സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 7 August 2014

അക്രമിക്കപ്പെട്ടവനെയും അക്രമിയെയും സഹായിക്കുക

''അക്രമിക്കപ്പെട്ടവനായാലും അക്രമിയായാലും നിന്റെ സഹോദരനെ നീ സഹായിക്കുക. ചോദിക്കപ്പെട്ടു. 'എങ്ങിനെയാണ് ഞാന്‍ അക്രമിയെ സഹായിക്കുന്നത്‌ എന്ന് ? നബി (സ) പറഞ്ഞു : അക്രമിക്കുന്നതില്‍ നിന്നവനെ നീ തടയുകയും അക്രമിക്കാനുള്ള അവന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുക ; എന്നാല്‍ തീര്‍ച്ചയായും അതവനെ സഹായിക്കലാണ് . ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം :

നാം ഓരോരുത്തരും അവരവര്‍ക്ക്‌ കഴിയാവുന്ന വിധത്തില്‍ മറ്റുള്ളവര്‍ക്ക്‌ സഹായം ചെയ്ത്‌ കൊടുക്കണം. അക്രമിയായി നടക്കുന്ന ഒരാളെ ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും അയാളുടെ അക്രമാസകതിയും അക്രമിക്കാനുള്ള അവന്റെ കഴിവിനെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കലും യഥാര്‍ത്ഥത്തില്‍ ആ അക്രമിയെ സഹായിക്കലാണ്. അതാണ് അക്രമിയായ സഹോദരനെയും സഹായിക്കണം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്‌.

കുറിപ്പ്‌:

വര്‍ത്തമാന കാലത്ത്‌ ഏറെ പ്രസക്തിയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു ഹദീസ്‌ (തിരുമൊഴി )യാണ് സുപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥത്തിലൂടെ ബുഖാരി ഇമാം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. യാതൊരു കാരണവും കൂടാതെ അല്ലെങ്കില്‍ നിസാര കാരണങ്ങള്‍ക്ക്‌ മനുഷ്യര്‍ അക്രമിയായി തീരുകയും നിരപരാധികള്‍ അക്രമിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ ദിനേന വായിച്ചും കേട്ടും കണ്ടു നമ്മുടെ കാതിനും കണ്ണിനും മനസ്സിനും ഒരു മരവിപ്പ്‌ ബാധിച്ച ഇന്നിന്റെ അവസ്ഥയില്‍ അക്രമിയായ ഒരാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുതകുന്ന കാര്യങ്ങള്‍ ക്രിയാത്മകമായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വാര്‍ത്ഥങ്ങള്‍ എളുപ്പ വഴിയില്‍ നടപ്പിലാക്കാന്‍ സ്വന്തം പെറ്റമ്മയെ പോലും കൊലക്കത്തിക്കിരയാക്കുന്നവര്‍, മദ്യത്തിനും മയക്കു മരുന്നിനും അടിമയായി പിഞ്ചു കുഞ്ഞുങ്ങളെ വരെ തന്റെ ഇംഗിതത്തിനു വിധേയരാക്കുന്ന നീചര്‍, പണത്തിനും പ്രശസ്തിക്കും വേണ്ടി രാജ്യത്തിനും രാജ്യക്കാര്‍ക്കും ഭീഷണിയായി ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ വികലമായ വിശ്വാസങ്ങളുടെ അടിമകളായി സഹജിവികളെ കൊന്നൊടുക്കാന്‍ പ്രതിജ്ഞയെടുത്ത്‌ ഭീതി വിതക്കുന്നവര്‍ അങ്ങിനെ വിവിധ തലങ്ങളിലുള്ള അക്രമങ്ങള്‍ .അക്രമികള്‍ ഇവരെയൊക്കെ സഹായിക്കണമെന്ന് പറയുമ്പോള്‍ പെട്ടെന്ന് ദഹിക്കാനാവുകയില്ല. അക്രമിയെ ഏത്‌ വിധേനയും ഇല്ലാതാക്കണമെന്നേ ഏവരും ചിന്തിക്കുകയുള്ളൂ. പക്ഷെ ലോകത്തിനു മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ നബിയേ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല (ഖുര്‍ആന്‍ ) എന്ന് പ്രഖ്യാപിക്കപ്പെട്ട വിശ്വ പ്രവാചകനു പക്ഷെ അവിടെയും തന്റെ കാരുണ്യത്തിന്റെ വിശാലത വ്യക്തമാക്കുന്നു ഈ തിരുമൊഴിയിലൂടെ. അക്രമിക്കപ്പെട്ടവനെ സഹായിക്കുക എന്നത്‌ ഏതൊരു മനുഷ്യ സ്നേഹിയുടെയും കടമയാണല്ലോ. അത്‌ പോലെ അക്രമിയായവനെ അവന്‍ അക്രമിയാവാനുണ്ടായ സാഹചര്യം ,കാരണങ്ങള്‍ ഇല്ലാതാക്കുകയും ,അക്രമിയെ അക്രമത്തില്‍ നിന്ന് തടയാനാവുന്നത്‌ ചെയ്യുകയും, അക്രമിക്കാനുള്ള അവന്റെ ശക്തിയും സ്രോതസ്സും ക്ഷയിപ്പിക്കുകയും ചെയ്യുക എന്നതിലൂടെ യഥാര്‍ത്ഥത്തില്‍ അവനെ സഹായിക്കുകയാണു ചെയ്യുന്നത്‌.