സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 11 August 2014

ഉറുക്ക്, മന്ത്രം, ഏലസ്സ്

റൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:
“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284). ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നതാകുന്നു”(ശറഹു മുസ്ലിം 7/169).
നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ‘നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു” (ബുഖാരി വാ. 13, പേ. 117).
ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” (ബുഖാരി വാ. 13, പേ. 118). ആഇശഃ(റ)യില്‍ നിന്നു നിവേദനം: “നബി(സ്വ)യുടെ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാ റുണ്ടായിരുന്നു. രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതുകയും ശരീരം തടവുകയും ചെയ്തിരുന്നു” (ബുഖാരി 13/126, മുസ്ലിം 14/182).
നബി(സ്വ)  തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാ നത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്. നബി (സ്വ) അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുരണ്ട ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” (സാദുല്‍ മആദ്, 4/147). ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍ (റ) എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു”. ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക്കും മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” (ഫത്ഹുല്‍ ബാരി 13/121).
ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433). അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439). ഇമാം നവവി(റ)പറയുന്നു:
“ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതിക്കെട്ടുന്നതി നാണ് ‘ഏലസ്സ്’ എന്നു പറയുന്നത്.  അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു. സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222). “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82).  ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
പ്സവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്” (മുസ്വ ന്നഫ്, 5/433).
ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).
ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).
മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും പരിശോധിച്ചിരു ന്നെങ്കില്‍!