സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 11 February 2016

ഇരുതലമനുഷ്യന്റെ വുളൂ കര്‍മം

ഇരുതലമനുഷ്യനെ ഒരു വ്യക്തിയായി ഗണിക്കുമ്പോള്‍ അവന്റെ വുളൂ കര്‍മത്തില്‍ ഇരുമുഖവും കഴുകുകയും ഇരുതലയും തടവുകയും ചെയ്യല്‍ നിര്‍ബന്ധമുണ്ടോ? അഥവാ ഒരു മുഖം കഴുകി, ഒരു തല തടവി മതിയാക്കാമോ?
‘ഒരാള്‍ക്കു രണ്ടു മുഖമുണ്ടെങ്കില്‍ വുളൂ കര്‍മത്തില്‍ രണ്ടും കഴുകല്‍ നിര്‍ബന്ധമാണ്. രണ്ടിലൊന്ന് അധികാവയവമാണെങ്കിലും. ആ വ്യക്തിയുടെ, മറ്റുള്ളവരുമായുള്ള അഭിമുഖം ഇരുവദനങ്ങള്‍ കൊണ്ടും നടക്കുന്നുണ്ട് എന്നതാണു കാരണം (തുഹ്ഫഃ 1:206). അഭിമുഖം നടക്കുന്നതാണല്ലോ മുഖം. എന്നാല്‍, ഒരു മുഖം മുമ്പോട്ടും മറ്റൊരു മുഖം പിമ്പോട്ടുമാണെങ്കിലോ? നിഹായഃ പറയുന്നു: “ഒരാള്‍ക്കു മുന്‍ഭാഗത്ത് ഒരു മുഖവും പിന്‍ഭാഗത്ത് മറ്റൊരു മുഖവുമുണ്ടായാല്‍ നിര്‍ബന്ധമായി കഴുകേണ്ടത് ഒന്നാമത്തേതു മാത്രമാണ്”(നിഹായഃ 1:167).
പ്രവര്‍ത്തനത്തില്‍ ഇരുമുഖവും തുല്യമാവുമ്പോഴാണ് ഈ വിധി. ജ്ഞാനേന്ദ്രിയങ്ങള്‍ ഒരുമുഖത്തു മാത്രമേ ഉള്ളൂവെങ്കില്‍പ്രവര്‍ത്തനക്ഷമമായ ആ മുഖമാണു കഴുകല്‍ നി ര്‍ബന്ധമായിട്ടുള്ളത് (തുഹ്ഫ വ്യാഖ്യാനം, ശര്‍വാനി1:206).
ഇരുമുഖങ്ങളും കഴുകേണ്ട സാഹചര്യത്തില്‍ ഏതുമുഖം കഴുകുന്നതിന്റെ തുടക്കത്തിലാണ് നിയ്യത്ത് കൊണ്ടുവരേണ്ടത്? മുഖം കഴുകലാണല്ലോ ഒന്നാമത്തെ ഫര്‍ള്? അതിന്റെ ആരംഭത്തിലാണല്ലോ നിയ്യത്ത് കൊണ്ടുവരേണ്ടത്? ‘രണ്ടും അടിസ്ഥാനാവയവങ്ങളെങ്കില്‍ രണ്ടാലൊന്നു കഴുകുമ്പോഴും രണ്ടില്‍ ഏതാണ് അടിസ്ഥാനാവയവം ഏതാണ് അധികാവയവം എന്നു തിരിച്ചറിയാതെ വന്നാല്‍ രണ്ടിലോരോന്ന് കഴുകുമ്പോഴും ഒന്ന് അടിസ്ഥാനാവയവമെന്നും മറ്റേത് അധികാവയവമെന്നും തിരിച്ചറിഞ്ഞാല്‍ അടിസ്ഥാനാവയവം കഴുകുമ്പോഴും നിയ്യത്ത് ചെയ്താല്‍ മതി’ (നിഹായ വ്യാഖ്യാനം, അലിശിബ്റാമല്ലസി 1:167). ഇരുതലയുള്ള ഈ വ്യക്തി തലതടവുമ്പോള്‍ രണ്ടാലൊരു തലയില്‍ അല്പം തടവിയാല്‍ മതി. തുഹ്ഫഃ രേഖപ്പെടുത്തുന്നു:
‘രണ്ടിലൊരു തലയുടെ അല്‍പ്പഭാഗം തടവിയാല്‍ മതി. മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അവയവത്തില്‍ നിന്ന് ഒരുഭാഗം തടവലാണു നിര്‍ബന്ധം എന്നതു കൊണ്ടുതന്നെ ഓരോ ശിരസ്സും ഈ സ്വഭാവമുള്ളതാകാമല്ലോ.’ (തുഹ്ഫഃ 1:207).
ഇരുതലയും അടിസ്ഥാനാവയവങ്ങളാകുമ്പോഴാണ് ഈ വിധി. ഒന്ന് അടിസ്ഥാനാവയവവും മറ്റേത് വ്യക്തമായ അധികാവയവവുമാണെങ്കില്‍ മൂലാവയവത്തില്‍ നിന്ന് അല്‍പ്പം തടവിയേ മതിയാകൂ. അധികാവയവം, അതു മൂലാവയവത്തിനു നേരെയാണെങ്കിലും, അതു മാത്രം തടവിയാല്‍ മതിയാവില്ല. മൂലവും അധികവും തിരിച്ചറിയാതെ വന്നാല്‍ രണ്ടിലോരോന്നിന്റെയും അല്‍പഭാഗം തടവല്‍ നിര്‍ബന്ധമാണ് (തുഹ്ഫഃ വ്യാ ഖ്യാനം, ശര്‍വാനി 1:207).