സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 6 February 2016

മിനയില്‍ നിന്നും പുറപ്പെടല്‍

അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും മിനയില്‍ താമസിച്ച് മൂന്നുദിവസവും ജംറകള്‍ എറിഞ്ഞ് ദുല്‍ഹജ്ജ് 13ന് ഉച്ചക്ക് മിനയില്‍ നിന്ന് പുറപ്പെടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ രീതി. മിനയില്‍ നിന്ന് പുറപ്പെടുമ്പോള്‍ രണ്ടു സ്ഥലത്തും എറിഞ്ഞശേഷം മൂന്നാം സ്ഥാനമായ ജംറതുല്‍ അഖബയില്‍ എറിഞ്ഞു മറ്റൊന്നിലേക്കും തിരിയാതെ വേഗം മക്കയിലേക്ക് നീങ്ങലാണുത്തമം. ജംറതുല്‍ അഖബ എറിഞ്ഞതിനു ശേഷം പ്രത്യേക ദുആ സുന്നത്തില്ല. യാത്രയില്‍ തക്ബീറും തഹ്ലീലും വര്‍ധിപ്പിക്കുക. ളുഹര്‍ മിനയില്‍വെച്ച് നിസ്കരിക്കാതെ വഴിയില്‍ വെച്ച് നിസ്കരിക്കുകയാണ് നല്ലത്. നബി(സ്വ) മിനയില്‍ നിന്ന് മടങ്ങവെ നിസ്കരിച്ച മക്കാ ഖബര്‍ സ്ഥാനിനടുത്തുള്ള മുഹസ്സബിലെ മസ്ജിദുല്‍ ഇജാബ പ്രസിദ്ധമാണ്. വാഹനത്തില്‍ പോരുന്നവര്‍ക്ക് ഇത് സൌകര്യപ്പെടുകയില്ല. മിനയില്‍ നിന്ന് ളുഹര്‍ നിസ്കരിച്ചു പോരുന്നതിനും തെറ്റില്ല. മിനയില്‍ നിന്ന് ജംറകള്‍ എറിഞ്ഞ് പുറപ്പെടുന്നതോടെ ഹജ്ജിന്റെ അമലുകളെല്ലാം പൂര്‍ത്തിയായി. ഇനി അവശേഷിക്കുന്ന ഒരു കര്‍മ്മം വിദാഇന്റെ ത്വവാഫ് മാത്രമാണ്. അതു മക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍ നിര്‍വഹിക്കേണ്ടതാണ്.
എറിയാന്‍ പകരം ഏല്‍പ്പിക്കല്‍
പെരുന്നാള്‍ ദിവസത്തെ ജംറതുല്‍ അഖബയിലെ ഏറും അയ്യാമുത്തശ്രീഖിലെ മൂന്ന് ജംറകളി ലെ ഏറുകളും ദുല്‍ഹജ്ജ് പതിമൂന്നിനു മുമ്പ് പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് മുമ്പ് പറഞ്ഞു. പ്രസ്തുത സമയം അവസാനിക്കുന്നതിന് മുമ്പ് നീങ്ങുമെന്നു പ്രതീക്ഷയില്ലാത്ത രോഗമോ അറസ്റ്റ് പോലുള്ളതോ കാരണത്താല്‍ സ്വയം എറിയാന്‍ കഴിയാത്തവര്‍ മറ്റൊരാളെ എറിയാന്‍ ഏല്‍പ്പിക്കണം. ബന്ധുക്കളോ പരിചയക്കാരോ ആകണമെന്നില്ല. ഏല്‍പ്പിക്കുന്നവര്‍ കല്ല് കൊടുക്കലും ഏല്‍പ്പിക്കുമ്പോഴോ കല്ല് കൊടുക്കുമ്പോഴോ തക്ബീര്‍ ചൊല്ലലും സുന്നത്താണ്.
തിരക്കിന്റെ കാരണം പറഞ്ഞ് എറിയുന്നതില്‍ പകരമാക്കാതെ തിരക്കില്ലാത്ത പ്രഭാത സമയ ത്തോ രാത്രിയോ പോയി സ്വയം എറിയുകയാണ് വേണ്ടത്. രോഗമുള്ളതിന്റെ പേരില്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. അവന്‍ എറിയുകയും ചെയ്തു. അയ്യാമുത്തശ്രീഖ് കഴിയും മുമ്പ് അയാള്‍ക്ക് രോഗം മാറുകയും പിന്നീട് തടസ്സം നീങ്ങുകയും ചെയ്താല്‍ പിന്നീട് സ്വയം എറിയേണ്ടതില്ല. ഏല്‍പ്പിക്കപ്പെട്ടവന്‍ അവന്റെ സ്വയം എറിയല്‍ മൂന്നു ജംറകളിലും പൂര്‍ത്തിയാക്കിയ ശേഷം മാ ത്രമേ പകരമായി എറിയാന്‍ പാടുള്ളൂ. അല്ലാതിരുന്നാല്‍ ആദ്യം എറിഞ്ഞത് അവന്റേതായി ഗണിക്കപ്പെടുകയും തുടര്‍ന്ന് എറിഞ്ഞത് നഷ്ടപ്പെടുകയും ചെയ്യും.