- ഒരിക്കല്‍ നബി(സ) വീട്ടില്‍ വന്നപ്പോള്‍ എന്റെ അടുത്ത് ഒരു സ്ത്രീയുണ്ടായിരുന്നു. ഇതാരാണെന്ന് അവിടുന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ധാരാളം നിസ്കരിക്കുന്നവളെന്ന് പേരു കേട്ട സ്ത്രിയാണിവര്‍. അപ്പോള്‍ നബി(സ) പറഞ്ഞു. നിങ്ങള്‍ അങ്ങിനെ ചെയ്യരുത് കഴിയുന്നത് മാത്രം ചെയ്യുക. നിത്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ മടി കാണിക്കുന്നത് വരെ അല്ലാഹു (നിങ്ങള്‍ക്ക് പ്രതിഫലം തരുന്ന കാര്യത്തിലും ) മടി കാണിക്കുകയില്ല. പതിവായി ചെയ്തുവരുന്ന അമലുകള്‍ (ആരാധനാ കര്‍മ്മങ്ങള്‍ ) ആണ് അല്ലാഹുവിനു കൂടുതലിഷ്ടം.' ( ആയിശ (റ) യില്‍ നിന്ന് നിവേദനം ; ബുഖരി (റ) 3/31, മുസ് ലിം (റ) 785 റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
അമിതമായി ആരാധനയില്‍ മുഴുകുന്നവന്‍ നാശത്തിലാണെന്ന് നബി(സ) മൂന്ന് തവണ ആവര്‍ത്തിച്ച് പറഞ്ഞു. ( ഇബ്‌നു മസ് ഊദ് (റ) നിവേദനം ,മുസ് ലിം (റ) റിപ്പോര്‍ട്ട് 2670 ചെയ്ത ഹദീസ് )
നബി (സ) പറഞ്ഞു. മത നിയമങ്ങള്‍ ലളിതമാണ്. മത നിയമങ്ങള്‍ കഠിനതരമാക്കാന്‍ മുതിരുന്നവരെ അത് പരാജിതനാക്കും. അതിനാല്‍ സുഗമമാര്‍ഗം സ്വീകരിക്കുക (മധ്യ നിലപാടെടുക്കുക) അതില്‍ സന്തുഷ്ടരാവുക. പ്രഭാതത്തിലും പ്രദോഷത്തിലും രാത്രിയില്‍ അല്‍പസമയവും ആരാധനകളിലൂടെ അല്ലാഹുവിനോട് സഹായമര്‍ത്ഥിക്കുക. ( അബൂ ഹു റൈ റ (റ) നിവേദനം ചെയ്ത, ബുഖാരി (റ) 3/30. മുസ് ലിം (റ) 784 ആയി റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
കുറിപ്പ് :
മതപരമായ നിയമങ്ങളും ആചാര അനുഷ്ടാനങ്ങളുമെല്ലാം മനുഷ്യന്റെ ജിവിത യാത്രയെ സുഗമമാക്കാനാണു സഹായിക്കേണ്ടത് അപ്രകാരമാണത് ചിട്ടപ്പെടുത്തിയിരിക്കുന്നതും എന്നാല്‍ ചിലര്‍ അതിനെ അനാവശ്യമായി കഠിനമാക്കുന്നു. ശാരിരികമായ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉപേക്ഷിക്കുകയും (സമൂഹത്തിനോ കുടുംബത്തിനോ ഉപകാരമില്ലാത്ത വിധം ) ചെയ്യുന്നു. ഇതിന്റെ ആവശ്യമില്ലെന്നും .ആരാധന കാര്യങ്ങളില്‍ മിതത്വം ആണു നല്ലതെന്നും ദിനേന ക്രമമായി മുടങ്ങാതെ ,മടി കൂടാതെ ചെയ്യുന്ന അമലുകളാണു സ്രഷ്ടാവ് ഇഷ്ടപ്പെടുന്നതെന്നും ഹദീസ് വ്യക്തമാക്കുന്നു. ഉറക്കം നഷ്ടപ്പെടുത്തിയും കുടുംബ കാര്യങ്ങള്‍ ഉപേക്ഷിച്ചുമെല്ലാം ആരാധനകളില്‍ മുഴുകുന്നതിനെ പ്രവാചകര്‍ നിശിതമായി ചൊദ്യം ചെയ്തത് മറ്റു ഹദീസുകളിലും വിവരിക്കപ്പെട്ടിട്ടുണ്ട്. നബി(സ) അല്ലാഹുവിനോടെ ഏറ്റവും അടുത്ത ആളായിട്ടും നബി നോമ്പ് അനുഷ്ടിക്കുകയും , മുറിക്കുകയും , നിസ്കര്‍ക്കുകയും , ഉറങ്ങുകയും , വൈവാഹിക ജീവിതം നയിക്കുകയും ചെയ്ത് സാധാരണ മനുഷ്യന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പഠിപ്പിക്കുക ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വിഭിന്നമായി നാടും വീടും ഉപേക്ഷിച്ച് മക്കളെയും ഭാര്യയെയും സംരക്ഷിക്കാതെ അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കതെ ചിലര്‍ ഇ സ്ലാമിക പ്രബോധനം ,ദ അ വത്ത് എന്നൊക്കെ പറഞ്ഞ് ഊരു ചുറ്റുന്നത് കാണാം. സ്വന്തം നാശം ക്ഷണിച്ച് വരുത്തുന്നതിനൊപ്പം ഇക്കൂട്ടര്‍ പല വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും അറിയാതെ നയിക്കപ്പെടുന്നതായും കേള്‍ ക്കുന്നു. കാരണം ഇത്തരം സംഘങ്ങളെ നയിക്കുന്നവര്‍ പണ്ഡിതന്മാരോ മറ്റു ഇസ് ലാമിക സംഘടനകളോ ആയിരിക്കില്ല എന്നത് തന്നെ. ഭൗതിക ലോകത്ത് മനുഷ്യന്‍ എത്ര പുരോഗമിച്ചാലും അവന്റെ ഉള്ളിന്റെ ഉള്ളില്‍ സമാധാനത്തിനും ശാന്തിക്കും ആത്മീയതയ്ക്കുമുള്ള ദാഹം അങ്കുരിക്കുക തന്നെ ചെയ്യും. അല്ലാത്തവര്‍ വിരളം. അങ്ങിനെ ആത്മാവിന്റെ ദാഹമകറ്റാന്‍ അത്താണിയന്വാഷിക്കുന്നവരും , അജ്ഞത കൊണ്ട് അറിവിന്റെ മേഖലകളില്‍ നിന്ന് അകന്ന് നിന്നവരും എല്ലാം ഇത്തരം തട്ടിക്കൂട്ട് സംഘങ്ങളുടെ ചില പൊടിക്കൈകളില്‍ പെട്ട് പോകുന്നു. കേരളത്തില്‍ തന്നെ ഇത്തരം സംഘങ്ങള്‍ ഇസ്ലാമിന്റെ പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്. അവക്കൊന്നും തന്നെ ഇസ്ലാമിക പണ്ഡിത സംഘടനയുടെയോ മറ്റോ അംഗീകരമില്ലെന്നും മറിച്ച് കാലാ കാലങ്ങളില്‍ അത്തരം തട്ടിപ്പുകളെ കുറിച്ച് പൊതു ജനങ്ങള്‍ക്ക് മുന്ന റിയിപ്പ് നല്‍കുന്നു എന്നതാണു വസ്തുത.
ആരാധനകള്‍ ചെയ്യേണ്ടതില്ലെന്നോ , എപ്പോഴെങ്കിലും സൗകര്യത്തിനു ചെയ്താല്‍ മതിയെന്നോ , നമ്മുടെ സൗകര്യത്തിനു നിയമങ്ങള്‍ മാറ്റി മറിക്കമെന്നോ, സ്വാതികമായ ആത്മീയത പാടില്ലെന്നോ അല്ല ഇവിടെ വായിക്കപ്പെടേണ്ടത്. സാധാരണക്കാരായ ആളുകള്‍ സ്വന്തം ജീവിതത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തികൊണ്ടുള്ള ആരാധനകളില്‍ മുഴുകേണ്ടതില്ലെന്നും ചെയ്യുന്ന കര്‍മ്മങ്ങള്‍ മുടങ്ങാതെ ,അത്മാര്‍ത്ഥമായി മടി കൂടാതെ ചെയ്യുന്നതിലാണു പുണ്യം എന്നതാണിവിടെ രത്നചുരുക്കം. ജീവിതം മുഴുവന്‍ സ്രഷ്ടാവിന്റെ സ്മരണയില്‍ ജീവിച്ച് തീര്‍ത്ത , തന്റെ സാന്നിദ്ധ്യം ഒന്ന് കൊണ്ട് മാത്രം സമൂഹത്തിനും സഹയാത്രികര്‍ക്കും വെളിച്ചം പകര്‍ന്ന വഴിവിളക്കുകളായ മാഹാ രഥന്മാര്‍ ..അവരെ നമുക്ക് സ്മരിക്കാം.