- അല്ലാഹു പറയുന്നു. കാലത്തെ അധിക്ഷേപിച്ച /ചീത്ത വിളിച്ച മനുഷ്യന്‍ എന്നെ അധിക്ഷേപിക്കുന്നു. കാരണം, ഞാനാണു കാലം. എന്റെ നിയന്ത്രണത്തിലാണു എല്ലാ കാര്യങ്ങളും. രാത്രിയും പകലും മാറ്റി മറിക്കുന്നതും ഞാന്‍ തന്നെ. (ബുഖാരി (റ) & മുസ് ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
വിവരണം:
കാലത്തെ
പഴിക്കുന്നതിനെ പറ്റിയാണു ഇവിടെ പറഞ്ഞിരിക്കുന്നത്. കൊല്ലത്തെയും
/കാലത്തെയും എടുത്ത് പറഞ്ഞ് ആക്ഷേപിക്കുന്നത് ശരിയല്ല. അത് അല്ലാഹുവിനെ
തന്നെ ആക്ഷേപിയ്ക്കുന്നതിനു തുല്യമാണത് രാത്രി പകലാക്കുന്നതും പകലിനെ
വീണ്ടും രാത്രിയാക്കുന്നതുമടക്കം സര്‍വ്വം നിയന്ത്രിക്കുന്നത്
അല്ലാഹുവാണ്. അതിനാല്‍ കാലത്തെ അധിക്ഷേപിക്കരുതെന്ന് ഈ ഹദീസ്
പഠിപ്പിക്കുന്നു.
കുറിപ്പ്:
സാധാരണയായി ജനങ്ങള്‍ പറയാറുള്ള ഒരു കാര്യമാണു . ഈ വര്‍ഷം വളരെ മോശമാണെനിയ്ക്ക്. .. കാലം വളരെ പിഴച്ച് പോയിരിക്കുന്നു. മുന്‍കൊല്ലം ഏറെ നന്നായിരുന്നു... പണ്ട് കാലത്ത് വളരെ നന്മകള്‍ ഉണ്ടായിരുന്നു... ഈ കാലത്ത് തിന്മകള്‍ അധികരിച്ചിരിക്കുന്നു... എന്നൊക്കെ. എന്നാല്‍ അതിനൊപ്പം അതിന്റെയൊക്ക കാരണമായി (നല്ലതിന്റെയും ചീത്തയുടെയും ) നാം കാലത്തെ പഴിയ്ക്കാന്‍ പാടില്ല. കാലത്തെ പഴിക്കുന്നതിലൂടെ നാം ജഗന്നിയന്താവായ അല്ലാഹുവിനെ തന്നെ പഴിക്കുന്നതിനു തുല്യമായ കാര്യമാണു ചെയ്യുന്നത്. ഈ ലോകത്ത് നടക്കുന്ന സര്‍വ്വതും നിയന്ത്രിയ്ക്കുന്ന , രാവിന്റെയും പകലിന്റെയും, എല്ലാ കാലങ്ങളുടെയും നിയന്ത്രണാധിപനായ അല്ലാഹു നല്ല കാലം, ചീത്ത കാലം എന്നിങ്ങനെ കാലത്തെ വിഭജിച്ചിട്ടില്ല .മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അവനു വന്ന്ഭവിക്കുന്ന കാര്യങ്ങള്‍ക്ക് അവന്‍ കാലത്തെ പഴിപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിയ്ക്കരുത് .
എല്ലാ അവസ്ഥകളിലും പാഠങ്ങള്‍ ഉള്‍കൊണ്ട് ക്ഷമയോടെ ജീവിതം നയിയ്ക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ..