടര്‍ന്ന് കാണുന്ന മഖ്ബറ: മദ്ഹ്ബിന്റെ ഇമാമുകളില്‍പ്പെട്ട മാലിക്(റ)വിന്റേതാണ്. (8). തു ടര്‍ന്ന് ഒരു കെട്ടിടത്തിനകത്ത് അബൂത്വാലിബിന്റെ മകന്‍ അഖീല്‍(റ), സുഫ്യാന്‍ ബിന്‍ ഹാരിസ്(റ), അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ അല്‍ത്വയ്യാര്‍(റ) എന്നിവരാണ്. (9). തുടര്‍ന്ന് നബി(സ്വ)യുടെ പ്രിയ പത്നിമാരായ ആഇശ(റ), ഹഫ്സ്വ(റ), മാരിയ(റ), സൌദ(റ), സൈനബ് ബിന്‍ത് ജഹ്ശ്(റ), ഉമ്മുസലമ(റ), സ്വഫിയ്യ(റ), ജുവൈരിയ്യ(റ), ഉമ്മുഹബീബ(റ), സൈനബ് ബിന്‍ത് ഖുസൈമ എന്നിവരുടെ ഖബറുകള്‍ കാണാം. നബി(സ്വ)യുടെ പ്രിയപത്നി ഖദീജബീവി(റ) മക്കയിലും മൈമൂന ബീവി(റ)വാദിശരീഫ് എന്നിടത്തുമാണുള്ളത്. സത്യവിശ്വാസികളുടെ മാതാക്കളും ഉത്തമ വനിതകളുമായ പ്രവാചക പത്നിമാര്‍ക്ക് (“ദിക്റു ദുആകള്‍”) സലാം ചൊല്ലുക:
(10). കുറച്ചുകൂടി മുന്നോട്ടുനീങ്ങി തെക്ക് പടിഞ്ഞാറെ കെട്ടില്‍ കാണുന്ന ഖബറുകള്‍ നബി (സ്വ)യുടെ പ്രിയപ്പെട്ട പെണ്‍മക്കളുടേതാണ്. (1) ബീവി ഉമ്മുകുല്‍സും(റ), (2) ബീവി റുഖിയ്യ. (4) ബീവി സൈനബ്(റ) ഇവര്‍ക്ക് സലാം (“ദിക്റു ദുആകള്‍”)  പറയുക.
പതിനൊന്ന്: അല്‍പ്പം കൂടിപടിഞ്ഞാറ് തെക്ക് വശമായി സ്ഥിതിചെയ്യുന്ന വിവിധ കെട്ടുകളില്‍ വളരെ സുപ്രധാനികളുടെ സ്ഥാനമാണ്. അതായത് ഈ സ്ഥാനം ബഖീഇന്റെ ഗെയിറ്റ് കടന്നാലുടനെ പ്രവേശിച്ചവന്റെ വലതുഭാഗത്ത് അല്‍പ്പം തെറ്റിയാല്‍ കാണുന്നതാണ്. ഇവിടെ എപ്പോ ഴും സന്ദര്‍ശകരുടെ വമ്പിച്ച തിരക്കനുഭവപ്പെടുന്ന സ്ഥലമാണ്. പ്രവാചക പുംഗവരുടെ(സ്വ) കുടുംബക്കാരും മക്കളും ഇവിടെ അന്തിയുറങ്ങുന്നു. ഒന്ന്; നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസ്(റ) അവര്‍കള്‍ക്ക് സലാം (“ദിക്റു ദുആകള്‍”)  പറയുക.
രണ്ട്: നബി(സ്വ) പൌത്രനും ഫാത്വിമ(റ)യുടെ മകനുമായ മഹാനായ ഹസനുബ്നു അലിയ്യ്(റ). അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം പറയുക.
മൂന്ന്: മഹാനായ ഹുസൈന്‍(റ)ന്റെ പുത്രനും ഭക്തശിരോമണികളുടെ അലങ്കാരവും അഹ്ലുബൈതിന്റെ പ്രധാന പിതാമഹനുമായ അലീ സൈനുല്‍ ആബിദീന്‍(റ). അവര്‍ക്ക് സലാം(“ദിക്റു ദുആകള്‍”)  പറയുക.
നാല്: സൈനുല്‍ ആബിദീന്‍(റ) എന്നവരുടെ പുത്രനും അഹ്ലുബൈതിന്റെ പ്രധാന കണ്ണിയുമായ മുഹമ്മദുനില്‍ ബാഖിര്‍(റ). അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം പറയുക. അഞ്ച്: മുഹമ്മദുനില്‍ ബാഖിറി(റ)ന്റെ മകനായ ജഅ്ഫറുസ്സ്വാദിഖ്(റ). അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം പറയുക.
ആറ്: റസൂല്‍(സ്വ)യുടെ ഓമനപുത്രി ഫാത്വിമതുസ്സഹ്റാഅ്(റ). തിരുനബി(സ്വ)യുടെ താവഴി ലോകസമക്ഷം നിലനിര്‍ത്തിയ ഏക പുത്രിയാണവര്‍. ‘എന്റെ കരളിന്റെ കഷ്ണമാണ് ഫാത്വിമ.’ എന്നാണ് അവരെക്കുറിച്ച് പ്രിയപ്പെട്ട പിതാവ് അരുള്‍ ചെയ്തത്. എല്ലാ മഹത്വങ്ങളുടെയുംസ്നേഹാദരവുകളുടെയും മകുടോദാഹരണങ്ങളായ അഹ്ലുബൈതിന്റെ പ്രിയപ്പെട്ട ഉമ്മയാണവര്‍. എല്ലാ മേന്മകളും മനസ്സില്‍ കരുതി സ്നേഹവായ്പോടെ അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം ചൊല്ലണം.
കര്‍ബലയില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച മഹാനായ ഹുസൈന്‍(റ)ന്റെ ശിരസ്സ് യസീദ് മദീനയിലേക്ക് കൊടുത്തയച്ചതായും ഉമ്മ ഫാത്വിമ(റ)യുടെ സമീപത്ത് മറവു ചെയ്യപ്പെട്ടതായും ഒരു ചരിത്രമുണ്ട്. അതടിസ്ഥാനത്തില്‍ ഹുസൈന്‍(റ)വിനെയും സലാമില്‍ കൂട്ടണം. അതുപോലെ കൂഫയില്‍ വഫാതായ നാലാം ഖലീഫ അലിയ്യ്(റ)ന്റെ മൃതശരീരം, പുത്രന്‍ ഹസന്‍(റ) മദീനയില്‍ കൊണ്ട് വന്ന് ബഖീഇല്‍ മറവു ചെയ്തതായി പ്രബലമല്ലാത്ത ഒരു അഭിപ്രായമുണ്ട്. അവരെയും സലാമില്‍ ഉള്‍പ്പെടുത്തണം.
12. ബഖീഇലേക്ക് പ്രവേശിക്കുന്നവന്റെ ഇടതുഭാഗത്ത് തുടക്കത്തില്‍ തന്നെയുള്ള ഖബര്‍. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത് നബി(സ്വ)യുടെ പിതൃസഹോദരിയും ധീരസ്വഹാബി വനിതയും ചരിത്രം സൃഷ്ടിച്ചവരുമായ ബീവി സ്വഫിയ്യ(റ) ആകുന്നു. അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം പറയണം.
‘ജന്നതുല്‍ബഖീഅ്’ പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്. അവരില്‍ ചില പ്രധാനികളുടെ പേരുമാത്രമാണ് പരാമര്‍ശിച്ചത്. ഇവിടെ പറയപ്പെട്ട ഖബ്റുകള്‍ പ്രത്യേകം തിരിച്ചറിയാവുന്നതും ചെറിയ മതില്‍ കെട്ടുകള്‍ക്കകത്ത് സ്ഥിതിചെയ്യുന്നതുമാണ്. മറ്റുള്ളവരെയും സലാം പറയുമ്പോഴും ദുആ ഇരിക്കുമ്പോഴും ഉള്‍പ്പെടുത്തണം. അതിനുപുറമെ മദീനാ നിവാസികളുടെ നിലവിലുള്ള ഖബര്‍സ്ഥാന്‍ കൂടിയാണത്. പ്രവാചക കാലം മുതല്‍ അനേകായിരം മഹത്മാക്കള്‍ അവിടെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മദീനയില്‍ വെച്ച് മരിക്കാന്‍ ഭാഗ്യം ലഭിക്കുന്ന ഹാജിമാരും അവിടെ മഹാന്മാരുടെ ചാരത്താണ് അന്ത്യവിശ്രമം നയിക്കുക. മദീനാശരീഫില്‍ മറയടക്കം ചെയ്യപ്പെടുന്ന വിശ്വാസികള്‍ക്കെല്ലാം നബി(സ്വ)യുടെ ശഫാഅത്തുണ്ടായിരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. ബഖീഇല്‍ എല്ലാ ദിവസവും കയറി സലാം പറയണം. പിരിഞ്ഞിറങ്ങുമ്പോള്‍ ഒന്നുകൂടി പൊതുവായി സലാം പറയാം.
2. ഉഹ്ദ്
മദീനാ തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഉഹ്ദ്. മസ്ജിദുന്നബവിയില്‍ നിന്നും ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരമുള്ള ഉഹദ്, മശ്ഹദ് ഹംസ എന്ന പേരിലാണ് മദീനക്കാര്‍ പറയുക. ഹിജ്റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പര്‍വ്വത താഴ്വരയില്‍ വെച്ചായിരുന്നു. മഹാനായ ഹംസ(റ) ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും ജിഹാദ് ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ ഉഹ്ദ് പര്‍വ്വതത്തിന് പ്രത്യേകമായി ചില ശ്രേഷ്ഠതകളും പ്രാധാന്യങ്ങളുമുണ്ട്. എല്ലാ അര്‍ഥത്തിലും അവിടെ സന്ദര്‍ശിക്കല്‍ അനിവാര്യവും പുണ്യം നിറഞ്ഞതുമാണ്.
