സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 9 February 2016

മദീനാ ഹറമിന്റെ മഹത്വം

മദീനാശരീഫിന്റെ മഹത്വങ്ങള്‍ നിരവധിയാണ്. മക്കാ പ്രദേശം ഒന്നാമത്തെ ഹറമായി പ്ര ഖ്യാപിക്കപ്പെട്ട പ്രകാരം മദീനാമുനവ്വറയും സത്യവിശ്വാസകളുടെ വിശുദ്ധ ഹറമാണ്. നബ(സ്വ) ഇപ്രകാരം പറഞ്ഞു. അല്ലാഹുവേ, നിശ്ചയം ഇബ്രാഹിംനബി(അ)യുടെ നാവിലൂടെ മക്കാപ്രദേകത്തെ നീ ഹറമാക്കി. ഞാനിതാ മദീനയെ ഹറമായി പ്രഖ്യാപിക്കുന്നു. അതിലെ വേട്ടമൃഗങ്ങളും മരങ്ങളും നശിപ്പിക്കപ്പെടരുത്’ (ഇമാം അഹ്മദ്).
സത്യവിശ്വാസത്തിന്റെ പ്രഭവകേന്ദ്രവും മടക്കസ്ഥാനവും മദീനയാണ്. ഈമാനും ഈമാനുള്ളവരുടെ ഹൃദയവും സദാ മദീനാ ശരീഫിലേക്ക് ആകര്‍ഷിക്കുന്നതാണ്. സൃഷ്ടികളില്‍വെച്ച് അ ത്യുല്‍കൃഷ്ടരായ നബി(സ്വ)യുടെ അന്ത്യവിശ്രമസങ്കേതത്തിലേക്ക് മനസ്സ് കൊതിക്കുക സ്വാഭാവികമാണ്. നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘നിശ്ചയം സത്യവിശ്വാസം മദീനയിലേക്ക് അഭയം കൊള്ളുന്നതാണ്. സര്‍പ്പം അതിന്റെ മാളത്തിലേക്ക് അഭയം കൊള്ളും പ്രകാരം’ (ബുഖാരി).
മദീനാശരീഫിന് അല്ലാഹു പല സംരക്ഷണങ്ങളും നല്‍കിയിട്ടുണ്ട്. നബി(സ്വ) പറയുന്നു: “നാശകാരിയായ ദജ്ജാല്‍ മക്കയിലും മദീനയിലും ചവിട്ടുകയില്ല” (ബുഖാരി, മുസ്ലിം). അതുപോ ലെ വ്യാപക മരണത്തിന് ഹേതുകമായ മാരകവ്യാധികള്‍ മദീനശരീഫില്‍ ഉണ്ടാവുകയില്ല. നബി(സ്വ)പറയുന്നു: “മദീനയുടെ അതിര്‍ത്തികളില്‍ കാവല്‍ക്കാരായ മലകുകളുണ്ട്. ത്വാഊന്‍ രോഗവും (മാരകവ്യാധി) ദജ്ജാലും അങ്ങോട്ട് പ്രവേശിക്കുകയില്ല” (ബുഖാരി, മുസ്ലിം).
മഹാനായ നബി(സ്വ)യുടെ ജീവിതത്തിനും അന്ത്യവിശ്രമത്തിനും അല്ലാഹു തിരഞ്ഞെടുത്ത പ്രദേശമാണിത്. തിരുനബി(സ്വ)യെ സഹായിക്കാനും ഇസ്ലാമിക പ്രസ്ഥാനത്തെ സംരക്ഷിക്കാനുമായി ജീവിതം സമര്‍പ്പിച്ച ഒരു വിഭാഗത്തെ അല്ലാഹു അവിടെ നിയോഗിച്ചിരുന്നു. അവരില്‍ പലരും അന്ത്യവിശ്രമം കൊള്ളുന്നതും ഇന്നവിടെയാണ്. ഇസ്ലാമിക സമൂഹത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും അത്താണിയും തലസ്ഥാനവുമായി വര്‍ത്തിച്ച പുണ്യപ്രദേശമാണ് മദീന. പരിശുദ്ധഖുര്‍ആന്‍ പ്രശംസിച്ചുപറഞ്ഞ പല സ്ഥാപനങ്ങളും കേന്ദ്രങ്ങളും വ്യക്തിത്വങ്ങളും അവിടെയാണുള്ളത്. സത്യവിശ്വാസിക്ക് ഭൂമിയിലെ പറുദീസയാണ് മദീനാമുനവ്വറ.
ഭൂമിയില്‍ ഒരു സ്വര്‍ഗപൂന്തോപ്പുണ്ട്. അത് മദീനാ ശരീഫിലാണ്. അല്ലാഹുവിന്റെ പ്രിയപ്പെട്ട ഹ ബീബ് അന്ത്യവിശ്രമം കൊള്ളുന്ന പുണ്യസ്ഥാനവും പരിസരവുമാണത്. നബി(സ്വ) പറയുന്നു: “എന്റെ ഖബറിടത്തിന്റെയും എന്റെ മിംബറിന്റെയും ഇടക്കുള്ള സ്ഥലം സ്വര്‍ഗതോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാകുന്നു” (ബുഖാരി, മുസ്ലിം).
മദീനാ സന്ദര്‍ശനവേളയില്‍ ഇത്തരം ഉല്‍കൃഷ്ട ചിന്തകളെല്ലാം മനസ്സില്‍ അയവിറക്കണം. റസൂല്‍(സ്വ)യുടെയും സ്വഹാബത്തിന്റെയും ത്യാഗസുരഭിലമായ ജീവിതവും ചരിത്രവും മനസ്സകത്ത് നിഴലിക്കണം. സൃഷ്ടികളില്‍വെച്ച് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മഹാവ്യക്തിത്വത്തിന്റെ മഹല്‍ സവിധത്തിലേക്കാണ് യാത്രതിരിക്കുന്നത് എന്ന ചിന്ത ഓരോ മദീനാ സന്ദര്‍ശകന്റെയും ഉള്‍തടത്തില്‍ സ്പന്ദിക്കണം.
യാത്ര ആരംഭിക്കുന്നു
മക്കയില്‍ നിന്ന് ഏകദേശം 450 കിലോമീറ്റര്‍ ദൂരമുള്ള മദീനയിലേക്ക് അറേബ്യയിലെ വേഗതയനുസരിച്ച് കാറില്‍ സഞ്ചരിക്കാന്‍ അഞ്ചോ ആറോ മണിക്കൂര്‍ മതി. ഹാജിമാരുടെ ബസ്സുകള്‍ പലയിടത്തും നിര്‍ത്തി രേഖകളും മറ്റും പരിശോധിക്കപ്പെടുന്നതിനാല്‍ പത്തുമണിക്കൂറെങ്കിലും യാത്രക്കാവശ്യമായി വരും. വളരെ വേഗതയില്‍ ത്വരീഖുല്‍ ഹിജ്റയിലൂടെ വാഹനം മദീന ല ക്ഷ്യമാക്കി ചീറിപ്പായുമ്പോള്‍ ഓരോ സത്യവിശ്വാസിയുടെയും ഓര്‍മകള്‍ ആയിരം വര്‍ഷമപ്പുറത്തേക്ക് നീങ്ങണം.
തിരുനബി(സ്വ)യും സ്വിദ്ദീഖ്(റ)വും മുമ്പ് ഈ വഴിക്ക് മലകളും കുന്നുകളും താണ്ടി, വെയിലും കഷ്ടതയും സഹിച്ച് ഒട്ടകപ്പുറത്ത് നടത്തിയ ത്യാഗപൂര്‍ണമായ ഹിജ്റയുടെ കഥ. നബി(സ്വ) കൊച്ചുകുട്ടിയായിരുന്നപ്പോള്‍ മാതാവ് ആമിനബീവി(റ)യൊന്നിച്ച് ഇതുവഴി മദീനയിലെ അമ്മാവന്മാരുടെ വീട്ടിലേക്ക് പോയ കഥ. വഴിയില്‍ അബവാഅ് എന്ന സ്ഥലത്ത് വെച്ച് നബിക്ക് ആറുവയസ്സുള്ളപ്പോള്‍ വേലക്കാരിയുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച് ആമിനബീവി അന്ത്യയാത്രയായ കരളലിയിക്കുന്ന കഥ.
പില്‍ക്കാലത്ത് ജേതാവായി പന്ത്രണ്ടായിരം പടയാളികളൊന്നിച്ച് മക്കാ ഫത്ഹിന് ഇതുവഴി കടന്നുപോയ അഭിമാനകരമായ കഥ. ഏറ്റവുമൊടുവില്‍ അവിടുത്തെ വിടവാങ്ങല്‍ പ്രസംഗം നട ന്ന ഹജ്ജത്തുല്‍ വിദാഇലേക്ക് പതിനായിരങ്ങളുടെ അകമ്പടിയോടെ നടത്തിയ ആവേശോജ്വലമായ ഹജ്ജ് യാത്രയുടെ ഐതിഹാസികമായ കഥ. സ്മരണകളുടെ വേലിയേറ്റം മനസ്സിന്റെ അകതാരില്‍ ആഞ്ഞടിക്കുമ്പോള്‍ പ്രിയപ്പെട്ട നബികരീം(സ്വ)യുടെ പേരില്‍ സ്വലാത്തും സലാമും ആയിരമായിരം തവണ വര്‍ധിപ്പിച്ചുകൊണ്ടിരിക്കണം. മദീനായാത്രയുടെ ആരംഭം മുതല്‍ സ്വലാത്തും സലാമും പ്രത്യേകമായി അധികരിപ്പിക്കണം.
