സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 18 August 2014

യാത്രക്കാരുടെ നിസ്കാരം






ഹജ്ജ് യാത്ര വേളയില്‍ മാത്രമല്ല എല്ലാ യാത്രകളിലും നിസ്കാരം ജംഉം ഖസ്വ്റും ആക്കി നിര്‍വഹിക്കാനുള്ള ആനുകൂല്യം ഇസ്ലാം നല്‍കിയിരിക്കുന്നു. കൃത്യനിഷ്ഠയോടെ നിസ്കരിക്കുന്ന പലരും യാത്ര സന്ദര്‍ഭങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും പിന്നീട് ഖള്വാഅ് വീട്ടുക യും ചെയ്യുന്ന സമ്പ്രദായം വളരെ കുറ്റകരമാകുന്നു. അനുവദിച്ച സമയത്തില്‍ നിന്നും നിസ് കാരം പിന്തിക്കുന്നത് വന്‍കുറ്റമാണ്. ഖള്വാഅ് വീട്ടിയത് കൊണ്ട് മാത്രം കുറ്റം ഇല്ലാതാവുകയില്ല. ജംഉം ഖസ്വ്റും ആക്കുന്ന ആനുകൂല്യം പഠിച്ചുവെച്ചാല്‍ പലവര്‍ക്കും നിസ്കാരം ഖള്വാഅ് ആക്കേണ്ടിവരില്ല.

ജംഉം ഖസ്റും

ലക്ഷ്യസ്ഥാനവും രണ്ട് മര്‍ഹല(132 കി.മി.) ദൂരവുമുള്ള അനുവദനീയമായ യാത്രയില്‍ ഖസ്വ്റുംജംഉം ജാഇസാണ്. മൂന്ന് മര്‍ഹല (198 കി.മീ.) ദൂരമുണ്ടായാല്‍ ഖസ്വ്റാക്കല്‍ സുന്നത്ത് കൂടിയാണ്.
നാല് റക്അത്തുള്ള ളുഹ്ര്‍, അസ്വര്‍, ഇശാഅ് എന്നീ നിസ്കാരങ്ങള്‍ രണ്ട് റക്അത്താക്കി ചുരുക്കി നിസ്കരിക്കുന്നതിനാണ് ഖസ്വ്ര്‍ എന്ന് പറയുന്നത്. ളുഹ്റും അസ്വ്റും രണ്ടിലൊന്നിന്റെ സമയത്തും മഗ്രിബും ഇശാഉം രണ്ടിലൊന്നിന്റെ സമയത്തും നിസ്കരിക്കുന്നതിന് ജംഅ് എന്നും പറയുന്നു. സ്വുബ്ഹി നിസ്കാരത്തിന് ജംഉം ഖസ്വ്റും, മഗ്രിബിന് ഖസ്വ്റും ബാധകമല്ല. രണ്ട് നിസ്കാരവും കൂടി ആദ്യ നിസ്കാരത്തിന്റെ സമയത്ത് നിസ്കരിക്കുന്നതിന് ജംഉത്തഖ്ദീം (മുന്തിച്ച് ജംആക്കുക) എന്നും രണ്ടും കൂടി രണ്ടാമത്തേതിന്റെ സമയത്ത് നിസ്കരിക്കുന്നതിന് ജംഉത്തഅ്ഖീര്‍ (പിന്തിച്ച് ജംആക്കുക) എന്നും പറയുന്നു. യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ അതിര്‍ത്തി കടന്ന മുതല്‍ ഈ ആനുകൂല്യം തുടങ്ങുന്നു. യാത്ര അവസാനി ക്കും മുമ്പ് നിസ്കാരം പൂര്‍ത്തിയാവുകയും വേണം.
സ്വദേശത്ത് എത്തുകയോ ഒരു സ്ഥലത്ത് പൂര്‍ണമായി നാലുദിവസം തങ്ങുകയോ നാലുദിവസം താമസിക്കുമെന്ന് കരുതുകയോ ചെയ്താല്‍ യാത്ര അവസാനിച്ചതായി ഗണിക്കപ്പെടുന്നതാമ്. അതുപോലെ നാലുദിവസത്തില്‍ താഴെ താമസിച്ചാല്‍ ആവശ്യം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയോടെ വന്ന് താമസം നീണ്ടുപോയാല്‍ 18 ദിവസം വരെ ഖസ്വ്റും ജംഉം അനുവദനീയമാണ്. പൂര്‍ത്തിയാക്കി നിസ്കരിക്കുന്നവനോട് ഖസ്വ്റാക്കുന്നവന് തുടരാന്‍ പാടില്ല. നിസ്കാരത്തിന്റെ ആരംഭത്തില്‍ തന്നെ ഖസ്വ്റാക്കുന്നുവെന്ന് നിയ്യത്തുണ്ടായിരിക്കല്‍ ശര്‍ത്വാണ്. മുന്തിച്ച് ജംആക്കുന്നതിന് മൂന്ന് ശര്‍ത്വുകളുണ്ട്. ഒന്ന്; ആദ്യനിസ്കാരം ആദ്യം നിസ്കരിക്കുക. രണ്ട്: ആദ്യ നിസ്കാരം കഴിയും മുമ്പ് ‘അടുത്ത നിസ്കാരവും കൂടി ഇതോടൊപ്പം ചേര്‍ത്തി നിസ്കരിക്കുന്നു’ എന്ന് കരുതുക. താമസംവിനാ ജംഇന്റെ നിയ്യത്തോടെ രണ്ടാമത്തേതും നിസ്കരിക്കണം. മൂന്ന്: ആദ്യ നിസ്കാരം കഴിഞ്ഞയുടന്‍ രണ്ടാമത്തേത് നിസ്കരിക്കുക. ഇടയില്‍ കൂടുതല്‍ വിടവുണ്ടാകരുത്.
പിന്തിച്ച് ജംആക്കല്‍ സ്വഹീഹാകാന്‍ ആദ്യനിസ്കാരത്തിന്റെ സമയംകഴിയുന്നതിന് മുമ്പ് നിസ് കരിക്കാനാവശ്യമായ സമയം ബാക്കിയുണ്ടായിരിക്കെ ജംആക്കി നിസ്കരിക്കുമെന്ന് കരുതല്‍ ശര്‍ത്വാണ്. ഖസ്വ്റും ജംഉം ഒന്നിച്ചും ഏതെങ്കിലും ഒന്ന് ഒഴിവാക്കി ഒന്നുമാത്രവും എടുക്കാവുന്നതുമാണ്.

