സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 12 August 2014

അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?

ചോദ്യം: അബൂമാലിക്(റ) തന്റെ പിതാവിനോട് ഇപ്രകാരം ചോദിച്ചു. “താങ്കള്‍ നബി    (സ്വ)യുടെ പിന്നിലും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പിന്നിലും കൂഫയില്‍ വെച്ച് അന്‍പതോളം വര്‍ഷം അലി(റ)ന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ? പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, അത് മുഹ്ദസ് (പുതുതായുണ്ടാക്കപ്പെട്ടത്) ആകുന്നു.” ഈ ഹദീസ് തിര്‍മുദി(റ)യും നസാഇ(റ)യും ഇബ്നുമാജ(റ)യും നിവേദനം ചെയ്തതായി മിശ്കാതില്‍ കാണുന്നു. ഇതിനെ സംബന്ധിച്ചെന്തു പറയുന്നു.
ഉത്തരം: ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. “ഈ സ്വഹാബിയുടെ ഖുനൂത് നിഷേധം കൊണ്ട് ഖുനൂത് ഇ ല്ലെന്നുവരില്ല. കാരണം ഖുനൂത് സ്ഥിരീകരിച്ചുകൊണ്ട് നല്ലൊരു സമൂഹം തന്നെ സാ ക്ഷ്യം വഹിച്ചിട്ടുണ്ട്. ഹസന്‍(റ), അബൂഹുറയ്റ(റ), അനസ്(റ), ഇബ്നുഅബ്ബാസ്(റ) തുടങ്ങിയവര്‍ അവരില്‍പെടും. മാത്രമല്ല, ഈ സ്വഹാബിക്ക് നബി(സ്വ)യോടുള്ള സഹവാസത്തെക്കാള്‍ കൂടുതല്‍ സഹവാസമുള്ളവരായിരുന്നു അവര്‍. ത്വാരിഖുബ്നു അശ് യം(റ) എന്നാണ് ഈ സ്വഹാബിയുടെ പേര്. ഏതായാലും അവര്‍ സാക്ഷ്യം വഹിച്ചതാ ണ് സുസ്ഥിരമായത്” (കാശിഫ് – 3/160).
ഇബ്നുല്‍ അല്ലാന്‍(റ) എഴുതുന്നു: “ശറഹുല്‍ മിശ്കാതില്‍ ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചയം ഖുനൂത് സ്ഥിരീകരിച്ചവര്‍ കൂടുതല്‍ ജ്ഞാനികളും എണ്ണം അധികരിച്ചവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍ഗണന നല്‍കല്‍ നിര്‍ബന്ധമാണെന്ന് നമ്മുടെ ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്. പ്രസ്തുത സ്വഹാബി വര്യന്‍ നിസ് കാരവേളയില്‍ വിദൂരത്തായതുകൊണ്ടോ നബി(സ്വ)യും മേല്‍പറഞ്ഞ സ്വഹാബികളും ഖുനൂത് പതുക്കെയാക്കിയതുകൊണ്ടോ കേള്‍ക്കാതിരിക്കാനും ന്യായമുണ്ടെന്ന് ഹാഫിള് ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ നബി(സ്വ) വിത്റിലല്ലാതെ ഖുനൂത് ഓതിയിട്ടില്ല എന്ന ഇബ്നു മസ്ഊദി(റ)ല്‍ നിന്നുള്ള നിവേദനം വളരെ ദുര്‍ബലമാണ്” (അ ല്‍ ഫുതൂഹാതുര്‍റബ്ബാനിയ്യ – 2/286).
ചുരുക്കത്തില്‍ ഖുനൂത് സ്ഥിരീകരിച്ച നിരവധി സ്വഹാബാക്കളുടെ നിവേദനങ്ങളെ ഒഴിവാക്കി ഈ ഒരു സ്വഹാബി വര്യന്റെ നിവേദനത്തെ അവലംബിക്കാന്‍ രേഖകള്‍ സമ്മതിക്കുന്നില്ല. മാത്രമല്ല, ഈ സ്വഹാബിവര്യന്റെ വാക്ക് ‘അയ് ബുനയ്യ മുഹ്ദസുന്‍’ (കുഞ്ഞിമോനേ, പുതുതായി ഉണ്ടാക്കപ്പെട്ടതാണ്) എന്ന് മാത്രമാണ്. ഈ വാക്കിനര്‍ഥം ഖുനൂത് പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്ന് തന്നെ ആയിക്കൊള്ളണമെന്നില്ല. നിരന്തരമായി ആ ചരിച്ചുപോന്ന ഖുനൂതിനെ സംബന്ധിച്ചുള്ള ചോദ്യം തന്നെ മുഹ്ദസാണെന്നും ഖുനൂതിനെ സംബന്ധിച്ച് ഇതിന് മുമ്പ് ആരും ചോദിച്ചിട്ടില്ല എന്നാവാനും സാധ്യതയുണ്ട്. ഖു നൂതിനെ സംബന്ധിച്ചാണല്ലോ ഈ സ്വഹാബിയോട് ചോദ്യമുന്നയിക്കപ്പെട്ടത്. ഈ ചോ ദ്യത്തെയാണ് മുഹ്ദസുന്‍ എന്ന വാക്കുകൊണ്ട് പ്രതികരിച്ചത്. അപ്പോള്‍ മേലില്‍ ഇപ്രകാരം ചോദിക്കുന്നത് സൂക്ഷിക്കണമെന്ന് പുത്രനെ അദബ് പഠിപ്പിക്കുകയാണ് സ്വഹാബിവര്യന്‍ ചെയ്യുന്നത്. സുബൈദുബ്നുല്‍ ഹാരിസി(റ)ല്‍ നിന്ന് ശരീക്, സുഫ്യാന്‍(റ) എന്നിവര്‍ വഴിയായി രണ്ട് നിവേദക പരമ്പരയിലൂടെ ഇബ്നു അബീശൈബ(റ) നിവേദനം ചെയ്ത ഹദീസ് മേല്‍ സാധ്യതക്ക് ശക്തി കൂട്ടുന്നു. സുബൈദ്(റ) പറഞ്ഞു. ‘സ്വു ബ്ഹി നിസ്കാരത്തിലെ ഖുനൂത് സംബന്ധമായി ഞാന്‍ ഇബ്നു അബീ ലൈല(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഖുനൂത് പണ്ട് മുതലേ നടന്നുവരുന്ന സുന്നത്താകുന്നു” (മുസ്വന്നഫു ഇബ്നി അബീശൈബ – 2/312).