സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 15 August 2014

അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???

ചോദ്യം: താബിഉകള്‍ (അനുബന്ധങ്ങള്‍) ഇല്ലെങ്കിലും വെറും അര്‍കാനുകള്‍ (അവിഭാജ്യഘടകങ്ങള്‍) കൊണ്ട് മാത്രം ഖുത്വുബ സ്വീകാര്യമാകുമല്ലോ. അതിനാല്‍ റുക്നുകളുടെ നിബന്ധനകള്‍ ഇവക്കുണ്ടോ? വിശേഷിച്ചും തുഹ്ഫ, ഖല്‍യൂബി പോലുള്ള ഗ്ര ന്ഥങ്ങളില്‍ കാണുന്നത് അനുബന്ധങ്ങള്‍ ഇതര ഭാഷയിലാകുന്നത് ബുദ്ധിമുട്ടാക്കില്ലെന്നാണ്. ആയതിനാല്‍ തവാബിഉകളെങ്കിലും പരിഭാഷപ്പെടുത്തിക്കൂടേ?
ഉത്തരം: ഇസ്ലാം കേവലം ബുദ്ധികൊണ്ട് മാത്രം കണ്ടെത്തപ്പെടുന്ന ഒരു നിഗമനശാസ്ത്രമല്ല. ഇതിന് ബുദ്ധിയുടെ പരിധിയിലൊതുങ്ങി നില്‍ക്കാത്ത നിയമവും ചിട്ടയുമുണ്ട്. അതുകൊണ്ടാണ് ഈ മതം പ്രവാചകന്മാര്‍ വഴി അല്ലാഹുവില്‍ നിന്ന് അവതരിച്ചത്. ചിന്തയെ മാത്രം ആസ്പദമാക്കിയായിരുന്നെങ്കില്‍ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരുടെ നീണ്ട ശൃംഖല ഇവിടെ ആവശ്യമില്ലായിരുന്നു.
അവര്‍ പഠിപ്പിച്ചതാണ് മതം. അതിലെ ആരാധനകളും ജീവിത ക്രമീകരണങ്ങളുമെല്ലാം അവര്‍ കാണിച്ചുതരും വിധം തന്നെ. അതില്‍നിന്നും അണുഅളവ് വ്യത്യാസപ്പെടുത്താന്‍ ഒരാള്‍ക്കും അവകാശമില്ല. എന്ന് മാത്രമല്ല, അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുമില്ല.
നബി(സ്വ) പറഞ്ഞു: “ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കണ്ട അതേക്രമത്തില്‍ നിങ്ങളും നിസ്കരിക്കുക” (ബുഖാരി 1/88).
എന്താണ് ഇപ്പറഞ്ഞതിന്റെ താത്പര്യം. ഓരോരുത്തരുടെയും നിസ്കാരം പ്രവാചക നി സ്കാരത്തോട് യോജിച്ചുകൊണ്ടായിരിക്കണമെന്ന് നബി(സ്വ) ഇവിടെ നമ്മെ പഠിപ്പിക്കുന്നു. അറബി ഖുത്വുബ ഓതിയാണ് നബി(സ) ജുമുഅ നിര്‍വഹിച്ചത്.
ജുമുഅ ഖുത്വുബ മഹത്തായൊരു ആരാധനയാണ്. കേവലം പ്രസംഗം എന്ന അര്‍ഥം പ്രഥമനോട്ടത്തില്‍ തന്നെ തെറ്റാണ്. മാത്രമല്ല, അതുവഴി ഇസ്ലാമിലെ ഒരു ആരാധനയെ തന്നെ മാറ്റിമറിക്കപ്പെടുമെന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
ജനങ്ങള്‍ അനറബികളായാലും പെരുന്നാള്‍ ഖുത്വുബക്ക് പോലും അറബിയാകല്‍ അതി ന്റെ സാധുതക്ക് നിബന്ധനയാണെന്ന കര്‍മശാസ്ത്രപണ്ഢിതന്മാരുടെ വാക്കുകള്‍ക്ക് അലിയ്യുശ്ശിബ്റാമുല്ലസി(റ) ഇപ്രകാരം ന്യായീകരണം പറയുന്നു: “ഖുത്വുബ കൊണ്ടുദ്ദേശ്യം കേവലം പ്രസംഗമല്ല. എന്നല്ല, അതില്‍ മികച്ച് നില്‍ക്കുന്നത് നബി(സ്വ)യോടുള്ള അനുകരണമാണ്. അതൊരു ആരാധനയാണെന്നതിലേക്ക് നോക്കിയാണിത്. പിന്നെ ഇ ബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചതായി ഞാന്‍ കണ്ടു. പെരുന്നാള്‍ ഖുത്വുബയുടെ സുന്നത്ത് വീടണമെങ്കില്‍ അതും അറബിയില്‍ തന്നെയാകല്‍ അത്യന്താപേക്ഷിതമാണ്” (ഹാശിയതുന്നിഹായ 2/391).
