സമുദായത്തിന്റെ
നേതാക്കളും മാതൃകാപുരുഷന്മാരും പ്രകാശ ദീപങ്ങളും സംരക്ഷകരും
സന്ദേശവാഹകരുമായ സ്വഹാബകിറാം (റ) അവരുടെ കാല്‍പ്പാടുകള്‍
പിന്തുടര്‍ന്നു ഇസ്ലാമിന് സേവനമര്‍പ്പിച്ചു സലഫുസ്സ്വാലിഹുകള്‍
മുതലായ മഹാത്മാക്കളെ അല്ലാഹു ബഹുമാനിച്ച പ്രകാരം ബഹുമാനിക്കുകയും
അവര്‍ക്കര്‍ഹമായ പദവി നല്‍കുകയും അവരുടെ നേരെ ഭക്ത്യാദരവുകളോട്
കൂടി വര്‍ത്തിക്കുകയും അവരെ സംബന്ധിച്ചുള്ള വിമര്‍ശനാധിക്ഷേപങ്ങളുടെ
മാലിന്യത്തില്‍ നിന്ന് നാവിനെ പരിശുദ്ധമാക്കുകയും ചെയ്യുക
നിര്‍ബന്ധമാണെന്നുള്ളത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ
അടിസ്ഥാന തത്വമാണ്. വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ മുബ്തദിഉകളും
പിഴച്ചവരും പിഴപ്പിക്കുന്നവരും അല്ലാഹുവിന്റെ കോപത്തിനും
ശാപത്തിനും പാത്രീഭൂതരുമാണ്.
സര്‍വശക്തനും ലോകനിയന്താവുമായ അല്ലാഹു രണ്ട്
കക്ഷികളുടെ നേരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. (1) പലിശ
ഇടപാടുകാര്‍. (2) അവന്റെ ഔലിയാക്കളോട് ശത്രുതയില്‍ വര്‍ത്തിക്കുന്നവര്‍.
പലിശ ഇടപാടുകാരെ അഭിമുഖീകരിച്ചുകൊണ്ട് പരിശുദ്ധ
ഖുര്‍ആനില്‍ അല്ലാഹു ഇങ്ങനെ പറയുന്നു: ‘സത്യവിശ്വാസികളെ,
നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും പലിശയില്‍
കിട്ടാന്‍ ബാക്കിയുള്ളത് വിട്ടുകളയുകയും ചെയ്യുക. അങ്ങനെ
നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും
പക്ഷത്തുനിന്നുണ്ടാകുന്ന (ശക്തമായ) സമരത്തെക്കുറിച്ച്
നിങ്ങളറിഞ്ഞിരിക്കുക” (അല്‍ബഖറ 278 – 279).
രണ്ടാമത്തെ കക്ഷികളെ സംബന്ധിച്ചു നബി (സ്വ)
അല്ലാഹുവില്‍ നിന്നിങ്ങനെ ഉദ്ധരിക്കുന്നു: ‘എന്റെ വലിയ്യിന്റെ നേരെ
ആരെങ്കിലും (മനസ്സാ വാചാ കര്‍മ്മണാ) വിദ്വേഷത്തിലും ശത്രുതയിലും
വര്‍ത്തിച്ചാല്‍ അവനു ഞാന്‍ സമരം കൊണ്ട് അറിയിപ്പ്
നല്‍കിയിരിക്കുന്നു’ (ബുഖാരി).
പരിശുദ്ധ ദീനുല്‍ ഇസ്ലാം നമുക്ക് ലഭിച്ചത് നബി
(സ്വ) യുടെ അനുയായികള്‍ മുഖേനയാണ്. അവരുടെ നേരെ
ആക്ഷേപാസ്ത്രങ്ങള്‍ തൊടുത്തുവിടുകയും അവരുടെ വിശ്വസ്തതയെ ചോദ്യം ചെയ്യുകയും
അവരെ അവഹേളിതരായി ചിത്രീകരിക്കുകയും ചെയ്യുകയെന്നത്
യഥാര്‍ഥത്തില്‍ ഇസ്ലാമിക സൌധത്തെ തട്ടിത്തകര്‍ത്തു
തരിപ്പണമാക്കി ജാഹിലിയ്യത്തും നിര്‍മതത്വവും പ്രചരിപ്പിക്കാനുള്ള നീചവും
നികൃഷ്ടവുമായ ഒരടവ് മാത്രമാണ്.
