സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 15 August 2014

പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം

ന്ദിയുടെയും വന്ദനത്തിന്റെയും വികാരം തോമസ് ബ്രൌണ്‍ പറഞ്ഞ പോലെ “ഉജ്ജ്വലമായ സ്നേഹ വികാരം തന്നെയാണ്. ഒരു വ്യക്തിയില്‍ നിന്നു നമുക്ക് നേട്ടങ്ങള്‍ ലഭിക്കുമ്പോഴാണ് ഈ സ്നേഹ വികാരമുണ്ടാകുന്നത്. സമ്പൂര്‍ണ്ണമായ സന്തോഷത്തോടെയും അന്യൂനമായ ആത്മാര്‍ഥതയോടെയും നിര്‍വ്വഹിക്കുന്ന ശ്രേഷ്ഠമായ പെരുമാറ്റത്തോടുള്ള ഫലപ്രദമായ പ്രതികരണമാണു നന്ദിയും വന്ദനവും. ഈ പ്രതികരണം സത്വരവും സ്വാഭാവികവുമാണ്”. ഒരാള്‍ സ്നേഹിക്കപ്പെടാനും തദ്വാരാ നന്ദിക്കും വന്ദനത്തിനും അര്‍ഹനായിത്തീരാനുമുള്ള കാരണത്തിന്റെ ഒരു ഭൌതിക വീക്ഷണമാണു മുകളില്‍ ഉദ്ധരിച്ചത്. പ്രൊ. വില്യം ഡേവിഡ് സന്‍ (William H. Davidson) അദ്ദേഹത്തിന്റെ മത ധര്‍മ വിജ്ഞാന കോശത്തില്‍ (Encyclopaedia of Religion and Ethics vol: 6, P. 391) ല്‍ രേഖപ്പെടുത്തിയിട്ടുള്ള വീക്ഷണമാണിത്.
ഈ വീക്ഷണം അപൂര്‍ണ്ണമാണ്. സ്നേഹവായ്പിന്റെ ഒരു നിമിത്തം മാത്രമാണ് ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഖാളീ ഇയാള്(ഹി: 476-544) നടത്തിയ വീക്ഷണം വളരെ സമഗ്രമാണ്. “മനുഷ്യന്റെ അഭിരുചിയോട് ഒരു വസ്തുവോ വ്യക്തിയോ ഔചിത്യം പുലര്‍ത്തുന്നതു മൂലം അവന് ആ വസ്തുവിനോട് അല്ലെങ്കില്‍ ആ വ്യക്തിയോട് ഉണ്ടാവുന്ന പ്രതിപത്തിയാണു സ്നേഹം. എന്നാല്‍ സ്നേഹത്തിനാധാരമായ ഈ ഔചിത്യത്തിനു കാരണമായി വര്‍ത്തിക്കുന്നതു മൂന്നു സംഗതികളാണ്. ആ വ്യക്തി അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കു ഗോചരീഭവിക്കുന്നതു കൊണ്ട് അവന് ആസ്വാദനമുണ്ടാവുക. സുന്ദരരൂപങ്ങളോടും സുരഭിലഗന്ധങ്ങളോടും മധുരശബ്ദങ്ങളോടും രുചികരമായ ആഹാരപാനീയങ്ങളോടും മനുഷ്യന്‍ സ്നേഹം പ്രകടിപ്പിക്കുന്നത് ഇക്കാരണത്താലാണ്. രണ്ട്, ഒരു വ്യക്തിയുടെ ശ്രേഷ്ഠമായ ആന്തരിക ഗുണങ്ങളെ സംബന്ധിച്ചു ബുദ്ധി മുഖേനയുണ്ടാകുന്ന ഗ്രഹണാസ്വാദനം. സജ്ജനങ്ങള്‍, പണ്ഡിതന്മാര്‍, ധര്‍മിഷ്ഠര്‍, സച്ചരിതരും സദ്വൃത്തരുമായി അറിയപ്പെട്ട മറ്റു വ്യക്തികള്‍ ഇവരെയൊക്കെ നാം സ്നേഹിക്കുന്നത് ഈ വഴിക്കാണ്. ഇത്തരക്കാരോടുള്ള സ്നേഹ വായ്പ് പ്രകൃതി സഹജമാണ്. മൂന്ന്, ആ വ്യക്തിയില്‍ നിന്ന് ഉപകാരമോ അനുഗ്രഹമോ ലഭിക്കുക. ഉപകാരവും ഗുണവും ചെയ്യുന്നവരോടു സ്നേഹം ജനിക്കുക മനുഷ്യപ്രകൃതമാണ്(ശിഫാ 2:23).
ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുന്നതിനു കാരണമായി മൂന്നു കാര്യങ്ങളാണു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സൌന്ദര്യം തുടങ്ങിയ ബാഹ്യഗുണങ്ങള്‍, വിജ്ഞാനം തുടങ്ങിയ ആന്തരിക ഗുണങ്ങള്‍, അയാളില്‍ നിന്നു തനിക്കു ലഭിക്കുന്ന നന്മകളും ഉപകാരങ്ങളും. ഈ മൂന്നിനങ്ങള്‍ക്കും ശാഖകളും ഉപശാഖകളുമുണ്ട്. അവയൊക്കെ സ്നേഹത്തിനാധാരമാണ്. ഒരു വ്യക്തിയില്‍ ഒത്തുചേര്‍ന്ന ഗുണങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും സ്നേഹത്തിന്റെ ഏറ്റക്കുറച്ചില്‍. സുന്ദരനോടും മഹാസുന്ദരനോടുമുള്ള സ്നേഹം തുല്യമല്ല. പണ്ഡിതനോടും മഹാപണ്ഡിതനോടുമുള്ള സ്നേഹങ്ങള്‍ തമ്മിലുമുണ്ട് അന്തരം. അപ്രകാരം തന്നെ ചെറിയ ഗുണം ചെയ്തവനോടുള്ള സ്നേഹമല്ല വലിയ ഗുണം ചെയ്തവനോടുള്ളത്. ഒരു ഗുണം ചെയ്തവനോടുണ്ടായിത്തീരുന്ന സ്നേഹവും പല ഗുണങ്ങള്‍ ചെയ്തവനോടുള്ള സ്നേഹവും തമ്മില്‍ പ്രകടമായ വ്യത്യാസം കാണാം.
എന്നാല്‍ സ്നേഹത്തിന്റെ എല്ലാ നിമിത്തങ്ങളും സമഗ്രമായി ഒരു വ്യക്തിയില്‍ ഒത്തു ചേര്‍ ന്നാലോ? ആ വ്യക്തി ലോകത്ത്, എല്ലാവരാലും, എപ്പോഴും, ഏറ്റവും സ്നേഹിക്കപ്പെടാന്‍ അര്‍ഹനായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കത്തിനിടയില്ല. അങ്ങനെ ഒരു വ്യക്തി പക്ഷേ ഉണ്ടാകുമോ? അതു സംഭവ്യമാണോ? അതേ, സംഭവ്യമാണ്; സംഭവിച്ചിട്ടുണ്ട്. ലോകം ആ വ്യക്തിയെ വ്യക്തമായി കണ്ടു. അദ്ദേഹത്തിന്റെ അതുല്യമായ വ്യക്തിപ്രഭാവത്തെ ശത്രുമിത്ര ഭേദമെന്യേ രേഖപ്പെടുത്തുകയുമുണ്ടായി.