കര്‍മശാസ്ത്ര പണ്ഢിതര്‍ പറയുന്ന നിര്‍വചനം കാണുക: “ശറഈ ഭാഷയില്‍ ഖുത്വുബ കേവലം സംസാരമല്ല. ഹംദ്, സ്വലാത്ത് കൊണ്ട് തുടങ്ങി ദുആ കൊണ്ടവസാനിപ്പിക്കപ്പെടുന്ന പ്രത്യേകമായ ഒരാരാധനയാണത്” (മുഗ്നി, 3/137).
മേല്‍ പ്രസ്താവിച്ചതനുസരിച്ച് നബി(സ്വ) അര്‍കാനുകള്‍ മാത്രം അറബിയിലും അനുബന്ധങ്ങള്‍ ശ്രോതാക്കളെ പരിഗണിച്ച് അവരുടെ ഭാഷയിലും നടത്തിയതായി തെളിഞ്ഞിരുന്നെങ്കില്‍ നമുക്കും അപ്രകാരം ചെയ്യാമായിരുന്നു.
എന്നാല്‍ ജുമുഅ നിര്‍ബന്ധമാക്കിയത് മുതല്‍ നബി(സ്വ) വഫാത്താകുന്നതുവരെ സ്വഹാബികള്‍ക്ക് ഖുത്വുബ നിര്‍വഹിച്ചത് നബി(സ്വ) തന്നെയായിരുന്നു. ലോകത്തെ എല്ലാ ഭാഷകളും വശമുണ്ടായിട്ടും മറ്റു നാട്ടുകാര്‍ അവിടുത്തെ ഖുത്വുബ സദസ്സില്‍ ഹാജരായിട്ടുപോലും ഒരു പദമെങ്കിലും അറബിയല്ലാതെ നബി(സ്വ) ഖുത്വുബയില്‍ ഉദ്ധരിച്ചിട്ടില്ല. അര്‍കാനുകളും തവാബിഉകളും മുഴുവന്‍ ഇതേക്രമത്തില്‍ തന്നെയായിരുന്നു.
ഇവിടെ സാധാരണയായി ഒരു സംശയമുന്നയിക്കാറുണ്ട്. അതിപ്രകാരമാണ്. നബി(സ്വ)യുടെ മാതൃഭാഷ അറബിയായിരുന്നു. അവിടുന്ന് സംബോധന ചെയ്ത ഭൂരിപക്ഷത്തിന്റെയും മാതൃഭാഷയും അറബി തന്നെ. അതിനാല്‍ നബി(സ്വ) അറബിയില്‍ ഖുത്വുബ നിര്‍വഹിച്ചത് അത് തങ്ങളുടെ സംസാരം മാതൃഭാഷയായതുകൊണ്ടാണെന്നുവെച്ചുകൂടേ?
ചിട്ടയൊപ്പിച്ച ഒരാരാധനാക്രമം ലോകത്തിന് പഠിപ്പിക്കാന്‍ വന്ന ഒരു പ്രവാചകനെ കുറിച്ചാണ് ഇങ്ങനെയൊരു സംശയം എന്നത് കൊണ്ട് തന്നെ ഈ ചോദ്യം അപ്രസക്തമായിത്തീരും. എങ്കിലും അതിനെ മാറ്റിവെച്ചുകൊണ്ടുതന്നെ പറയട്ടെ.