അല്ലാമാ അബൂസുര്‍അതുര്‍റാസി (റ) പറയുന്നത് കാണുക:
“നബി (സ്വ) യുടെ അനുചരന്മാരില്‍ ആരെയെങ്കിലും ഒരാള്‍
അധിക്ഷേപിക്കുന്നതായി നീ കണ്ടാല്‍ അവന്‍ സിന്ദീഖ് (മതനിഷേധി) ആണെന്ന് നീ
കരുതുക. എന്തുകൊണ്ടെന്നാല്‍ നബി (സ്വ) യുടെ രിസാലത്ത് (ദൌത്യം)
സത്യമാണ്. അവിടുന്ന് കൊണ്ടുവന്ന പരിശുദ്ധ ഖുര്‍ആനും സത്യമാണ്.
അത് നമുക്ക് എത്തിച്ചുതന്നത് സ്വഹാബഃ (റ) ആണ്. ആക്ഷേപം
പറയുന്നവരുടെ ഉദ്ദേശ്യം നമ്മുടെ സാക്ഷികള്‍ വിശ്വാസയോഗ്യരല്ലെന്ന്
വരുത്തിത്തീര്‍ക്കലും തദ്വാരാ ഖുര്‍ആനും സുന്നത്തും
അവിശ്വസനീയമാക്കിത്തീര്‍ക്കലുമാണ്. എന്നാല്‍ സ്വഹാബതിനെ
അധിക്ഷേപിക്കുന്നവരാണ് സിന്ദീഖുകളും ആക്ഷേപാര്‍ഹരും” (അല്‍ ഇസാബ, വാല്യം 1,
പേജ് 11).
ശിയാക്കള്‍, റാഫിളികള്‍, ഖവാരിജുകള്‍ തുടങ്ങിയ
മുബ്തദിഉകള്‍ സ്വഹാബതിനെ സംബന്ധിച്ചു നിരവധി ആക്ഷേപങ്ങള്‍
ഉന്നയിച്ചിട്ടുണ്ട്. മഹാന്മാരായ ഇമാമുകള്‍ പ്രസ്തുത ആക്ഷേപങ്ങള്‍ക്ക്
വായടപ്പന്‍ മറുപടി നല്‍കുകയും അവരുടെ പരിശുദ്ധാവസ്ഥ
പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ
സ്ഥാപകനേതാവായ അബുല്‍ അഅ്ലാ മൌദൂദി എന്ത് നിലപാട് താഴെ വിവരിക്കുന്ന
സംഗതികളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.
അദ്ദേഹം എഴുതുന്നു: “ഏറ്റവും ആശ്ചര്യകരമായ ഒരു
സംഗതി ഇതാണ്. എന്തെന്നാല്‍ വിവിധ ഘട്ടങ്ങളില്‍ നബി (സ്വ) യുടെ
അസ്വ്ഹാബികളെ മനുഷ്യ സഹജമായ ചില ദൌര്‍ബല്യങ്ങള്‍ കീഴടക്കിക്കളഞ്ഞിരുന്നു.
(അവരിലൊരാള്‍ മറ്റൊരാളെ സംബന്ധിച്ചു വ്യാജം പറയുന്നവനെന്നു
പറഞ്ഞ് ആരോപണം നടത്തിയിരിക്കുന്നു.) വിത്ര്‍ നിസ്കാരം
നിര്‍ബന്ധമില്ലെന്ന് അബൂഹുറയ്റഃ (റ) അഭിപ്രായപ്പെട്ടിരിക്കുന്നുവെന്ന
വാര്‍ത്ത ഇബ്നുഉമര്‍ (റ) കേട്ടപ്പോള്‍ അബൂഹുറയ്റഃ (റ) യെ
ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അബൂഹുറയ്റഃ (റ)
വ്യാജം പറയുന്ന ആളാണ്.’ ആഇശഃ (റ) ഒരിക്കല്‍ അനസ് റ),
അബൂസഈദുല്‍ഖുദ്രി (റ) എന്നീ രണ്ടുപേരെ സംബന്ധിച്ചു ഇങ്ങനെ പറഞ്ഞു:
അവര്‍ക്കെന്ത് ഹദീസ് അറിയാം. അവര്‍ അക്കാലത്ത്
കുട്ടികളായിരുന്നില്ലേ?
“ഹസന്‍ (റ) ഹസ്രത് അലി (റ) യോട് ശാഹിദ്, മശ്ഹൂദ്
എന്നീ പദങ്ങളുടെ അര്‍ഥമെന്താണെന്ന് ചോദിച്ചു. അദ്ദേഹം അതിന്റെ അര്‍ഥം
വിവരിച്ചു കൊടുത്തു. അപ്പോള്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു: ‘ഇബ്നുഉമര്‍ (റ)
വും ഇബ്നു സുബൈറും (റ) മറ്റൊരു വിധത്തിലാണല്ലോ അര്‍ഥം പറഞ്ഞത്.
അലി (റ) പറഞ്ഞു: ‘അവര്‍ രണ്ടുപേരും വ്യാജം പറയുന്നവരാണ്.’
മുഗീറതുബ്നു ശുഅ്ബഃ (റ) യെ സംബന്ധിച്ചു വ്യാജം പറയുന്ന ആളെന്ന്
അലി (റ) ആക്ഷേപിച്ചിരുന്നു. ഉബാദതുബ്നുസ്സ്വാമിത് (റ) ഒരു മസ്അല
വിവരിച്ചുകൊണ്ട് മസ്ഊദ് ബ്നു ഔസുല്‍ അസീരി(റ) കളവു പറയുന്ന ആളാണെന്ന്
പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത
ഒരു മഹാനായിരുന്നു’ (തഫ്ഹീമാത്ത്, ഭാഗം 294).
എന്നാല്‍ മൌദൂദി പ്രസ്തുത ആരോപണങ്ങളുന്നയിച്ചതിന്
യാതൊരു സനദും (നിവേദകന്മാരുടെ പരമ്പര) വിവരിച്ചിട്ടില്ല. ഏതു ഗ്രന്ഥത്തില്‍
നിന്നുദ്ധരിച്ചതാണെന്നും വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഈ
ആരോപണങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നുവെന്നും
വ്യക്തമാക്കിയിട്ടില്ല. വാസ്തവത്തില്‍ ഇതെല്ലാം ബഹു. സ്വഹാബതിനെ തരം
താഴ്ത്തുവാനും അവരെക്കുറിച്ച് മുസ്ലിംകള്‍ക്കുള്ള വിശ്വാസം
നശിപ്പിക്കാനും അബുല്‍ അഅ്ലാ മൌദൂദി അനാവശ്യമായി പ്രയോഗിച്ച
കുതന്ത്രമാണ്. വ്യക്തവും അനിഷേധ്യവുമായ തെളിവുകള്‍ മുഖേന സ്വഹാബതിന്റെ
ഉന്നതാവസ്ഥയും പരിശുദ്ധിയും തെളിഞ്ഞിരിക്കെ ഇത്തരം
‘അടിയുറപ്പില്ലാത്ത ആക്ഷേപങ്ങള്‍’ ഒന്നും തന്നെ സ്വീകരിക്കാന്‍
നിവൃത്തിയില്ല.
ഖുര്‍ആനിനും ഹദീസിനും അഹ്ലുസ്സുന്നത്ത് വല്‍
ജമാഅത്തിന്റെ ഐക്യകണ്ഠേനയുള്ള തീരുമാനത്തിനും വിരുദ്ധമായ ആക്ഷേപങ്ങള്‍
മുഖേന സ്വഹാബാകിറാം (റ) നെ സംബന്ധിച്ച് അവഹേളിതരും പാപികളും
സ്വീകരിക്കാന്‍ കൊള്ളരുതാത്തവരുമാണെന്ന് വരുത്തിത്തീര്‍ക്കുക
മാത്രമാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നു നിഷ്പ്രയാസം
ഗ്രഹിക്കാന്‍ കഴിയും. ഹസ്രത് ഉമര്‍ (റ) നബി (സ്വ) യുടെ അനുയായികളില്‍
വളരെയധികം പ്രാധാന്യമുള്ള ഒരു മഹാനാണെന്നത് സുപ്രസിദ്ധമാണ്.