നബി(സ്വ) പറഞ്ഞു: “ഉഹ്ദ് പര്‍വ്വതം, നാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നുണ്ട്” (ബുഖാരി, തിര്‍മുദി, അഹ്മദ്). മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: “നിശ്ചയം ഈ ഉഹ്ദ് മല സ്വര്‍ഗ കവാടങ്ങളില്‍ നിന്ന് ഒന്നിന്റെ അടുത്തുണ്ടായിരിക്കും” (ബൈഹഖി). മറ്റൊരിക്കല്‍ നബി(സ്വ)യും സ്വിദ്ദീഖും(റ) ഉമറും(റ) അലിയും(റ) കൂടി ഉഹ്ദ് മലയുടെ മുകളില്‍ കയറിയപ്പോള്‍ മല വിറകൊള്ളുകയുണ്ടായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു; “ഉഹ്ദ് നീ സുസ്ഥിരമാവുക.നിന്റെ മേല്‍ ഒരു നബിയും ഒരു സ്വിദ്ദീഖും രണ്ട് രക്തസാക്ഷികളുമുണ്ടെന്നോര്‍ക്കുക” (ബുഖാരി, അബൂദാവൂദ്, തിര്‍മുദി).
ഉഹ്ദ് പര്‍വ്വതത്തെക്കുറിച്ചുമാത്രമായി ഇങ്ങനെ പല സുവിശേഷങ്ങളും വന്നിരിക്കുന്നു. മദീനയിലെ ഏറ്റവും നീളം കൂടിയതും രൂപാകൃതിയുടെ കാര്യങ്ങളില്‍ ഒറ്റയാനുമായ ഉഹ്ദിന് സുമാര്‍ ആറായിരം മീറ്റര്‍ നീളമുണ്ട്. അതിന്റെ പടിഞ്ഞാറ് ഭാഗത്തായി മലയുടെ താഴ്ഭാഗത്ത് മഹാനായ സഹോദരന്‍ ഹാറൂന്‍(അ)ന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. അതിന്മേല്‍ ഒരു ഖുബ്ബയുണ്ടെന്നും അത് മദീനക്കാര്‍ക്കിടയില്‍ പ്രശസ്തമാണെന്നും അതിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു ജലസംഭരണിയുണ്ടെന്നും ചരിത്രഗവേഷകനായ പ്രൊഫസര്‍ സയ്യിദ് അഹ്മദ് യാസീന്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അത് ഇന്ന് ദൃശ്യമല്ല. ചരിത്രപ്രധാമായ പോരാട്ടം നടന്നത് ഉഹ്ദ് മലയുടെ താഴ്വരയില്‍ വെച്ചാണ്. ഉഹ്ദില്‍ ശഹീദായ 70 സ്വഹാബിമാരില്‍ മുഹാജിറുകളായ നാലു മഹാന്മാര്‍ ഇവിടെ ഒരു കെട്ടിനുള്ളിലാണുള്ളത്.
1. നബി(സ്വ)യുടെ പ്രിയപ്പെട്ട പിതൃവ്യനും അല്ലാഹുവിന്റെ സിംഹവുമായ സയ്യിദുശ്ശുഹദാഅ് ഹംസ(റ). 2. ധീരരക്തസാക്ഷിത്വം അല്ലാഹുവോട് ചോദിച്ചു വാങ്ങിയ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ). 3. മദീനയിലെ ഒന്നാം ഇസ്ലാമിക പ്രബോധകനും നബി(സ്വ)യുമായി രൂപസാദൃശ്യമുണ്ടായിരുന്ന മഹാനുമായ മിസ്വ്അബ്്നു ഉമൈര്‍(റ) 4. മഹാനുഭാവനായ ശമ്മാസുബ്നു ഉസ്മാന്‍(റ). ശഹീദയ 70ല്‍ ബാക്കിയുള്ളവര്‍ അന്‍സ്വാറുകളാണ്. ഇവരില്‍ മിക്കപേരും ഇവിടെ ഹംസ(റ)യുടെ കെട്ടിനു ചുറ്റുമാണ് മറയടക്കപ്പെട്ടത്. അവരുടെ പേരുകള്‍ ഉഹ്ദ് മൌലിദിലും മറ്റും കാണാം.
“ശുഹദാക്കളുടെ മഖ്ബറക്കു തൊട്ട് സമീപത്തായി മസ്ജിദു സയ്യിദു ശുഹദാഅ് ഹംസ എന്ന പേരില്‍ ഒരു പള്ളിയും മഖ്ബറക്ക് മനോഹരമായ ഒരു ഖുബ്ബയും ഉണ്ടായിരുന്നതായി ഹി. 1380 ല്‍ ദിവംഗതനായ പ്രൊഫ. സയ്യിദ് അഹ്മദ് യാസീന്‍ തന്റെ മുന്‍പറഞ്ഞ ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഖുബ്ബയുടെയും പള്ളിയുടെയും ഫോട്ടോയും പ്രസ്തുത പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പില്‍ക്കാലത്ത് നീക്കം ചെയ്യപ്പെടുകയുണ്ടായി. കുറച്ചകലെയായി ഭംഗിയുള്ള ഒരു പള്ളി പണിതിട്ടുണ്ട്.
ഹംസ(റ) ഉള്‍പ്പെടെ ഒന്നിലധികം പേരെ ഉഹ്ദില്‍ ഒരു ഖബ്റിലായിരുന്നു അടക്കം ചെയ്തിരുന്നത്. എന്നാല്‍ ഹിജ്റ 46ല്‍ (ഉഹ്ദ് യുദ്ധം കഴിഞ്ഞ് അരനൂറ്റാണ്ട പിന്നിട്ടശേഷം) അമവീ ഖലീഫ മര്‍വാന്റെ ഭരണകാലത്ത് അവിടെ ഒരു മണ്ണൊലിപ്പുണ്ടായപ്പോള്‍ ഖബ്റിന്റെ അടിഭാഗം പ്രത്യക്ഷപ്പെടുകയും മഹാനായ ഹംസ(റ)യുടെയും അബ്ദുല്ലാഹിബ്നു ജഹ്ശി(റ)ന്റെയും മൃതശരീരങ്ങള്‍ യാതൊരു കേടുപാടും തകര്‍ച്ചയും കൂടാതെ പുറത്തെടുക്കുകയും തൊട്ടടുത്ത് ഒരു ഖബര്‍ പണിത് അവരിരുവരുടെയും പുണ്യശരീരങ്ങള്‍ അവിടേക്ക് മാറ്റി വെച്ചതായുമുള്ള ചരിത്രം സര്‍വാഗീകൃതവും പ്രശസ്തവുമാണ്.
ഇന്ന് ഉഹ്ദ് ശുഹദാക്കളുടെ ചുറ്റുഭാഗത്തുമായി വിശാലമായ മതില്‍ക്കെട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നു. വെളിയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് സൌകര്യാനുസരണം സിയാറത്ത് ചെയ്യാം. മതില്‍കെട്ടിന്റെ ഗെയിറ്റിന് മുന്നിട്ടുനില്‍ക്കുമ്പോള്‍ നേരെ പിന്‍വശം വരുന്ന ചെറിയ കുന്നുകള്‍ കാണാം. അതാണ് പ്രസിദ്ധമായ ജബുറുമാത്. നബി(സ്വ) അമ്പെയ്തുകാരെ കാവല്‍നിര്‍ത്തിയിരുന്ന സ്ഥലം. കെട്ടിന്റെ മുന്‍വശത്തായി നീണ്ടുകിടക്കുന്നതാണ് ഉഹ്ദ് മല. ശുഹദാക്കളുടെ വിശ്രമസങ്കേത സ്ഥാനത്താണ് പ്രധാനമായും പോരാട്ടം നടന്നത്. ഉഹ്ദ് സന്ദര്‍ശനം സത്യവിശ്വാസികള്‍ക്ക് വികാരവായ്പുളവാക്കുന്ന രംഗമാണ്. മഹാനായ നബി(സ്വ)യും സ്വഹാബയും ഈ ദീനിനുവേണ്ടി അവര്‍ണനീയ ത്യാഗങ്ങള്‍ വരിച്ച ചരിത്ര മണ്ണാണത്. ഓര്‍മകള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ചിറകടിച്ചുനീങ്ങുമ്പോള്‍ സിയാറത്ത് സമയത്തനുഭവപ്പെടുന്ന ശക്തമായ സൂര്യതാപം കുറഞ്ഞുവരുന്നതായി സത്യവിശ്വാസിക്ക് തോന്നും. ഈ വെയിലും കഷ്ടപ്പാടുമൊന്നും ഒരു പ്രശ്നമേയല്ല. പൂര്‍വ്വിക മഹാന്മാരുടെ ത്യാഗനിര്‍ഭരമായ സ്മരണകള്‍ക്ക് മുമ്പില്‍ നാം സ ഹിക്കുന്ന എല്ലാം എത്രയോ നിസ്സാരങ്ങളാകുന്നു.
ഉഹ്ദ് ശുഹദാക്കള്‍ക്ക് ഭക്തിയാദരവുകളോടെ സലാം (“ദിക്റു ദുആകള്‍”)  പറയുക. രക്തസാക്ഷികള്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണെന്ന ഖുര്‍ആന്‍ വചനം ഓര്‍ത്തുകൊണ്ട് പെരുമാറുക.