നബി(സ്വ) ഖുത്വുബയിലെ അര്‍കാനുകളും തവാബിഉകളും മുഴുവന്‍ അറബിയില്‍ നിര്‍വഹിച്ചത് അത് നബി(സ്വ)യുടെ സംസാരഭാഷയായതുകൊണ്ടല്ല. ഈ ആരാധനയുടെ രൂപവും ക്രമവും ഇപ്രകാരത്തിലാണെന്നതുകൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ നബി    (സ്വ)യുടെ കാലഘട്ടത്തിലും അനറബി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന പല സ്വഹാബികളും അനറബി സംസാരഭാഷയായ ഇതര നാടുകളിലേക്ക് ഇസ്ലാമിക സന്ദേശവുമായി പോയിട്ടുണ്ട്. കേവലം മാതൃഭാഷ എന്ന അടിസ്ഥാനത്തിലാണെങ്കില്‍ അവരെങ്കിലും അറബിയല്ലാത്ത ഭാഷയില്‍ ഖുത്വുബ നിര്‍വഹിക്കേണ്ടിയിരുന്നില്ലേ. ഇത് കണ്ടെത്താന്‍ സാധ്യമല്ല. അവരും അര്‍കാനുകളും തവാബിഉകളുമെല്ലാം നിര്‍വഹിച്ചതും അറബിയില്‍ തന്നെ.
പ്രവാചകരുടെ കാലശേഷവും ലോകത്തിന്റെ എല്ലാ ഭാഗത്തും ഇതേക്രമത്തില്‍ തന്നെയാണ് ഈ ആരാധന നിര്‍വഹിക്കപ്പെട്ടത്. പതിനാല് നൂറ്റാണ്ടുകാലം മുസ്ലിം ലോകം ഇതേ ക്രമത്തില്‍ അനുവര്‍ത്തിച്ചുവന്നു. പരിഭാഷാ വാദികളുടെ നേതാവായ റശീദുരിളാ പോലും ഇക്കാര്യം തലകുലുക്കി സമ്മതിക്കുന്നത് നോക്കൂ. അദ്ദേഹം പറയുന്നു: “ലോകമുസ്ലിംകള്‍ മുന്‍കാലങ്ങളില്‍ ഖുര്‍ആനിലും നിസ്കാരങ്ങളിലും അല്ലാത്തവയിലുമുള്ള ദിക്റുകളും ജുമുഅയുടെയും പെരുന്നാളിന്റെയും ഖുത്വുബകളും അറബിയിലാണ് നിര്‍വഹിച്ചിരുന്നത്. ഈയടുത്തുവന്ന തുര്‍ക്കിയിലെ മുസ്ത്വഫാ കമാല്‍ ഒഴികെ. അയാള്‍ ഇസ്ലാമിനെ മാറ്റിനിര്‍ത്തുന്നതിന് വേണ്ടി അവിടുത്തെ ഖത്വീബുമാരോട് ഖുത്വുബ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ പണ്ഢിതന്മാര്‍ ശക്തിയായി ഈ പരിപാടിയെ എതിര്‍ത്തു” (തഫ്സീറുല്‍ മനാര്‍ 9/313).
