സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 11 February 2016

തഹജ്ജുദ് നിസ്കാരം



മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം  رحمه الله തന്റെ അദ്‌കിയയയിൽ പറയുന്നത് കാണുക

فَلَرَكْعَتَانِ مِــنَ الصَّـلَاةِ بِلَيْلَةِ فَاسْتَـكْثِرَنَّ  مِـنَ  الْكُنُوزِ  لِفَاقَةٍ
كَنْزٌ بِدَارِ الْخُلْـدِ أَدْوَمَ أَنْبَـلاَ تَأْتِي عَلَيْكَ وَلَا نَسِـيبَ وَلاَ  وَلاَ
രാത്രി നിസ്കരിക്കുന്ന രണ്ട് റക്‌അത്ത് നിസ്കാരം ശാശ്വത  വീട്ടിലേക്കു തയ്യാർ ചെയ്യുന്ന അനശ്വരവും അത്യുത്കൃഷ്ടവുമായ ഒരു നിധിയാകുന്നു. അത് കൊണ്ട് ഒരു സഹായിയും ഒരു ബന്ധവും സഹായിക്കാനില്ലാതെ , നിനക്ക് വരാൻ പോകുന്ന ആ ദാരിദ്ര്യ ദിവസത്തിനു വേണ്ടി ഈ നിധികൾ നീ വർദ്ധിപ്പിച്ചു കൊള്ളുക
വളരെ പുണ്യമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് തഹജ്ജുദ് . വിശുദ്ധ ഖുർ‌ആനിലും തിരു സുന്നത്തിലും വല്ലാതെ പ്രോത്സാഹനം നൽകിയ ഒരു നിസ്കാരമാണിത്. അല്ലാഹു പറയുന്നു.
تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ (سورة السجدة 1716-).
ആശങ്കയോടെയും പ്രത്യാശയോടെയും തങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുവാനായി നിദ്രാശയ്യയിൽ നിന്ന് അവരുടെ പാർശങ്ങൾ അടർന്നു പോരുന്നു. നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യുന്നു. അവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലമായി അവർക്ക് വേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട , കൺകുളിർപ്പിക്കുന്ന പ്രതിഫലങ്ങൾ ഒരാളും അറിയില്ല. “ (വിശുദ്ധ ഖുർ‌ആൻ സൂറത്ത് സജദ : 16,17)
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَلِكَ مُحْسِنِينَ *كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ*  وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ*  (سورة الذاريات 15 – 18)
തഖ്‌വയിലധിഷ്ഠിതമായി ജീവിച്ചവർ അന്ന് ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. അവരുടെ രക്ഷിതാവ് നൽകുന്ന പ്രതിഫലങ്ങൾ സ്വീകരിച്ചു കൊണ്ട്. അവരീ ദിവസത്തിന് മുമ്പ് സുകൃതരായിരുന്നു. രാത്രിയിൽ  നിന്ന് അല്പസമയം മാത്രമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യ വേളയിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.” ((((( ഖുർ‌ആൻ സൂറത്ത് അൽ ദാ‍രിയാത്ത് 15-18)

തിരു നബി صلى الله عليه وسلم യുടെ ചില വചനങ്ങൾ കാണൂ 
عَنْ أَبِي أُمَامَةَ الْبَاهِلِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَهُوَ قُرْبَةٌ لَّكُمْ إِلَى رَبِّكُمْ وَمَكْفَرَةٌ لِلسَّيِّئَاتِ وَمَنْهَاةٌ عَنِ الْإِثْمِ". (رواه الحاكم رحمه الله )
അബൂ ഉമാമത്തുൽ ബാഹിലീ رضي الله عنه പറയുന്ന്; തിരു നബി صلى الله عليه وسلم അരുളിയതായി : നിങ്ങൾ തഹജ്ജുദ് നിസ്കാരം നിർവ്വഹിക്കുക  അത് നിങ്ങൾക്കു മുമ്പുള്ള സ്വാലിഹീങ്ങളുടെ സമ്പ്രദായവും നിങ്ങളുടെ രക്ഷിതാവിലേക്ക് അടുപ്പിക്കുന്ന കാര്യവുമാണ്. പാപ മോചനത്തിനുള്ള നിമിത്തവും കുറ്റ കൃത്യങ്ങളിൽ നിന്നു തടയുന്ന കവചവുമാണത്: (ഹാകിം )