മസ്ജിദുന്നബവിയില്‍നിന്ന് സ്വുബ്ഹി നിസ്കരിച്ചിറങ്ങിയാല്‍ സിയാറ എന്നോ മശ്ഹദു ഹംസ എന്നോ വിളിക്കുന്ന നിരവധി ടാക്സിക്കാരുണ്ടായിരിക്കും. പത്ത് റിയാല്‍ കൊടുത്താല്‍ പ്രധാനപ്പെട്ട അഞ്ചാറ് സ്ഥലങ്ങളില്‍ ഒന്നിച്ചു പോയിവരാം. വ്യാഴാഴ്ചയാണ് ഉഹ്ദിലേക്ക് പോകാന്‍ നല്ലത്. നബി(സ്വ) പലപ്പോഴും ഉഹ്ദ് ശുഹദാക്കളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ളുഹര്‍ ജമാഅത്തിന് മസ്ജിദുന്നബവിയില്‍ തിരിച്ചെത്തണം.
3. മസ്ജിദു ഖുബാഅ്
വിശുദ്ധഖുര്‍ആന്‍ സൂറഃ തൌബ 107 – 110 സൂക്തങ്ങളല്‍ അളവറ്റ് പ്രകീര്‍ത്തിച്ച വിശുദ്ധപള്ളിയാണ് മസ്ജിദുഖുബാഅ്. തഖ്വയില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്നാണ് ഖുര്‍ആന്‍ ഭാഷ്യം. മഹാനായ നബി(സ്വ) മദീനയില്‍ ആദ്യമായി കാല്‍കുത്തിയ സ്ഥാനത്ത് അവിടുന്ന് നേതൃത്വം നല്‍കി നിര്‍മിച്ച പള്ളിയാണിത്. ഹിജ്റയുടെ വാര്‍ത്തകേട്ട അന്‍സ്വാറുകള്‍ പ്രവാചകനെ പ്രതീക്ഷിച്ച് എല്ലാ ദിവസവും രാവിലെ മദീനയുടെ വെളിയിലുള്ള ഹര്‍റയില്‍ ചെന്ന് കാത്തുനില്‍ക്കുമായിരുന്നു. വൈകുന്നേരം വരെ കാത്തിരുന്ന് അവര്‍ വീടുകളിലേക്ക് തിരിച്ചുപോകും. ഒരു യഹൂദിയാണ് ഒരു മലമുകളില്‍വെച്ച് ആ കാഴ്ച ആദ്യം കണ്ടത്. ‘സത്യത്തിന്റെ പരിശുദ്ധാത്മാവും കൂട്ടുകാരനും കൂടി ഈന്തപ്പന പടര്‍ന്നുനില്‍ ക്കുന്ന മരുഭൂപ്രദേശത്തേക്ക്’ ശാന്തരായി കടന്നുവരുന്നു. അയാള്‍ മലമുകളില്‍ കയറി വിളിച്ചുകൂവി. ‘ബനൂഖൈലാ വിഭാഗമേ, ഇതാ നിങ്ങള്‍ കാത്തിരിക്കുന്ന ഭാഗ്യനക്ഷത്രം’. കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി. അങ്ങനെ അവര്‍ മനസ്സുനിറയെ സന്തോഷിച്ചു. തിരുനബി(സ്വ) വലതുഭാഗത്തേക്ക് വഴിമാറിനടന്നു. ഖുബായിലുള്ള ഇംറുഉല്‍ ഖൈസിന്റെ മകന്‍ കുത്സൂമിന്റെ വീട്ടില്‍ അവിടുന്ന് യാത്രക്കിറങ്ങി. അതിന്റെ മുറ്റത്ത്് അവരുടെ ഒരു തരിശു നിലമുണ്ടായിരുന്നു. കാരക്ക ഉണക്കുന്ന സ്ഥലം. നബി(സ്വ) അത് ഏറ്റെടുത്തു. അവിടെ പള്ളി പണികഴിപ്പിച്ചു. അതത്രെ നബി(സ്വ) മദീനയില്‍ സ്ഥാപിച്ച ആദ്യത്തെ പള്ളി. മസ്ജിദു ഖുബാഅ്.
ദിവസങ്ങള്‍ക്കുശേഷം നബി(സ്വ) അവിടുന്ന് താമസം മാറ്റി. ഇപ്പോള്‍ മസ്ജിദുന്നബവി നില്‍ ക്കുന്ന സ്ഥാനം കേന്ദ്രമാക്കി പള്ളിവെച്ചു. എന്നാല്‍ അവിടുന്ന് പില്‍ക്കാലത്തുടനീളം ആദ്യപള്ളിക്ക് അര്‍ഹമായ സ്ഥാനം നല്‍കി ആദരിച്ചു. എല്ലാ ശനിയാഴ്ചയും റസൂല്‍(സ്വ) അവിടെ പോവുകയും നിസ്കരിക്കുകയും ചെയ്തിരുന്നു.
മുആദുബിന്‍ ജബലി(റ)നെ അവിടെ ഇമാമാക്കി നിശ്ചയിക്കുകയും ചെയ്തു. റസൂല്‍(സ്വ) ഖുബാ സന്ദര്‍ശനം വിയോഗം വരെ നിലനിര്‍ത്തി. അവിടുന്ന് വഫാത്തായ ശേഷം സ്വഹാബിമാര്‍ ഈ പള്ളി സന്ദര്‍ശിക്കുകയും നിസ്കരിക്കുകയും പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു. ഇടക്കിടെ സംഘമായി മുഹാജിറുകള്‍ അവിടെ പോകുമായിരുന്നു. അബൂബക്ര്‍(റ), ഉമര്‍(റ) മുതലായവരെല്ലാം പിന്നില്‍ തുടര്‍ന്നുകൊണ്ട് അബൂഹുദൈഫ(റ)യുടെ ഭൃത്യന്‍ സാലിം(റ) അവിടെ ഇമാമായി നിസ്കരിച്ച സംഭവം ബുഖാരിയിലുണ്ട്. മസ്ജിദു ഖുബായില്‍ വെച്ചുള്ള നിസ്കാരം ഉംറയോട് തുല്യമാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. നിസ്കാരവും സന്ദര്‍ശനവും കരുതി അവിടെ പോകല്‍ ശക്തിയായ സുന്നത്തുണ്ട്. ശനിയാഴ്ചയാകല്‍ അത്യുത്തമമാണ്.
ഖുബാ പള്ളി പലതവണപ ുനര്‍നിര്‍മിക്കപ്പെടുകയുണ്ടായി. അമവീ ഖലീഫ അബ്ദുല്‍ മലിക് മസ്ജിദുന്നബവി വികസിപ്പിച്ചശേഷം ഖുബാ മസ്ജിദും പുനരുദ്ധരിക്കുകയുണ്ടായി. പില്‍ക്കാലത്ത് പല വികസനങ്ങളും നടന്നു. ഉസ്മാനീ ഭരണകൂടം ഇത് വളരെ വിപുലീകരിച്ചു. നബി(സ്വ) ആദ്യമായി ചെന്നുകയറിയ കുത്സൂമിന്റെ ഭവനം അനശ്വര ചരിത്രസ്മാരകമായി അടുത്തകാലം വരെ സംരക്ഷിക്കപ്പെട്ടിരുന്നു. അതുപോലെ പുണ്യം നിറഞ്ഞ ഒരു കിണറും ഖുബായുടെ മുറ്റത്തുണ്ടായിരുന്നു. ഈയിടെ നടന്ന വലിയ വികസനത്തില്‍ അവയെല്ലാം നീക്കം ചെയ്യപ്പെട്ടു. ഇന്ന് മസ്ജിദ് ഖുബാ അതിമനോഹരവും സന്ദര്‍ശനബഹുലവുമാണ്.
4. മസ്ജിദുല്‍ ഖിബ്ലതൈന്‍
മഹാനായ നബികരീം(സ്വ) മദീനയിലെത്തി പതിനേഴ് മാസക്കാലം നിസ്കാരത്തില്‍ അഭിമുഖീകരിച്ചിരുന്നത് ജറുസലമിലെ ബൈതുല്‍ മുഖദ്ദസിലേക്കായിരുന്നു. മദീനയുടെ പ്രത്യേക സാഹചര്യത്തില്‍ അതാണ് അഭികാമ്യമെന്നതിനാല്‍ അല്ലാഹു അപ്രകാരം കല്‍പ്പിച്ചിരുന്നു. എന്നാല്‍ നബി(സ്വ)ക്ക് കഅ്ബാശരീഫിനോടുള്ള ആത്മബന്ധം വളരെ കൂടുതലായിരുന്നതിനാല്‍ ഖിബ് ലയായി കഅ്ബാശരീഫ് തിരഞ്ഞെടുക്കപ്പെടണമെന്ന് അവിടുന്ന് അതിയായി ആശിച്ചു. നബി   (സ്വ)യുടെ ഇഷ്ടം മാനിച്ച് അല്ലാഹു ഖിബ്ല മാറ്റുകയും കഅ്ബാശരീഫിലേക്ക് തിരിഞ്ഞു നി ല്‍ക്കാന്‍ വിശുദ്ധഖുര്‍ആനിലടെ അല്ലാഹുവിന്റെ ഉത്തരവ് ലഭിക്കുകയും ചെയ്തു. അല്‍ബഖറയിലെ നൂറ്റിനാല്‍പ്പത്തിനാലാം വാക്യത്തിലൂടെ നബിതങ്ങള്‍ക്ക് തൃപ്തിപ്പെട്ട ഖിബ്ലയിലേക്ക് തിരിഞ്ഞുകൊള്ളുക’ എന്നര്‍ഥം വരുന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചു.