ഇതുപോലെ ഇതിനെക്കാള്‍ വ്യക്തമായി അര്‍കാനും തവാബിഉകളും മുഴുവനും അറബിയില്‍ തന്നെയാകണമെന് വെളിവാക്കുന്ന ഇവരുടെത്തന്നെ മറ്റൊരു നേതാവായ കെ.എം. മൌലവി പറയുന്നത് കാണുക: “പ്രത്യേകം ശ്രദ്ധേയമായൊരു കാര്യം പറയാനുണ്ട്. എന്തെന്നാല്‍ സ്വഹാബികള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ തുടങ്ങിയ സലഫുകളാരും അറബിയല്ലാത്ത നാടുകളില്‍ ഖുത്വുബ നിര്‍വഹിച്ചപ്പോള്‍ ഖുത്വുബയുടെ അനുബന്ധങ്ങള്‍ നാട്ടുഭാഷയില്‍ പറഞ്ഞതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടുത്തിയതായോ നാം ഒരു കിതാബിലും കണ്ടിട്ടില്ല. മാത്രമല്ല, തീര്‍ച്ചയായും നബി(സ്വ)യും സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും അങ്ങനെ തുടങ്ങി മുന്‍കാലക്കാരായ എല്ലാ സദ്വൃത്തരും ഖുത്വുബയുടെ മുഖ്യഘടകങ്ങളും അനുബന്ധങ്ങളും മുഴുവന്‍ അറബിയില്‍ മാത്രമായിരുന്നു നിര്‍വഹിച്ചിരുന്നത്” (അല്‍ ഇര്‍ശാദ് പത്രം 1926 ജൂലൈ).
മേല്‍ വിവരിച്ചവകളില്‍ നിന്നും നബി(സ്വ)യുടെയും പില്‍ക്കാല മുസ്ലിംകളുടെയും ഖുത്വുബ ഇന്ന് സുന്നികള്‍ നിര്‍വഹിക്കുന്ന പ്രകാരം അര്‍കാനുകളും തവാബിഉകളും എല്ലാം അറബിയിലായിരുന്നുവെന്ന് വ്യക്തമായല്ലോ. ഇനി നമുക്ക് അങ്ങനെ ചെയ്യലേ നിര്‍വാഹമുള്ളൂ. കാരണം ഇസ്ലാമിന്റെ അന്തിമ തീരുമാനം ഈ വിധത്തിലാണെന്ന് നാം നേരത്തേ പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറയുന്നു: “സത്യം വെളിവായതിനുശേഷം ആരെങ്കിലും റസൂലിന് എതിര് പ്രവര്‍ത്തിക്കുകയും മുസ്ലിംകളുടെ മാര്‍ഗമല്ലാത്തതിനോട് അനുഗമിക്കുകയും ചെയ് താല്‍ അവന്‍ സ്വീകരിച്ച വഴി (തല്‍ക്കാലം) അവന് നാം സൌകര്യപ്പെടുത്തിക്കൊടുക്കും. അവനെ നാം നരകത്തില്‍ കടത്തുകയും ചെയ്യും. നരകം വളരെ ചീത്തയായ വാസസ്ഥലമാകുന്നു” (സൂറഃ അന്നിസാഅ് 115).
അടുത്തതായി ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം ഫുഖഹാഅ് ഇവ്വിഷയകമായി എന്തുപറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം.
“ഖുത്വുബ മുഴുവനും അറബിയിലായിരിക്കല്‍ നിബന്ധനയാണ്. ജനങ്ങള്‍ ഇക്കാലം വരെ അനുഷ്ഠിച്ചുവന്നതിനുവേണ്ടി” (മഹല്ലി 1/278).
“ജനങ്ങള്‍ക്ക് ഖുത്വുബയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ലെങ്കിലും ഇങ്ങനെ ത ന്നെയാണ് ചെയ്യേണ്ടത്. ഒരാളെങ്കിലും അവിടെ അറബി ഉച്ചരിക്കാന്‍ കഴിയുന്നവനായുണ്ടായിരിക്കെ അനറബിയില്‍ നിര്‍വഹിക്കപ്പെട്ടാല്‍ ഖുത്വുബ പരിഗണിക്കപ്പെടുകയില്ല” (ഖല്‍യൂബി 1/278).
“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് അതിന്റെ അര്‍ഥം തിരിഞ്ഞിട്ടില്ലെങ്കിലും ശരി. ഖത്വീബിന് പോലും അ തിന്റെ ഘടകങ്ങള്‍ മനസ്സിലാകണമെന്നില്ല” (ഫതാവല്‍ കുര്‍ദി, പേജ് 67).
ഖുത്വുബ അറബി ഭാഷയിലായിരിക്കണമെന്ന് ഭൂരിഭാഗം പണ്ഢിതന്മാരും ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. കാരണം അത്തഹിയ്യാത്ത്, തക്ബീറതുല്‍ ഇഹ്റാം, പോലെയുള്ള നിര്‍ബന്ധ ദിക്റാണ് ഖുത്വുബ. അതുകൊണ്ട് അറബിയിലായിരിക്കല്‍ ശര്‍ത്വാണ്. ഞാന്‍ നിസ്കരിച്ചപോലെ നിങ്ങളും നിസ്കരിക്കുക എന്നാണ് നബി(സ്വ) പറഞ്ഞത്. നബി(സ്വ) അറബിയില്‍ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടാണല്ലോ നിസ്കരിച്ചത്” (ശര്‍ഹുല്‍ മുഹദ്ദബ് 4/521, 522).
ഏറ്റവും ഉന്നതരായ ഫുഖഹാക്കളെയാണ് മുകളിലുദ്ധരിച്ചത്. ഒരു കാരണവശാലും പ്രത്യേക ആരാധനയായ ജുമുഅ ഖുത്വുബ നബി(സ്വ) കാണിച്ചുതന്നതില്‍ നിന്ന് വ്യത്യാസപ്പെടുത്താന്‍ പാടില്ലെന്നവര്‍ പറയുന്നു.
ഇവിടെ ചോദ്യത്തിന്റെ കാതലായൊരു വശമുണ്ട്. അത് ഇപ്രകാരമാണ്. ഖുത്വുബക്ക്  രണ്ട് ഭാഗങ്ങളുണ്ടല്ലോ. അര്‍കാനുകളും തവാബിഉകളും. അര്‍കാനുകള്‍ അറബിയിലായിരിക്കണമെന്ന് ഫുഖഹാക്കള്‍ പറഞ്ഞതിനാല്‍ സമ്മതിക്കാം. എങ്കിലും തവാബിഉകള്‍ അറബിയാകല്‍ നിബന്ധനയില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് അ വയെങ്കിലും പരിഭാഷപ്പെടുത്തുന്നത് ശരിയല്ലേ.
ശരിയല്ല. കാരണം അനുബന്ധങ്ങള്‍ അറബിയിലാകല്‍ നിബന്ധനയല്ലെന്ന് പറഞ്ഞത് അവ പരിഭാഷപ്പെടുത്താമെന്ന അനുമതിയല്ല. ഫിഖ്ഹുമായി ബന്ധപ്പെട്ട ഏതൊരു വി ദ്യാര്‍ഥിക്കും ഇത് മനസ്സിലാകും. എങ്കിലും അല്‍പ്പം വിശദീകരിക്കാം. ആദ്യമായി അ വയെ പരാമര്‍ശിക്കുന്ന ഉദ്ധരണികള്‍ കാണുക.
“ഖുത്വുബയുടെ അര്‍കാനുകള്‍ അറബിയിലാകല്‍ നിബന്ധനയാണ്. അര്‍കാനുകളല്ലാത്തതിനെ കൂടാതെ’ (തുഹ്ഫ 2/450, നിഹായ 2/317).
“അര്‍കാനുകള്‍ മുഴുവന്‍ അറബിയിലാകല്‍ നിബന്ധനയാണ്. അര്‍കാനല്ലാത്തതില്‍ അറബിയല്ലാത്ത ഭാഷ കൊണ്ട് വരല്‍ ഖുത്വുബയെ ബുദ്ധിമുട്ടാക്കുകയില്ല” (ഖല്‍യൂബി 1/278).
