സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 13 August 2014

മഅ്മൂമുകള്‍ ആമീന്‍ പറയല്‍

ചോദ്യം: ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ?
ഉത്തരം: ഫത്ഹുല്‍മുഈനിന്റെ രചയിതാവായ ബഹു. സൈനുദ്ദീനുല്‍ മഖ്ദൂം(റ) പറയുന്നു: “സലാം വീട്ടിയ ശേഷം ഇമാം ദുആ ചെയ്യുമ്പോള്‍ മഅ്മൂമുകള്‍ക്ക് ദുആക്ക് ആമീന്‍ പറയലാണോ സ്വന്തമായി വാരിദായ ദുആ ചെയ്യലാണോ ഏറ്റവും ഉത്തമമെന്ന് എന്റെ ഉസ്താദ് ബഹു. ഇബ്നുഹജര്‍(റ)നോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. -ഇമാമിന്റെ വാരിദായ പ്രാര്‍ഥന മഅ്മൂമുകള്‍ കേള്‍ക്കുന്നുവെങ്കില്‍ ആമീന്‍ പറയലാണ് അവര്‍ക്ക് സുന്നത്ത്.- വീണ്ടും മഖ്ദൂം(റ) പറയുന്നു. ഇമാമ് ദുആ ചെയ്യുമ്പോള്‍ അത് കേള്‍ക്കല്‍ കൊണ്ട് മാത്രം ദുആഅ് മഅ്മൂമുകള്‍ക്ക് മനഃപാഠമാക്കാന്‍ കഴിയില്ലെന്ന് ഇമാമിന് ബോധ്യപ്പെട്ടാല്‍ മഅ്മൂമുകള്‍ ആമീന്‍ പറയല്‍ ഉദ്ദേശിച്ചുകൊണ്ട് ദുആ ഉറക്കെയാക്കലാണോ അതല്ല പതുക്കെയാക്കലാണോ സുന്നത്തെന്നും ദുആ സ്വന്തമായി മനഃപാഠമുള്ള മഅ്മൂമുകള്‍ക്ക് ഇമാമിന്റെ ദുആക്ക് ആമീന്‍ പറയലാണോ അതല്ല ഇമാമിനോടൊപ്പം സ്വന്തായി ദുആ ചെയ്യലാണോ സുന്നത്തെന്നും ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ ഉസ്താദ് അബ്ദുല്‍ അസീസിസ്സംസമി(റ) ഇങ്ങനെ മറുപടി പറഞ്ഞു. -പലപ്രാവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ചാണെങ്കിലും ഇമാമില്‍ നിന്ന് ദുആ അവര്‍ കേള്‍ക്കുമ്പോള്‍ മനഃപാഠമാക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഇമാം ഉച്ചത്തില്‍ ദുആ ചെയ്യലാണ് വേണ്ടതെന്ന് ഫുഖഹാഇന്റെ പൊതു ഉദ്ധരണികളില്‍ നിന്ന് ഗ്രഹിക്കാ വുന്നതാണ്. മാത്രമല്ല, ഇമാമിന്റെ ദുആഅ് അവര്‍ കേള്‍ക്കുമ്പോള്‍ ആമീന്‍ പറയുമെന്നുകണ്ടാല്‍ ഉച്ചത്തില്‍ ദുആ ചെയ്യാനുള്ള പ്രേരണയാണതെന്ന് ഇമാം സര്‍കശി(റ) പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും വെറും ആമീന്‍ പറയല്‍ ഉദ്ദേശിച്ചുകൊണ്ട് തന്നെ ഇമാം ഉച്ചത്തില്‍ ദുആ ചെയ്യലാണ് ഏറ്റവും ഉത്തമമെന്നും മഅ്മൂമുകള്‍ ദുആ മനഃപാഠമുള്ളവരാണെങ്കിലും ഇമാമിന്റെ ദുആഇന് ആമീന്‍ പറയലാണ് നല്ലതെന്നും ഗ്രഹിക്കാവുന്നതാണ്.” ബഹു. ഉസ്താദ് അബ്ദുല്‍റഊഫ്(റ) ഇപ്രകാരം പറയുന്നു: വെറും കേള്‍വികൊണ്ട് മഅ്മൂമിന് മനഃപാഠമാക്കാന്‍ കഴിയില്ലെങ്കിലും ആമീന്‍ പറയാന്‍ വേണ്ടി ഇമാം ഉച്ചത്തിലാക്കലാണ് ഏറ്റവും ഉത്തമം. കാരണം ആമീന്‍ പറയുന്നവന്‍ കൂലിയില്‍ ദുആ ചെയ്യുന്നവന്റെ പങ്കാളിയാണ്” (ബഹു. മഖ്ദൂം തങ്ങളുടെ അല്‍അജ്വിബതുല്‍ അജീബ. പേജ് 18, 18).
