സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 8 February 2016

കഥ പറയുന്ന സംസം

ഉദാത്തമായ ഒരു നാഗരികതയുടെയും അനന്യമായ ഒരു സംസ്കാരത്തിന്റെയും അനശ്വരമായ സ്മാരകമാണ് ഒരിക്കലും വറ്റാത്ത അത്ഭുതപ്രവാഹമായ വിശുദ്ധ സംസം എന്ന നീരുറവ. പ്രവാചകന്മാരും സദ്വൃത്തരുമായ അനേകം ജനതതികളുമായി സുദൃഢബന്ധമുള്ള ആ വിശുദ്ധ തീര്‍ത്ഥം സഹസ്രാബ്ദങ്ങളായി ഉത്കൃഷ്ട സന്ദേശവും പേറി മക്കാ മണ്ണില്‍ കഅ്ബായുടെ മുറ്റത്ത് ശാന്തഗംഭീരമായി, മനുഷ്യവംശത്തി നാശ്വാസമായി നിലകൊള്ളുന്നു.
സംസം മഹത്തായ പുണ്യപാനമാണ്. അതിന്റെ പ്രഭവചരിത്രം ഇങ്ങനെ സംഗ്രഹിക്കാം. പ്രവാചകശ്രേഷ്ഠരായ ഇബ്രാഹിം(അ) അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് പുത്രന്‍ ഇസ്മാഈലി(അ)നെയും ബീവി ഹാജറി(റ)നെയും ജനവാസമില്ലാത്ത മക്കാ തരിശുഭൂമിയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ നാമാവശേഷമായ കഅ്ബാ ശരീഫിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് അന്നവിടെയുണ്ടായിരുന്നത്.
വെള്ളമോ സസ്യങ്ങളോ ഇല്ലാത്ത ആ വിജനമണ്ണില്‍ ഉമ്മക്കും മകനും ഭക്ഷിക്കാനായി ഒരു പാത്രം വെള്ളവും കുറച്ച് കാരക്കയും നല്‍കി ഇബ്രാഹിം(അ) സ്വദേശത്തേക്ക് മടങ്ങാന്‍ ഒരുങ്ങി. സഹനശാലിനിയായ ഹാജര്‍(റ) പിന്തുടര്‍ന്നുകൊണ്ട് ചോദിച്ചു. ‘ഈ വിജനമായ മലഞ്ചെരുവില്‍ എന്നെയും ഒരു കൊച്ചു കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് നിങ്ങള്‍ പോകയാണോ? അല്ലാഹു ഇപ്രകാരമാണോ കല്‍പ്പിച്ചത്? വ്യാകുലചിത്തയായി അവര്‍ പലവുരു ചോദ്യമാവര്‍ത്തിച്ചപ്പോള്‍ നിറകണ്ണുകളോടെ ഇബ്രാഹിം(അ) ‘അതെ, അല്ലാഹു അപ്രകാരം കല്‍പ്പിച്ചിരിക്കുന്നു’ എന്നു പ്രത്യുത്തരം നല്‍കി സ്ഥലം വിട്ടു. ദൃഢചിത്തയായ ഹാജര്‍ ഉടനെ പ്രതികരിച്ചു. ‘എങ്കില്‍ നിങ്ങള്‍ പൊയ്ക്കൊള്ളുക. അല്ലാഹു ഞങ്ങളെ പാഴാക്കുകയില്ല’.
അവര്‍ കുറച്ചുദിവസം അങ്ങനെ മക്കാ മരുഭൂമിയില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുത്തും താന്‍ വെള്ളം കുടിച്ചും കഴിഞ്ഞുകൂടി. കയ്യിലുള്ള വെള്ളമെല്ലാം തീര്‍ന്നപ്പോള്‍ അവര്‍ പരിഭ്രാന്തയായി ഇനി എന്തുചെയ്യും? ഈ വിജനമായ മരുഭൂമിയില്‍ ഒരിറ്റുവെള്ളം പോലുമില്ലാതെ ഒരു ചോര പൈതലിനെയുമായി ഞാന്‍ തനിച്ച്. അവര്‍ വിഷാദിച്ചു. ഈ വിഷാദാവസ്ഥയില്‍ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ ഇന്ന് കഅ്ബ സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട് തൊട്ടടുത്തുള്ള സ്വഫാ കുന്നിലേക്ക് അവര്‍ പുറപ്പെട്ടു. മലഞ്ചെരുവില്‍ ആരെങ്കിലുമുണ്ടോ? എന്ന് നോക്കി. ഫലം നിരാശ. തല്‍ക്ഷണം സ്വഫയില്‍ നിന്ന് താഴ്വരയിലേക്കിറങ്ങി കുപ്പായത്തിന്റെ അടിവശം മേല്‍പ്പോട്ടുയര്‍ത്തിപ്പിടിച്ച് മര്‍വാ കുന്നിലേക്ക് നടന്നു. അതിനിടെ കുറച്ച് ദൂരം അവര്‍ വേഗത കൂട്ടിയിരുന്നു. മര്‍വയിലെത്തി നാലുപാടും നോക്കി. ആരുമില്ല. നിരാശയായ ഹാജര്‍ കുടിനീരിനു വേണ്ടി വീണ്ടും സ്വഫാ മര്‍വക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ പാഞ്ഞു. നബി(സ്വ) ഇടക്ക് പറയുകയുണ്ടായി.
