സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 13 August 2014

ക്ഷണിക്കല്‍, ക്ഷണം സ്വീകരിക്കല്‍

വിവാഹ സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കല്‍ (فرض عين) വ്യക്തി ബാധ്യത ആകുന്നു.
നബി (സ) പറയുന്നു:
إذا دعي أحدكم إلى الوليمة فاليأتها
‘നിങ്ങളിലൊരാള്‍ വലീമതിന് ക്ഷണിക്കപ്പെട്ടാല്‍ അതില്‍ പങ്കുകൊള്ളുക’
മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണാം.
إذا دعي أحدكم إلى الوليمة عرس فليجب
(വിവാഹ സല്‍ക്കാരത്തിലേക്ക് ക്ഷണിക്കപ്പെട്ടവന്‍ ക്ഷണം സ്വീകരിക്കട്ടെ)
മുസ്ലിം (റ) റിപ്പോര്‍ട്ട് പറയുന്നു:
شر الطعام طعام الوليمة يدعى لها الأغنياء وتترك الفقراء ومن لم يجب الدعوة فقد عصى الله ورسوله
(ദരിദ്രരെ ഒഴിവാക്കുകയും ധനികരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്ന വിവാഹസദ്യയാണ് ഏറ്റവും മോശപ്പെട്ട സല്‍ക്കാരം. വിവാഹസദ്യക്ക് ക്ഷണിക്കപ്പെട്ടിട്ടും ക്ഷണം സ്വീകരിക്കാത്തവന്‍ അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിര് കാണിച്ചു.
വ്യഭിചാരത്തില്‍ നിന്ന് നല്ല വിവാഹത്തെ വേര്‍തിരിക്കുകയാണ് വലീമതിന്റെ ലക്ഷ്യമെന്നതുകൊണ്ട് ക്ഷണം സ്വീകരിക്കല്‍ فرض كفاية (സമൂഹ ബാധ്യത) മാത്രമേയുള്ളൂവെന്ന അഭിപ്രായവുമുണ്ട്.
കുറച്ചാളുകള്‍ സന്നിഹിതരായാലും ഈ ലക്ഷ്യം വീടുമല്ലേ.
ക്ഷണം സ്വീകരിക്കല്‍ സുന്നത്തേയുള്ളൂ എന്നഭിപ്രായവുമുണ്ട്. വിവാഹ സദ്യയല്ലാത്ത മറ്റു സല്‍ക്കാരങ്ങളിലേക്ക് ക്ഷണം സ്വീകരിക്കല്‍ നിര്‍ബന്ധമില്ല. (തുഹ്ഫ:7/426)
സുന്നത്തായ മറ്റു സല്‍ക്കാരങ്ങള്‍ ഇവയാണ്.
നികാഹിന് വേണ്ടി (إملاك، شنحي) മധുവിധുവിന് ശേഷമുള്ളത് (وليمة) പ്രസവിച്ചതിന് ശേഷമുള്ള (خرس) ജനിച്ച കുഞ്ഞിന് വേണ്ടി (عقيقة) ചേലാകര്‍മ്മം നടത്തിയാല്‍ (إعذار), ഖുര്‍ആന്‍ മനഃപാഠംമാക്കിയാല്‍ (حذاق), വീട്/ കെട്ടിടം പള്ളിതാന്‍ (وكيرة) ദീര്‍ഘയാത്രകഴിഞ്ഞ് വന്നാല്‍ (نقيعة) ബുദ്ധിമുട്ടില്‍ നിന്ന് രക്ഷ നേടിയാല്‍ (وضيمة) ഒരു കാരണവുമില്ലാതെ ഒരുക്കുന്ന സദ്യ. (مأدبة)
ക്ഷണിക്കാനും ക്ഷണം സ്വീകരിക്കാനും ഫുഖഹാക്കള്‍ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്.
ക്ഷണിക്കുന്നവനും ക്ഷണിക്കപ്പെടുന്നവനും മുസ്ലിമാകണം. അപ്പോള്‍ ഒരു അമുസ്ലിം ക്ഷണിച്ചാല്‍ അവന്റെ ഭക്ഷണം മലിനമാവല്‍ സാധ്യതയുള്ളതിനാല്‍ ക്ഷണം സ്വീകരിക്കല്‍ നിര്‍ബന്ധമില്ല. ക്ഷണിക്കപ്പെട്ടവര്‍ സത്യനിഷേധിയാണെങ്കില്‍ അവന് ക്ഷണം സ്വീകരിക്കേണ്ടതില്ല.
ധനികരെ മാത്രെ ക്ഷണിച്ചുകൊണ്ടുള്ള വിവാഹസല്‍ക്കാരത്തിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കേണ്ടതില്ല. ‘ധനികരെ മാത്രം വിളിക്കുകയും ദരിദ്രരെ ഒഴിവാക്കുകയും ചെയ്യുന്ന വിവാഹസദ്യയാണ് ഏറ്റവും ചീത്ത സല്‍ക്കാരം’ (മുസ്ലിം) എന്ന ഹദീസില്‍ നിന്ന് ഇത് വ്യക്തമാണ്.
തന്റെ കുടുംബക്കാര്‍, അയല്‍വാസികള്‍, ജോലിക്കാര്‍ എല്ലാവരെയും വിളിക്കുകയാണ് വേണ്ടത്. അതിന് കഴിയാത്തവന്‍ എല്ലാവരെയും ക്ഷണിക്കുന്നില്ലെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം വിളിക്കരുത്.
വിവാഹസല്‍ക്കാരം മൂന്ന് ദിവസങ്ങളിലായി നടത്തുകയാണെങ്കില്‍ ആദ്യ ദിവസം ക്ഷണിക്കപ്പെട്ടാല്‍ മാത്രമേ പോകല്‍ നിര്‍ബന്ധമാകുകയുള്ളൂ. രണ്ടാം ദിവസം ക്ഷണം സ്വീകരിക്കല്‍ സുന്നത്തും മൂന്നാം ദിവസം കറാഹത്തുമാകുന്നു.
അബൂദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി (സ) പറഞ്ഞു: (الوليمة في اليوم الأول حق وفي الثاني معروف وفي الثالث رياء وسمعة)
(വിവാഹ സല്‍ക്കാരം ഒന്നാം ദിവസം ബാധ്യതയും രണ്ടാം ദിവസം നല്ലതും മൂന്നാം ദിവസം നാട്യവുമാകുന്നു.)
ജനങ്ങളുടെ ആധിക്യത്താലോ വീട് സൌകര്യമില്ലാത്തതോ മറ്റോ കാരണത്താല്‍ ഒന്നാം ദിവസം കഴിഞ്ഞില്ലെങ്കില്‍ രണ്ടാം ദിവസം നടത്താവുന്നതും അതിലേക്ക് പോകാവുന്നതാണ്.
കാരണം കൂടാതെ ഒരു ദിവസം തന്നെ രണ്ടുനേരം സല്‍കരിച്ചാല്‍ രണ്ടാമത്തെ സല്‍ക്കാരത്തിലേക്ക് പോകേണ്ടതില്ലെന്നാണ് സര്‍കശീ ഇമാമിന്റെ അഭിപ്രായം.
സദ്യ നടത്തുന്ന മുസ്ലിം നേരിട്ടോ അവന്റെ വിശ്വസ്തനായ പ്രതിനിധിയോ ക്ഷണിച്ചാല്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. വലിയ്യിന്റെ സമ്മതത്തോട് കൂടിയാണെങ്കിലും ഭ്രാന്തന്റെയോ തന്റേടമില്ലാത്ത കുട്ടിയുടെയോ ക്ഷണം സ്വീകരിക്കേണ്ടതില്ല. എന്നാല്‍ കളവ് പറയുന്നവനായി അറിയപ്പെടാത്ത വകതരിവുള്ള കുട്ടി വന്നു ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കേണ്ടതുണ്ട്.
ക്ഷണിക്കപ്പെടുന്നവന്റെ അന്തസ്സും പ്രതാപവും കൊണ്ട് സല്‍ക്കാരം കെങ്കേമമാക്കാന്‍ ആഗ്രഹിച്ചോ അവനെ ക്ഷണിക്കാതിരുന്നാലുള്ള വിനാശം ഭയന്നോ ദുഷ്ഠമാര്‍ഗത്തില്‍ അവന്റെ സഹായം പ്രതീക്ഷിച്ചോ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കേണ്ടതില്ല.