ഏതൊരു ആരാധനയും പരിഗണനീയമാകാന്‍ ആവശ്യമായ കാര്യം അതിന്റെ റുക്നുകളാണ്. അവയാണ് ഘടകങ്ങള്‍. ഘടകങ്ങള്‍ക്ക് പുറമെ യാതൊന്നും ഏതൊരു കാര്യത്തി നും നിര്‍ബന്ധമില്ല. അതുപോലെ ഖുത്വുബയിലും അതിന്റെ അസ്തിത്വം ഈ റുക്നുകള്‍ തന്നെ. ആയതിനാല്‍ ഖുത്വുബക്ക് ഒരു നിബന്ധന വെക്കുമ്പോള്‍ ആ നിബന്ധന ശര്‍ത്വ് എന്ന നിലയില്‍ റുക്നുകളോട് മാത്രമേ ബന്ധിക്കാവൂ. ഖുത്വുബയെ ഖുത്വുബയാക്കുന്നത് റുകുനുകളാണ്. അവക്ക് അറബി ശര്‍ത്വാണ്. അനുബന്ധങ്ങള്‍ ഖുത്വുബയില്‍ ഉണ്ടായിരിക്കണമെന്ന് തന്നെയില്ല. അതിനാല്‍ അവക്ക് അറബി ഭാഷ നല്‍കല്‍  ഖുത്വുബയുടെ സാധുതക്ക് ശര്‍ത്വാണെന്ന് പറഞ്ഞുകൂടാ. പക്ഷേ, അനുബന്ധങ്ങള്‍ ഖുത്വുബയുടെ അനുബന്ധങ്ങളായി പരിഗണിക്കപ്പെടാന്‍ അറബിയ്യത് ശര്‍ത്വാകുമോ എന്നത് വേ റെ കാര്യം. ഇതൊന്ന് പരിശോധിക്കാം.
മന്‍ഹജിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഖാസിം(റ) എഴുതുന്നു: “ഖുത്വുബയുടെ റുക്നുകള്‍ അറബിയിലാകണമെന്നുപറഞ്ഞത് കൊണ്ട് അനുബന്ധങ്ങള്‍ അനറബിയിലായാലും പന്തികേടില്ലെന്നു വരുന്നു. പക്ഷേ, ഇപ്പറഞ്ഞത് അനറബി കൊണ്ട് റുക്നുകള്‍ ക്കിടയില്‍ ദൈര്‍ഘ്യം സംഭവിച്ചിട്ടില്ലെങ്കിലാണ്. പ്രത്യുത സംഭവിച്ചുപോയാല്‍ റുക്നുകള്‍ തുടരെയാകണണെന്ന നിബന്ധനക്ക് ഹാനിയാകുന്നു അത്. റുക്നുകള്‍ക്കിടയില്‍ ദീര്‍ഘനേരം മിണ്ടാതിരിക്കുന്നതിന് തുല്യമാണ് അനറബി ഭാഷ കൊണ്ട് വരല്‍. പരിഗണനീയമല്ലാത്ത  നിഷ്ഫലമാണത്. അറബി ഉച്ചരിക്കാന്‍ കഴിവുള്ളതോടെ അനറബി മതിയാകില്ലെന്നതാണ് കാരണം. അപ്പോള്‍ ആ അനറബി തികച്ചും നിഷ്ഫലമാണ്” (ഹാശിയതുന്നിഹായ, 2/317).
ചുരുക്കത്തില്‍ ഖുത്വുബ സാധുതക്ക് അര്‍കാനുകള്‍ അറബിയാകല്‍ നിബന്ധനയാകും പോലെ അനുബന്ധങ്ങള്‍ അനുബന്ധമായി ഗണിക്കാനും അനുബന്ധങ്ങള്‍ കൊണ്ടുവന്നത് മതിയാകാനും അവയും അറബിയാകല്‍ ശര്‍ത്വാണ്. ശര്‍ത്വില്ലാതെ ഏതൊരു ഇബാദത്തും കൊണ്ടുവരുന്നത് കുറ്റകരമാണെന്നാണ് നിയമം (ഇമാം ഇബ്നുദഖീഖിന്റെ ഇഹ്കാമുല്‍ അഹ്കാം, 2/10).