സൌന്ദര്യം, സൌരഭ്യം, പ്രസന്നത, പ്രതിഭാശക്തി, സദാചാരം, സല്‍സ്വഭാവം, സഹനം, സഹിഷ്ണുത, വിശാല മനസ്കത, വിശാല വീക്ഷണം, ദീര്‍ഘ ദര്‍ശനം, കാരുണ്യം, മഹാമനസ്കത, ധൈര്യം, സ്ഥൈര്യം, സാഹസികത, ഭരണം, നേതൃത്വം, സ്വാധീനം, നയതന്ത്രം, നീതിന്യായം, യുദ്ധപാടവം, സൈന്യാധിപത്യം, അധ്യാപനം, സംസ്കരണം, സമുദ്ധാരണം, പ്രസംഗം, ഉപദേശം, ശിക്ഷണം, സ്ഥിരോത്സാഹം, ആത്മാര്‍ഥത, പ്രവര്‍ത്തനം, സേവനം, സംഘാടനം, ആദിയായ എല്ലാ മഹദ് ഗുണങ്ങളിലും അക്ഷരാര്‍ഥത്തില്‍ അതുല്യമായ ഒരു മഹാവ്യക്തിത്വത്തെ നാം ചരിത്രത്തില്‍ കാണുന്നു. അതാണു ലോകപ്രവാചകനായ മുഹമ്മദ് നബി(സ്വ). മനുഷ്യ സമൂഹത്തിന്റെ മോക്ഷത്തിനും സമുദ്ധാരണത്തിനും വേണ്ടി നബി(സ്വ) ചെയ്തിട്ടുള്ള സേവനമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഖാളീ ഇയാളി(റ)നെ തന്നെ ഉദ്ധരിക്കട്ടെ. “സകല വിശ്വാസികള്‍ക്കും അവിടുന്ന് ചെയ്ത ഗുണത്തെക്കാള്‍ മഹത്തരമായൊരു ഗുണം മറ്റെന്തുണ്ട്.!? സര്‍വ്വ മുസ്ലിംകള്‍ക്കും അവിടുന്ന് ചെയ്ത അനുഗ്രഹത്തെക്കാള്‍ വലിയ അനുഗ്രഹം മറ്റെന്തുണ്ട്!? അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കി അന്ധതയില്‍ നിന്നവരെ രക്ഷിച്ചു വിജയത്തിലേക്കും പ്രതാപത്തിലേക്കും അവരെ ക്ഷണിച്ചു. അവരുടെ നാഥനിലേക്കുള്ള മാധ്യമവും ശിപാര്‍ശകനും സാക്ഷിയുമായി വര്‍ത്തിക്കുകയും ശാശ്വത സൌഭാഗ്യവും നിത്യസൌഖ്യവും അവര്‍ക്ക് അനിവാര്യമാക്കിത്തീര്‍ക്കുകയും ചെയ്തു.
മത വീക്ഷണത്തില്‍ യഥാര്‍ഥ സ്നേഹത്തിന്റെ അവകാശിയാണു നബിതങ്ങളെന്നു ഹദീസുകള്‍ വ്യക്തമാക്കുന്നു. പ്രകൃത്യാ നോക്കിയാലും യഥാര്‍ഥ സ്നേഹത്തിനു പ്രവാചകന്‍ അര്‍ഹനാണെന്ന കാര്യം സ്പഷ്ടമാണ്. തങ്ങളുടെ വിശാലമായ ഗുണവും വ്യാപകമായ അനുഗ്രഹവും അതിനു തെളിവാണ്. ഭൌതിക ലോകത്ത് തനിക്ക് ഒന്നോ രണ്ടോ തവണ വല്ല ഉപകാരവും നല്‍കുകയോ അല്ലെങ്കില്‍ ഒരപകടത്തില്‍ നിന്നോ ഒരു ചെറിയ വിഷമത്തില്‍ നിന്നോ രക്ഷ നല്‍കുകയോ ചെയ്ത വ്യക്തിയെ മനുഷ്യന്‍ സ്നേഹിക്കുന്നുവെങ്കില്‍ അനശ്വര സൌഭാഗ്യം പ്രദാനം ചെയ്യുകയും ഒടുങ്ങാത്ത ശിക്ഷയില്‍ നിന്നു രക്ഷിക്കുകയും ചെയ്ത വ്യക്തി മനുഷ്യന്റെ സ്നേഹത്തിന് ഏറ്റവും അര്‍ഹനാണ്. മനുഷ്യന്‍ പ്രകൃത്യാ തന്നെ, ഒരു ഭരണാധിപനെ അവന്റെ സദ്ഭരണത്തിന്റെ പേരിലും ഒരു ന്യായാധിപനെ അവ ന്റെ നീതിയുടെ പേരിലും ഒരു വിദൂരസ്ഥനെ അയാളുടെ പ്രസിദ്ധമായ വിജ്ഞാനത്തിന്റെ യോ സ്വഭാവ മഹിമയുടെയോ പേരിലും സ്നേഹിക്കുന്നുവെങ്കില്‍ ഈ മഹദ്ഗുണങ്ങള്‍ മുഴുവന്‍ പരിപൂര്‍ണ്ണമായി സമ്മേളിച്ച ഒരു വ്യക്തി സ്നേഹത്തിനും പ്രതിപത്തിക്കും ഏറ്റവും അര്‍ഹന്‍ തന്നെ”(ശിഫാ 2:24-25).
