സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 16 August 2014

നിരോധിത സംഗീതങ്ങള്‍

സംഗീതം ആലപിക്കുന്ന വ്യക്തികള്‍ ശ്രോതാക്കളില്‍ ദുര്‍വികാരവും ദുഷ്ചിന്തയും ഉണ്‍ടാക്കുന്നവരാകുക എന്നതാണ് സംഗീതം ഹറാമാകുന്നതിനുള്ള ഒരു കാരണം. ഉദാഹരണമായി അന്യസ്ത്രീയുടെ ഗാനം അന്യപുരുഷന്‍ കേള്‍ക്കുക, ഇതു സ്ത്രീ പുരുഷനെയോ, പുരുഷന്‍ സ്ത്രീയെയോ കാണുന്ന വിധത്തിലോ, അന്യസ്ത്രീപുരുഷന്‍മാര്‍ ഒരിടത്തു തനിച്ചാകുന്ന വിധത്തിലോ ആണെങ്കില്‍ ഹറാമാണ്. ഈ രണ്‍ടു വിധത്തിലുമല്ലെങ്കില്‍, അഥവാ സ്ത്രീയുടെ ഗാനം മാത്രം കേള്‍ക്കുന്ന രൂപത്തിലാണെങ്കില്‍ മതപണ്ഢിതന്‍മാര്‍ക്ക് തദ്വിഷയത്തില്‍ മൂന്നഭിപ്രായമാണുള്ളത്. ഒന്ന്, സ്ത്രീയുടെ ശബ്ദം ഔറത്താണ്. അതുകൊണ്‍ട് അവളുടെ ഗാനം കേള്‍ക്കല്‍ ഹറാമാണ്. രണ്‍ട്, അവളുടെ ശബ്ദം ഔറത്തല്ല. അതുകൊണ്‍ട് അവളുടെ സാധാരണ ശബ്ദം കേള്‍ക്കുന്നതിന് വിരോധമില്ല. പക്ഷേ, അവളുടെ ഗാനം കേള്‍ക്കല്‍ ഹറാമാണ്. കാരണം, അതു സാധാരണ ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായി, സ്വരരാഗ ഈണങ്ങള്‍ കൊണ്‍ട് മനം കവരുന്നതാണ്. അതുകൊണ്‍ട് ഗാനശ്രവണം നിഷിദ്ധമാണ്. മൂന്ന്, സ്ത്രീയുടെ ശബ്ദം ഔറത്തല്ല, അതുകൊണ്‍ട് അവളുടെ ഗാനം കേള്‍ക്കുന്നതിനു വിരോധമില്ല. പക്ഷേ, ദോഷഫലത്തെ കുറിച്ചു ആശങ്കയുണ്‍ടെങ്കില്‍ കേള്‍ക്കല്‍ ഹറാമാണ്. അവളെയോ മറ്റു വല്ല സ്ത്രീയെയോ പ്രാപിക്കുവാനോ, സ്പര്‍ശിക്കുവാനോ, നോക്കുവാനോ, പ്രേമിക്കുവാനോ ഇടവരുമെന്ന ഭയാശങ്ക ദോഷഫലമാണ്. അപ്പോള്‍ എളുപ്പം വികാരപരവശരാകാന്‍ സാധ്യതയുള്ളവര്‍ക്കു ശ്രവണം ഹറാമാകും. അല്ലാത്തവര്‍ക്ക് ഹറാമില്ല, കറാഹത്താണ്. അഥവാ ഉപേക്ഷിക്കുന്നതാണുത്തമം. ഈ മൂന്നാം അഭിപ്രായമാണ് പ്രബലം. ദോഷഫലാശങ്കയുള്ളേടത്ത്, സുന്ദരരായ കുമാരന്മാരുടെ ഗാനത്തിനു സ്ത്രീഗാനത്തിന്റെ വിധിയാണുള്ളത് (കഫ്ഫുറആഅ് 26, 58 തുഹ്ഫ, ശര്‍വാനി 10/219).
