സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 9 February 2016

മദീനാ മുനവ്വറയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദീനാമുനവ്വറയിലെ താമസ വേളയില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണര്‍ത്തട്ടെ. മദീനയിലെ ഓരോ കാല്‍വെപ്പുകളും വളരെ കരുതലോടെയായിരിക്കണം. പുണ്യം നേടുന്നതിനു പകരം ഗുരുത്വക്കേട് സമ്പാദിക്കുന്ന യാതൊന്നും വന്നുപോകാതിരിക്കാന്‍ അത്യുത്സാഹംകാണിക്കണം.
(1). മസ്ജിദുന്നബവിയില്‍ എല്ലാ ജമാഅത്തിലും ഒന്നാം തക്ബീര്‍ മുതല്‍ ഹാജരാവുക. മറ്റ് പള്ളികളില്‍ നിര്‍വഹിക്കുന്നതിന്റെ ലക്ഷങ്ങള്‍ കണക്കെ പ്രതിഫലം അവിടെ ഒരു റക്അതിന് ലഭിക്കുന്നതാണ്. എല്ലാ സല്‍പ്രവര്‍ത്തനങ്ങള്‍ക്കും ഈ വര്‍ധിച്ച പ്രതിഫലം ലഭിക്കും. (2). അത്യാശ്യത്തിനല്ലാതെ പള്ളി വിട്ടുപോകാതിരിക്കുക. ഇഅ്തികാഫ് വര്‍ധിപ്പിക്കുക. (3). മദാനാ താമസവേളയില്‍ നബി(സ്വ)ക്ക് ഇഷ്ടമില്ലാത്ത ഒരു സംഗതിയും നടപ്പിലോ ഇരിപ്പിലോ ഉണ്ടാകരുത്. ‘ഞാന്‍ മരണമടഞ്ഞാലും നിങ്ങളുടെ കര്‍മ്മങ്ങള്‍ എനിക്ക് കാണിക്കപ്പെടുമെന്നും നന്മ കണ്ടാല്‍ സന്തോഷിക്കുമെന്നും തിന്മ കണ്ടാല്‍ ദുഃഖിക്കുമെന്നും’ പറഞ്ഞ നബി(സ്വ) നമ്മുടെ കണ്ണില്‍ നിന്നു മറഞ്ഞുവെന്ന് മാത്രമേയുള്ളൂ. നബി(സ്വ)യെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ വിശിഷ്യാ നാം അവിടുത്തെ നഗരത്തില്‍വെച്ച് ചെയ്യാന്‍ പാടുള്ളൂ. പ്രവാചക ചര്യകള്‍ പൂര്‍ണമായി അനുധാവനം ചെയ്യുക. താടിവളര്‍ത്തുക, മുടിചീകുക, വൃത്തിയില്‍ നടക്കുക, തലമറക്കുക, സുഗന്ധം പുരട്ടുക, ബ്രഷ് ചെയ്യുക മുതലായ ചെറുതും വലുതുമായ എല്ലാ സുന്നത്തുകളും പിന്തുടരണം. വെറുക്കപ്പെടുന്ന വാസനയുള്ള വല്ലതും ഭക്ഷിച്ചവര്‍ നമ്മുടെ പള്ളിയില്‍ വരരുതെന്ന നബി(സ്വ)യുടെ താക്കീത് പുകവലിക്കാര്‍ ഗൌരവത്തോടെ കാണണം. അത്തരം ദുശ്ശീലങ്ങള്‍ പൂര്‍ണമായി വര്‍ജിക്കണം. (4). പള്ളിയില്‍ ചെന്നാല്‍ റൌളയുടെ ഭാഗത്ത് സ്ഥലം പിടിക്കുക: വളരെ നേരത്തെ ചെന്നാല്‍ മാത്രമേ റൌളയില്‍ സ്ഥാനം ലഭിക്കുകയുള്ളൂ. റൌള്വയില്‍ റസൂല്‍(സ്വ) കൂടുതലായി ഇരിക്കാറുള്ള ഉസ്ത്വുവാനതു ആഇശ, ഉസ്ത്വുവാനതുല്‍ മുഖല്ലഖ എന്നിവിടങ്ങലില്‍ കൂടുതല്‍ സമയം ചിലവഴിക്കുക. പള്ളിയില്‍ കയറുമ്പോഴും ഇറങ്ങുമ്പോവും ദിക്റുകളും മര്യാദകളും കൊണ്ടുവരിക. ഇഅ്തികാഫ് കരുതുക. തിരക്കുമൂലം റൌള്വയില്‍ സ്ഥലം കിട്ടാതെ വന്നാല്‍ റൌള്വയുടെ പടിഞ്ഞാറും വടക്കും സ്ഥിതിചെയ്യുന്ന നബി(സ്വ)യുടെ കാലത്ത് പള്ളിയായി ഉപയോഗിച്ച