സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 15 August 2014

ഖബറിന്മേല്‍ ചെടി കുത്തല്‍

ചോദ്യം: ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഒരു പണ്ഢിതന്റെ ജനാസയെ അനുഗമിച്ചു. ശേഷക്രിയയില്‍ പങ്കെടുത്തു. തസ്ബീതും മറ്റും കഴിഞ്ഞശേഷം ദുആ ചെയ്തു. പക്ഷേ, സാധാരണ ഖബറിന്മേല്‍ ചെടി കുത്തുന്നതുപോലെ കുത്തുന്നത് കണ്ടില്ല. ഇതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ  മകനോട് ചോദിച്ചപ്പോള്‍ അതൊന്നും ആവശ്യമില്ലെന്നും അത് അന്ധ വിശ്വാസമാണെന്നും പറഞ്ഞു.  അദ്ദേഹം ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനാണ്. ഇതിനെകുറിച്ചെന്ത് പറയുന്നു?
ഉത്തരം; ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഒന്നും പറയുന്നില്ല. അബുല്‍ അഅ്ല പറയുന്നത് വേദവാക്യമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണവര്‍.
ഖബറിന്മേല്‍ ചെടികുത്തുന്ന കാര്യം ബുഖാരി, മുസ്ലിം തുടങ്ങിയ നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും എല്ലാ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ച കാര്യമാണ്. അതൊരു പുണ്യകര്‍മ്മവും മയ്യിത്തിന് പുണ്യം ലഭിക്കുന്നതുമായ കാര്യമാണെന്നതില്‍ തര്‍ക്കമില്ല. കാരണം അത് നബി(സ്വ) പഠിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ അത് മുസ്ലിംകള്‍ക്ക് ചോദ്യം ചെയ്യാനവകാശമില്ല.
ഇബ്നുഹജര്‍(റ) പറയുന്നു: “ഖബറിന്മേല്‍ പച്ച ഈത്തപ്പന മട്ടല്‍ കുത്തുന്നത് സുന്നത്താണ്. നബി(സ്വ)യെ അനുകരിക്കുന്നതിനുവേണ്ടിയാണിത്. ഇതിന്റെ നിവേദക പരമ്പര സ്വഹീഹാണ്. മാത്രമല്ല അതിന്റെ തസ്ബീഹിന്റെ ബറകത് കൊണ്ട് മയ്യിത്തിന് (ശിക്ഷയില്‍) ലഘൂകരണം ലഭിക്കും. ഉണങ്ങിയവയുടെ തസ്ബീഹിനെക്കാള്‍ പൂര്‍ണമാണ് പച്ചയുടേത്. ഒരുതരം ജീവ് അതിലുള്ളതാണ് കാരണം. റൈഹാനത്ത് പോലെയുള്ള മറ്റു പച്ച ചെടികള്‍ കുത്തിപ്പോരുന്ന പതിവ് ഇതിനോട് തുലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിന്മേല്‍ കുത്തപ്പെട്ട ഇവകളില്‍ നിന്ന് വല്ലതും എടുക്കുന്നത് നിഷിദ്ധമാണ്. മയ്യിത്തിന്റെ അവകാശം അത് പാഴാക്കുന്നുവെന്നതാണ് കാരണം”  (തുഹ്ഫ 3/197).
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി(സ്വ) രണ്ട് ഖബറുകളഉടെ അരികിലൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അവിടന്നരുളി: തീര്‍ച്ചയായും ഈ രണ്ട് ഖബറിലുള്ളവരും ശിക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ ശിക്ഷിക്കപ്പെടുന്നത് (സൂക്ഷിക്കല്‍ പ്രയാസമായ) ഗുരുതരകാര്യത്തിന്റെ പേരിലല്ല. അവരിലൊരാള്‍ മൂത്രശുദ്ധീകരണത്തില്‍ സൂക്ഷ്മത പാലിക്കാത്തവരും മറ്റവന്‍ ഏഷണിയുമായി നടക്കുന്നവനുമായിരുന്നു. അനന്തരം നബി(സ്വ) ഒരു പച്ച ഈത്തപ്പന മട്ടല്‍ കൊണ്ടുവരാന്‍ പറയുകയും അത് രണ്ടായി പിളര്‍ത്തി ഓരോ ഖബറിന്മേല്‍ വെക്കുകയും ചെയ്തു. അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു. അവിടുന്ന് എന്തിനാണിത് ചെയ്തത്.  നബി(സ്വ) പറഞ്ഞു: അവ രണ്ടും ഉണങ്ങാതിരിക്കുന്ന കാലത്തോളം അവര്‍ക്ക് രണ്ടുപേര്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കും” (ബുഖാരി 1/34, 35, മുസ്ലിം 1/141).
ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നു: “പച്ച ഈത്തപ്പന മട്ടല്‍ ഖബറിന്മേല്‍ കുത്തിയതിന്റെ തത്വം പച്ചയാകുന്ന കാലത്തോളം അത് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നതും തസ്ബീഹിന്റെ ബറകത് കൊണ്ട് (ശിക്ഷയില്‍) ലഘൂകരണം കരസ്ഥമാകുന്നതുമാണെന്ന് ചില പണ്ഢിതന്മാര്‍ പ്രസ്താവിച്ചതായി ഇമാം ഖത്വാബി(റ) ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഇതനുസരിച്ച് ഈ പറഞ്ഞ തത്വം ഈത്തപ്പന മട്ടലില്‍ മാത്രം ഒതുങ്ങിനില്‍ക്കാത്തതും പച്ചപിടിപ്പുള്ള മരങ്ങള്‍ മറ്റുചെടികള്‍ തുടങ്ങിയവയിലും ഇത് നടക്കുന്നതുമാണ്. ഇപ്രകാരം തന്നെയാണ് ദിക്റ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയിലുള്ള പുണ്യവുമെന്ന് പറയേണ്ടതില്ല” (ഫത്ഹുല്‍ബാരി 1/587). ഇപ്രകാരം ഉംദതു ല്‍ഖാരി 3/118ലും കാണാം.
ഇതില്‍നിന്നും ഖബറിനരികെ വെച്ചുള്ള ഖുര്‍ആന്‍ പാരായണം സുന്നത്താണെന്നും ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് ഉപകരിക്കുന്നതിനെക്കാളും ഖുര്‍ആന്‍ ഉപകരിക്കുന്നതാണെന്നും പണ്ഢിതന്മാര്‍ പറഞ്ഞതായി ശര്‍ഹുമുസ്ലിം 1/141ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ഖബറിന്മേല്‍ ചെടിയോ മേറ്റാ കുത്തുന്നത് അന്ധവിശ്വാസമല്ലെന്നും പ്രത്യുത നബി(സ്വ)യുടെ സുന്നത്താണെന്നും അതുകൊണ്ട് മയ്യിത്തിന് പുണ്യം ലഭിക്കുമെന്നും സുതരാം വ്യക്തമായി.