സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 21 August 2014

ലൈലത്തുല്‍ ബറാഅ: താത്വിക വിശകലനം

യുഗാന്തരങ്ങളായി ഇസ്ലാമിക സമൂഹം പ്രാധാന്യം കല്‍പിച്ചു വരുന്ന ഒരു സുപ്രധാന രാവത്രെ ലൈലതുല്‍ ബറാഅ. ഈ രാത്രിയെക്കുറിച്ച് ഖൂര്‍ആന്‍, ഹദീസ് പ്രാമാണങ്ങളില്‍ തന്നെ പരാമര്‍ശം കാണാവുന്നതാണ്. സൂറ അദ്ദൂഖാനില്‍ പരാമര്‍ശിക്കപ്പെട്ട രാവ് ലൈലതുല്‍ ബറാഅ അഥവാ ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വീക്ഷി ച്ചിട്ടുള്ളത്. പ്രസ്തുത രാവിന്റെ പ്രസക്തി ആ രാവില്‍ സര്‍വ കാര്യങ്ങളും വേര്‍തിരിച്ചെഴുതപ്പെടുന്നു എന്നതാണെന്ന് ഖൂര്‍ആന്‍ പറഞ്ഞിരിക്കുന്നത് പ്രസ്താവ്യമാണ്. മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകള്‍ വ്യാപിച്ചിരിക്കുന്ന അവസ്ഥാമാറ്റങ്ങള്‍, പരിണാമങ്ങള്‍ എല്ലാം തന്നെ ഈ യൊരു രാവിന്റെ വ്യക്തമായ നിര്‍ണയത്തില്‍ നാഥന്‍ ഒരുക്കിയിരിക്കുന്നുവെന്നതാണ് വസ്തുത. എങ്കില്‍ പിന്നെ പ്രസ്തുത രാവ് എത്രമാത്രം പ്രസ്താവ്യമാണെന്ന് ഊഹിക്കാവുന്നതാണല്ലോ.
ഈ രാവിന്റെ മറ്റൊരു സവിശേഷതയായി ഖുര്‍ആന്‍ പഠിപ്പിക്കുന്നത് പ്രസ്തുത രാവില്‍ ഖുര്‍ആന്‍ അവതരണം നാഥന്‍ നടത്തിയിരിക്കുന്നു എന്നതാണ്. എന്നാല്‍ ഖുര്‍ആന്‍ അവതരണം ലൈലതുല്‍ഖദ്റില്‍ ആണ് നടന്നതെന്ന ഖുര്‍ആനിന്റെ തന്നെ മറ്റൊരു പ്രഖ്യാപനത്തെ ഇവിടെ പണ്ഢിതര്‍ വ്യാഖ്യാനത്തിന് വിധേയമാക്കിയത് കാണാം. അതായത്, ലൈലതുല്‍ ബറാഅയില്‍ ഖുര്‍ആന്‍ ലൌഹുല്‍ മഹ്ഫൂള് എന്ന സംരക്ഷിത ഫലകത്തില്‍ നിന്നും പ്രഥമ വാനലോകത്തേ ക്ക് അവതരിച്ചുവെന്നതാണത്രെ ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ഖുര്‍ആന്‍ ഈ രാവിനെ പറ്റി വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദം ലൈതുന്‍മുബാറക എന്നാണ്. ഇതിന്റെ താല്‍പര്യം ബറകതാക്കപ്പെട്ട പുണ്യപൂരിതരാവ് എന്നത്രെ. അഭിവൃദ്ധി, അനുഗ്രഹം തുടങ്ങിയ താല്‍പര്യങ്ങള്‍ നല്‍കാവുന്ന ഈ പദപ്രയോഗം ഖുര്‍ആന്‍ തിരഞ്ഞെടുത്തിരിക്കുന്നത് തന്നെ ഏറെ ശ്രദ്ധേയമാണ്.
അതുകൊണ്ട് ഈ രാവ് മുസ്ലിംകള്‍ക്ക് പ്രധാനമാണെന്ന് നമുക്ക് പറയാം. പണ്ഢിതര്‍ പഠിപ്പിച്ചതനുസൃതം ഈ ശഅബാന്‍ പകുതിയിലെ രാവിന് ലൈലതുസ്സ്വക്ക്, ലൈലതുറഹ്മ എന്നീ നാമങ്ങളും കാണാവുന്നതാണ്. ഇതിന്റെ താല്‍പര്യം യഥാക്രമം സര്‍വകാര്യങ്ങളും രേഖപ്പെടുത്തുന്ന രാവ്, കാരുണ്യവര്‍ഷം സവിശേഷമായ രാത്രി എന്നിങ്ങനെയാണ്. എങ്കില്‍ ഈ നാമകരണങ്ങള്‍ തന്നെ ഈ രാവിന്റെ സ്ഥാനമഹാത്മ്യത്തെ നുമുക്ക് മുമ്പില്‍ കുടൂതല്‍ പ്രകടീഭവിപ്പിക്കുന്നു.
പണ്ഢിതര്‍ ഈ രാവിന്റെ മഹത്വസംബന്ധിയായി ഏറെ കാര്യങ്ങള്‍ പറഞ്ഞതായി കാണാം. അതില്‍ പ്രധാനമായ ഒന്നത്രെ നബി(സ്വ)യുടെ ശിപാര്‍ശാധികാരം. അതായത് ഈ രാവിലാണ് റസൂലിന് തന്റെ സമുദായത്തിന്നുവേണ്ടി ശിപാര്‍ശ ചെയ്യാനുള്ള സമ്പൂര്‍ണാധികാരം അല്ലാഹു സമ്മാനിച്ചിരിക്കുന്നതത്രെ. തഫ്സീര്‍ റാസിയടക്കമുള്ള ഗ്രന്ഥങ്ങളില്‍ ഈ വിഷയം പറഞ്ഞത് കാണാവുന്നതാണ്. ഈ വസ്തുത പ്രവാചക വ്യക്തിത്വത്തെ പ്രധാനപൂര്‍ണമാക്കിത്തീര്‍ക്കുന്നു. നബി(സ്വ)യുടെ ആത്മീയ വ്യക്തിത്വത്തെ അല്ലാഹു ഉയര്‍ത്താന്‍ തീരുമാനിച്ച രാവ് എന്ന അര്‍ ഥത്തില്‍ അതുകൊണ്ടു തന്നെ വിശ്വാസികള്‍ക്ക് ഈ രാവ് എത്രയോ ആദരവുറ്റതായിമാറുന്നു.