‘അതിന്റെ സ്മരണയായിട്ടാണ് ജനങ്ങള്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്യ് ചെയ്യുന്നത്’ എന്ന്. ഏഴാം തവണ മര്‍വയില്‍ വെച്ച് ഒരശരീരി കേട്ടു. ഉടനെ അവര്‍ അങ്ങോട്ട് തിരിച്ചു ഇപ്രകാരം പറഞ്ഞു: ‘നിന്നെക്കൊണ്ട് വല്ല സഹായവും കഴിയുമെങ്കില്‍ എന്നെ സഹായിക്കുക’. (ബുഖാരി). തുടര്‍ന്ന് ഇസ്മാഈലി(അ)നെ കിടത്തിയ ഭാഗത്തേക്ക് നോക്കിയപ്പോള്‍ അത്യത്ഭുതകരമായ കാഴ്ച കാണുകയുണ്ടായി. കുഞ്ഞിന്റെ കാലിന്റെ അടിഭാഗത്തു നിന്നും വെള്ളം ശീഘ്രമായി പൊട്ടിയൊഴുകുന്നു. ശക്തിയായി പ്രവഹിക്കുന്ന വെള്ളം തടുത്തുനിര്‍ത്തുവാനായി അവര്‍ ചുറ്റുപാടും മണ്ണുകൂട്ടിയിട്ടു. “സംസം അടങ്ങുക, അടങ്ങുക” എന്നു പറഞ്ഞു. അപ്രകാരമാണ് ഈ അത്യത്ഭുത തീര്‍ത്ഥത്തിന് സംസം എന്ന് നാമം വീണത്. സംഭവ വിവരണത്തിനിടയില്‍ പ്രവാചകര്‍(അ) അരുള്‍ ചെയ്തു. ‘ഹാജറിന് അല്ലഹു കരുണ ചെയ്യട്ടെ. അവര്‍ ആ ജലപ്രവാഹം തടുത്തുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇവിടെ പരന്നൊഴുകുന്ന ഒരു പുഴ തന്നെ സംജാതമാകുമായിരുന്നു’.
നബി(സ്വ) പറഞ്ഞു; “സംസം ജിബ്രീലിന്റെ ചവിട്ടുകൊണ്ട് പ്രവഹിച്ചതും ഇസ്മാഈല്‍ നബി(അ) കുടിച്ചിരുന്നതുമാണ്’. അവിടെ മുതല്‍ സംസം പുണ്യതീര്‍ത്ഥം സഹസ്രാബ്ദങ്ങളുടെ ഉദാരപ്രവാഹമായി ജനതതികളുടെ ദാഹം തീര്‍ത്തുകൊണ്ടിരിക്കുന്നു. ഇടതടവില്ലാതെ ജനലക്ഷങ്ങള്‍ അവരവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി സംസം വെള്ളം നിര്‍ലോഭം ഉപയോഗിക്കുന്നു. അതിശക്തിയുള്ള മോട്ടോര്‍ പമ്പുകളുപയോഗിച്ച് സദാ നേരവും ആ വിശുദ്ധ ജലം പുറത്തെടുക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് കണക്കില്ലാതെ തീര്‍ത്ഥാടകര്‍ വര്‍ഷംപ്രതി കൊണ്ടുപോകുന്നു. എല്ലാം ഒരു കൊച്ചു കിണറില്‍ നിന്ന്. സംസം കിണര്‍ വറ്റിയ ചരിത്രം രേഖപ്പെടുത്ത പ്പെട്ടിട്ടില്ല.