അദ്ദേഹത്തിന്റെ ഈമാന്‍ പരിപൂര്‍ണമായിട്ടില്ലെന്നും
അന്ധവിശ്വാസത്തിന്റെ ചില അവശിഷ്ടങ്ങള്‍ അദ്ദേഹത്തില്‍
കുടികൊള്ളുന്നുണ്ടെന്നും തന്നിമിത്തമാണ് നബി (സ്വ) വഫാതായ ഉടനെ ആ
വാര്‍ത്ത സമ്മതിക്കാന്‍ ഒരുങ്ങാത്തതെന്നുമാണ് മൌദൂദി പറയുന്നത്
(തര്‍ജുമാനുല്‍ഖുര്‍ആന്‍. 2, 4. റബീഉല്‍ ആഖിര്‍ ഹി. 57).
ദസ്തൂര്‍ ജമാഅത്തെ ഇസ്ലാമി എന്ന ഗ്രന്ഥത്തില്‍
ഇങ്ങനെ എഴുതുന്നു: “നബി (സ്വ) യെ അല്ലാതെ മറ്റാരെയും തന്നെ സത്യത്തിന്റെ
മാനദണ്ഢം (മിഅ്യാറെ ഹഖ്) ആയി ഗണിക്കരുത്. ആരും തന്നെ
വിമര്‍ശനത്തില്‍ നിന്നു വിമുക്തരാണെന്നു വിശ്വസിക്കുകയുമരുത്.
ആരുംതന്നെ അനുകരിക്കാന്‍ പറ്റിയവരാണെന്നു കരുതുകയും ചെയ്യരുത”
(പേ. 5). കലിമ ത്വയ്യിബയുടെ രണ്ടാമത്തെ ഘടകമായ മുഹമ്മദുര്‍റസൂലുല്ലാഹി
എന്നതിന്റെ വ്യാഖ്യാനത്തിലാണ് ഇതെഴുതിയത്.
ശ്രദ്ധിക്കുക, നബി (സ്വ) യുടെ അനുയായികളെയോ മറ്റു
മഹാന്മാരെയോ സത്യത്തിന്റെ മാനദണ്ഢമായി സ്വീകരിക്കാനും പിന്തുടരാനും
പാടില്ലെന്നു വരുമ്പോള്‍ സംഗതിയുടെ ഗൌരവം എവിടെ എത്തിക്കഴിഞ്ഞു?
സ്വഹാബത് പിന്തുടരാനര്‍ഹരാണെന്നും അവരെ പിന്തുടരല്‍ ഒരു
മുസ്ലിമിന്റെ ഒഴിച്ചുകൂടാത്ത കര്‍ത്തവ്യമാണെന്നും വിളിച്ചോതുന്ന തെളിവുകള്‍
ധാരാളമുണ്ട്. അവയില്‍ ചിലതിവിടെ ഉദ്ധരിക്കാം.
നബി (സ്വ) അരുള്‍ ചെയ്യുന്നു: “എന്റെ അനുയായികള്‍
(അസ്വ്ഹാബ്) (ആകാശത്തിലുള്ള) താരങ്ങള്‍ പോലെയാണ്. അവരില്‍ ആരെ നിങ്ങള്‍
പിന്തുടര്‍ന്നാലും നിങ്ങള്‍ സന്മാര്‍ഗ
പ്രാപ്തരായിത്തീരുന്നതാണ്” (റസീന്‍).
ഇര്‍ബാനുബ്നു സാരിയഃ (റ) ഇങ്ങനെ പറയുന്നു: നബി
(സ്വ) ഒരു ദിവസം ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അതിഗംഭീരമായൊരു പ്രസംഗം
ചെയ്തു. അത് നിമിത്തം ഹൃദയങ്ങള്‍ ഭയന്നുപോവുകയും നയനങ്ങള്‍ അശ്രു
ഒഴുക്കുകയും ചെയ്തു. സദസ്യരില്‍ നിന്നൊരാള്‍ എഴുന്നേറ്റു നിന്നു
ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇതൊരു വിടവാങ്ങല്‍
പ്രസംഗം പോലെയായിരിക്കുന്നുവല്ലോ. അതുകൊണ്ട് ഞങ്ങളുടെ ഭാവിരക്ഷക്കായി
ആവശ്യമായ ഉപദേശം നല്‍കിയാലും. അപ്പോള്‍ അവിടുന്ന് ഇങ്ങനെ
ഉപദേശിച്ചു: അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് കീഴ്പ്പെട്ട്
ജീവിക്കുക. ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണകര്‍ത്താവായാലും അവന്റെ ആജ്ഞകള്‍
അനുസരിച്ചുകൊള്ളുക.’