മറ്റൊരു ഹദീസ് :
عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ فِي الْجَنّةِ لَغُرَفاً يُرَى بُطُونُهَا مِنْ ظُهُورِهَا وَظُهُورُهَا مِنْ بُطُونِهَا فَقَالَ أَعْرَابِيٌّ: يَا رَسُولَ الله لِمَنْ هِيَ ؟ قَالَ: لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَصَلَّى ِللهِ بِاللَّيْلِ وَالنَّاسُ نِيَامٌ. (رواه الإمام أحمد رحمه الله).
അലി رضي الله عنه ൽ നിന്ന് നിവേദനം, തിരു നബി صلى الله عليه وسلم അരുളി : “ നിശ്ചയം സ്വർഗത്തിൽ ചില റൂമുകളുണ്ട്, അതിന്റെ ഉൾഭാഗത്തു നിന്ന് പുറം ഭാഗവും പുറം ഭാഗത്ത് നിന്ന് ഉൾഭാ‍ഗവും കാണാം” ഇത് കേട്ട് രു ബദു ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ , ആർക്കുള്ളതാ‍ണത് ? അവിടന്ന് പറഞ്ഞു. “ നല്ലത് പറയുകയും അന്നദാനം നൽകുകയും ജനങ്ങളുറാങ്ങുമ്പോൾ  പടച്ചവനായ അല്ലഹുവിനു വേണ്ടി നിസ്കരിക്കുകയും ചെയ്തവർക്കാണത് (അഹ്‌മദ്)
മഹാനായ ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് رحمه الله  തന്റെ ‘അന്നസ്വാഇഹുദ്ദീനിയ്യ’ എന്ന കിതാബിൽ പറയുന്നത് കാണുക ; നിശാ നിസ്കാരം തുടക്കത്തിൽ ശരീരത്തിനു വളരെ ഭാരമുള്ളതായിത്തോന്നും. വിശിഷ്യാ ഉറങ്ങി എഴുന്നേറ്റതിനു ശേഷമുള്ള നിസ്കാരം. പതിവും സഹനവും കഠിനാധ്വാനവും കൊണ്ടു മാത്രമേ അത് ലഘുവായി തീരുകയുള്ളൂ.  പിന്നീട് അല്ലാഹുവിലുള്ള സ്മരണ, അവനുമായുള്ള അഭിമുഖം, ഏകാന്തത എന്നിവ മൂലമുണ്ടാകുന്ന ആനന്ദ , മാധുര്യാസ്വാദനങ്ങളുടെ കവാടം തുറക്കപ്പെടും. അപ്പോൾ തഹജ്ജുദ്  നിസ്കരിക്കാൻ വിഷമമോ ആലസ്യമോ ഉണ്ടാവുകയില്ലെന്ന് മാത്രമല്ല എത്ര നിസ്കരിച്ചാലും മതിവരില്ല. 
നിരവധി ആയത്തുകളിലും ഹദീസുകളിലും മറ്റും ശ്രേഷ്ഠത വിവരിക്കപ്പെട്ട ഒരു മഹൽ കർമ്മമാണ് നിശാ നിസ്കാരം . പകൽ തിരക്കിന്റെയും ബഹളത്തിന്റെയും അധ്വാനത്തിന്റെയും സമയമാണ്. രാത്രിയുടെ നിശബ്ദതയും ശാന്തതയും ആരാ‍ധനാവേളകളിൽ ആത്മാവിനു കൂടുതൽ ഏകാഗ്രതയും മനസ്സിനു കൂടുതൽ സാന്നിധ്യവും നൽകുന്നു. രാത്രിയുടെ നിശബ്ദതയിൽ ജനങ്ങളെല്ലാം ഉറങ്ങിക്കിടക്കുന്നത് കൊണ്ട് പൂർണ്ണമായ  നിഷ്കളങ്കത കൈവരുന്നു. ബാഹ്യപ്രകടനത്തിന്റെയും ലോകമാന്യത്തിന്റെയും സാധ്യത വളരെ കുറയുന്നു. ഇക്കാരണങ്ങളെല്ലാം രാത്രി നിസ്കാരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പ്രവാചകന്മാരുടെയും സച്ചരിതരായ സത്യവിശ്വാസികളുടെയും ജീവിതചര്യയിലെ പ്രധാന ശീലമായിരുന്നു ഈ നിശാ നിസ്കാരം.
രാത്രിയിൽ ഇശാ‌അ് നിസ്കരിച്ചതിനു ശേഷം അല്പം ഉറങ്ങിയതിന് ശേഷം നിർവ്വഹിക്കുന്ന നിസ്കാരമാണിത്. ചുരുങ്ങിയത് രണ്ട് റക‌അത്താണ്. കൂടിയാൽ റക്‌അത്തുകൾക്ക് പരിധിയില്ല. എത്രയധികവും നിസ്കരിക്കാം. എങ്കിലും ഖിറാ‌അത്തും മറ്റും ദീർഘിപ്പിച്ചുകൊണ്ട് കുറച്ച് റക്‌അത്തുകൾ നിസ്കരിക്കുന്നതാണ് റക്‌അത്തുകൾ വർധിപ്പിക്കുന്നതിനേക്കാൾ ഉത്തമം. രാവിന്റെ അവസാന പകുതിയിലാണുത്തമം. ഏറ്റവും നല്ലത് അത്താഴ സമയത്തും.
“തഹജ്ജുദ് സുന്നത്ത് നിസ്കാരം രണ്ട് റക്‌അത്ത് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്. സാധിക്കുന്നവർ നിർത്തത്തിൽ ധാരാളമാഇ ഖുർ‌ആൻ ഓതുക. ചെറിയ സൂറത്തുകൾ മാത്രം അറിയുന്നവർ അവ ആവർത്തിച്ചോതിയാലും മതി
വെള്ളിയാഴ്ച രാവു മാത്രം നിസ്കരിക്കുന്നത് കറാഹത്താണ്. പതിവാക്കിയ തഹജ്ജുദ് നിർബന്ധ സാഹചര്യത്തിലല്ലാതെ ഉപേക്ഷിക്കുന്നതും കറാഹത്ത് തന്നെ.  പക്ഷെ ഫേസ് ബുക്കിന്റെയും ടി.വിയുടെയും മുന്നിൽ നിശാ സമയങ്ങളെ കൊന്നു കളയുന്ന ഇക്കാലത്ത് ഈ സുന്നത്തിനെ പതിവാക്കുന്നവർ വളരെ വിരളമാണ്. അല്ലാഹു നമുക്കെല്ലാവർക്ക്ം ഇത് പതിവാക്കാൻ  ഭാഗ്യം നൽകട്ടെ
آمين يا رب العالمين