യാത്രയിലെ ഓരോ കാഴ്ചകളും നമ്മെ ഹബീബായ റസൂലുല്ലാഹി(സ്വ)യിലേക്ക് ചിന്താപരമായി അടുപ്പിക്കുന്നതായിരിക്കണം. ഹബീബായ നബി(സ്വ)യുമായുള്ള നമ്മുടെ ആത്മബന്ധത്തിന്റെ ആഴം മനസ്സില്‍ അയവിറക്കണം. അവിടുന്നാണ് നമ്മുടെ ഹിദായത്തിന്റെ സ്രോതസ്സ്. അവിടുന്നാണ് അല്ലാഹുവിലേക്കുള്ള നമ്മുടെ വഴികാട്ടി.
അവിടുന്നാണ് നമ്മുടെ രക്ഷകനും മാര്‍ഗദര്‍ശിയും ജീവിതമാതൃകയും. അല്ലാഹു ലോകത്തിനാകമാനം അനുഗ്രഹമായി അയച്ചുതന്ന കാരുണ്യത്തിന്റെ ഉറവിടമാണവിടുന്ന്. അല്ലാഹു പുന്നാര നബി(സ്വ)യുടെ മേല്‍ ആയിരമായിരം ഗുണവര്‍ഷങ്ങള്‍ ചൊരിയുമാറാകട്ടെ.
യാത്ര മദീനയോടടുത്താല്‍ അതിലെ ഈന്തപ്പനത്തോട്ടങ്ങളും മലകളും താഴ്വരകളും മറ്റും ദൃഷ്ടിയില്‍ പെടുമ്പോള്‍ സ്വലാത്തും സലാമും പിന്നെയും വര്‍ധിപ്പിക്കണം. മറ്റൊരു സംസാരത്തിലും മുഴുകാതെ നമ്മുടെ എല്ലാ വിചാരവികാരങ്ങളും നബി(സ്വ)യുടെ മദീനയില്‍ ലയിച്ചുചേരണം. നബി(സ്വ) തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ഒന്നും പ്രവര്‍ത്തിക്കാനിടവരരുത് യാത്രയില്‍ കണ്ടുമുട്ടുന്ന യാചകരെ വെറുതെ മടക്കരുത്. മദീനയിലേക്ക് അടുക്കുംതോറും അവിടുത്തെ കാണാനുള്ള ശൌഖ് വര്‍ധിക്കണം. സിയാറത്ത് സ്വീകാര്യമാകാനും നബി(സ്വ)യുടെ സുന്നത്തുകള്‍ ജീവിതമാര്‍ഗമായിക്കിട്ടാനും നബി(സ്വ)യൊന്നിച്ച് സ്വര്‍ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചുകൂടാനും മറ്റാവശ്യങ്ങള്‍ക്കും അല്ലാഹുവോട് അകമഴിഞ്ഞ് പ്രാര്‍ഥിക്കണം.
നബി(സ്വ) പുംഗവരുടെ പുണ്യപാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായതാണ് മദീനാ മുനവ്വറ. അവിടെ പ്രവേശിക്കുന്നതിന് മുമ്പ് കുളിച്ച്, ശുദ്ധിവരുത്തി ഏറ്റവും നല്ല പുതുവസ്ത്രങ്ങളണി ഞ്ഞ് സുഗന്ധം പൂശുന്നത് സുന്നത്താണ്. മക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ഇവയെല്ലാം ചെയ്യുന്നത് നല്ലതാണ്.
മദീനാ ഹറമില്‍ പ്രവേശിക്കുമ്പോള്‍ അഊദു…. ബിസ്മില്ലാഹി…. വഅലാ മില്ലതി…. എന്ന ദിക്റ് (“ദിക്റ് ദുആകള്‍”) ചൊല്ലണം
മദീനാ ശരീഫില്‍ വാഹനമിറങ്ങിയാല്‍ വളരെ മര്യാദയോടും ശാന്തതയോടും പെരുമാറണം. നബി(സ്വ)യുടെ പുണ്യപ്രദേശത്താണ് നാം എത്തിയിരിക്കുന്നത്. ഇപ്പോള്‍ നാം നില്‍ക്കുന്ന സ്ഥലവും പരിസരവുമൊക്കെ മഹാനായ നബി(സ്വ)യുടെ പാദസ്പര്‍ശമേറ്റ ഭൂമിയാകുന്നു. മദീനാ നിവാസികളോട് പ്രത്യേകം സ്നേഹം കാണിക്കണം. അവരോടും മറ്റാരോടും കോപിക്കരുത്. എത്രയും പെട്ടെന്ന് സാധനങ്ങള്‍ റൂമില്‍വെച്ച് റസൂലുല്ലാഹി(സ്വ)യുടെ വിശുദ്ധ ഹള്റത്തിലേക്ക് പുറപ്പെടാനൊരുങ്ങണം. മുമ്പ് കുളിച്ചിട്ടില്ലെങ്കില്‍ റൂമില്‍വെച്ച് കുളിച്ച്, പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പുരട്ടി നല്ല വേഷത്തിലും അച്ചടക്കത്തിലും ശുദ്ധിയോടെ ഹറമിലേക്ക് പുറപ്പെടണം.