സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 16 August 2014

ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!

മുജാഹിദ് നേതാവ് എ. അബ്ദുസ്സലാം സുല്ലമി പുതിയ വെടി പൊട്ടിച്ചിരിക്കുന്നു.þ ‘ഓണസദ്യ കഴിക്കുന്നത് ഇസ്ലാമിനെതിരല്ല, എന്നാല്‍ നബിദിന ഭക്ഷണം അനിസ്ലാമികം’ (മാതൃഭൂമി 2006 ഡിസംബര്‍ 11, പേജ്: 12). വാര്‍ത്തയുടെ പൂര്‍ണരൂപം ഇങ്ങനെ: ‘ഓണസദ്യ കഴിക്കുന്നത് ഇസ്ലാമിന് ഒരു തരത്തിലും എതിരല്ലെന്ന് പ്രമുഖ ഹദീസ് പണ്ഢിതനും മുജാഹിദ് നേതാവുമായ എ. അബ്ദുസ്സലാം സുല്ലമി പറഞ്ഞു. ജില്ലാ മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തിലാണ് ഇതു സംബന്ധിച്ച് സദസ്സില്‍ നിന്ന് ചോദ്യമുയര്‍ന്നത്. ഓണസദ്യ കഴിക്കുന്നത് ഇസ്ലാം മതത്തിന് വിരോധമുണ്ടെന്ന് ചില മുസ്ലിം കേന്ദ്രങ്ങളുടെ പ്രചാരണത്തിനിടെയാണ് മുജാഹിദ് പണ്ഢിതന്‍ നിലപാട് വ്യക്തമാക്കിയത്.
പ്രവാചക ചര്യയിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. ദൈവത്തിന്റെ പേരിലല്ലാതെ അറുത്ത ഭക്ഷണം കഴിക്കുന്നതും നേര്‍ച്ച അര്‍പ്പിച്ച ഭക്ഷണം കഴിക്കുന്നതുമാണ് പാടില്ലാത്തത്. അതേസമയം പ്രവാചകന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടോ മറ്റോ നടക്കുന്ന നേര്‍ച്ച ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഇസ് ലാമിക വിരുദ്ധമാണെന്നും അബ്ദുസ്സലാം സുല്ലമി പറഞ്ഞു’. രണ്ടു കാര്യങ്ങളാണ് മൌലവി ഇതില്‍ സമര്‍ഥിച്ചിട്ടുള്ളത്. ഒന്നാമത്തേത് മുജാഹിദ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ്. ഒരു ഔദ്യോഗിക വിഭാഗം മുജാഹിദ് ഖത്വീബ്, ഖുത്വ്ബ പ്രഭാഷണത്തിനിടെ ഓണസദ്യ കഴിക്കരുതെന്നു പറഞ്ഞത്, സുല്ലമി അടങ്ങുന്ന മടവൂര്‍ ഗ്രൂപ്പുകാരന്‍ ഹാഫിസ് മുഹമ്മദ് വിവാദമാക്കിയിരുന്നു (മാതൃഭൂമി വാരിക. നവംബര്‍ 12). ഇതു സംബന്ധമായി അനാവശ്യ വലിച്ചുനീട്ടലുകളോടെ തീര്‍ത്തും അനുചിതമായൊരു ലേഖനം അദ്ദേഹം എഴുതുകയുണ്ടായി. ഒരു മുജാഹിദ് പണ്ഢിതന്റെ പ്രസംഗത്തോടെ ലോകത്താകെയും മതസൌഹാര്‍ദം തകര്‍ന്നു പോവുമെന്ന സങ്കല്‍പമായിരുന്നു ലേഖന പ്രമേയം. അത്രയൊക്കെ സ്വാധീനമുള്ളവരാണ് മുജാഹിദ് നേതാക്കളെങ്കില്‍ പതിറ്റാണ്ടുകള്‍ നീണ്ട ‘ഇസ്വ്ലാഹീ’ പ്രവര്‍ത്തനം കൊണ്ട് കേരളമെങ്കിലും മുഴുവന്‍ മുജാഹിദുകളാവേണ്ടിയിരുന്നില്ലേ എന്നു ചോദിച്ചിട്ടു കാര്യമില്ല. ഹാഫിസ് മുഹമ്മദിന് എതിര്‍ ഗ്രൂപ്പുകാരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണല്ലോ ലക്ഷ്യം.
