സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 17 August 2014

ഖുര്‍ആനും ഭൂമിശാസ്ത്രവും

സമതലവും മരുഭൂമിയും വനങ്ങളും പര്‍വതങ്ങളും സമുദ്രങ്ങളും അരുവികളും കാറ്റും ഭൂമിയുടെ നിരപ്പും സൌന്ദര്യവുമെല്ലാം ഖുര്‍ആന്‍ മുഖേന മുസ്ലിംകള്‍ക്ക് പരിചയമായിത്തീര്‍ന്നു. ഗോളശാസ്ത്രത്തെപ്പോലെ ഭൂമിശാസ്ത്രവും മുസ്ലിം ധിഷണാ ശാലികളെ ആകര്‍ഷിക്കാന്‍ ഇതൊരു കാരണമായി. ഇസ്ലാമിക നാഗരികതയില്‍ ഗോളശാസ്ത്രം കൈവരിച്ചതിനു സമാനമായ പ്രാധാന്യം ഭൂമിശാസ്ത്രത്തിനും ലഭിച്ചു. അറബ് നാടോടി ജീവിതത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന യാത്രയും ഖുര്‍ആന്റെ വിഷയങ്ങളിലൊന്നാണ്. ഭൂമിശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ സഞ്ചാരത്തിനു വലിയ പങ്കുണ്ട്. ഗ്രീഷ്മവും ഹേമന്തവും യാത്രക്ക് എപ്രകാരമാണ് അനുകൂലമായിത്തീരുന്നത് എന്നത് ഖുര്‍ആന്‍ ഒരു ചിന്താവിഷയമായി എടുത്തിടുന്നുണ്ട്.
“ഖുറൈശികള്‍ സുരക്ഷിതരാവുന്നതിന്, ഗ്രീഷ്മ കാലത്തെയും ശൈത്യകാലത്തെയും യാത്ര അവര്‍ക്ക് ഇണക്കമുള്ളതാവുന്നതിന് ഈ ഭവനത്തിന്റെ അധിപനെ അവര്‍ ആരാധിക്കട്ടെ. അവനാണ് അവര്‍ക്ക് വിശപ്പിന് ഭക്ഷണവും പേടിയില്‍ നിന്ന് നിര്‍ഭയത്വവും നല്‍കിയത്” (വി.ഖു. അധ്യായം 106). യാത്ര നേരത്തെ തന്നെ അറബ് ജീവിതത്തിന്റെ ഭാഗമായിരുന്നു. ഖുര്‍ആന്‍ അതിന് കൂടുതല്‍ പ്രേരണ നല്‍കി. ‘പറയുക. നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് നിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് കാണുക”(6:11). “ഇവര്‍ ഭൂമിയിലൂടെ യാത്രചെയ്യുന്നില്ലേ? എങ്കില്‍ ചിന്തിച്ചുഗ്രഹിക്കാന്‍ പറ്റിയ ഹൃദയങ്ങളോ കേട്ടറിയാന്‍ ഉതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്, നെഞ്ചുകളിലെ ഹൃദയത്തെയാണ” (22 : 46).
കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടിയുള്ള യാത്ര മുസ്ലിം ധിഷണാജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഭൂമിശാസ്ത്രപരമായ നിരവധി അറിവുകളിലേക്കാണ് ഈ യാത്രകള്‍ വഴിതുറന്നത്.
മറ്റു നിലകളിലും യാത്ര അറബ്-മുസ്ലിം ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇസ്ലാമിക പ്രബോധനാര്‍ഥം മുസ്ലിം പണ്ഢിതന്മാര്‍ ദീര്‍ഘ യാത്രകള്‍ ചെയ്തു. ധര്‍മയുദ്ധത്തിനുവേണ്ടിയുള്ള യാത്രകളും മുസ്ലിം ജീവിതചര്യയുടെ ഭാഗമായിരുന്നു. ഹജ്ജ് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന മഹായാത്രയായി വളര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ മക്കയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈ യാത്രയുടെ സ്വഭാവം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്:
“ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെ വിളംബരപ്പെടുത്തുക. നടന്നും വിദൂരമായ സകല മലമ്പാതകളിലൂടെയും മെലിഞ്ഞ ഒട്ടകപ്പുറത്തേറിയും അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും” (22: 27).
ഭൂമിശാസ്ത്രപരമായ അറിവുകളില്‍ കൂടിയുമായിരുന്നു ഈ യാത്രകള്‍. അറേബ്യന്‍ ഉപഭൂഖണ്ഡം, ഈജിപ്ത്, മൊറോക്കോ, ഇന്ത്യ, ഇറ്റലി, സ്പെയിന്‍, മെസൊപ്പൊട്ടേമിയ, ഗ്രീസ് തുടങ്ങി വലിയൊരു ഭൂവിഭാഗം ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നതിനാല്‍ ഭൂമിശാസ്ത്രപരമായ എല്ലാ സവിശേഷതകളും പഠനവിധേയമാക്കുക മുസ്ലിംകള്‍ക്ക് എളുപ്പമായിരുന്നു. ഭരണപരവും സൈനികവും വ്യാപാരപരവും പ്രബോധനപരവുമായ ആവശ്യങ്ങള്‍ക്ക് വിസ്തൃതമായ ഇസ്ലാമിക സാമ്രാജ്യത്തിലൂടെ നിരന്തരം യാത്ര ചെയ്യേണ്ട സാഹചര്യം അവര്‍ക്കുണ്ടായി. ഹജ്ജ് എല്ലാവിധ വൈവിധ്യങ്ങളുടെയും സംഗമവേളകളായിരുന്നു. പ്രാദേശികമായ ധാരാളം അറിവുകള്‍ പങ്കുവെക്കപ്പെടാന്‍ ഹജ്ജ് അവസരമൊരുക്കി.