സംസം വെള്ളത്തിന്റെ പുണ്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. നബി  (സ്വ) പറയുന്നു: “സംസം എന്തുദ്ദേശ്യത്തോടുകൂടി കുടിക്കുന്നുവോ അതിനുള്ളതാണ്. രോഗശമനത്തിനായി കുടിച്ചാല്‍ അല്ലാഹു ശിഫ നല്‍കും. ദാഹശമനം കരുതി കുടിച്ചാല്‍ അല്ലാഹു ദാഹം ശമിപ്പിക്കും. വിശപ്പ് തീരാനുദ്ദേശിച്ചു കുടിച്ചാല്‍ അല്ലാഹു വിശപ്പുതീര്‍ ക്കും’ (ഇമാം ഹാകിം, ദാറുഖുത്വ്നി).
ത്വവാഫിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം കഴിഞ്ഞാല്‍ സംസം കുടിക്കല്‍ വളരെ പുണ്യപ്പെട്ട കാര്യമാണ്. മഹാനായ നബി(സ്വ) അപ്രകാരം ചെയ്തിരുന്നു. സംസം കുടിക്കലും അതുകൊണ്ട് വയറ് നിറയ്ക്കലും എല്ലാവര്‍ക്കും എപ്പോഴും സുന്നത്താണ്. സംസം കുടിക്കുന്നത് ഖിബ്ലക്ക് അഭിമുഖമായി സദുദ്ദേശ്യങ്ങള്‍ മനസ്സില്‍ കരുതി ബഹുമാനപൂര്‍വ്വമായിരിക്കണം.
സംസം കിണര്‍ കഅ്ബാശരീഫിന്റെ തൊട്ടടുത്ത് മത്വാഫില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. സംസം കിണറിനരികില്‍ വെച്ച് പ്രത്യേക നിസ്കാരം സുന്നത്തില്ല. എന്നാല്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന സ്ഥാനങ്ങളില്‍ പെട്ടതാണത്. പക്ഷേ, ത്വവാഫിന് കൂടുതല്‍ സൌകര്യ മുണ്ടാക്കുന്നതിന്റെ ഭാഗമായി മതാഫില്‍ നിന്ന് സംസം കിണറിലേക്കുള്ള വഴി ഇപ്പോള്‍ പൂര്‍ണമായി അടച്ചിരിക്കുന്നു. പകരം മതാഫില്‍ നിന്ന് തന്നെ സംസം കുടിക്കുന്നതിന് വേ ണ്ടി മസ്ജിദുല്‍ ഹറമിന്റെ ചുമരില്‍ ധാരാളം ടാപ്പുകള്‍ പിടിപ്പിച്ച് സൌകര്യം ചെയ്തിട്ടുണ്ട്. പുറമെ മസ്ജിദുല്‍ ഹറാമില്‍ വ്യാപകമായി നിരത്തിയിട്ടുള്ള സുഖ്യാ സംസം ഹാജിമാര്‍ ക്ക് പള്ളിയില്‍ എവിടെവെച്ചും വെള്ളം കുടിക്കാനുള്ള സൌകര്യം നല്‍കുന്നു. അറേബ്യയിലെ ഉഷ്ണകാലാവസ്ഥയില്‍ വിശേഷിച്ചും കൂടുതലായി വെള്ളം കുടിച്ചുകൊണ്ടിരിക്കണമെന്ന്െ ദ്യവിദഗ്ധന്മാര്‍ ഇടക്കിടെ അവിടെ ഉപദേശിക്കാറുണ്ട്. അത് സംസം കൂടിയായാല്‍ പറയേണ്ടതില്ലല്ലോ.