ചരിത്രപരമായ മഹത്തായ സംഭവത്തിനു മാറ്റം കുറിച്ച സ്ഥാനമാണ് മസ്ജിദുല്‍ ഖിബ്ലതൈന്‍. സംഭവം ഇപ്രകാരമാണ്. ബനൂസലമ ഗോത്രത്തിലെ ഉമ്മുബിശ്ര്‍ എന്ന സ്വഹാബി വനിതയുടെ രോഗം സന്ദര്‍ശിക്കാന്‍ നബി(സ്വ) അവരുടെ വീട്ടില്‍ ചെന്നിരുന്നു. അവര്‍ ഭക്ഷണം പാകം ചെയ്തു നബി(സ്വ)യെ സല്‍ക്കരിച്ചു. ളുഹര്‍ നിസ്കാരസമയമായപ്പോള്‍ മസ്ജിദു ബനൂസലമ എന്ന പേരിലറിയപ്പെട്ടിരുന്ന പള്ളിയില്‍ നബി(സ്വ) അനുചരന്മാരൊന്നിച്ച് നിസ്കരിക്കാന്‍ നിന്നു. പതിവുപോലെ ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞുകൊണ്ടുള്ള പ്രസ്തുത നിസ്കാരം രണ്ട് റക്അത് പിന്നിട്ടപ്പോള്‍ ഖിബ്ലമാറ്റത്തെ കുറിക്കുന്ന മുന്‍വിവരിച്ച കല്‍പ്പന അല്ലാഹു അ വതരിപ്പിച്ചു. ഉടന്‍ നബി(സ്വ) കഅ്ബാശരീഫിന്റെ ദിശയിലേക്ക് മാറുകയും പിന്തുടര്‍ന്ന് സ്വഹാബിമാര്‍ അത് അനുഗമിക്കുകയും ചെയ്തു. ഒരേ നിസ്കാരത്തില്‍ രണ്ട് ഖിബ്ല ലഭിച്ചതിനാല്‍ മസ്ജിദു ഖിബ്ലതൈന്‍ എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു. ഈ പള്ളിയില്‍ പോയി നിസ്കരിക്കുന്നതും പ്രാര്‍ഥിക്കുന്നതും പ്രത്യേകം സുന്നത്താണ്. പ്രസ്തുത പള്ളി പലപ്പോഴും വികസിപ്പിക്കപ്പെടുകയുണ്ടായി. ഇപ്പോള്‍ അതിമനോഹരമായ പള്ളികളിലൊന്നാണിത്. മദീനാസന്ദര്‍സകര്‍ വ്യാപകമായി സന്ദര്‍ശിക്കുന്ന കേന്ദ്രങ്ങളിലൊന്നാണിത്.
5. മസ്ജിദുല്‍ഫത്ഹ്
ചരിത്രപരമായി വളരെ സ്ഥാനമുള്ളതും നിരവധി മഹത്വം നിറഞ്ഞതുമായ പ്രാര്‍ഥനക്കുത്തരം കിട്ടുന്ന മദീനായിലെ പ്രധാന പള്ളിയാണ് മസ്ജിദുല്‍ ഫത്ഹ്. മസ്ജിദുല്‍ അഹ്സാബെന്നും ഇതിനു പേരുണ്ട്. ഖന്‍ദഖ് യുദ്ധം നടന്നസ്ഥാനത്ത് ചെറിയ മലയുടെ മുകളിലായി ഇരുവശവും ചവിട്ടുപടികളോട് കൂടിയുള്ള വളരെ ചെറിയ ഒരു പള്ളിയാണിത്. ഇതിന്റെ പരിസരത്തായി മറ്റ് അഞ്ച് പള്ളികള്‍ കൂടിയുണ്ട്. അഞ്ച് സ്വഹാബിമാരുടെ പേരില്‍ അവ അറിയപ്പെടുന്നു. 1. മസ് ജിദു സല്‍മാനുല്‍ ഫാരിസി(റ) 2. മസ്ജിദു അബൂബക്ര്‍ സ്വിദ്ദീഖ്(റ). 3. മസ്ജിദു ഉമറുബ്നുല്‍ ഖത്വാബ്(റ). 4. മസ്ജിദു അലിയ്യുബ്നു അബൂത്വാലിബ്(റ) 5. മസ്ജിദു സയ്യിദതുനാ ഫാത്വിമതുസ്സഹ്റാ(റ) എന്നിവയാണവ. ഇവയില്‍ മിക്കവയിലും ഇപ്പോള്‍ പ്രവേശനമില്ല. ഇവിടെ വിശാലമായ മറ്റൊരു പള്ളിയുടെ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. (മാറ്റങ്ങള്‍ സന്ദര്‍ശകര്‍ മെയില്‍ മുഖേന അറിയിക്കുമല്ലോ). ഖന്‍ദഖ് യുദ്ധവേളകളില്‍ ദിവസങ്ങളോളം നബി(സ്വ)യും സ്വഹാബത്തും ശത്രുക്കളെ പ്രതിരോധിച്ചുകൊണ്ട് ദുസ്സഹമായ സന്നിഗ്ധ ഘട്ടത്തില്‍ ഇവിടെ കഴിച്ചുകൂട്ടിയിരുന്നു. അപ്പോള്‍ സ്വഹാബിമാര്‍ നിസ്കരിച്ച സ്ഥാനത്താണ് പ്രസ്തുത പള്ളികളെന്നും അതല്ല, നബി(സ്വ) തന്നെ അവിടങ്ങളില്‍ നിസ്കരിച്ചിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. എന്നാല്‍ മസ്ജിദുല്‍ ഫത്ഹ് അവയില്‍ ഏറ്റവും പോരിശയാക്കപ്പെട്ടതും നബി(സ്വ)ക്കും മുസ്ലിംകള്‍ക്കും മോചനം ലഭിച്ച പള്ളിയുമാണ്.
ഖന്‍ദഖില്‍ പ്രതിരോധം നീണ്ടുനീണ്ടുപോയി. മുസ്ലിംകള്‍ വല്ലാതെ വിഷമിച്ചു. നബി(സ്വ) മസ് ജിദുല്‍ ഫത്ഹില്‍ സുജൂദില്‍ കിടന്ന് പൊട്ടിക്കരഞ്ഞു പ്രാര്‍ഥിച്ചു. തിങ്കളും ചൊവ്വയും ബു ധനും പ്രാര്‍ഥന തുടര്‍ന്നു. ബുധനാഴ്ച ളുഹ്റിനും അസ്വ്റിനുമിടയില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചു. ശത്രുസൈന്യത്തെ അതിശക്തമായ കൊടുങ്കാറ്റടിപ്പിച്ച് അല്ലാഹു തുരത്തിയോടിച്ചു. ഈ സന്തോഷവാര്‍ത്ത നബി(സ്വ)ക്ക് ലഭിച്ചപ്പോള്‍ മസ്ജിദുല്‍ ഫത്ഹില്‍ സ്വഹാബിമാരെ വിളിച്ചുകൂട്ടി അവിടുന് സന്തോഷവാര്‍ത്ത അറിയിച്ചു. ‘വിമോചനം, വിജയം’ എന്നര്‍ഥമള്ള മസ്ജിദുല്‍ ഫത്ഹ് അന്നുമുതല്‍ മോചനത്തിന്റെ കേന്ദ്രമായി. പ്രാര്‍ഥനക്കുത്തരം ലഭിച്ച സന്തോഷ വിവരം ലഭിച്ചപ്പോള്‍ നബി(സ്വ) വീണ്ടും സുജൂദില്‍ വീണു. അല്ലാഹുവിന് നന്ദി പ്രകാശിപ്പിച്ച് കരയുകയുണ്ടായി.
എന്തു പ്രശ്നങ്ങള്‍ നേരിടുമ്പോഴും പെട്ടെന്ന് ഉത്തരം ലഭിക്കാന്‍ വേണ്ടി നബി(സ്വ)യുടെ കാലം മുതല്‍ സ്വഹാബികളും മറ്റും ഈ പള്ളിയില്‍ പ്രാര്‍ഥന പതിവാക്കിയിരുന്നു. ‘എനിക്ക് വല്ല പ്രയാസവും നേരിട്ടാല്‍ മസ്ജിദുല്‍ ഫത്ഹില്‍ ചെന്ന് പ്രാര്‍ഥിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ടെന്ന്’ സ്വഹാബി പ്രമുഖനായ ജാബിര്‍(റ) പറഞ്ഞിരിക്കുന്നു. മഹാനായ നബികരീം(സ്വ) അന്നു പ്രാര്‍ഥിച്ച അതേ ദുആ അവിടെ വെച്ച് ചെയ്യല്‍ സുന്നത്താണ്. ഈ ദുആ മറ്റു സന്ദര്‍ഭങ്ങളിലും പ്രയാസങ്ങളില്‍ നിന്ന് മോചനത്തിന് ഉപകരിക്കുമെന്ന് മഹാന്മാര്‍ അനുഭവത്തില്‍നിന്ന് വിവരിച്ചിട്ടുണ്ട്. ‘ദിക്റുകള്‍ ദുആകള്‍’ എന്ന ഭാഗം നോക്കുക.