വിജ്ഞാനശേഖരണം
ഇതര ശാസ്ത്രശാഖകളിലെന്നപോലെ, ഭൂമിശാസ്ത്ര സംബന്ധമായും മറ്റു ഭാഷകളിലെ ഗ്രന്ഥങ്ങള്‍ തേടിപ്പിടിക്കാനും അറബിയിലേക്ക് മൊഴിമാറ്റി സ്വാംശീകരിക്കാനും അറബ് പണ്ഢിതന്മാര്‍ ഉത്സാഹിച്ചു. ഗ്രീസിന്റെയും ഇന്ത്യയുടെയും വൈജ്ഞാനിക പൈതൃകത്തെ അവര്‍ സനിഷ്ക്കര്‍ഷം പഠനവിധേയമാക്കി.
ടോളമിയുടെ ഭൂമിശാസ്ത്ര പഠനങ്ങള്‍ മുസ്ലിംകള്‍ പഠിച്ചു. അരിസ്റ്റോട്ടിലിന്റെ കൃതികളിലെ ഭൂമിശാസ്ത്ര സംബന്ധമായ നിരീക്ഷണങ്ങളും അവര്‍ ഉള്‍ക്കൊണ്ടു. ഗ്രീസിന്റെ ഭൂഗണിതവും പേര്‍ഷ്യയുടെ വിവരണാത്മക ഭൂമിശാസ്ത്രവും അവര്‍ സ്വായത്തമാക്കി.
അബ്ബാസീ ഖലീഫഃ മഅ്മൂന്‍ ഭൂമിശാസ്ത്രപഠനത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചു. വിസ്തൃതമായ ലോകഭൂപടം തയ്യാറാക്കുന്നതിനുവേണ്ടി എഴുപത് പണ്ഢിതന്മാരെ അദ്ദേഹം നിയോഗിച്ചു. ‘മഅ്മൂനീ ഭൂപടം‘ (അസ്സൂറത്തുല്‍ മഅ്മൂനിയ്യഃ) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ കോപ്പി ഇപ്പോള്‍ ലഭ്യമല്ല. ടോളമിയുടെ ഭൂപടത്തെക്കാള്‍ കൃത്യമായിരുന്നു അതെന്ന് അത് കണ്ട അബുല്‍ ഹസന്‍ അല്‍ മസ്ഊദി രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ബ്നു മൂസല്‍ ഖാരിസ്മി ഈ ഭൂപടം തയ്യാറാക്കുന്നതില്‍ പങ്കാളിയായിരുന്നു. “റസ്മുല്‍ മഅ്മൂര്‍ മിനല്‍ ബിലാദ്” എന്നപേരില്‍ ഒരു ഭൂമിശാസ്ത്രഗ്രന്ഥവും ഇദ്ദേഹം രചിച്ചു. ജനവാസമുള്ള പ്രദേശങ്ങളെ കുറിച്ച വിവരണമായിരുന്നു അത്. ടോളമിയുടെ ഭൂപടവും വിവരണവും ഖാരിസ്മി മെച്ചപ്പെടുത്തുകയും ചെയ്തു. താന്‍ പരാമര്‍ശിച്ച സ്ഥലങ്ങളുടെയെല്ലാം ഭൂമിശാസ്ത്രപരമായ സ്ഥാനവും അക്ഷാംശ -രേഖാംശ സഹിതം അദ്ദേഹം രേഖപ്പെടുത്തി.
അല്‍കിന്‍ദിയും അഹമദ് സറാക്ശിയും ഭൂമിശാസ്ത്രകൃതികള്‍ രചിച്ചവരാണ്. അബൂ അബ്ദില്ല അല്‍ബക്താനി, അബുല്‍ അബ്ബാസ് അല്‍ഫര്‍ഗാനി, ഇബ്നുയൂനുസ് മുതലായവരുടെ ജ്യോതിശാസ്ത്ര പഠനങ്ങളിലും ഭൂമിശാസ്ത്രപരമായ പ്രതിപാദനങ്ങള്‍ ഉണ്ടായിരുന്നു.
ഹിജ്റ മൂന്ന്, നാല്, അഞ്ച് നൂറ്റാണ്ടുകളില്‍ ഭൂമിശാസ്ത്രപഠനം കൂടുതല്‍ വികാസം പ്രാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിട്ടു നടത്തിയ നിരീക്ഷണങ്ങളും മുന്‍ഗാമികള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന ഗവേഷണങ്ങളുമാണ് ഈ വികാസത്തിന് കളമൊരുക്കിയത്. ഭൂമിശാസ്ത്രത്തിന്റെ അന്വേഷണ ചക്രവാളത്തെ സ്വന്തം നിലയില്‍ ഗണ്യമായി വികസിപ്പിക്കാനും മുസ്ലിം ശാസ്ത്രകാരന്മാര്‍ക്ക് കഴിഞ്ഞു. മുസ്ലിം ഭൂമിശാസ്ത്രകാരന്മാരും സഞ്ചാരികളും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.