ഏതൊരു പരിഷ്കര്‍ത്താവിനെ സംബന്ധിച്ചിടത്തോളവും അസാധ്യമായ ഒരു വിപ്ളവമാണു നബി(സ്വ) സാധിച്ചത്. പ്രവാചകരുടെ പ്രഥമ സംബോധിതരായ അറബികളുടെ ദുരവസ്ഥയും പതനവും അതിനു മതിയായ തെളിവാണ്. അതിലേറെ ദയനീയമായിരുന്നു റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെയും യൂറോപ്പിന്റെയും സ്ഥിതി. എച്ച്. ജി. വെല്‍സിന്റെ വരികള്‍ കുറിക്കട്ടെ. “ബൈസാന്തിയന്‍ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും നശീകരണ പോരാട്ടങ്ങളിലായിരുന്നു. ഇന്ത്യയാകട്ടെ തദവസരം ഛിദ്രതയിലും ദുസ്ഥിതിയിലുമായിരുന്നു” (A Short History of the World P. 144). (സീറഃ നബവിയ്യഃ നദ്വി: 35).
യൂറോപ്പിന്റെ പതനം റോബര്‍ട്ട് ബ്രിഫോള്‍ട്ടിന്റെ വരികളില്‍ നിന്നു ഗ്രഹിക്കാം. ‘അഞ്ചാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെ യൂറോപ്പിലുടനീളം തമോരാത്രി വ്യാപിച്ചിരുന്നു. ഈ രാത്രിയുടെ തമസ്സ് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അക്കാലത്തെ മൃഗീയത പുരാതന യുഗങ്ങളിലെ മൃഗീയതയേക്കാള്‍ ഭീകരവും അറുവഷളനുമായിരുന്നു. (The Making of Humanity P. 164).(സീറഃ നബവിയ്യഃ നദ്വി: 33).