ബാങ്ക്, വിശുദ്ധ ഖുര്‍ആന്‍ എന്നിവക്കു സംഗീതരീതി സ്വീകരിക്കുകയെന്നതാണ് സംഗീതം നിഷിദ്ധമാകുന്നതിനുള്ള മറെറാരു നിമിത്തം. ഇബ്നുഹജര്‍(റ) പറയുന്നു: ബാങ്ക് ഗാനരീതിയില്‍ നീട്ടിപ്പാടുന്നത് കറാഹത്താണ്. എന്നാല്‍ അര്‍ഥത്തിനും ആശയത്തിനും വ്യത്യാസം വരുന്ന രീതിയില്‍ പദങ്ങള്‍ നീട്ടുകയോ പരസ്പരം വിഛേദിക്കുകയോ ചെയ്തുകൊണ്‍ടാണെങ്കില്‍ ഹറാമാണ്. മാത്രമല്ല അവയില്‍ പലതും കാഫിറായിത്തീരുന്നതിനുവരെ ഇടവരുത്തും (തുഹ്ഫ 2/99).
ഇമാം സര്‍ക്കശി (റ) പറയുന്നു. ബാങ്കുകാര്‍ക്ക് പിണയാറുള്ള ചില അബദ്ധങ്ങളുണ്‍ട്. അവ സൂക്ഷിക്കേണ്‍ടതാണ്. ചില ഉദാഹരണങ്ങള്‍: അക്ബര്‍ എന്നത് ആക്ബര്‍ എന്നോ അശ്ഹദു എന്നത് ആശ്ഹദു എന്നോ ഉച്ചരിക്കുക. ഇവ പരിഹാസ്യങ്ങളായ ചോദ്യങ്ങളായിത്തീരും. അപ്രകാരം അക്ബാര്‍ എന്നുച്ചരിക്കുമ്പോള്‍ ചെണ്‍ടകള്‍ എന്നര്‍ഥം വരും. ലാഇലാഹ എന്നിടത്തു നിര്‍ത്തി, പിന്നീട് ഇല്ലല്ലാഹ് എന്നുച്ചരിക്കുമ്പോള്‍ അതു ദൈവനിഷേധമായി പരിണമിക്കും. അതുകൊണ്‍ട് ഇതുരണ്‍ടും അബദ്ധങ്ങളാണെന്നു മാത്രമല്ല, കാഫിറാകുന്നതിനുവരെ കാരണമായേക്കും. അല്ലാഹ്, അസ്സ്വലാഹ്, അല്‍ഫലാഹ് എന്നിവ അറബികളുടെ കീഴ്വഴക്കത്തിനു വിരുദ്ധമായി അമിതമായി നീട്ടുന്നത് പിശകും തെറ്റുമാണ്. അല്ലാഹു എന്നത് ഹല്ലാഹു എന്നുച്ചരിക്കുന്നത് വഷളായ പിശകാണ്. അസസ്വലാഹ് എന്നതിലെ അന്ത്യാക്ഷരം ഒഴിവാക്കി ഹയ്യഅലസ്സ്വലാ എന്നു പറഞ്ഞാല്‍ അഗ്നിയിലേക്കു വരൂ എന്നാകും സാരം (ശര്‍വാനി 2/99). സംഗീതത്തിന്റെ ഈണത്തിനും രീതിക്കും വഴങ്ങുവാന്‍ വേണ്‍ടി ഹ്രസ്വമാക്കുകയോ, പദങ്ങളെ തിരിമറി നടത്തുകയോ അസ്ഥാനത്തു മുറിച്ചുച്ചരിക്കുകയോ ചെയ്യുമ്പോള്‍ അര്‍ഥത്തിനും ആശയത്തിനും പലപ്പോഴും വ്യത്യാസം സംഭവിച്ചെന്നു വരും. അങ്ങനെ വന്നാല്‍ ബാങ്ക് ഗാനമാക്കുന്നത് ഹറാമും ഇല്ലെങ്കില്‍ കറാഹത്തുമാണ്. രണ്‍ടായാലും ഉപേക്ഷിക്കേണ്‍ടതാണ്. ഒന്നാമത്തേതില്‍ ഉപേക്ഷ നിര്‍ബന്ധവും രണ്‍ടാമത്തേതില്‍ ഉത്തമവുമാണ്.
വിശുദ്ധ ഖുര്‍ആന്‍ ശബ്ദഭംഗിയോടെ ഓതുന്നതും സാവകാശം ആശയം ഓര്‍ത്തുകൊണ്‍ടു പാരായണം ചെയ്യുന്നതും പാരായണവേളയില്‍ കരയുന്നതും ശബ്ദഭംഗിയുള്ളവന്റെ പാരായണം ശ്രദ്ധിക്കുന്നതും പരസ്പര പാരായണം നടത്തുന്നതും അഭികാമ്യമാണ്; സുന്നത്താണ് (തുഹ്ഫ, ശര്‍വാനി 10/219). ശബ്ദസൌന്ദര്യത്തോടെ ഖുര്‍ആന്‍ പാരായണം അഭികാമ്യമാണെന്നതിനു അനുകൂലമായ ചില ഹദീസുകള്‍ കാണുക.