സത്യവിശ്വാസി സംസം വയറുനിറയെ കുടിക്കുമെന്നും കപടന്മാര്‍ കുറച്ചുമാത്രം കുടിച്ച് മതിയാക്കുമെന്നും നബി(സ്വ) പറഞ്ഞിരിക്കുന്നു. സംസം കുടിക്കുമ്പോള്‍ ചില മര്യാദകള്‍ പാലിക്കല്‍ സുന്നത്തുണ്ട്. ഇരുന്നു കുടിക്കലാണ് സുന്നത്ത്. നബി(സ്വ) ഒരിക്കല്‍ സംസം നിന്ന് കുടിച്ചതായി വന്ന സംഭവം അനുവദനീയത വെളിപ്പെടുത്താനായിരുന്നു എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഓരോ തവണയുടെയും ആദ്യം ബിസ്മിയും ഒടുവില്‍ ഹംദും ചൊല്ലുക. അല്‍പ്പം തലയില്‍ ഒഴിക്കുക, നെഞ്ചും മുഖവും കഴുകുക എന്നിവ സുന്നത്താണ്. മക്കയില്‍ സംസം വിതരണത്തിനും ശീതീകരിക്കുന്നതിനും മറ്റുമായി ഒരു കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ശീതീകരിക്കാന്‍ ഉപയോഗിക്കുന്ന ഐസും സംസം കൊണ്ടുള്ളതാണെന്ന് വിശ്വസ്തര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മക്കയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ സംസം കൊണ്ടുപോകല്‍ സുന്നത്തുണ്ട്. റസൂല്‍(സ്വ) തോല്‍പ്പാത്രങ്ങളിലും മറ്റും സംസം നിറച്ച് മദീനത്തേ ക്ക് കൊണ്ടുപോവുകയും അതില്‍നിന്ന് രോഗികളുടെ മേല്‍ ഒഴിക്കുകയും കുടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബീവിആഇശ(റ) വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വഫാ മര്‍വ
ത്വവാഫും ശേഷമുള്ള സുന്നത്ത് നിസ്കാരവും സംസം കുടിക്കലുമെല്ലാം കഴിഞ്ഞാല്‍ സഅ്യിലേക്ക് പ്രവേശിക്കാം. കഅ്ബാശരീഫിന്റെ തെക്കുകിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന രണ്ട് കുന്നുകളാണ് സ്വഫയും മര്‍വയും. മസ്ജിദുല്‍ ഹറാം പള്ളിയോട് ചേര്‍ന്നുകിടക്കുന്ന സ്വഫാ മര്‍വക്കിടയിലുള്ള സ്ഥലത്തിന് മസ്അ എന്നും പറയുന്നു. അവക്കിടയില്‍ നടക്കുന്ന കര്‍മ്മത്തിന് സഅ്യ് എന്നും പറയുന്നു.
നബി(സ്വ) ഇസ്ലാമിന്റെ പ്രാരംഭകാലഘട്ടത്തില്‍ സ്വകാര്യമായി വസിച്ചിരുന്നത് സ്വഫായുടെ മറവിലുള്ള ദാറുല്‍ അര്‍ഖമിലായിരുന്നു. ബീവി ഹാജര്‍(റ) വെള്ളമന്വേഷിച്ചു നടന്നചരിത്രപശ്ചാത്തലം മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. ഹാജര്‍ബീവി അന്ന് നടന്നതും കുറച്ചുദൂരം ഓടിയതും അനുസ്മരിച്ച് ലോകവിശ്വാസികള്‍ എന്നും അതുപോലെ ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധ കര്‍മ്മമായി സ്വഫാമര്‍വക്കിടയില്‍ നടത്തം ആചരിക്കുന്നു. സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളായാണ് വിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഖുര്‍ആന്‍ പറയുന്നു: “നിശ്ചയം സ്വഫയും മര്‍വയും അല്ലാഹുവിന്റെ ദീനിന്റെ ചിഹ്നങ്ങളില്‍പ്പെട്ടതാകുന്നു. അതിനാല്‍ വല്ലവനും കഅ്ബാ ഭവനത്തിങ്കല്‍ ചെന്ന് ഹജ്ജോ ഉംറയോ ചെയ്യുന്നതായാല്‍ അവ രണ്ടിനെയും പ്രദക്ഷിണം ചെയ്യുന്നതില്‍ അവന് ഒട്ടും കുറ്റമില്ല. ആരെങ്കിലും സ്വമേധയാ നന്മ ചെയ്യുന്നുവെങ്കില്‍ നിശ്ചയം അല്ലാഹു പ്രതിഫലം നല്‍കുന്നവനും സര്‍വ്വജ്ഞനുമാകുന്നു” (അല്‍ബഖറ 158).
സ്വഫക്കും മര്‍വക്കുമിടയില്‍ ഏകദേശം 395 മീറ്റര്‍ ദൂരമുണ്ട്. ഹാജിമാരുടെ സൌകര്യാ ര്‍ഥം മുകളിലൂടെയും സഅ്യ് ചെയ്യാന്‍ സംവിധാനങ്ങളുണ്ട്.