മസ്ജിദുല്‍ ഫത്ഹിലെ പ്രാര്‍ഥന
“അല്ലാഹുവേ, നിനക്കാണ് സര്‍വ്വസ്തുതിയും. വഴികേടില്‍ നിന്നും എന്നെ നീ മാര്‍ഗദര്‍ ശനം ചെയ്തു. നീ ആദരിച്ചവനെ അപമാനിക്കുന്നവരോ അപമാനിച്ചവരെ ആദരിക്കുന്നവരോ ആരുമില്ല. നീ നിന്ദിച്ചവനെ പ്രതാപവാനാക്കുന്നവനോ നീ പ്രതാപം നല്‍കിയവനെ നിന്ദിക്കുന്നവനോ ആരുമില്ല. നീ ഉദവി കെടുത്തിയവനെ സഹായിക്കുന്നവനോ സഹായിച്ചവനെ ഉദവി കെടുത്തുവാനോ ആരുമില്ല. നീ നിഷേധിച്ചവര്‍ക്ക് കൊടുക്കുവാനോ കൊടുത്തവര്‍ക്ക് നിഷേധിക്കുവാനോ ആരുമില്ല. നീ ഉപജീവനം നല്‍കിയവന് അത് തടയുന്നവനോ നീ തടഞ്ഞവന് അത് നല്‍കുവാനോ ആരുമില്ല. നീ താഴ്ത്തിയവനെ ഉയര്‍ത്തുവാനോ ഉയര്‍ത്തിയവനെ താഴ്ത്തുവാനോ ആരുമില്ല. നീ സ്വകാര്യമാക്കിയതിനെ പൊളിക്കുവാനോ നീ പൊളിച്ചതിനെ സ്വകാര്യമാക്കുവാനോ ആരുമില്ല. നീ അകറ്റിയവനെ അടുപ്പിക്കുവാനോ അടുപ്പിച്ചവനെ അകറ്റുവാനോ ആരുമില്ല. നീയല്ലാതെ ആരും ഇലാഹില്ല. മേഘത്തെ നടത്തുന്നവനും വേദത്തെ ഇറക്കിയവനുമായ പടച്ചവനേ, അവരെ നീ പരാജയപ്പെടുത്ത്. അവര്‍ക്കുമേല്‍ ഞങ്ങളെ നീ സഹായിക്ക്. കുടുങ്ങിയവരെ ആശ്വസിപ്പിക്കുന്നവനും കെണിഞ്ഞവര്‍ക്ക് ഉത്തരം നല്‍കുന്നവനുമായ അല്ലാഹുവേ, എന്റെ വിഷമം അകറ്റുന്നവനേ, എന്റെ ദുഃഖം തീര്‍ക്കുന്നവനേ, എന്റെയും എന്റെ അനുചരന്മാരുടെയും ഈ അവസ്ഥ നീ കാണുന്നില്ലേ. അല്ലാഹുവേ, നിന്റെ പരിശുദ്ധിയുടെ ചൈ തന്യം കൊണ്ടും നിന്റെ വിശുദ്ധി യുടെ പുണ്യം കൊണ്ടും നിന്റെ പ്രഭാവത്തിന്റെ ഗാംഭീര്യതകൊണ്ടും എല്ലാ നാശഹേതുകങ്ങളെ തൊട്ടും നിന്നോട് ഞാന്‍ അഭയം തേടുന്നു.
അല്ലാഹുവേ, നീയാണെന്റെ സഹായം. നിന്നെക്കൊണ്ട് ഞാന്‍ സഹായമര്‍ഥിക്കുന്നു. നീയാണെനിക്ക് അഭയം. നിന്നോട് ഞാന്‍ അഭയം തേടുന്നു. നീയാണെനിക്ക് ശരണം. നിന്നില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു. എല്ലാ കൊമ്പന്മാരെയും മുട്ടുകുത്തിച്ചവനും എല്ലാ ഫറോവമാരെയും മലര്‍ത്തിയടിച്ചവനുമായ നാഥാ, നിന്റെ അപമാനത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും ഞാന്‍ കാവല്‍തേടുന്നു. എന്റെ രാവും പകലും ഉറക്കിലും ഉണര്‍വ്വിലും സ്ഥിരതയിലുമെല്ലാം നീ എനിക്ക് കാവലാകേണമേ”.
പ്രവാചകരുടെ പ്രാര്‍ഥനയും അതിനു ശേഷമം ദുആയില്‍ ഉള്‍പ്പെടുത്തേണ്ടതും “ദിക്റ് ദുആകള്‍’’ എന്ന ഭാഗത്ത് അറബിയില്‍ ചേര്‍ത്തിട്ടുണ്ട്).
നിസ്കാര ശേഷമുള്ള പ്രാര്‍ഥന
മസ്ജിദു ഫത്ഹില്‍വെച്ച് നിസ്കരിച്ച് മേല്‍പറഞ്ഞ പ്രാര്‍ഥന സുന്നത്താകുന്നു. അവിടെയുള്ള മറ്റുപള്ളികളിലും നിസ്കാരവും പ്രാര്‍ഥനയും നിര്‍വഹിക്കല്‍ ഉത്തമം തന്നെ. ഹജ്ജ് വേളയില്‍ വമ്പിച്ച തിരക്കായതിനാല്‍ സ്വസ്ഥമായി നിസ്കരിക്കാനും മറ്റും സന്ദര്‍ഭം ലഭിക്കണമെങ്കില്‍ ഒരു ദിവസം അവിടേക്ക് മാത്രമായി യാത്രചെയ്യുന്നതാണ് നല്ലത്. ഖന്‍ദഖ് യുദ്ധം നടന്ന പരിസരത്ത് ഇന്ന് ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. അവിടങ്ങളിലുള്ള മണല്‍തരികള്‍ പൂര്‍വ്വകാല ത്യാഗചരിത്രം മറക്കുകില്ലൊരിക്കലും.
6. മസ്ജിദുല്‍ ഗമാമഃ
മസ്ജിദുന്നബവിയില്‍ നിന്നും കൂടുതല്‍ അകലെയല്ലാതെ വടക്കുപടിഞ്ഞാറു മൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പള്ളിയാണിത്. നബി(സ്വ) നിസ്കരിക്കുകയും മഴക്കുവേണ്ടി പ്രാര്‍ഥിച്ച് ഉടന്‍ തന്നെ ഉത്തരം ലഭിക്കുകയും ചെയ്ത പുണ്യസ്ഥലത്താണ് മസ്ജിദുല്‍ ഗമാമ സ്ഥാപിക്കപ്പെട്ടത്.
മഴക്കുവേണ്ടി അവിടുന്ന് പ്രാര്‍ഥിച്ചയുടന്‍ മുകള്‍ഭാഗത്ത് കാര്‍മേഘം ഉരുണ്ടുകൂടുകയും തണല്‍വിരിക്കുകയും ചെയ്തു. ഉടനെ തന്നെ ഘോരമായ മഴ വര്‍ഷിച്ചു. അവിടുന്ന് പറഞ്ഞു: “ഈ സ്ഥലം നാം ഒരുമിച്ചു കൂടുകയും നമുക്ക് മഴ ലഭിക്കുകയും നമ്മുടെ പെരുന്നാളുകളില്‍ ഒരുമിച്ചുകൂടുന്ന സ്ഥാനവുമാണ്. ഇവിടെ മറ്റൊരു കെട്ടിടവും പണിയരുത്”.
ഗമാമ എന്നാല്‍ കാര്‍മേഘം എന്നാണര്‍ഥം. പ്രസ്തുത സംഭവം നടന്ന സ്ഥലത്ത് ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിലും രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഖലീഫ വലീദുബിന്‍ അബ് ദുല്‍ മലിക് മനോഹരമായ പള്ളി സ്ഥാപിക്കുകയുണ്ടായി. ‘നബി(സ്വ) നിസ്കരിച്ചു’എന്ന് തെളിവുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേക പരിഗണന നല്‍കി പള്ളി സ്ഥാപിക്കാന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. മസ്ജിദുല്‍ ഗമാമഃ പില്‍ക്കാലങ്ങളില്‍ മദീന ഭരിച്ച ഭരണാധികാരികള്‍ പുനരുദ്ധരിക്കുകയും വികസിപ്പിക്കുകയും ചെയ്തു. സുല്‍ത്താന്‍ അബ്ദുല്‍ മജീദ് അല്‍ ഉസ്മാനി ഈ പള്ളി വളരെ മനോഹരമായി പണിതീര്‍ക്കുകുയം കലാഭംഗിയോടെ ഖുബ്ബകളും മിനാരങ്ങളും സ്ഥാപിക്കുകയും ചെയ്തു. നബി(സ്വ) നിസ്കരിച്ചതായി രേഖയുള്ള മറ്റു പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും മുമ്പ് പള്ളികള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അവയില്‍ പലതും മദീനാപള്ളി ഇന്ന് സ്ഥിതിചെയ്യുന്ന വിശലമായ സ്ഥാനത്തായിരുന്നതിനാല്‍ വികസന സമയങ്ങളില്‍ നീക്കം ചെയ്യപ്പെടുകയുണ്ടായി. മറ്റു ചില പള്ളകള്‍ ഇന്നും അറിയപ്പെടുന്നു.
മദീനാ പള്ളിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സെന്‍ട്രല്‍ പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നിടത്ത് നിലവിലുള്ള മസ്ജിദു ഉമറുബ്നുല്‍ ഖത്ത്വാബ് പള്ളി ഈ ഗണത്തില്‍പ്പെട്ടതാണ്. നബി(സ്വ) ഹിജ്റ മൂന്നാം വര്‍ഷം പെരുന്നാള്‍ നിസ്കരിച്ചത് ഈ സ്ഥാനത്തായിരുന്നു. അതുപോലെ, നബി(സ്വ) ഹിജ്റ ആറാം വര്‍ഷം പെരുന്നാള്‍ നിസ്കരിച്ച സ്ഥാനത്ത് സ്ഥാപിക്കപ്പെട്ട പള്ളിയാണ് ഇന്നും നിലവിലുള്ള മസ്ജിദു അലിയ്യുബ്നു അബീത്വാലിബ്(റ). ദാറുശ്ശിഫാഅ് എന്ന പേരില്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ഇതിന്റെ പരാമര്‍ശം കാണാം.
നബി(സ്വ) ഹിജ്റ അഞ്ചാം വര്‍ഷം പെരുന്നാള്‍ നിസ്കരിച്ച സാവിയതു അബീയസാര്‍ എന്ന സ്ഥലത്താണ് ബാബുശ്ശാമിയയിലെ സൈനിക കോട്ടക്കുള്ളില്‍ സ്ഥിതിചെയ്യുന്ന മസ്ജിദു ഉസ് മാനുബ്ന്‍ അഫ്ഫാന്‍(റ). നബി(സ്വ) ഹിജ്റ എട്ടാം വര്‍ഷം പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ച മന്‍സില്‍ മുഹമ്മദ്ബിന്‍ അബ്ദില്ലാ എന്ന സ്ഥലത്ത് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന പള്ളിയാണ് മസ്ജിദു അബൂബക്ര്‍ സ്വിദ്ദീഖ്(റ). മസ്ജിദുല്‍ ഗമാമയുടെ ഏകദേശം അടുത്തായി ഇത് സ്ഥിതിചെയ്യുന്നു.