ഖുര്‍ആനിനെ നിങ്ങളുടെ ശബ്ദങ്ങള്‍ കൊണ്‍ടു ഭംഗിയാക്കുക (അഹ്മദ്, അബൂദാവൂദ്, നസാഇ, ഇബ്നുമാജ, ഇബ്നുഹിബ്ബാന്‍). കാരണം സുന്ദരശബ്ദം ഖുര്‍ആനിനു ചന്തം വര്‍ദ്ധിപ്പിക്കും (ദാരിമി, ഹാകിം). ശബ്ദഭംഗിയോടൊപ്പം ഭക്തിയോടെയും ഭക്തിജനകമായ ശൈലിയിലുമാകണം പാരായണം. നബി (സ്വ) പറയുന്നു:
സങ്കടസമേതം ഓതുന്നവന്റെ പാരായണമാണ് ഏറ്റവും ഉത്തമമായ പാരായണം (ത്വബ്റാനി).
സംഘം ചേര്‍ന്ന് ഓതുന്നതിനു വിരോധമില്ല. കുറച്ചാളുകള്‍ ഒരു ഭാഗം ഓതുകയും അതിനുശേഷമുള്ള ഭാഗം മറ്റുചിലര്‍ ഓതുകയും ചെയ്തുകൊണ്‍ട് മാറിമാറി ഓതുകയോ എല്ലാവരും കൂടി ഓതുകയോ ചെയ്യാം. പക്ഷേ, അക്ഷരങ്ങളെ ശരിയായ ഘടനയില്‍ നിന്നു തെറ്റിക്കുന്ന വിധം ഖുര്‍ആന്‍ സംഗീതമാക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ കേട്ടവനും കുറ്റക്കാരാകും. ഖുര്‍ആനിന്റെ നേരായ പാരായണമാര്‍ഗം അവന്‍ വിട്ടുകളഞ്ഞു എന്നതാണ് കാരണം (തുഹ്ഫ, ശര്‍വാനി 10/219). ഗാനരീതികളില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നതു നിരുപാധികം അനുവദനീയമാക്കിയ ചിലരുണ്‍ട്. ശബ്ദഭംഗി വരുത്തണമെന്ന ഹദീസുകളാണ് അവര്‍ പിടികൂടിയിട്ടുള്ളത്. മറ്റു പലരും നിരുപാധികമായി, കാര്‍ക്കശ്യത്തോടെ അതു നിരോധിച്ചിരിക്കുകയാണ്. അതു വിനോദവും ആഹ്ളാദപ്രകടനവുമായി മാറും. മാത്രമല്ല, നബി (സ്വ) യും സ്വഹാബത്തും സ്വീകരിച്ച സമ്പ്രദായത്തിനു വിരുദ്ധമായ ബിദ്അത്തുകൂടിയാണത്. ഇതാണ് ഇവരുടെ ന്യായം. എന്നാല്‍ ഇമാം ശാഫിഈ (റ) ഈ രണ്‍ടു നിലപാടുകള്‍ക്കുമിടയില്‍ സോപാധികമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അക്ഷരങ്ങളുടെ സ്വാഭാവിക ഘടനക്കു വ്യത്യാസം വരുത്തുമെങ്കില്‍ അനുവദനീയമല്ല. മറിച്ചാണെങ്കില്‍ അനുവദനീയമാവും (കഫ്ഫുറആഅ് 86-87).