നാഗരിക ലോകം മുഴുവന്‍ അക്കാലത്ത് നാശ വക്ത്രത്തിലെത്തിയിരുന്നുവെന്നാണ് ജെ.എച്ച് ഡെനിനന്‍ പറയുന്നത്. “ക്രി: അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ നാഗരിക ലോകം മുഴുവന്‍ അരാജകത്വത്തിന്റെയുംനാശത്തിന്റെയും വായയിലെത്തിക്കഴിഞ്ഞിരുന്നു. നാലായിരം വര്‍ഷങ്ങളായിട്ടു വളര്‍ന്നു വന്ന നാഗരികത അന്തര്‍ദ്ധാനം ചെയ്യാറായെന്നു, കാണുന്നവര്‍ക്കൊ ക്കെ തോന്നുമായിരുന്നു. മനുഷ്യന്‍ വീണ്ടും മൃഗീയതയിലേക്കും പ്രാകൃതത്വത്തിലേക്കും മടങ്ങുകയായിരുന്നു. ആ മൃഗീയതയില്‍ ഗോത്രങ്ങള്‍ പരസ്പരം കഴുത്തറുക്കുകയും വര്‍ഗ്ഗങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കുമിടയില്‍ യുദ്ധം ആളിപ്പടരുകയുമായിരുന്നു. തദ്വാരാ സമാധാനം നിശ്ശേഷം നഷ്ടപ്പെട്ടിരുന്നു. (Emotion as the basis of civilization P 265). (അല്‍ ബഅ്സുല്‍ ഇസ്ലാമി)
ഈ തലതിരിഞ്ഞ ലോകത്തിന്റെ ഗതിക്കു മാറ്റം വരുത്തി ഒരു വിശ്വോത്തര സമുദായത്തെ വാര്‍ത്തെടുക്കുക സാധ്യമായിരുന്നില്ല. പക്ഷേ, മുഹമ്മദ് മുസ്തഫാ(സ്വ) അല്ലാഹുവിന്റെ സഹായത്തോടെ ഇതു സാധിതമാക്കി. പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനായ ലാമര്‍ട്ടിന്‍ (17901869 നബി തിരുമേനി(സ്വ)യുടെ നിരുപമമായ വിജയത്തിനു മുമ്പില്‍ നമ്രശിരസ്കനാകുന്നതു കാണുക: “ഇത്രയും മഹോന്നതമായ ഒരു ലക്ഷ്യത്തിനായി ഒരു മനുഷ്യനും ഇറങ്ങിത്തിരിച്ച ചരിത്രമില്ല. കാരണം ഈ ലക്ഷ്യം മനുഷ്യകഴിവിന്നതീതമായിരുന്നു.മനുഷ്യന്റെയും അവന്റെ സ്രഷ്ടാവിന്റെയും ഇടയ്ക്കു സൃഷ്ടിക്കപ്പെട്ട മിഥ്യാഭിത്തികള്‍ തകര്‍ക്കുകയും മനുഷ്യനെ കൈപിടിച്ച് അവന്റെ നാഥന്റെ പടിവാതുക്കലേക്കാനയിക്കുകയും ഉജ്ജ്വലവും സംശുദ്ധവുമായ ഏകദൈവ സിദ്ധാന്തം, സര്‍വ്വ വ്യാപകമായ വിഗ്രഹാരാധനയുടെയും ഭൌതിക ദൈവങ്ങളുടെയും കാര്‍മേഘാന്തരീക്ഷത്തില്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുകയായിരുന്നു ആ പരമോന്നത ലക്ഷ്യം. ചെറുതും നിസ്സാരവുമായ മാധ്യമങ്ങളുമായി ഇവ്വിധം ദുര്‍വഹവും എന്നാല്‍ അതിപ്രധാനവും അത്യുദാത്തവുമായ ഉത്തരവാദിത്തം മറ്റൊരു മനുഷ്യനും ഏറ്റെടുത്ത സംഭവമുണ്ടായിട്ടില്ല” (Histore de la Turquie 2/276, Islam in the world: P1516 ) (സീറഃ നബവിയ്യ: നദ്വി 51).
ഇക്കാരണം കൊണ്ടു തന്നെയാണ് ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് തോമസ് കാര്‍ലൈല്‍ സകല പ്രവാചകന്മാരുടെയും കൂട്ടത്തില്‍ നിന്ന് മുഹമ്മദ് നബി(സ്വ)യെ ഏറ്റവും വലിയ ചരിത്ര പുരുഷനായി തിരഞ്ഞെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മൈക്കല്‍ എച്ച് ഹാര്‍ട്ട്, ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു മഹാന്മാരുടെ ചരിത്ര പട്ടികയുള്‍കൊള്ളിച്ച് ഠവല വൌിറൃലറ എന്ന ഗ്രന്ഥമെഴുതിയപ്പോള്‍ മുഹമ്മദ്(സ്വ)യ്ക്കു പ്രഥമ സ്ഥാനം നല്‍കിയതിന്റെ കാരണവും മറ്റൊന്നല്ല.
വിശ്വവിമോചകനായ പ്രവാചക ശിരോമണിയെ സ്നേഹിക്കാന്‍ ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. “സകല ലോകത്തിനും അനുഗ്രഹമായിട്ടുമാത്രമാണു താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്” എന്നാണു ഖുര്‍ആന്റെ പ്രസ്താവം. ഈ യാഥാര്‍ഥ്യം അറിഞ്ഞോ അറിയാതെയോ സമ്മതിക്കാന്‍ സന്മനസ്സു കാണിച്ച ചരിത്രകാരന്മാരില്‍ ഒരാളായ ജോണ്‍ വില്യം ഡ്രാപ്പര്‍ (Jonhn William Draper) പറയുന്നു. ” ജസ്റ്റീനിയന്‍ (ഖൌശിെേശമി) കാലഗതി പ്രാപിച്ച് നാലു വര്‍ഷങ്ങള്‍ക്കു ശേഷം, ക്രി. 569 ല്‍ അറേബ്യന്‍ ഉപദ്വീപിലെ ഒരു പട്ടണമായ മക്കയില്‍ മഹാന്‍ ജനിച്ചു. അദ്ദേഹത്തിനു, മനുഷ്യ വര്‍ഗ്ഗത്തില്‍ മുഴുവന്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചു. മുഹമ്മദ് നബിയില്‍ സമ്മേളിച്ച മദ്ഹ്ഗുണങ്ങള്‍ സമുദായങ്ങളുടെയും വര്‍ഗ്ഗങ്ങളുടെയും രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും ഗതികള്‍ക്കു മാറ്റം വരുത്തുകയുണ്ടായി (A History of the Intellectual Development of Europe 1:229).
ഒരു മനുഷ്യന്റെ പ്രഥമവും പരമവുമായ സ്നേഹം അവന്റെ സ്രഷ്ടാവായ അല്ലാഹുവോടായിരിക്കണം. അതുകൊണ്ടു തന്നെ രണ്ടാമത്തെ സ്നേഹം അല്ലാഹുവിന്റെ പ്രവാചകരായ തിരുനബിയോടായിരിക്കണം. അഥവാ സൃഷ്ടികളില്‍ ഏറ്റവും വലിയ സ്നേഹം പ്രവാചകനോട്. ഈ സ്നേഹം സത്യവിശ്വാസത്തിന്റെ മൌലികഘടകമാണ്. “പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും നിങ്ങളുടെ കുടുംബങ്ങളും നിങ്ങള്‍ സമ്പാദിച്ച സമ്പത്തുക്കളും നിങ്ങള്‍ മാന്ദ്യം ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും നിങ്ങള്‍ ഇഷ്ടപ്പെട്ട ഭവനങ്ങളുമാണ് അല്ലാഹുവെക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മസമരം നടത്തുന്നതിനെക്കാളും നിങ്ങള്‍ക്കു പ്രിയങ്കരമെങ്കില്‍ അല്ലാഹു അവ ന്റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല (വിശുദ്ധ ഖുര്‍ആന്‍ 9:24).
തന്റെ സന്താനങ്ങള്‍, മാതാപിതാക്കള്‍, മറ്റു ജനങ്ങള്‍ ഇവരെല്ലാവരെക്കാളും എന്നെ സ്നേ ഹിക്കുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ലെന്ന നബി(സ്വ)യുടെ പ്രസ്താവന സുപ്രസിദ്ധമാണ്. ഉമര്‍ ഫാറൂഖ്(റ) ഒരിക്കല്‍ നബി(സ്വ)യോട് ഇപ്രകാരം പറഞ്ഞു. “അല്ലാഹുവാണെ, ഞാന്‍ അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളെക്കാളും പ്രിയങ്കരനാക്കുന്നു”. അപ്പോള്‍ നബി(സ്വ) പറഞ്ഞു; സ്വന്തം ആത്മാവിനെക്കാളും ഞാന്‍ തനിക്കു പ്രിയങ്കരനാകുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല”. ഉടനെ ഉമര്‍(റ) ഇങ്ങനെ പ്രതികരിച്ചു: ‘അങ്ങയ്ക്കു വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചവന്‍ തന്നെ സത്യം, എന്റെ ശരീരത്തിലെ ആത്മാവിനെക്കാളും അങ്ങ് എനിക്കു പ്രിയങ്കരനാണ്’. ഉടനെ അവിടുന്ന് പ്രതിവചിച്ചു: “ഉമറേ ഇപ്പോള്‍…….”(ബുഖാരി). ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യെ സമീപിച്ചു ചോദിച്ചു: ‘അന്ത്യദിനം എപ്പോഴാണ്?’ ‘നീ അതിനായി എന്തു തയ്യാര്‍ ചെയ്തിട്ടുണ്ട്?’ എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. അദ്ദേഹം പറഞ്ഞു: ‘അതിനായി ഞാന്‍ കൂടുതല്‍ നിസ്ക്കാരവും നോമ്പും സ്വദഖയും തയ്യാര്‍ ചെയ്തിട്ടില്ല. പക്ഷേ, ഞാന്‍ അല്ലാഹുവെയും റസൂലിനെയും സ്നേഹിക്കുന്നു’. അവിടുന്ന് പറഞ്ഞു: “നീ സ്നേഹിച്ചവരോടൊപ്പം തന്നെ”.
അല്ലാഹുവെയും റസൂലിനെയും ഏറ്റവും അധികം സ്നേഹിക്കണമെന്നും അത് ഈമാനിന്റെ അനിവാര്യഘടകമാണെന്നും സ്നേഹം ഏറ്റവും ഉത്തമമായ ഒരു ഇബാദത്താണെ ന്നും നാം മനസ്സിലാക്കി. എന്നാല്‍ എന്താണു സ്നേഹത്തിന്റെ ലക്ഷണം. ഇതു സംബന്ധമായി അല്ലാമാ; ഖാളി ഇയാള്(റ) നല്‍കിയ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം. “ഒരാള്‍ മറ്റൊരാളെ സ്നേഹിച്ചാല്‍ അവനു മുന്‍ഗണന നല്‍കുന്നു. അവനോടു യോജിപ്പു പ്രകടിപ്പിക്കുന്നു. ഇല്ലെങ്കില്‍ അവന്റെ സ്നേഹവാദം മിഥ്യയായിരിക്കും. പ്രവാചക സ്നേഹവും തഥൈവ. “ഒരാള്‍ പ്രവാചകനെ സ്നേഹിക്കുന്നുവെന്നു പറഞ്ഞാല്‍, അതില്‍ സത്യവും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ ആ സ്നേഹത്തിന്റെ ലക്ഷണം അവനില്‍ പ്രകടമാകും. പ്രവാചക സ്നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “ഓ നബീ, പറയുക. നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും”.
അപ്പോള്‍ നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോവാക്കര്‍മങ്ങളില്‍ നബി(സ്വ)യെ അനുകരിക്കണം. അതാണു സ്നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. നബി തിരുമേനി(സ്വ) അനസുബ്നു മാലിക്(റ) എന്ന ശിഷ്യനു നല്‍കിയ ഒരുപദേശം കാണുക: “കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. കുഞ്ഞുമകനേ അത് എന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചു. എന്നെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗ്ഗത്തിലായി.
പ്രവാചക സ്നേഹത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ മറ്റു ചിലതു കൂടി പറയാം.
(1)നബി (സ്വ)യെ അര്‍ഹമായ വിധം ബഹുമാനിക്കുക. നബി(സ്വ)യുടെ പേരു കേള്‍ക്കുമ്പോള്‍ ബഹുമാനവും വിനയവും പ്രകടിപ്പിച്ചു കൊണ്ട് സ്വലാത്ത് ചൊല്ലുക.
(2) നബി(സ്വ)യെ കൂടുതലായി പ്രശംസിക്കുക.