7. മസ്ജിദുല്‍ ജുമുഅഃ
നബി(സ്വ) ആദ്യമായി ജുമുഅ നിസ്കാരം നിര്‍വഹിച്ച പള്ളിയാണിത്. അവിടുന്ന് ഹിജ്റ വന്ന് ഖുബാ പള്ളി സ്ഥാപിച്ച്, ശേഷം മദീനയിലേക്ക് പോരുമ്പോള്‍ വഴിയില്‍വെച്ച് ജുമുഅയുടെ സമയമായി. ‘ബനൂ സാലിംബിന്‍ ഔഫ്’ കുടുംബക്കാരുടെ നിസ്കാരസ്ഥലമായിരുന്ന മസ്ജിദുല്‍ ജുമുഅയുടെ സ്ഥാനത്ത് വെച്ച് അവിടുന്ന് ജുമുഅക്ക് നേതൃത്വം നല്‍കി. അന്നുമുതല്‍ മസ്ജിദുല്‍ ജുമുഅ എന്നപേരില്‍ ഇതറിയപ്പെട്ടു. ഖുബായിലേക്ക് പോകുമ്പോള്‍ ഇടതുവശത്തുകാണുന്ന ഈ പള്ളി വളരെ മനോഹരവും ശില്‍പ്പഭംഗി തുളുമ്പുന്നതുമാണ്. മുമ്പുണ്ടായിരുന്ന പള്ളിയുടെ കെട്ടിടം തകര്‍ന്നപ്പോള്‍ സയ്യിദ് ഹസന്‍ ശര്‍ബത്തലി എന്ന ഉദാര മനസ്കനാണ് ഇത് പുനര്‍നിര്‍മിച്ചത്. ഖുബയില്‍നിന്ന് മദീനയിലേക്ക് വരുമ്പോള്‍ വലതുവശത്ത് കാണുന്ന ബനാത്ത് കോളേജിനടുത്ത് ശര്‍ബത്തലീ ഗാര്‍ഡനിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. മസ്ജിദുല്‍ വാദീ, മസ്ജിദു ആതിഖ എന്നപേരിലും ഇതറിയപ്പെടുന്നു.
8.മസ്ജിദുല്‍ ഇജാബ
സിത്തീന്‍ റോഡില്‍ അദ്ദഖീല്‍ ഹോട്ടലിനടുത്തായി സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ ഇജാബ ചരിത്രമുറങ്ങുന്ന പള്ളിയാണ്. നബി(സ്വ) ഇവിടെവെച്ച് സുപ്രധാനമായ ചില കാര്യങ്ങള്‍ അല്ലാഹുവോട് ചോദിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അക്കാരണത്താല്‍ ഇജാബപ്പള്ളി എന്നപേരില്‍ അറിയപ്പെട്ടു. ബനൂമുആവിയ കുടുംബക്കാരുടെ മസ്ജിദായിരുന്നു ഇവിടെ മുമ്പ്. ഇവിടെവെച്ച് പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കാറുണ്ടെന്ന അനുഭവം ചില മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
9. മസ്ജിദു അബൂദര്‍റുല്‍ ഗിഫാരി
സിത്തീന്‍ റോഡിനടുത്ത് എയര്‍പോര്‍ട്ട് റോഡില്‍, അബൂദര്‍റ് റോഡ് ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന മസ്ജിദു അബൂദര്‍റുല്‍ ഗിഫാരി(റ) ചരിത്രപ്രസിദ്ധമാണ്. നബി(സ്വ) ഒരിക്കല്‍ രണ്ട് റക്അത് നിസ്കരിച്ചു ദീര്‍ഘമായി പ്രാര്‍ഥിക്കുകയുണ്ടായി. തുടര്‍ന്ന് അവിടുന്ന് ഇപ്രകാരം സന്തോഷവാര്‍ത്ത പറഞ്ഞു; ‘ജിബ്രീല്‍(അ) എന്നെ സന്തോഷമറിയിച്ചിരിക്കുന്നു. എന്തെന്നാല്‍ എന്റെ പേരില്‍ ആരെങ്കിലും സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് സ്വലാത് ചെയ്യുന്നതാണ്. എന്റെ പേരില്‍ ആരെങ്കിലും സലാം പറഞ്ഞാല്‍ അല്ലാഹു അവന് സലാം പറയുന്നതാണ്. ഈ സന്തോഷവാര്‍ത്തക്കു നന്ദിയായി ഞാന്‍ അല്ലാഹുവിന് സുജൂദ് ചെയ്തു’. ഈ സംഭവം നടന്ന സ്ഥലത്താണ് മസ്ജിദു അബൂദര്‍റുല്‍ഗിഫാരി(റ) സ്ഥിതിചെയ്യുന്നത്.
10. മസ്ജിദു മശ്റബത്തി ഉമ്മി ഇബ്രാഹിം
അവാലിയില്‍ സ്വഹ്റാ ഹോസ്പിറ്റലില്‍ നിന്ന് അല്‍വത്വനീ ഹോസ്പിറ്റലിലേക്ക് പോകുംവഴി വലതുഭാഗത്ത് പൊതുനിരത്തില്‍ നിന്ന് ഏകദേശം നൂറുമീറ്റര്‍ മാറി സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്ത് വെച്ച് നബി(സ്വ) നിസ്കരിച്ചിട്ടുണ്ട്. നബി(സ്വ)യുടെ മകന്‍ ഇബ്രാഹിം(റ) ജനിച്ച സ്ഥലത്താണ് ഈ പള്ളി. ബീവി മാരിയ(റ)യുടെ ഒരു തോട്ടത്തിനകത്താണ് പള്ളി സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇതിന്റെ അടയാളങ്ങള്‍ ഇന്ന് കാണപ്പെടുന്നില്ല.
11.മസ്ജിദുല്‍ ബഗ്ല
ബഖീഇന്റെ കിഴക്കുഭാഗത്ത് സിത്തീന്‍ ജംഗ്ഷന്‍ കഴിഞ്ഞ് മലിക് അബ്ദുല്‍അസീസ് റോഡില്‍ കടന്നാല്‍ വലതുവശത്ത് സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ ബഗ്ല ചരിത്രപ്രശസ്തമാണ്. നബി(സ്വ) ഇവിടെയുള്ള മസ്ജിദില്‍ പ്രവേശിക്കുകയും അതിനടുത്തുള്ള പാറക്കല്ലിന്മേല്‍ കയറി ഇരിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ അവിടുന്ന് പ്രസ്തുത പാറക്കല്ലിന്മേല്‍ കയറിയിരുന്നു ഇബ്നുമസ്ഊദി(റ)നോട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെട്ടു. സൂറഃ നിസാഇലെ ഭാഗം അദ്ദേഹം ശ്രവണമധുരമായി പാരായണം ചെയ്തു. നബി(സ്വ)യും കൂട്ടുകാരും ശ്രവിച്ചുകൊണ്ടിരിക്കെ നാല്‍പ്പത്തിരണ്ടാം വാക്യം പാരായണം ചെയ്തപ്പോള്‍ അവിടുന്ന് പൊട്ടിക്കരയുകയുണ്ടായി. ‘ഇപ്പോള്‍ മതി മതി നിര്‍ത്തൂ’ എന്ന് പറഞ്ഞു. നബി(സ്വ)യുടെ താടിയിലൂടെ അശ്രു കണങ്ങള്‍ ചാലിട്ടൊഴുകുന്നത് കാണാമായിരുന്നു. പരലോക നാളില്‍ സര്‍വര്‍ക്കും സാക്ഷിയായി നബി(സ്വ)യെ യാത്രയാക്കപ്പെടുന്ന സന്നിഗ്ധ ഘട്ടത്തെ പരാമര്‍ശിക്കുന്ന തോട്ടത്തില്‍ നബി(സ്വ) യുടെ വിരലടയാളം പതിഞ്ഞ ഒരുകല്ലുണ്ടായിരുന്നതായി ചരിത്രത്തിലുണ്ട്. ഹിജറ 630ല്‍ ഖലീഫ അല്‍ മുസ്തന്‍സ്വിര്‍ അബൂജഅ്ഫറുല്‍ മന്‍സ്വൂര്‍ ഈ പള്ളി പത്തുമുഴം ചതുരശ്ര വലിപ്പത്തില്‍ പുനരുദ്ധരിക്കുകയുണ്ടായി. അടുത്ത കാലം വരെ പരിചരിക്കപ്പെട്ടിരുന്ന ഈ പള്ളി ഇയ്യിടെ നീക്കം ചെയ്യപ്പെടുകയുണ്ടായി. ഇപ്പോള്‍ ഈ സ്ഥാനത്ത് മുത്വവ്വമാരുടെ ഒരു ഓഫീസ് സ്ഥിതിചെയ്യുന്നു.
12. മസ്ജിദുല്‍ ഫളീഖ്
അവാലിയില്‍ അല്‍ വത്വനീ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ വലതുവശത്ത് ഇന്നും ദൃശ്യമാകുന്ന ഈ പള്ളിയില്‍ വെച്ച് നബി(സ്വ) ആറു രാത്രികളോളം താമസിച്ചു നിസ്കരിച്ചിട്ടുണ്ട്. മദ്യം നിരോധിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ വചനം അവതീര്‍ണമായത് ഇവിടെ താമസിക്കുമ്പോഴായിരുന്നു. ഫളീഖ് എന്നത് മുന്തിരികൊണ്ട് ഉണ്ടാക്കുന്ന ഒരുതരം കള്ളിന്റെ പേരാണ്. മദ്യത്തെപറ്റിയുള്ള ആയത്ത് നബി(സ്വ)ക്ക് ഇവിടെവെച്ച് അവതരിച്ചത് സ്വഹാബികള്‍ക്ക് ലഭിച്ചപ്പോള്‍ അവര്‍ അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടില്‍വെച്ച് ഫളീഖ് കുടിക്കുകയായിരുന്നു. മദ്യനിരോധവിവരം ലഭിച്ചയുടന്‍ അവര്‍ ഫളീഖിന്റെ വലിയ വീപ്പകള്‍ തകര്‍ത്തെറിയുകയുണ്ടായി.
13. മസ്ജിദുല്‍ അഖീഖ്
അല്‍ അഖീഖ് താഴ്വര പ്രശസ്തവും മഹത്വമേറിയതുമാണ്. നബി(സ്വ) പറഞ്ഞു; ‘അല്‍അഖീഖ് ബറകത് നിറഞ്ഞ താഴ്വരയാകുന്നു’. അല്‍അഖീഖ് താഴ്വരയില്‍ ഒരിക്കല്‍ നബി(സ്വ) ചെല്ലുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ‘ഇന്നലെ രാത്രി എന്റെ അടുക്കല്‍ ഒരാള്‍ വന്നു പറഞ്ഞിരിക്കുന്നു. ഈ താഴ്വരയില്‍ ചെന്നു നിസ്കരിക്കാന്‍. ഇത് മുബാറകായ താഴ്വരയാണ്’. ഖലീഫ ഉമര്‍(റ) അല്‍അഖീഖ് ഭാഗത്ത്കൂടി പോകാനിടവന്നാല്‍ പ്രസ്തുത താഴ്വരയില്‍ ചെന്ന് അവിടത്തെ വെള്ളം കുടിക്കുക പതിവായിരുന്നു. അല്‍അഖീഖ് താഴ്വരയില്‍ നിര്‍മിക്കപ്പെട്ട മസ്ജിദ് ഉര്‍വ എന്ന പേരിലും മസ്ജിദുല്‍ അഖീഖ് എന്ന പേരിലും അറിയപ്പെടുന്നു. ഇന്ന് ഇത് വലിയ മനോഹരമായ പള്ളിയാണ്.
14. മസ്ജിദുല്‍ മഗ്സല
അല്‍മാലിഹഃയിലെ സൈനിക സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ മഗ്സല നബി(സ്വ) പലപ്പോഴും നിസ്കരിച്ച പള്ളിയാണ്. ബനൂദീനാര്‍ കുടുംബം താമസിച്ചിരുന്ന ഈ സ്ഥലത്ത് നബി(സ്വ) നിസ്കരിച്ചിട്ടുണ്ട്. മഹാനായ അബൂബക്ര്‍സ്വിദ്ദീഖ്(റ) ഈ കുടുംബത്തില്‍ നിന്നുംഒരു വിവാഹം ചെയ്തിരുന്നു. സുഖമില്ലാതെ അദ്ദേഹം ഈ വീട്ടില്‍ കിടപ്പിലായപ്പോള്‍ നബി(സ്വ) പലപ്പോഴും സന്ദര്‍ശനാര്‍ഥം അവിടെ വരികയും പ്രസ്തുത പള്ളിയില്‍വെച്ച് നിസ്കരിക്കുകയും ചെയ്തിരുന്നു. സൈനിക സ്കൂളിനടുത്തുള്ള അല്‍മഗ്സല ഗാര്‍ഡനിനകത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.
15. മസ്ജിദു ദുല്‍ഹുലൈഫ (അബ്യാര്‍അലി)
മദീനാശരീഫിലെ ഒരു സുപ്രധാന പള്ളിയാണ് മസ്ജിദു ദുല്‍ഹുലൈഫ. നബി(സ്വ) കൂടുതലായി ഇറങ്ങുകയും നിസ്കരിക്കുകയും വിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്ന സ്ഥലത്താണ് പള്ളിനില്‍ക്കുന്നത്. ഇപ്പോള്‍ പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ഒരു വൃക്ഷമുണ്ടായിരുന്നു. അതിന്റെ ചുവട്ടില്‍ നബി(സ്വ) പലപ്പോഴും വിശ്രമിക്കാറുണ്ടായിരുന്നു. മസ്ജിദുശ്ശജറ എന്നും ഈ പള്ളിക്ക് പേരുണ്ട്.
മദീന ഭാഗത്തുനിന്ന് വരുന്നവരുടെ ഹജ്ജിന്റെ മീഖാത്ത് ഈ സ്ഥലമാണ്. ദുല്‍ഹുലൈഫ പള്ളിയില്‍ വെച്ച് നിസ്കരിച്ച ശേഷമാണ് നബി(സ്വ) ഹജ്ജിന് ഇഹ്റാം ചെയ്തത്. ഉംറക്കും നബി(സ്വ) ഇവിടെനിന്ന് ഇഹ്റാം ചെയ്തിട്ടുണ്ട്. അബ്യാര്‍ അലി എന്നും മസ്ജിദുല്‍ മീഖാത് എന്നും ഇവിടേക്ക് പേരുണ്ട്. ഇപ്പോള്‍ ഈ പള്ളി വളരെ വിപുലീകരിക്കുകയും ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇഹ്റാം ചെയ്യുന്നവര്‍ക്ക് കുളിക്കാനും മറ്റുമുള്ള വിശാലമായ സൌകര്യം ഇവിടെയുണ്ട്. മദീനാശരീഫില്‍ സ്ഥിതിചെയ്യുന്ന നൂറുക്കണക്കിന് പള്ളികളില്‍ മിക്കവക്കും ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. നബി(സ്വ) ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട പലസ്ഥാനങ്ങളും പില്‍ക്കാലത്ത് മസ്ജിദ് ആക്കപ്പെടുകയുണ്ടായി. അവയില്‍ പലതും ഇന്ന് നാമാവിശേഷമാവുകയും ചിലത് നീക്കപ്പെടുകയും ചെയ്തിരിക്കുന്നു.
മദീനാശരീഫിലെ ഓരോ മണല്‍തരിയും മഹിതമായ ചരിത്രം പേറുന്ന പുണ്യസ്ഥാനങ്ങളാണ്. ഇസ്ലാമിന്റെ പ്രഭവകാലഘട്ടങ്ങളില്‍ മഹാത്മാക്കളായ നബി(സ്വ)യും സ്വഹാബത്തും പലവിധത്തില്‍ ബന്ധപ്പെട്ട സ്ഥാനങ്ങളാണെവിടെയും. ഈ ബഹുമാനവിചാരത്തോടെ മദീനയിലെ ഓരോ കാല്‍വെപ്പുകളും ശ്രദ്ധാപൂര്‍വ്വമായിരിക്കാന്‍ ഓരോ തീര്‍ത്ഥാടകനും ശ്രമിക്കേണ്ടതാണ്.
16. ബദര്‍ ശുഹദാ
തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാനുള്ള സുപ്രധാന പുണ്യസ്ഥലമാണ് ബദര്‍ശുഹദാക്കളുടെ മഖ്ബറ. മക്കയില്‍നിന്നും മദീനയില്‍നിന്നും ബദ്റിലേക്ക് പോകാറുണ്ട്. മദീനയില്‍നിന്നു ഏകദേശം 200 ഓളം കി.മി. ദുരമുള്ള ബദറിലേക്ക് വാഹനം തരപ്പെട്ടുകിട്ടുക ഇക്കാലത്ത് പ്രയാസകരമാണ്. എന്നാലും പരിചയ സമ്പന്നരായ വാഹനക്കാരെ സമീപിച്ചാല്‍ സൌകര്യം ലഭിച്ചേക്കും. ഇസ്ലാമിക ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ബദര്‍ യുദ്ധം നടന്ന പടക്കളമാണ് ബദര്‍ഭൂമി. ബദര്‍യുദ്ധത്തില്‍ രക്തസാക്ഷികളായ പതിനാലുപേരില്‍ പതിമൂന്നു പേരും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. മുമ്പുകാലത്ത് മദീനായാത്ര ബദര്‍വഴിയായിരുന്നു. ഇപ്പോള്‍ പ്രസ്തുത റോഡിലൂടെ ഹാജിമാരുടെ വാഹനം സാധാരണ അനുവദിക്കാറില്ല. ബദര്‍ സിയാറ ത്ത് ചെയ്യുക എന്നത് സത്യവിശ്വാസികളുടെ പ്രധാന അഭിലാഷമാണ്.
ചരിത്രസ്ഥാനങ്ങള്‍
മദീനാശരീഫില്‍ വിശിഷ്ടമായ പല ചരിത്രസ്ഥാനങ്ങളും സ്മാരകങ്ങളും ഇനിയുമുണ്ട്. പ്രധാനമായവ മസ്ജിദുകള്‍ തന്നെ. അവ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും പൂര്‍വ്വികര്‍ അതീവശ്രദ്ധ കാണിച്ചിരുന്നു. നബി(സ്വ) പലപ്പോഴായി ബന്ധപ്പെടുകയും എന്തെങ്കിലും ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുകയും ചെയ്യുന്ന മറ്റുപല ചരിത്ര സ്ഥാനങ്ങളും മദീനാശരീഫിലുണ്ട്. (1) നബി(സ്വ)യും പ്രധാന സ്വഹാബിമാരും താമസിച്ച ഭവനങ്ങള്‍, കോട്ടകള്‍. (2) നബി(സ്വ) ഉപയോഗച്ച കിണറുകള്‍, അരുവികള്‍. (3) നബി(സ്വ)യുമായി ബന്ധപ്പെട്ട പര്‍വ്വതങ്ങള്‍, കുന്നുകള്‍.(4) നബി(സ്വ) ബന്ധപ്പെട്ട താഴ്വരകള്‍, തോട്ടങ്ങള്‍. ഇവയെക്കുറിച്ചെല്ലാം വിശദവും സൂക്ഷ്മവുമായ ചരിത്രഗവേഷണങ്ങളും പഠനങ്ങളും ഇന്നും നടന്നുവരുന്നു. പല സുപ്രധാന പോയിന്റുകളും വളരെ അടുത്തകാലം വരെ പരിപാവനമായി സംരക്ഷിക്കപ്പെട്ടിരുന്നു. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ. മഹത്വമേറിയ പലതും ഇക്കാലത്ത് അവഗണനയില്‍ പെട്ട് നാമാവശേഷമായി പോയിരിക്കുന്നു.