രണ്ടാം ഭാഗമാണ് മതവുമായി നേരിട്ട് ബന്ധപ്പെടുന്നത്. മൌലിദ് പരിപാടികളില്‍ പങ്കെടുക്കുന്നതോടെ അമുസ്ലിമായിത്തീരുമെന്നാണ് ഇതുവഴി സുല്ലമി പറയുന്നത്. ലോകമുസ്ലിംകളില്‍ ബിദ്അത്തു വാദികളായ ഏതാനും ചില മുജാഹിദുകളൊഴിച്ച് മറ്റെല്ലാവരും വിശാലമായ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്ത് തെറിച്ച്, അമുസ്ലിം ജനവിഭാഗമായിത്തീരുകയാണ് ഇതു മൂലം. ഇവിടെയും പ്രസക്തമായ ഒരു ചിന്ത, മൌലവിമാര്‍ ജന്മം തൊട്ട് കലാപം തുടങ്ങിയിട്ട് ഇതുവരെ കേരളത്തിലെന്നല്ല ലോകത്തെവിടെയെങ്കിലും മൌലിദ് പരിപാടികള്‍ക്ക് ജനപിന്തുണ കുറഞ്ഞിട്ടുണ്ടോ എന്നതാണ്. വര്‍ഷം തോറും മൌലിദ് മുഖേന കാഫിറുകളാവുന്നവര്‍ വര്‍ദ്ധിച്ചു വരുന്നു. ഇതൊന്നും സുല്ലമി അടക്കം ഒരു മൌലവിക്കും അറിയാത്ത കാര്യമല്ല. സുല്ലമി പ്രസ്താവനയിലൂടെ ഒപ്പിച്ചെടുക്കാന്‍ ശ്രമിച്ച ഒരു കൊടിയ അപരാധം, ആത്മവഞ്ചനയുടെ കുപ്പക്കുഴിയിലിറങ്ങിയുള്ള മതവിരുദ്ധ പ്രവണത തുറന്നു കാണിക്കാതിരിക്കാനാവില്ല.
ഓണം എന്നാല്‍
തൃക്കാക്കര കേന്ദ്രീകരിച്ച് കേരളം ഭരിച്ചിരുന്ന നല്ലവനായ രാജാവായിരുന്നു മഹാബലി. അദ്ദേഹത്തില്‍ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തത്സമയം, ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അവസരമുണ്ടാക്കണമെന്ന മഹാബലിയുടെ താല്‍പര്യം വാമനന്‍ അംഗീകരിച്ചതിന്റെ ഫലമായി ചിങ്ങമാസത്തിലെ തിരുവോണത്തിന് അദ്ദേഹം കേരളം സന്ദര്‍ശിക്കും. മഹാബലിയുടെ വരവിനൊത്താണ് ഓണം. ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണിത്.
വിഷ്ണു പല വേഷങ്ങളില്‍ അവതരിക്കുമെന്ന് ഹൈന്ദവര്‍ കരുതുന്നു. ഇസ്ലാമിക വിശ്വാസവുമായി ഒരു ബന്ധവുമില്ല ഈ ദര്‍ശനത്തിന്. പ്രധാനപ്പെട്ട അവതാരങ്ങള്‍ പത്താണ്. അവരില്‍ അഞ്ചാമനാണ് മഹാബലിയെ വഞ്ചിച്ച വാമനന്‍. ധര്‍മത്തിനു ഹാനി വരുമ്പോള്‍, അധര്‍മത്തെ അടിച്ചമര്‍ത്താനാണ് അവതാരങ്ങളെന്ന് ഭഗവത്ഗീത(4:4,7) വ്യക്തമാക്കുന്നുണ്ടെങ്കിലും, നല്ലവനായ മഹാബലിയെ എന്തിനു ചവിട്ടിത്താഴ്ത്തിയെന്ന പ്രസക്തമായ ചോദ്യമുണ്ട്. അതിരിക്കട്ടെ നമ്മുടെ ചര്‍ച്ച സുല്ലമിയുടെ വാമനാവതാരത്തെ പറ്റിയാണ്. ധര്‍മത്തെ ചവിട്ടിത്താഴ്ത്തുന്ന ധിക്കാരത്തെ പറ്റിയാണ്.