സംഗീതരീതികളുടെ ക്രമീകരണത്തിനുവേണ്‍ടി ഖുര്‍ആനിക പദങ്ങള്‍ അതിന്റെ സ്വാഭാവികതയില്‍ നിന്നു വ്യതിചലിപ്പിക്കേണ്‍ടി വരുന്നവിധം ഗാനരീതികളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഹറാമാണ്. താഴെ പറയുന്ന ഏഴു കാരണങ്ങളില്‍ വല്ലതും ഉണ്‍ടാകുമ്പോഴാണ് അതു സംഭവിക്കുക. ഒന്ന്, ഒരക്ഷരം കടത്തിക്കൂട്ടുക. രണ്‍ട്, ഒരക്ഷരം കുറക്കുക. മൂന്ന്, പുതിയ സ്വരാക്ഷരം ഉത്ഭവിക്കും വിധം അകാരഇകാരഉകാരങ്ങളെ നീട്ടുക. നാല്, അസ്ഥാനത്ത് ഇരട്ടിപ്പ് വരുത്തുക. അഞ്ച്, മദ്ദുള്ളിടത്ത് നീട്ടാതിരിക്കുക. ആറ്, മദ്ദ് ഇല്ലാത്തിടത്തില്‍ നീട്ടുക. ഏഴ്, പദത്തെയോ അര്‍ഥത്തെയോ അവ്യക്തമാക്കുന്നവിധം ഈണം വെക്കുക. ആലാപനാര്‍ഥം വന്നുചേരുന്ന ഏറ്റക്കുറച്ചിലുകള്‍ മനഃപൂര്‍വമല്ലാത്തതുകൊണ്‍ടാണ് മതഭ്രഷ്ടിനു കാരണമായി ഗണിക്കാതെ ഹറാം മാത്രമായി പണ്ഢിതന്മാര്‍ എണ്ണിയിട്ടുള്ളത് (കഫ്ഫുറആഅ് 86-89, തുഹ്ഫ, ശര്‍വാനി 10/219).
ഉള്ളടക്കം ചീത്തയാവുക, ഗായകര്‍ ശ്രോതാക്കളില്‍ ദുര്‍വികാരമുദ്ദീപിപ്പിക്കുന്നവരാകുക, ബാങ്കും ഖുര്‍ആനും കൊണ്‍ട് പാട്ട് പാടുക എന്നീ കാരണങ്ങള്‍ കൊണ്‍ട് സംഗീതം ഹറാമാകുമെന്നപോലെ തന്നെ ചില സംഗീതോപകരണങ്ങളുടെ വാദനത്തോടെയുള്ള പാട്ടുകളും ഹറാമാണ്. വാദനം ഹറാമായാല്‍ അതോടൊപ്പമുള്ള ആലാപനവും ഹറാമാകും. സംഗീതം സുന്നത്തായ സന്ദര്‍ഭങ്ങളും ഹറാമായ മേഖലകളുമാണിതുവരെ പറഞ്ഞത്. ഉപകാരമുള്ളതു സുന്നത്തും ഉപദ്രവമുള്ളതു ഹറാമുമാണെന്നു നാം മനസ്സിലാക്കി. എന്നാല്‍ ഉപകാരവും ഉപദ്രവവുമില്ലാത്തവയോ? അതു അനുവദനീയമാണ്. ഇമാം ഗസ്സാലി (റ) പറയുന്നു. സദ്കര്‍മത്തിനു പ്രേരകമായ സംഗീതം സദ്കര്‍മവും ദുഷ്കര്‍മത്തിനു പ്രേരകമായ സംഗീതം ദുഷ്കര്‍മവുമാണ്. ഇവയിലൊന്നുമുദ്ദേശിച്ചില്ലെങ്കില്‍ അതു വിട്ടുവീഴ്ച നല്‍കപ്പെട്ട ഒരു വിനോദവുമാകുന്നു (ശര്‍വാനി 10/218). എന്നാല്‍ ഇത് ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്തും സ്വഹാബത്തിന്റെ യുഗത്തിലും പ്രചാരത്തിലുണ്‍ടായിരുന്ന ചില ലളിതമായ ഗാനങ്ങളുടെയും പാട്ടുകളുടെയും വിധിയാണ്. മനുഷ്യനെ അത്യാഹ്ളാദം കൊള്ളിക്കുകയോ വികാരപരവശനാക്കുകയോ വിനോദപ്രിയനാക്കുകയോ ഭൌതികലഹരിയില്‍ ലയിപ്പിക്കുകയോ ചെയ്യുന്ന താളാത്മകമായ ഈണരാഗങ്ങളോടുകൂടിയ സംഗീതം ഇതില്‍നിന്നു വ്യത്യസ്തമാണ്.
