സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 15 August 2014

നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?

ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
ഉത്തരം: അനസി(റ)ല്‍നിന്ന് ഇമാം ദൈലമി(റ) തന്റെ മുസ്നദുല്‍ ഫിര്‍ദൌസില്‍ നിവേദനം: നബി(സ്വ) പറഞ്ഞു: ‘ജനാസയില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍ വര്‍ധിപ്പിക്കുക.’ ഇമാം സുയൂഥി(റ)യുടെ അല്‍ജാമിഉസ്സഗീര്‍ 1/54 നോക്കുക.
മയ്യിത്ത് കട്ടിലില്‍ വെച്ചതിനുശേഷമേ ജനാസ എന്ന് പറയപ്പെടുകയുള്ളൂവെന്ന് സര്‍വ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. അപ്പോള്‍ ജനാസയില്‍ എന്നുപറഞ്ഞതിന്റെ വിവക്ഷ മയ്യിത്ത് കൊണ്ടുപോകുമ്പോഴാണെന്നു തീര്‍ച്ച. മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍ അധികരിപ്പിക്കണമെന്ന നബി(സ്വ)യുടെ നിര്‍ദ്ദേശം സ്വഹാബത്ത് പാലിക്കുന്നവരായതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തിരുന്നുവെന്നാണ് വെക്കേണ്ടത്. അവരെ സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാകാന്‍ പാടില്ലെന്നതാണ് കാരണം. അതുപോലെ തന്നെ നിര്‍ദേശിച്ച കാര്യം നബി(സ്വ) സ്വയം ചെയ്യാറുമുണ്ടായിരുന്നില്ലെന്നുവെക്കാനും നിവൃത്തിയില്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി വിമര്‍ ശിച്ച കാര്യമാണ്, പ്രവര്‍ത്തിക്കാത്തത് നിര്‍ദേശിക്കല്‍. മഹാനായ നബി(സ്വ)യെ സംബന്ധിച്ച് ഇതെങ്ങനെ ഊഹിക്കാനാകും? നബി(സ്വ)യെ സാധാരണ മനുഷ്യനായും സ്വഹാബത്തിനെ മാതൃകായോഗ്യരല്ലാതെയും കാണുന്ന നവീന ആശയക്കാര്‍ നബി(സ്വ) സ്വയം ചെയ്യാത്തത് നിര്‍ദേശിക്കുന്നവരും സ്വഹാബത്ത് നബി(സ്വ)യുടെ നിര്‍ദേശം പൂര്‍ണമായും പാലിക്കാത്തവരുമാണെന്നു പറഞ്ഞേക്കും. പക്ഷേ, ഇതൊരു വിശ്വാസിക്ക് എങ്ങനെ ഊഹിക്കാനാകും.