ഓണസദ്യ
മേല്‍ വിശദീകരണത്തില്‍ നിന്ന് തീര്‍ത്തും ഹൈന്ദവിക ആചാരമാണ് ഓണമെന്നു ഗ്രഹിക്കാം. ഓണത്തിന് പൂക്കളമുണ്ട്. തിരുവാതിരക്കളിയും ഊഞ്ഞാലുമുണ്ട്. വിഭവസമൃദ്ധമായ സദ്യ തീര്‍ത്തും അനിവാര്യവുമാണ്. കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴഞ്ചൊല്ലുപോലും ഓണസദ്യയിലാണ് ഊന്നിനില്‍ക്കുന്നത്. എന്നാലും ഇതൊന്നും ഒരു ആരാധനാ മനോഭാവത്തില്‍ ചെയ്യുന്നതല്ല. ഓണച്ചോറ് വിഷ്ണുവിനുള്ള നിവേദ്യവുമല്ല. കേവലം സൌഹൃദത്തിലുപരി പൂജയോ ഹോമാദി കര്‍മങ്ങളോ ഒന്നും ഓണസദ്യയുമായി ബന്ധപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഓണസദ്യയില്‍ പങ്കെടുക്കുന്നതുകൊണ്ട് ഒരു മുസ്ലിം മുസ്ലിമല്ലാതായിത്തീരുകയില്ല തന്നെ. അവനെ മെഹറോണ്‍ ചൊല്ലി മതത്തില്‍ നിന്നു പുറത്താക്കാന്‍ ഒരു മുജാഹിദുകാരനും അധികാരവുമില്ല. മൌലവിയും ഇതംഗീകരിച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ഹൈന്ദവമായ, അവതാര സങ്കല്‍പവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിലപ്പുറം വലിയ കാര്യമായി മൌലിദ് ആഘോഷത്തെ ചിത്രീകരിക്കുന്ന കുടില മനസ്കതയാണ് പ്രധാന പ്രശ്നം. അത് ചോദ്യം ചെയ്തേ പറ്റൂ.
ഓണത്തിന്റെ പ്രമാണം, മൌലീദിന്റെ പ്രമാണ വിരുദ്ധത
‘പ്രവാചകചര്യയുടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് തെറ്റല്ല’ എന്ന ഒറ്റത്തെളിവാണ് മൌലവി ഓണസദ്യ അടിച്ചുമാറ്റാന്‍ പുറത്തിറക്കിയിരിക്കുന്നത്. മൌലിദ് കഴിക്കാവതല്ലെന്നതിന് ഖുര്‍ആനും ഹദീസും മുഴുവന്‍ തെളിവുകളുമുണ്ടെന്ന വിധത്തിലാണ് പ്രസംഗം. ഏതെങ്കിലും നബി, അല്ലെങ്കില്‍ സ്വഹാബികള്‍ ആരെങ്കിലും ആരുടെയെങ്കിലും മൌലിദ് കഴിച്ചിട്ടുണ്ടോ എന്ന് ഒരു ‘ബല്യചോദ്യം’ മുജാഹിദ് വേദികളില്‍ സ്ഥിരം ഉയര്‍ന്നു കേള്‍ക്കാറുമുണ്ട്. മൌലീദ് വിഷയത്തില്‍ നേര്‍ക്കുനേര്‍ നബി(സ്വ) ചെയ്തു കാണിക്കണമെന്ന് വാശിപിടിക്കുന്ന സുല്ലമിമാരോട് ഇതേ ശൈലിയില്‍ ചോദിക്കട്ടെ, നബി(സ്വ) ഓണം ആഘോഷിച്ചിട്ടുണ്ടോ? സ്വഹാബികളാരെങ്കിലും ഓണസദ്യ ഉണ്ടിട്ടുണ്ടോ? കുച്ചിപ്പുടിക്കും തിരുവാതിരക്കളിക്കും ആയിശ(റ)വിന്റെ ജീവിതത്തില്‍ മാതൃകയുണ്ടോ? പാടില്ലെന്നതിനു തെളിവില്ലെന്നാണ് ന്യായീകരണം. നബിദിനാഘോഷം