(3) കാണാന്‍ ഉല്‍ക്കടമായ ആഗ്രഹം പ്രകടിപ്പിക്കുക.
(4) നബി (സ്വ) സ്നേഹിച്ചവരെ സ്നേഹിക്കുകയും അവരെ വെറുക്കുന്നവരെ വെറുക്കുകയും ചെയ്യുക.
(5) നബി(സ്വ)യോടു ശത്രുത പുലര്‍ത്തുന്നവരോടു വെറുപ്പു പ്രകടിപ്പിക്കുക.
(6) ബിദ്അത്തുകാരെ ബഹിഷ്കരിക്കുക.
(7) ശരീഅത്തിനു വിരുദ്ധമായ ഏതൊരു കാര്യത്തോടും അനിഷ്ടം പ്രകടിപ്പിക്കുക.
(8) ഖുര്‍ആനോടു സ്നേഹം പ്രകടിപ്പിക്കുകയും അതു പാരായണം ചെയ്യുകയും ആശയം ഗ്രഹിച്ചു പ്രാവര്‍ത്തികമാക്കുകയും ചെയ്യുക.
(9) നബി(സ്വ)യുടെ അനുയായികളോടു കൂറും കാരുണ്യവും കാണിക്കുകയും അവരുടെ രക്ഷയ്ക്കും ഗുണത്തിനും വേണ്ടി യത്നിക്കുകയും ചെയ്യുക.
(10) ഐഹിക വിരക്തിയും ദരിദ്രജീവിതവും തിരഞ്ഞെടുക്കുക.
“പര്‍വ്വതത്തിനു മുകളില്‍ നിന്നു താഴ്വരയിലേക്കു വെള്ളം ഒഴുകുന്ന ശീഘ്രതയില്‍ എന്നെ സ്നേഹിക്കുന്നവരിലേക്കു ദാരിദ്യ്രം ഒഴുകിവരുമെന്ന്” നബി(സ്വ) അബൂസഈദില്‍ ഖുദ്രി (റ)യോടു പറയുകയുണ്ടായി. ഒരാള്‍, “അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു” എന്നു പറഞ്ഞപ്പോള്‍ “പറയുന്ന കാര്യം ശ്രദ്ധാപൂര്‍വ്വം ചിന്തിക്കൂ” എന്ന് അവിടുന്ന് പറഞ്ഞു. തദവസരം ആണയിട്ടു മൂന്നു തവണ ആവര്‍ത്തിച്ച് അയാള്‍ പറഞ്ഞു: ‘ഞാന്‍ അങ്ങയെ സ്നേഹിക്കുക തന്നെ ചെയ്യുന്നു’. തിരുമേനി(സ്വ) പറഞ്ഞു: “നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ദാരിദ്യ്രത്തെ തരണം ചെയ്യാന്‍ ക്ഷമയുടെ ഒരു രക്ഷാകവചം തന്നെ തയ്യാര്‍ ചെയ്യുക”.
മഹാനായ സഹ്ലുത്തുസ്തരി(റ) പറയുന്നു: “അല്ലാഹുവോടുള്ള സ്നേഹത്തിന്റെ ലക്ഷണം ഖുര്‍ആനോടുള്ള സ്നേഹമാണ്. ഖുര്‍ആനെ സ്നേഹിക്കുന്നുവെന്നതിന്റെ അടയാളം നബി(സ്വ)യെ സ്നേഹിക്കുകയാണ്. അതിന്റെ തെളിവ് നബിചര്യയെ സ്നേഹിക്കുകയാണ്. അതിന്റെ ചിഹ്നം പരലോകസ്നേഹമാണ്. അതിന്റെ ലക്ഷണം ഭൌതിക ലോകത്തോടുള്ള അതൃപ്തിയാണ്. അതിന്റെ അടയാളം ജീവിത യാത്രയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ അല്ലാതെ മറ്റൊന്നും സംഭരിച്ചു സൂക്ഷിക്കാതിരിക്കുകയാണ്”(ശിഫാ 2:22).