“എന്റെ ശേഷം ജീവിക്കുന്നവര്‍ നിരവധി അഭിപ്രായ
വ്യത്യാസങ്ങള്‍ കണ്ടേക്കും. അങ്ങനെയുള്ള ഘട്ടങ്ങളില്‍ എന്റെയും
സന്മാര്‍ഗപ്രാപ്തരായ എന്റെ ഖുലഫാഉര്‍റാശിദിന്റെയും മാര്‍ഗം
അവര്‍ അവലംബിച്ചുകൊള്ളുകയും അതിന്മേല്‍ കടിച്ചുപിടിക്കുകയും
ചെയ്തുകൊള്ളട്ടെ. മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക്
നിരക്കാത്ത നൂതന സമ്പ്രദായങ്ങള്‍ കൈവെടിയുക. അത്തരം സംഗതികള്‍
(അനാചാരങ്ങളും ദുര്‍നടപ്പുകളും) നരകത്തിലുമാണ്” (അഹ്മദ്, അബൂദാവൂദ്,
തിര്‍മുദി, ഇബ്നുമാജ).
ഇബ്നുമസ്ഊദ് (റ) പറയുന്നു: “ആരെങ്കിലും
ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കുന്നപക്ഷം മരിച്ചുപോയ മഹാത്മാക്കളായ
അസ്വ്ഹാബികളെ പിന്തുടര്‍ന്നുകൊള്ളട്ടെ. അവര്‍ സമുദായത്തില്‍
വെച്ചു ശ്രേഷ്ഠരും പരിശുദ്ധ ഹൃദയരും ദീനിനെ സംരക്ഷിക്കാനും നബിയുമായി
സഹവസിക്കാനുമായി അല്ലാഹുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുമാണ്. അവരുടെ
പദവി മനസ്സിലാക്കുകയും അവരുടെ കാല്‍പ്പാടുകള്‍ പിന്തുടരുകയും
അവരുടെ സ്വഭാവങ്ങള്‍, നടപടി സമ്പ്രദായങ്ങള്‍ എന്നിവയില്‍ നിന്നു
കഴിയുന്നതും സ്വീകരിച്ചുകൊള്ളുകയും ചെയ്യുക. അവര്‍ ചൊവ്വായ പാതയില്‍ക്കൂടി
ചലിച്ചവരാണ്. (റസീന്‍) മേലുദ്ധരിച്ച വാക്യങ്ങളില്‍ നിന്നു
സ്വഹാബത്തിനെ പിന്‍പറ്റാതെ മുസല്‍മാനായി ജീവിക്കുക
അസാധ്യമാണെന്നും അവരെ അനുകരിക്കല്‍ ഏതൊരു മുസല്‍മാനും അനിവാര്യമായതാണെന്നും
സ്പഷ്ടമാകുന്നുണ്ട്. എന്നാല്‍ മൌദൂദിയുടെ അഭിപ്രായം
ഇതില്‍നിന്നും വിഭിന്നമാണെന്നും അദ്ദേഹം ചലിക്കുന്ന പാത
മറ്റൊന്നാണെന്നും ഗ്രഹിക്കാം.
അപ്പോള്‍ നാം നമ്മുടെ ആത്മശുദ്ധി
ഉറപ്പുവരുത്തുകയും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും തിരഞ്ഞുനടക്കുന്നത്
ഒഴിവാക്കുകയും മഹാന്മാരായ പൂര്‍വ്വികരെക്കുറിച്ച് എന്തെങ്കിലും
അവജ്ഞാപൂര്‍വ്വമുള്ള ആക്ഷേപം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്നത്
തീര്‍ത്തും ഒഴിവാക്കുകയും വേണം. ഇങ്ങനെ ആത്മാവിനെ സംസ്കരിക്കാനും
പരിപൂര്‍ണവിജയം നേടാനും സര്‍വ്വശക്തന്‍ തൌഫീഖ് ചെയ്യട്ടെ.
ആമീന്‍.