സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 11 August 2014

ഉള്ഹിയ്യത്ത്

ബലിപെരുന്നാ‍ാളിനോടനുബന്ധിച്ച് അല്ലാഹുവിന്റെ സാമീപ്യം ഉദ്ദേശിച്ച് അറുക്കപ്പെടുന്ന ബലിമൃഗത്തെക്കുറിച്ചാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.


ബലിപെരുന്നാൾ ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്‌അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞതു മുതൽ ബലിയുടെ സമയം തുടങ്ങും. ഉത്തമമായ സമയം ബലി പെരുന്നാൽ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനുട്ട് (മുകളിൽ വിവരിച്ച 2 റക്‌അത്തിനും 2 ഖുതുബക്കും വേണ്ട സമയം ) ആയത് മുതൽ ദുൽഹിജ്ജ പതിമൂന്നിന് സൂര്യനസ്തമിക്കും വരെയാണ്. എങ്കിലും രാത്രി അറവ് നടത്തൽ കറാഹത്താണ്.


യാത്രക്കാരനും ഹജ്ജ് ചെയ്യുന്നവനും ഇത് സുന്നത്താണ്.


അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കുന്ന മൃഗങ്ങൾ. എന്നാൽ മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ , വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല.


മാട് , ഒട്ടകം എന്നിവ ഏഴുപേർക്കിടയിൽ പങ്കിട്ടും ഉള്ഹിയ്യത്ത് നടത്താവുന്നതാണ്. എന്നാൽ ആടിന്റെ കാര്യത്തിൽ ഇത് പറ്റില്ല. തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും കൂടി ഒരു ഉള്ഹിയ്യത്ത് അറുത്താൽ പ്രതിഫലം കുടുംബത്തിനു മുഴുവൻ ലഭിക്കും.


ഉള്ഹിയ്യത്ത് സാധുവാകുന്നതിന് നിയ്യത്ത് ആവശ്യമാണ്. അറവ് നടത്തുന്ന സമയത്തോ അറവ് മൃഗത്തെ നിർണയിക്കുന്ന അവസരത്തിലോ നിയ്യത്ത് ചെയ്യാവുന്നതാണ്. “സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്തുമാണ്.


ഉള്ഹിയ്യത്തിൽ നിന്ന് അല്‌പം ഒരു നിർധനനു നൽകലേ നിർബന്ധമുള്ളൂ. പക്ഷെ ബറക്കത്തിനു വേണ്ടി അല്‌പം മാത്രം എടുത്ത് ബാക്കി മുഴുവൻ ദാനം ചെയ്യുന്നതാണ് ഏറ്റവും പുണ്യം. വേവിക്കാതെയാണ് നൽകേണ്ടത്. ബലിയറുക്കുന്നവനെടുക്കുന്ന ഈ അല്പം കരളിൽ നിന്നാകുന്നതാണ് കൂടുതൽ ഉത്തമം.


ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിന്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ തീർത്തും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ല്ലതും അവൻ ഉപയോഗിച്ചാൽ അതീന്റെ ബദൽ (പകരം )ദരിദ്രർക്ക് നൽകാ‍ൻ അയാൾ ബാധ്യസ്ഥനായിരിക്കും.


സുന്നത്തായ ഉള്ഹിയ്യത്തിന്റെ കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം. ബലിമൃഗത്തിന്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‌പന നടത്താൽ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരന് കൂലിയായി നൽകാനോ പാടില്ല.


ഉള്‌ഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏല്പിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.


സുന്നത്തുകൾ :


ബലിയറുക്കാനുദ്ദേശിക്കുന്നവർ , ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കം ചെയ്യൽ കറാഹത്താണ്.


തടിച്ച് കൊഴുത്ത ന്യൂനതകളില്ലാത്ത മൃഗമാകലും പെരുന്നാൽ നിസ്കാരത്തിനു മുമ്പ് അറുക്കാതിരിക്കലും അറവ് നടത്തുന്നത് പകലിലാവലും സുന്നത്താണ്. ബലിമൃഗത്തെ ഖ്വിബ്‌ലക്ക് നേരെ തിരിക്കലും അറവ് നടത്തുന്നവർ ഖ്വിബ്‌ലക്ക് അഭിമുഖമാവലും ബിസ്‌മിയും സ്വലാത്തും സലാമും ചൊല്ലലും, തക്‌ബീർ ചൊല്ലലും , എന്നി നിന്ന് ഇത് സ്വീകരിക്കേണമേ എന്ന് ദുആ ചെയ്യലും സുന്നത്താണ്.


ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാട് , ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.


ബലി മൃഗത്തിന്റെ നിറത്തിന്റെ ശ്രേഷ്ഠതയുടെ ക്രമം : വെള്ള, മഞ്ഞ, മങ്ങിയ വെള്ള ,ചാരനിറം,ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.


ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധ സക്കാത്തല്ലാത്ത ദാ‍ന ധർമ്മങ്ങൾ അമുസ്‌ലിമിനും നൽകാമെങ്കിലും ഉള്ഹിയ്യത്തിന്റെ മാംസമോ മറ്റ് ഭാഗങ്ങളോ അമുസ്‌ലിമിനു നൽകൽ അനുവദനീയമല്ല.


ബലിയറുത്ത നാട്ടിൽ തന്നെയാണ് അത് വിതരണം ചെയ്യേണ്ടത്. ഇതര നാടുകളിലേക്ക് കൊടുത്തയക്കാൻ പറ്റില്ല. എന്നാൽ അത് സ്വീകരിച്ച നിർധനർക്ക് അന്യർക്ക് വിൽക്കാനും ഇതര പ്രദേശങ്ങളിലേക്ക് കൊടുത്തു വിടാനും പറ്റുന്നതാണ്.