ഇബ്നുഹജര്‍(റ) പറയുന്നു: “ദുആ ഉച്ചത്തിലാക്കുന്നതിനുള്ള പ്രേരക കാര്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ പതുക്കെയാക്കലാണ് സുന്നത്ത്. എന്നാല്‍ ഇമാമിന്റെ പ്രാര്‍ഥനക്ക് മഅ് മൂമുകള്‍ ആമീന്‍ പറയുന്നത് പ്രസ്തുത പ്രേരക കാര്യങ്ങളില്‍ പെട്ടതാണെന്ന് ഇമാം സര്‍കശി(റ) വ്യക്തമാക്കിയിട്ടുണ്ട്” (അല്‍ ഫതാവല്‍ കുബ്റ 1/158).
ഇപ്പറഞ്ഞ പണ്ഢിതന്മാരെല്ലാം ശാഫിഈ മദ്ഹബുകാരല്ലെന്നോ പ്രസ്തുത ഗ്രന്ഥങ്ങള്‍ ശാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളല്ലെന്നോ പറയാന്‍ ആര്‍ക്കും കഴിയില്ല. എ ന്നാല്‍ ഇതുതന്നെയാണ് ബഹു. മഖ്ദൂം തങ്ങള്‍ ഫത്ഹുല്‍ മുഈന്‍ പേജ് 78ല്‍ പറഞ്ഞത്.
മൌലവിമാര്‍ അംഗീകരിക്കുന്ന വ്യക്തിയും ഒരു മദ്ഹബും അംഗീകരിക്കാതെ വെറും ഹദീസ് കൊണ്ട് മാത്രം അമല്‍ ചെയ്യുന്ന വ്യക്തിയുമായ അബ്ദുറഹ്മാന്‍ മുബാറക് ഫൂരി പറയുന്നു: “നിസ്കാരാനന്തരം ദുആ നടത്തുന്നത് നബി(സ്വ)യുടെ വാക്കില്‍ നി ന്നും പ്രവൃത്തിയില്‍ നിന്നും സ്ഥിരപ്പെട്ടതാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇക്കാല ത്ത് ഹദീസ് പണ്ഢിതന്മാര്‍ ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയിലാണ്. കൂടുതലാളുകളും പറയുന്നത് ഇമാം ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യണമെന്നാണ്. ചുരുക്കം ചിലരാണ് അത് നല്ലതല്ലെന്ന് വാദിക്കുന്നത്. നബി(സ്വ)യില്‍ നി ന്നങ്ങനെ സ്ഥിരപ്പെട്ടിട്ടില്ലെന്നാണവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്” (തുഹ്ഫതുല്‍ അഹ്വദി 2/170).
ഇഫാളതുല്‍ അന്‍വാര്‍ പേജ് 182ല്‍ പറയുന്നു: “ഈ ധാരണ ശരിയല്ലെന്നും ഇവ്വിഷയത്തിലുള്ള സത്യം അഹ്ലുല്‍ ഹദീസില്‍ നിന്നുള്ള ആദ്യകക്ഷികള്‍ പറയുന്നതാണെന്നും തുഹ്ഫതുല്‍ അഹ്വദിയുടെ വാക്കില്‍ നിന്നും ധ്വനിക്കുന്നു.”
അല്ലാമാ അന്‍വര്‍ഷാ പറയുന്നു: “നിസ്കാരാനന്തരമുള്ള ദുആ അനിഷേധ്യമാം വിധം പ്രസിദ്ധമാണെന്നതില്‍ സംശയമില്ല” (ഫൈളുല്‍ബാരി 4/417).