സ്ഥലത്തിന് മുന്‍ഗണന നല്‍കുക. പള്ളിയുടെ ഖിബ്ലഭാഗത്തും അല്‍പ്പം വികസിപ്പിച്ചിട്ടുണ്ട്. ഖലീഫ ഉസ്മാന്‍(റ) വിശാലമാക്കിയ സ്ഥലത്താണ് ഇപ്പോഴത്തെ മിഹ്റാബ്. ജമാഅത്ത് നടക്കുമ്പോള്‍ റൌള്വയില്‍ നില്‍ക്കുന്നതിനെക്കാള്‍ ഉത്തമം ഇമാമിനോട് അടുത്ത സ്വഫുകളില്‍ നില്‍ക്കലാണ്. (5). നബി(സ്വ)യുടെ ഖബറുശ്ശരീഫ് പിന്നില്‍വരുന്ന വിധം നിസ്കരിക്കാതിരിക്കുക. പള്ളിയില്‍ ചെല്ലുമ്പോഴെല്ലാം അവിടുത്തെക്കും കൂട്ടുകാര്‍ക്കും സലാം പറയുക. (6). മദീനാശരീഫില്‍ വെച്ച് കഴിവതും സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുക, ഖുര്‍ആന്‍ ഖതം തീര്‍ക്കുക, സ്വലാത്തുകള്‍ പെരുപ്പിക്കുക. (7). മദീനയിലുണ്ടാകുന്ന എല്ലാ വിഷമങ്ങളിലും പ്രയാസങ്ങളിലും ക്ഷമിക്കുക. ബുദ്ധിമുട്ട് പ്രകടിപ്പിക്കാതിരിക്കുക. പൊടിപടലങ്ങളില്‍ പോലും വെറുപ്പുണ്ടാകരുതെന്ന് മഹാന്മാര്‍ പറയുന്നുണ്ട്. നബി(സ്വ) പറയുന്നു: ‘മദീനയുടെ പ്രയാസങ്ങളില്‍ വല്ലവനും ക്ഷമിച്ചാല്‍ അന്ത്യദിനത്തില്‍ ഞാന്‍ അവന്റെ ശിപാര്‍ശകനാകും’ (മുസ്ലിം). മറ്റൊരു ഹദീസ് ഇപ്രകാരമുണ്ട് ‘മദീനയുടെ പൊടിപടലങ്ങളില്‍ എല്ലാ രോഗത്തിനും ശമനമുണ്ട്’. (8). മദീനയിലുണ്ടാകുന്ന കാരക്ക ഭക്ഷിക്കുക. പലയിനം കാരക്കകളും അവിടെയുണ്ട്. നബി(സ്വ) പ്രത്യേകം പേരെടുത്ത് പറഞ്ഞ ഒരിനമാണ് അജ്വ. നബി(സ്വ) പറഞ്ഞു: ‘മദീനയിലെ അജ്വ കാരക്കയില്‍ നിന്ന് ഏഴെണ്ണം രാവിലെ വെറും വയറ്റില്‍ ആരെങ്കിലും ഭക്ഷിച്ചാല്‍ സിഹ്റ്, നഞ്ച് ഉള്‍പ്പെടെയുള്ള ഒന്നും ആദിനം അവനെ ബുദ്ധിമുട്ടിക്കില്ല’(മുസ്ലിം).
(9). മദീനാഹറമില്‍വെച്ച് വേട്ടജീവികളെ നശിപ്പിക്കരുത.് അവിടെയുള്ള മരമോ ചെടിയോ മുറിക്കലും കല്ലോ മണ്ണോ ഹറമിന് പുറത്ത് കൊണ്ടുപോകലും പാടില്ലാത്തതാകുന്നു. എന്നാല്‍ അശ്ശിഫാ, വാദീ ബുദ്ഹാന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു മണ്ണുണ്ട്. ഇത് ഔഷധമെന്ന നിലയില്‍ കൊണ്ടുപോകാവുന്നതാണെന്ന് ചില പണ്ഢിതന്മാര്‍ പറഞ്ഞിരിക്കുന്നു. മസ്ജിദു ഖുബയിലേക്ക് പോകുന്ന വഴിയില്‍ ശുഐബിയില്‍ മൌളിഅ് തുറാബുശ്ശിഫാ എന്നപേരിലാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്.
(10). മദീനാ നിവാസികളെ ആദരിക്കുക.: നബി(സ്വ)യുടെ നാട്ടുകാരും അവിടുത്തെ സഹായിക ളും സംരക്ഷകരുമായ അന്‍സ്വാറുകളുടെ പൌത്രന്മാരാണെന്ന് അവരെന്ന ബോധം നമുക്കുണ്ടാകണം. മദീനാ നിവാസികളെ പ്രശംസിച്ചുകൊണ്ട് പലവചനങ്ങളും നബി(സ്വ) പറഞ്ഞിട്ടുണ്ട്. അവരെ നിന്ദിക്കുന്നത് ഇഹലോകത്തും പരലോകത്തും വിഷമങ്ങള്‍ക്ക് കാരണമാകുന്നതാണ്.