അപ്പോള്‍ അനുബന്ധങ്ങള്‍ തീരേ കൊണ്ടുവരാതെ അര്‍കാനുകള്‍ മാത്രം ഉള്‍െക്കാള്ളി ച്ച് ഖുത്വുബ നിര്‍വഹിച്ചാല്‍ സ്വഹീഹാകുന്നത് പോലെ അനുബന്ധങ്ങള്‍ സമയദൈര്‍ ഘ്യമാകാതെ ഇതരഭാഷകളില്‍ കൊണ്ടുവന്ന് അര്‍കാനുകള്‍ മാത്രം അറബിയിലായാ ലും ഖുത്വുബ സാധുവാകും. പക്ഷേ, അനുബന്ധങ്ങള്‍ തീരേ കൊണ്ടുവന്നില്ലെങ്കില്‍ അതുകൊണ്ട് കുറ്റം വരുന്നില്ല. പ്രത്യുത അവ അനറബിയില്‍ കൊണ്ടുവന്ന് നിഷ്ഫലമാക്കിയാല്‍ അത് ഫലപ്രദമാകാന്‍ നിബന്ധനയായ അറബിയ്യത്ത് ഇല്ലാത്തതുകൊണ്ട് തെറ്റും കുറ്റകരവുമാകുന്നു. സുന്നത്ത് നിസ്കരിച്ചില്ലെങ്കില്‍ കുറ്റം വരുന്നില്ല. എന്നാല്‍ സുന്നത്ത് സുന്നത്തായി വീടാന്‍ നിബന്ധനയായ ശുദ്ധി കൂടാതെ സുന്നത്ത് നിസ്കരിച്ചാല്‍ തെറ്റും കുറ്റകരവുമാകുന്നു. മാത്രമല്ല, ഒരു വിഷയത്തിന് ഏതെങ്കിലുമൊരു കാര്യം  ശര്‍ത്വില്ല എന്നതുകൊണ്ട് അത് അനുവദനീയമാണെന്ന് വരില്ല. ഒരുപക്ഷേ, ഈ ശര്‍ത്വില്ലാതെ ആ കാര്യം തന്നെ പ്രവര്‍ത്തിക്കല്‍ ഹറാമായിരിക്കും. ഉദാഹരണം, നിസ് കാരവും വുളൂഉം സ്വഹീഹാകാന്‍ വുളൂഅ് എടുക്കുന്ന വെള്ളം അപഹരിക്കപ്പെട്ടതാകാതിരിക്കാന്‍ ശര്‍ത്വില്ല. അപഹരിച്ച വെള്ളം കൊണ്ട് വുളൂഅ് ചെയ്താലും നിസ്കാരവും വുളൂഉം സ്വഹീഹാകും. പക്ഷേ, അങ്ങനെ പ്രവര്‍ത്തിക്കല്‍ കഠിനമായ ഹറാമാകുന്നു” (ജംഉല്‍ ജവാമിഅ് 1/260).
ഇതുപോലെ തന്നെയാണ് ഖുത്വുബയുടെ കാര്യവും. അതിലെ തവാബിഉകള്‍ അറബിയാകല്‍ ഖുത്വുബയുടെ സ്വീകാര്യതക്ക് ശര്‍ത്വില്ല. എങ്കിലും സമയദൈര്‍ഘ്യം കൊണ്ട് തു ടര്‍ച്ച മുറിക്കുന്നുവെന്നതിനാലും നബി(സ്വ)യോടും പതിനാല് നൂറ്റാണ്ടുകാലത്തെ മു സ്ലിം ലോകത്തിനോടും എതിരാകുന്നുവെന്നതിനാലും ഹറാമ് വന്നുചേരുന്നു. അതിനാ ല്‍ തവാബിഉകള്‍ ചുരുക്കരൂപത്തില്‍ പരിഭാഷപ്പെടുത്തിയ ഖുത്വുബ അര്‍കാനുകള്‍ അറബിയായതുകൊണ്ടും അവക്കിടയില്‍ സമയദൈര്‍ഘ്യമില്ലാത്തതുകൊണ്ടും സ്വഹീഹാകും. അനുബന്ധങ്ങള്‍ അനറബിയിലായതുകൊണ്ട് ഹറാമുമാകുന്നു. ഖല്‍യൂബിയില്‍ പറഞ്ഞ ബുദ്ധിമുട്ടില്ലെന്നതിന്റെ അര്‍ഥം ഖുത്വുബയുടെ സാധുതയെ ബാധിക്കുന്നില്ലെന്ന് മാത്രമാണ്. എങ്കിലും കാര്യം ഹറാമുതന്നെ.