ഇബ്നുതൈമിയ്യയും ഇബ്നുല്‍ഖയ്യിമും ഇന്നുള്ള ചിലരെപ്പോലെ ഇത് പാടേ ബിദ്അത്താണെന്ന് വാദിച്ചിട്ടില്ല. പ്രസ്തുത ഇന്ന് സുന്നികള്‍ ചെയ്യുന്നപോലെ അക്കാലത്തെ സുന്നികളും നിരന്തരമായി എല്ലാ ഫര്‍ള് നിസ്കാരാനന്തരവും ഇങ്ങനെ ചെയ്തുപോരുന്ന പതിവിനെയാണ് അവര്‍ ബിദ്അത്താണെന്ന് വിശേഷിപ്പിച്ചത്.
ഇബ്നുഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ 2/303ല്‍ പറയുന്നു: “ഇന്നു കാണുന്നപോലെ ഇമാം തിരിഞ്ഞിരുന്ന് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന സമ്പ്രദായം ബിദ്അത്താണ്. ഇങ്ങനെ നിരന്തരമായി നബി     (സ്വ)യും സ്വഹാബത്തും ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.” ഇതുപോലെ ഇബ്നുതൈമിയ്യ ഫതാവ 2/212ലും പറഞ്ഞിട്ടുണ്ട്.
ഹിജ്റ എട്ടാം നൂറ്റാണ്ടില്‍ മരിച്ച ഈ രണ്ട് വ്യക്തികളുടെ ഉദ്ധരണിയില്‍ നിന്നും രണ്ടുകാര്യം വ്യക്തമാണ്. ഒന്ന്: നിരന്തരമായ കൂട്ടപ്രാര്‍ഥന ഇന്നത്തെപോലെ തന്നെ അന്നും എല്ലായിടത്തും നടപ്പുള്ള കാര്യമായിരുന്നു. എതിരാളികള്‍ പറയുന്നപോലെ കേരളത്തി ലെ മുസ്ലിയാക്കള്‍ ഉണ്ടാക്കിയതല്ല. രണ്ട്: എല്ലാ നിസ്കാരാനന്തരവും ഇങ്ങനെ നിത്യമായി ചെയ്യുന്ന പതിവാണ് ബിദ്അത്ത്. ഇടക്കിടെ ഒഴിവാക്കിയാല്‍ ബിദ്അത്തില്‍ നിന്നും രക്ഷപ്പെടുന്നതാണ്. എന്നാല്‍ ഈ അഭിപ്രായം തന്നെയാണ് മറ്റൊരു അഹ്ലുല്‍ ഹദീസുകാരനായ അബൂഇസ്ഹാഖുശ്ശാത്വിബിയുടെ പക്ഷവും.
ഇതില്‍ നിന്നെല്ലാം നിസ്കാരാനന്തര കൂട്ടപ്രാര്‍ഥന പാടേ നിഷിദ്ധമാണെന്ന് അഹ്ലുല്‍ ഹദീസുകാരായ ഈ പണ്ഢിതന്മാര്‍ക്ക് പോലും അഭിപ്രായമില്ലെന്നും അതിനോടുള്ള അലര്‍ജി കേരളത്തിലെ ചിലര്‍ക്കു മാത്രമാണെന്നും സ്പഷ്ടമായി. പക്ഷേ, ജമാഅത്തുകാര്‍ അല്‍പ്പമൊന്ന് താഴോട്ടിറങ്ങിയിട്ടുണ്ട്. 1988 ജനുവരി രണ്ടിലെ പ്രബോധനത്തില്‍ ഇ ങ്ങനെ പറയുന്നു: “നിസ്കാരാനന്തരം തനിച്ച് പ്രാര്‍ഥിക്കുന്നതാണ് ഏറെ ഉത്തമമെങ്കി ലും കൂട്ടായി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ല.” ഇതി നെ പരാമര്‍ശിച്ച് മുജാഹിദ് വാരികയില്‍ ഒരു ചോദ്യത്തിനുത്തരമായി എഴുതുന്നു: “കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യയല്ലെന്ന് വ്യക്തമായിട്ടും അത് നിഷിദ്ധമാണെന്ന് പറയുന്നതിന് തെളിവില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്നും അ തുകൊണ്ടുതന്നെ ജമാഅത്തുകാര്‍ സമസ്ത മുസ്ലിയാക്കന്മാരുടെ വാദത്തിലേക്ക് തരംതാണുപോയെന്നും വ്യക്തമാണ്.”
ഇതിനു മറുപടിയായി പ്രബോധനം വാരിക ലക്കം 37 വാല്യം 46 ജനുവരി 30ല്‍ വീണ്ടും എഴുതുന്നു: “ഒരു വാദം തരം താണതോ തരംപൊന്തിയതോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ വക്താക്കള്‍ സമസ്തക്കാരോ നദ്വതുകാരോ എന്ന് നോക്കിയിട്ടാണെന്ന അറിവ് ഈ ലേഖകനില്ല. വാദത്തിന്റെ ന്യായങ്ങളും പ്രമാണങ്ങളുമാണ് മാനദണ്ഡമാക്കേണ്ടതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. നിസ്കാരാനന്തരം ഇന്നത്തെ രീതിയില്‍ കൂട്ടപ്രാര്‍ഥന നടത്തുന്നതില്‍ പരിഗണനീയമായ ദീനീ താത്പര്യങ്ങളോ ന്യായങ്ങളോ ഉള്ളതായി ബോധ്യപ്പെടാത്തത് കൊണ്ടാണ് ഇത് ഉത്തമമല്ല, നിഷിദ്ധവുമല്ല എന്ന് ലേഖകന്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ ചില താത്പര്യങ്ങളുള്ളതായി മനസ്സിലാക്കുകയും അതനുസരിച്ച് കൂട്ടപ്രാര്‍ഥന അഭികാമ്യമാണെന്ന് വാദിക്കുകയും ചെയ്ത പൂര്‍വ്വകാല പണ് ഢിതന്മാര്‍ ധാരാളമുണ്ട്. പ്രവാചകന്റെ സമ്പ്രദായമല്ലാത്തതുകൊണ്ട് അഭിലഷണീയമല്ലെന്ന് വാദിച്ചവരും നിരവധിയുണ്ട്. പക്ഷേ, നിഷിദ്ധമാണെന്ന് വാദിച്ചവരെ ഈ ലേഖകന്‍ അറിയില്ല. ഹനഫീ, മാലികി, ഹമ്പലി മദ്ഹബുകളിലെ പണ്ഢിതന്മാര്‍ സ്വുബ്ഹി, അസ്വര്‍ എന്നീ നിസ്കാരങ്ങള്‍ക്ക് ശേഷം കൂട്ടപ്രാര്‍ഥന അഭികാമ്യമാണെന്ന് വാദിച്ചു. ഈ നിസ്കാരങ്ങള്‍ക്ക് ശേഷം സുന്നത്ത് നിസ്കാരമില്ല എന്നാണവരുടെ ന്യായം. ശാ ഫിഈ പണ്ഢിതന്മാര്‍ എല്ലാ നിസ്കാരങ്ങള്‍ക്കു ശേഷവും കൂട്ടപ്രാര്‍ഥന അഭികാമ്യമാണെന്ന് നിര്‍ദ്ദേശിച്ചു. പ്രാര്‍ഥന ശരീഅത്ത് പ്രോത്സാഹിപ്പിച്ച കാര്യമാണെന്നാണവരുടെ ന്യായം” (ഫതാവാ ഇബ്നുതൈമിയ്യ 22/492).
അവരൊക്കെ സമസ്ത മുസ്ലിയാക്കന്മാരെ പോലെ തരംതാണവരായിരുന്നോ എന്തോ?
ഇബ്നുതൈമിയ്യയുടെ നാല്‍പ്പത് വാള്യങ്ങളുള്ള മജ്മൂഉല്‍ ഫതാവയുടെ ഇരുപത്തിരണ്ടാം വാള്യത്തില്‍നിന്നും പ്രബോധനം വാരിക ഉദ്ധരിച്ച ഉദ്ധരണി അദ്ദേഹത്തിന്റെ അഞ്ച് വാല്യങ്ങളുള്ള ഫതാവല്‍ കുബ്റ 1/189ലും കാണാവുന്നതാണ്.