പ്രായോഗിക രൂപം

ഉച്ചക്ക് ഒരു മണിക്ക് നിങ്ങള്‍ വിമാനത്താവളത്തിലാണെന്ന് സങ്കല്‍പ്പിക്കുക. ളുഹ്റിന്റെ സമയമായിരിക്കുന്നു. അസ്വ്റിന്റെ സമയത്ത് വിമാനത്തില്‍ നിന്ന് ഇറങ്ങിയേക്കും. അവിടെ നിസ്കരിക്കാന്‍ സൌകര്യം ലഭിച്ചുകൊള്ളണമെന്നില്ല. ഇവിടെ സമയമുണ്ട് താനും. എങ്കില്‍ അസ്വ്റും കൂടി ളുഹ്റിന്റെ സമയത്ത് ജംആക്കി നിസ്കരിക്കുന്നതാണ് നല്ലത്. വുള്വൂഅ് ചെയ്ത് ബാങ്കും ഇഖാമത്തും കൊടുത്ത് ആദ്യം ള്വുഹ്ര്‍ രണ്ട് റക്അത് നിസ്കരിക്കുക.”അല്ലാഹു തആലാക്കുവേണ്ടി ളുഹ്റെന്ന ഫര്‍ളിനെ ഖസ്വ്റായി രണ്ട് റക്അത് ഞാന്‍ നിസ്കരിക്കുന്നു. അസ്വ്റിനെ ഇതോടൊപ്പം മുന്തിച്ച് ജംആക്കുകയും ചെയ്യുന്നു.’ എന്ന നിയ്യത്ത് ചെയ്യണം. ളുഹര്‍ രണ്ട് റക്അത് നിസ്കരിച്ച് സലാം വീട്ടിയ ഉടനെ ഇഖാമത്ത് നിര്‍വഹിക്കുക. തുടര്‍ന്ന് അസ്വ്റിനെ രണ്ട് റക്അത് ഖസ്റായി ളുഹ്റിന്റെ കൂടെ മുന്തിച്ച് ജംആക്കി നിസ്കരിക്കുന്നു എന്നുകരുതി നിസ്കരിക്കുക.
അങ്ങനെ നിസ്കരിക്കാനുദ്ദേശ്യമില്ലെങ്കില്‍ ളുഹര്‍ നിസ്കാര സമയം കടന്നശേഷം ‘ളുഹ്റിനെ അസ്വ്റിന്റെ കൂടെ പിന്തിച്ചു ജംആക്കി നിസ്കരിക്കാം.’ എന്ന് മനസ്സില്‍ കരുതിയാല്‍ മതി. ളുഹ്റിന്റെ സമയം അവസാനിക്കും മുമ്പ് ഇപ്രകാരം കരുതല്‍ നിര്‍ബന്ധമാണ്. ഇത് കരുതാന്‍ വിട്ടുപോയാല്‍ ആദ്യ നിസ്കാരം ഖള്വാഅ് ആകുന്നതും തന്മൂലം തെറ്റുകാരനാകുന്നതുമാണ്. അസ്വ്ര്‍ നിസ്കാര സമയത്ത് രണ്ടും കൂടി ഒന്നിച്ച് നിസ്കരിക്കാം. ളുഹ്റിനെ ആദ്യമാക്കലും ഇടയില്‍ വിട്ടുപിരിക്കാതിരിക്കലും ജംഇനെ കരുതലും പിന്തിച്ച് ജംആക്കുന്നവന് തുടക്കത്തില്‍ ബാങ്കും ഇഖാമത്തും കൊടുക്കലും ളുഹ്റിനു ശേഷം അസ്വ്റിനുവേണ്ടി ഇഖാമത്ത് മാത്രം കൊടുക്കലും സുന്നത്താണ്.
ഇപ്രകാരം മഗ്രിബും ഇശാഉം തമ്മിലും ഇഷ്ടാനുസരണം മുന്തിച്ചും പിന്തിച്ചും ജംആക്കാം. എന്നാല്‍ ഫര്‍ള്വിന്റെ മുമ്പും പിമ്പുമുള്ള സുന്നത്ത് നിസ്കാരങ്ങള്‍ യാത്രയിലായാലും സുന്നത്താണ്. മുന്തിച്ച് ജംആക്കുമ്പോള്‍ രണ്ട് നിസ്കാരങ്ങള്‍ക്കിടയില്‍ സുന്നത്ത് നിസ്കരിക്കരുത്. ളുഹ്റിനു ശേഷമുള്ളതും അസ്വ്റിനു മുമ്പുള്ളതുമായ സുന്നത്തുകള്‍ അസ്വ്ര്‍ നിസ്കരിച്ചശേഷം നിര്‍വഹിക്കാം. ഇശാഅ് മഗ്രിബിന്റെ സുന്നത്തുകള്‍ ഇശാക്കു ശേഷവും നിസ്കരിക്കാം. പിന്തിച്ച് ജംആക്കുമ്പോഴും ഇപ്രകാരം ചെയ്യലാണുത്തമം.
ഇപ്രകാരം മഗ്രിബും ഇശാഉം തമ്മിലും ഇഷ്ടാനുസരണം മുന്തിച്ചും പിന്തിച്ചും ജംആക്കാം. എന്നാല്‍ ഫര്‍ള്വിന്റെ മുമ്പും പിമ്പുമുള്ള സുന്നത്ത് നിസ്കാരങ്ങള്‍ യാത്രയിലായാലും സുന്നത്താണ്. മുന്തിച്ച് ജംആക്കുമ്പോള്‍ രണ്ട് നിസ്കാരങ്ങള്‍ക്കിടയില്‍ സുന്നത്ത് നിസ്കരിക്കരുത്. ളുഹ്റിനു ശേഷമുള്ളതും അസ്വ്റിനു മുമ്പുള്ളതുമായ സുന്നത്തുകള്‍ അസ്വ്ര്‍ നിസ്കരിച്ചശേഷം നിര്‍വഹിക്കാം. ഇശാഅ് മഗ്രിബിന്റെ സുന്നത്തുകള്‍ ഇശാക്കു ശേഷവും നിസ്കരിക്കാം. പിന്തിച്ച് ജംആക്കുമ്പോഴും ഇപ്രകാരം ചെയ്യലാണുത്തമം.