മദീനാശരീഫിലെ ഒരു സുപ്രധാന ചരിത്രസ്ഥാനമാണ് നബി(സ്വ) ആദ്യമായി താമസിച്ച അബൂയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ ഭവനം. വളരെ അടുത്ത കാലം വരെ അത് സുഭദ്രമായി സംരക്ഷിക്കപ്പെട്ടുപോന്നിരുന്നു.
വിസ്മയാവഹമായ ചരിത്രമുറങ്ങുന്ന ഭവനമായിരുന്നു അത്. നബി(സ്വ) ഹിജ്റ വന്ന് മദീനയിലെത്തി. മദീനക്കാരായ പല പ്രമുഖരും തങ്ങളുടെ വീട്ടില്‍ നബി(സ്വ) താമസിക്കണമെന്ന് പ്രത്യാശിച്ച് സൌകര്യങ്ങള്‍ ഒരുക്കി. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ എന്റെ ഒട്ടകത്തെ അതി ന്റെ വഴിക്കുവിടുക. അത് കല്‍പ്പനപ്രകാരം ഒരിടത്ത് മുട്ടുകുത്തും. അവിടെയാണ് ഞാന്‍ വസിക്കുക. അങ്ങനെ അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) എന്ന മഹാന്‍ താമസിച്ചിരുന്ന ഭവനമുറ്റത്ത് ഒട്ടകം മുട്ടുകുത്തി. നബി(സ്വ)അവിടെ താമസിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ പ്രസ്തുത ഭവനം ഇങ്ങനെയൊരു മഹത്തായ നിയോഗത്തിനുവേണ്ടി നബി(സ്വ)ക്കു താമസിക്കാനായി തന്നെപൂര്‍വ്വകാലത്ത് ഹിംയര്‍ ചക്രവര്‍ത്തി പണികഴിപ്പിച്ചതായിരുന്നു. ചരിത്രസംക്ഷിപ്തം ഇപ്രകാരമാണ്.
ഹിംയറിലെ രാജാക്കളായ തുബ്ബഅ് രാജവംശത്തിലെ തബ്ബാന്‍ അസ്അദ് എന്ന ചക്രവര്‍ത്തി നിയോഗത്തിന്റെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സഞ്ചാരമധ്യേ പരിവാരസമേതനായി മദീനാപ്രദേശത്തെത്തുകയുണ്ടായി. വേദപണ്ഢിതന്മാരായ നാനൂറ് മഹാജ്ഞാനികള്‍ രാജാവിനൊപ്പമുണ്ടായിരുന്നു. അവര്‍ ഒത്തൊരുമിച്ച് ചക്രവര്‍ത്തിയെ ഇപ്രകാരം അറിയിച്ചു. ‘ഞങ്ങള്‍ ഈ പ്രദേശംവിട്ടുപോരാനുദ്ദേശിക്കുന്നില്ല. വേദങ്ങള്‍ പ്രവചിച്ച അഹ്മദ് നബിയുടെ ആഗമനം ഈ പ്രദേശത്തായിരിക്കും ഉണ്ടാവുക. ഞങ്ങളുടെ കാലത്ത് ആ സത്യാത്മാവ് പ്രത്യക്ഷനായാല്‍ ഞങ്ങള്‍ ക്കും അല്ലെങ്കില്‍, ഞങ്ങളുടെ പില്‍ക്കാല സന്തതികള്‍ക്കെങ്കിലും അവിടുത്തെ നേരില്‍ കണ്ടു സത്യത്തിന്റെ സഹകാരികലാകാമല്ലോ. ചക്രവര്‍ത്തി ഹിതമനുസരിച്ച് പോയ്ക്കൊള്ളുക’.
മഹാരാജാവിനു ഈ വാര്‍ത്ത സന്തോഷം ജനിപ്പിച്ചു. വേദപണ്ഢിതന്മാര്‍ക്കു വസിക്കുവാനായി അദ്ദേഹം നാനൂറ് വീടുകള്‍ വിലക്കുവാങ്ങി. അവര്‍ക്കെല്ലാം വേലക്കാരെയും നിയമിച്ചുകൊടുത്തു. പ്രധാന സ്ഥാനത്ത് ഒരു നല്ലഭവനമുണ്ടായിരുന്നു. അവിടെ പണ്ഢിതതലവനെ താമസിപ്പിച്ചു. ചക്രവര്‍ത്തി ഒരു കുറിപ്പില്‍ ഇപ്രരാകരമെഴുതി വരും പ്രവാചകര്‍ക്കു കൈമാറുവാനായി തലവനെ ഏല്‍പ്പിച്ചു. ഒരു കവിതാ ശകലമായിരുന്നു അത്.
‘സത്യാത്മാവായ അഹ്മദ് സ്രഷ്ടാവായ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ അറിയുന്നു. അവിടുത്തെ നിയോഗകാലത്ത് ഞാനുണ്ടാകുമെങ്കില്‍ ആ മഹാനുഭാവന്റെ സേവകനും പരിചാരകനുമായിരിക്കും ഞാന്‍’. സ്വര്‍ണലിപികൊണ്ട് മുദ്രവെച്ച ഈ കുറിപ്പ് കൊടുത്തേല്‍പ്പിച്ചു രാജാവ് സ്ഥലംവിട്ടു. നാനൂറ് പണ്ഢിതരും കാലഘട്ടത്തിന്റെ ഊഴം കാത്തിരുന്നു. മദീനയില്‍ നബി(സ്വ) കടന്നുവന്നപ്പോള്‍ സഹായിക്കാനും സംരക്ഷിക്കാനും മുന്നണിയിലുണ്ടായിരുന്നത് ഈ വേദപണ്ഢിതന്മാരുടെ സന്താനപരമ്പരകളായിരുന്നു. അബൂഅയ്യൂബുല്‍അന്‍സ്വാരി(റ) വേദപണ്ഢിത തലവന്റെ പൌത്രന്മാരില്‍പെട്ട ആളായിരുന്നു. ഒരു മഹത്തായ നിയോഗം കണക്കെ നബി(സ്വ)തനിക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഭവനത്തില്‍ തന്നെ താമസിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. അബൂ അയ്യൂബുല്‍അന്‍സ്വാരി(റ) അതിന്റെ സൂക്ഷിപ്പുകാരനും പാറാവുകാരനുമായിരുന്നു സത്യത്തില്‍.
അബൂഅയ്യൂബി(റ)ന്റെ പ്രസ്തുത ഭവനത്തില്‍ നബി(സ്വ) സ്വന്തം വീട് പണിയുന്നത് വരെ താമസിച്ചു. അബൂഅയ്യൂബിന്റെ ഈ ഭവനം പില്‍ക്കാലത്ത് പല ചക്രവര്‍ത്തിമാരും പ്രമുഖന്മാരും വമ്പിച്ച വിലകൊടുത്ത് സ്വന്തമാക്കിയിരുന്നു. ഒടുവില്‍ മഹാനായ ഖലീഫ നൂറുദ്ദീന്‍ സിങ്കി(റ)യുടെ സഹോദരപുത്രന്‍ അല്‍മലിക് ശിഹാബുദ്ദീന്‍ ഗാസി ഇത് വമ്പിച്ച വിലകൊടുത്ത് വാങ്ങുകയും അവിടം ഒരു മദ്രസയാരംഭിക്കുകയും ചെയ്തു. ‘മദ്രസതുശിഹാബിയ്യ’ എന്നപേരില്‍ ഈ ദീനീകലാലയം ദീര്‍ഘകാലം സേവനനിരതമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇതൊരുപള്ളിയായി രൂപാന്തരപ്പെടുത്തപ്പെട്ടു. സാവിയതുല്‍ ജുനൈദ് എന്നപേരില്‍ ഈ അടുത്തകാലം വരെ ഈ പുണ്യസദനം നിലകൊണ്ടിരുന്നു. ഹി. 1407ല്‍ ഈ ചരിത്രസാക്ഷ്യം നീക്കം ചെയ്യപ്പെടുകയുണ്ടായി. ഇപ്പോള്‍ തല്‍സ്ഥാനത്തിനടുത്ത് ‘ആരിഫ്ഹിക്മത്’ ലൈബ്രറി സ്ഥിതിചെയ്യുന്നു.
നബി(സ്വ)യുടെ കാലത്ത് മസ്ജിദുന്നബവിയുടെ പരിസരത്തുണ്ടായിരുന്ന പല പ്രധാന വസതികളും ഇന്ന് പള്ളിയുടെ വികസനത്തോടെ അതിനകത്ത് ഉള്‍പ്പെട്ടുകഴിഞ്ഞിരിക്കുന്നു. അബൂബക്ര്‍സ്വിദ്ദീഖ്(റ), ഉമറുല്‍ഫാറൂഖ്(റ), ഉസ്മാന്‍ബ്നുഅഫ്ഫാന്‍(റ) എന്നിവരുടെയെല്ലാം വീടുകളുണ്ടായിരുന്ന സ്ഥാനത്ത് പള്ളി വികസിച്ചിരിക്കുന്നു