ഇത്രയും വിശദീകരിച്ചതില്‍ നിന്നും നാല് മദ്ഹബിന്റെ പണ്ഢിതന്മാരും നിസ്കാരാനന്തരം കൂട്ടപ്രാര്‍ഥന അംഗീകരിച്ചവരും ഇങ്ങനെ പ്രാര്‍ഥിക്കുന്നതാണ് സ്വന്തം പ്രാര്‍ഥിക്കുന്നതിനെക്കാള്‍ ഉത്തമമെന്ന് പറയുന്നവരുമാണെന്ന് വ്യക്തമായി.
വഴിപിഴച്ചവനും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവനുമാണെന്ന് ഇസ്സുബ്നു ജമാഅത്(റ), ഇമാം സുബ്കി(റ), ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ വിശേഷിപ്പിച്ച ഇബ്നുതൈമിയ്യയും അദ്ദേഹത്തെ അംഗീകരിക്കുന്ന ഇബ്നുഖയ്യിം, ശാത്വിബി തുടങ്ങിയവരും നിരന്തരമായി ഇത് പതിവാക്കുന്നത് മാത്രമാണ് അപലപിച്ചത്. ഇത് ശരിയല്ലെന്ന് തെളിയിച്ചുകൊണ്ട് ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം ബഹു. യൂസുഫുല്‍ ബിന്നൂരി(റ) മആരിഫുസ്സുനന്‍ 3/123ല്‍ പറയുന്നു: ഈ ഹദീസുകളും ഇതുപോലെ മറ്റു ഹദീസുകളും ഇന്ന് സര്‍വ്വജനങ്ങളും നിരാക്ഷേപം പതിവാക്കിപ്പോന്ന കൂട്ടപ്രാര്‍ഥനക്ക് മതിയായ തെളിവുകളാണ്.
എല്ലാ കാലത്തും ലോക മുസ്ലിംകള്‍ പരമ്പരാഗതമായി അനുഷ്ഠിച്ചുപോന്ന ഒരു പ്ര വൃത്തിക്കെതിരില്‍ ഹദീസ് തെളിഞ്ഞാല്‍ തന്നെയും ആ ഹദീസിന് പ്രാബല്യമില്ലെന്നും നിരാക്ഷേപമുള്ള മുസ്ലിംകളുടെ പ്രവൃത്തിക്കാണ് പ്രസക്തിയുള്ളതെന്നും ഇബ്നുഖ യ്യിം തന്നെ കാര്യകാരണ സഹിതം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ 2/306ല്‍ സമര്‍ഥിച്ചിട്ടുണ്ട്.
കൂട്ടപ്രാര്‍ഥന ലോക മുസ്ലിംകളുടെ മുന്‍കാല ആചാരമാണെന്ന് ഇബ്നുതൈമിയ്യയും ഇബ്നുഖയ്യിമും ശാത്വിബിയും വ്യക്തമാക്കിയത് മനസ്സിലാക്കിയല്ലോ. ഖുത്വുബ പരിഭാഷയും സ്ത്രീ ജുമുഅ ജമാഅത്തും കേരളത്തിലുടലെടുത്തത് യഥാക്രമം കൊച്ചി, ഒതായി പള്ളികളിലാണെന്ന് ഉമര്‍ മൌലവി സല്‍സബീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖു ത്വുബ പരിഭാഷ ലോകത്താദ്യമായി ഉടലെടുത്തത് തുര്‍ക്കിയിലാണെന്ന് ഇവരുടെ പ്രസ്ഥാനത്തിന്റെ നേതാവായ റശീദുരിളാ തഫ്സീറുല്‍ മനാര്‍ 9/313ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അത് പുതുതായി ഉടലെടുത്ത ബിദ്അത്താണതെന്ന് സുന്നികള്‍ പറയുന്നു. എന്നാല്‍ ഇന്ന സ്ഥലത്തുള്ള ഇന്ന പള്ളിയില്‍ ഇന്ന വര്‍ഷത്തില്‍ ആദ്യമായി നിസ്കാരാനന്തര കൂട്ടപ്രാര്‍ഥന തുടങ്ങുകയും അത് പിന്നീട് വ്യാപകമാവുകയും ചെയ് തുവെന്ന് ഇത് ബിദ്അത്താണെന്ന് വാദിക്കുന്നവര്‍ക്ക് സ്ഥാപിക്കാന്‍ ഒരിക്കലും കഴിയില്ല.