സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 7 August 2014

ഖാസി, മുഫ്തി, ഇജ്തിഹാദ്

സമുദായത്തില്‍ ഖാസിമാരും മുഫ്തിമാരുമുണ്ടാകല്‍ നിര്‍ബന്ധമാണ്. അവര്‍ സ്വതന്ത്ര മുജ്തഹിദുകളായിരിക്കണമെന്ന് മതഗ്രന്ഥങ്ങള്‍ ഉപാധി നിശ്ചയിച്ചിട്ടുണ്ട്. അപ്പോള്‍ ഗവേഷണാര്‍ഹത നേടുകയെന്നതു പൊതുബാധ്യത – ഫര്‍ളു കിഫായ ആണെന്നും അതു നേടിയില്ലെങ്കില്‍ സമൂഹം ഒന്നിച്ചു കുറ്റക്കാരനെന്നും വരില്ലേ?
വരില്ല; അങ്ങനെ വരാന്‍ സാധ്യതയില്ല. മുഫ്തിയും ഖാസിയും മുജ്തഹിദുകളാകണമെന്നു പറഞ്ഞ പണ്ഢിതന്മാര്‍ തന്നെ, മുജ്തഹിദുകളില്ലാത്ത സാഹചര്യത്തില്‍, മുഖല്ലിദുകള്‍ മദ്ഹബിന്റെ വൃത്തത്തില്‍ ഒതുങ്ങി നിന്നു കൊണ്ട് അക്കാര്യം നിര്‍വഹിക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അവഗണന കൊണ്ടോ അശ്രദ്ധ കൊണ്ടോ അല്ല പില്‍ക്കാലത്ത് മുജ്തഹിദുകളുണ്ടാകാതെ പോയത്, പ്രത്യുത വിജ്ഞാന സമ്പാദനത്തിനു വേണ്ടി ആത്മാര്‍ഥമായി ജീവിതം ഉഴിഞ്ഞുവെച്ച പ്രതിഭാശാലികള്‍ക്കു പോലും ആ സ്ഥാനം പ്രാപിക്കാന്‍ സാധിക്കാതെ വരികയാണുണ്ടായത്.
അല്ലാമാ ഇബ്നു ഹജര്‍ (റ) പറയുന്നത് കാണുക : “മുജ്തഹിദിന്റെ അഭാവം ഇജ്തിഹാദിന്റെ ആയുധം നേടല്‍ അസാധ്യമായിത്തീര്‍ന്നതു കൊണ്ടു മാത്രമാണ്. അതിന്റെ മാര്‍ഗത്തെ അവഗണിച്ചതു കൊണ്ടല്ല. നമ്മുടെ ശാഫി മദ്ഹബുകാരായ പണ്ഢിതന്മാരും അല്ലാത്തവരും കഴിവിനുപരിയായി തീവ്രയത്നം നടത്തിയിട്ടുണ്ട്. ഇതു അവരുടെ ചരിത്രം സസൂക്ഷ്മം പഠിച്ചിട്ടുള്ളവര്‍ക്കറിയാവുന്നതാണ്. എന്നിട്ടും സ്വതന്ത്രമായ ഇജ്തിഹാദിന്റെ സ്ഥാനം കൈവരിക്കാന്‍ അവര്‍ക്കു സാധിച്ചില്ല”.
“മാത്രമല്ല, പ്രസ്തുത കാര്യങ്ങള്‍ (ഇജ്തിഹാദു ചെയ്തു ഫത്വായും വിധിന്യായവും നല്‍കല്‍) നിര്‍ബന്ധമാകുന്നത് ഇജ്തിഹാദിനു പണ്ഢിതന്മാര്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ മുഴുവന്‍ ഒത്തിണങ്ങിയ ആള്‍ക്കു മാത്രമാണ്. പിന്‍ തലമുറകളെ മുഴുവന്‍ പരിശോധിച്ചാല്‍ അവ മുഴുവന്‍ അവര്‍ നേടിയില്ലെന്നു കാണാവുന്നതാണ്. അതു കൊണ്ട് അവര്‍ക്ക് കുറ്റമില്ല” (ഫതാവല്‍ കുബ്റാ 4-32).