അജ്ഞാതകാലത്തു ഗാനത്തിന്റെ ചില വ്യത്യസ്തരീതികള്‍ അറബികള്‍ക്കറിയാമായിരുന്നു. അതു സംഗീതത്തിന്റെ പ്രാഥമിക രൂപങ്ങള്‍ മാത്രമായിരുന്നു. പക്ഷേ, അതിനു നിശ്ചിത സാങ്കേതിക ചിട്ടകളുള്ള ഈണങ്ങള്‍ അറബിഗാനങ്ങള്‍ക്കുണ്‍ടായിരുന്നില്ല. പിന്നീട് ഉമവീകാലഘട്ടത്തില്‍ മാത്രമാണ് സംഗീതം ഒരു പൂര്‍ണകലയായി പരിണമിച്ചത്. അറബികള്‍ ഇതരസമൂഹങ്ങളുമായി കൂടിക്കലരുകയും അവരുടെ സംഗീതവും മ്യൂസിക്കും അറബികളില്‍ സ്വാധീനം ചെലുത്തുകയും ചെയ്തപ്പോഴാണ് അതു സംഭവിച്ചത്. ഇക്കാര്യം എച്ച്. ജി. ഫാര്‍മര്‍ തന്റെ ഹിസ്ററി ഓഫ് അറബിക് മ്യൂസിക്ക് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്‍ട് (ഡോ. ശൌഖീദൈഫ്, ജോര്‍ജ്സൈദാന്റെ അറബിസാഹിത്യചരിത്രത്തിനെഴുതിയ വ്യാഖ്യാനക്കുറിപ്പ് 1/69).
മനുഷ്യമനസുകളെ ഹരംപിടിപ്പിച്ചു അമിതാഹ്ളാദത്തിന്റെ സാഗരത്തില്‍ മുക്കിക്കൊല്ലുകയോ പരിസരം മറപ്പിച്ചു വിനോദലഹരിയുടെ വിഹായസിലേക്കു റാഞ്ചിക്കൊണ്‍ടുപോകുകയോ ചെയ്യുന്ന പില്‍ക്കാല രീതികളിലുള്ള സംഗീതങ്ങള്‍, തെറ്റിന്റെ വശങ്ങളൊന്നുമില്ലെങ്കില്‍ കറാഹത്താകുമെന്നാണ് പണ്ഢിതന്മാര്‍ പറഞ്ഞിട്ടുള്ളത്. സംഗീതം കറാഹത്താണ്, അഥവാ അതു പാടുന്നതും കേള്‍ക്കുന്നതും ഉപേക്ഷിക്കുന്നതാണുത്തമം എന്നാണ് ഇമാം നവവി (റ) തന്റെ വിശ്വവിഖ്യാതവും ആധികാരികവുമായ മിന്‍ഹാജ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത്. മിന്‍ഹാജിന്റെ ഏറ്റവും ആധികാരിക വ്യാഖ്യാനമായ തുഹ്ഫയില്‍ ശൈഖ് ഇബ്നുഹജര്‍ (റ) പറയുന്നു. സ്വഹാബിമാരിലും അനന്തരഗാമികളിലും ഒരു വിഭാഗം ആലപിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള സംഗീതത്തിന്റെ സ്വഭാവത്തിലുള്ളവയല്ല. ഇക്കാലത്തെ സംഗീതങ്ങള്‍ ഹൃദയാവര്‍ജകങ്ങളായ ഈണങ്ങളിലും മൃദുലമായ രാഗങ്ങളിലുമുള്ളവയാണ്. അതു മനസുകളെയും വികാരങ്ങളെയും ഇളക്കിവിടുന്നു. ഇമാം അദ്റഈ (റ), ഇമാം ഖുര്‍ഥുബി (റ) എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്‍ട്. ഞാന്‍ എന്റെ കഫ്ഫുറആഅ് എന്ന ഗ്രന്ഥത്തില്‍ വേണ്‍ട വിധം വിശദീകരിക്കുകയും ചെയ്തിട്ടുണ്‍ട് (തുഹ്ഫ 10/219). ഇത്തരം ഗാനത്തെ കുറിച്ചാണ് പണ്ഢിതന്മാര്‍ കറാഹത്ത് എന്നു പറഞ്ഞിട്ടുള്ളത്. തുഹ്ഫയുടെ പ്രാമാണിക വ്യാഖ്യാനത്തില്‍ അല്ലാമാ ശര്‍വാനി പറയുന്നു: നന്മക്കു പ്രേരകമായ ഗാനം സുന്നത്തും തിന്മക്കു പ്രേരകമായതു ഹറാമും അതു രണ്‍ടുമല്ലാത്തതു കറാഹത്തുമാകുന്നു (ശര്‍വാനി 10/223).