പാടില്ലെന്നതിനും നബി(സ്വ)യുടെ ജീവിതത്തിലും സ്വഹാബീ ചരിത്രത്തിലും തെളിവുകളില്ലല്ലോ. പ്ര മാണങ്ങള്‍ വിസ്മരിച്ച് പരമാവധി താഴ്ന്നുകൊടുത്താല്‍ അവരാരും ഇന്നത്തെ രൂപത്തില്‍ വിപുലമായി മൌലിദ് കഴിച്ചതായി നമുക്ക് വിവരം ലഭിച്ചില്ലെന്നും വരും. ഓണത്തിന്റെ കാര്യത്തിലും ഇത് ഒരേ പ്രകാരം തന്നെയാണ്; തീര്‍ത്തും സമാനമാണ്. അവരാരും ഓണം ആഘോഷിച്ചിട്ടില്ല. ചെയ്യാമെന്ന് സൂചിപ്പിച്ചുപോലുമില്ല. മുസ്ലിംകളെ മുശ്രിക്കുകളാക്കാന്‍ വേണ്ടി മാത്രം മൌലവിമാര്‍ ഇവിടെ രണ്ടുവിധം മാനദണ്ഢങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നു. മൌലവിക്ക് വിഷ്ണുവാകാം. വാമനനും അവതാരങ്ങളുമാകാം. അവരുടെ സ്മരണാര്‍ഥമുള്ള ആഘോഷങ്ങളില്‍ പങ്കുകൊള്ളാം. സദ്യ കഴിക്കാം. പക്ഷേ, അ ല്ലാഹു പാടില്ല. മുത്ത്നബിയും കീര്‍ത്തനങ്ങളും പറ്റില്ല. മൌലിദും നേര്‍ച്ചച്ചോറും വേണ്ടേവേണ്ട. കൊ ടിയ ശിര്‍ക്കാണവ.
പ്രത്യേക ദിവസമെന്ന ശിര്‍ക്കുമാര്‍ഗം
അബ്ദുസ്സലാം സുല്ലമിയെത്തന്നെ ദീര്‍ഘമായി വായിക്കാം. ‘റബീഉല്‍ അവ്വലില്‍ സുന്നികള്‍ സ്വലാത്ത്, ദാനധര്‍മം, നബിയുടെ മദ്ഹ് ചൊല്ലല്‍ മുതലായവ വര്‍ദ്ധിപ്പിക്കുമ്പോള്‍ നാം അത് അനാചാരമാണെ ന്ന് പറയാറുണ്ട്. സ്വലാത്ത് ചൊല്ലല്‍ അനാചാരമാണോ, ദാനധര്‍മം അനാചാരമാണോ, പ്രവാചകനെ പ്രശംസിച്ച് പാടല്‍ അനാചാരമാണോ എന്നെല്ലാം അവര്‍ ചോദിക്കുമ്പോള്‍ റബീഉല്‍ അവ്വലില്‍ പ്രത്യേകത നല്‍കിയതുകൊണ്ടാണ് അനാചാരമാകുന്നത് എന്നതു മാത്രമാണ് നമുക്കുള്ള മറുപടി. അതായത് പുണ്യകര്‍മങ്ങളാണെന്ന് സ്ഥിരപ്പെടാത്തവക്ക് ഇസ്ലാം നല്‍കാത്ത സമയപ്രാധാന്യം നല്‍കിക്കൊണ്ട് ചെയ്യുമ്പോള്‍ അത് അനാചാരമായിത്തീരുന്നു’ (ശബാബ് വാരിക. 2006 ഡിസംബര്‍ 8, പേജ്: 10).
നബിദിനാഘോഷം വികേന്ദ്രീകരിച്ച് വീക്ഷിച്ചാല്‍ ഒരു കുഴപ്പവുമില്ലെങ്കില്‍ കൂടി, അത് പ്രത്യേക മാ സം, ദിവസം ചെയ്യുന്നതോടെ ഇസ്ലാം വിരുദ്ധമായിത്തീരുന്നു എന്നാണല്ലോ ഇതിന്റെ താല്‍പര്യം. മറ്റു പല സുന്നീ വിശ്വാസങ്ങളും അനാചാരമായിത്തീരാന്‍ ഏക കാരണം സമയബന്ധിതമായി നടപ്പാക്കുന്നു എന്നത് മാത്രമാണെന്ന് മൌലവി തുടര്‍ന്നെഴുതുന്നുണ്ട്. ഈ വാദഗതിയുടെ സ്വീകാര്യതയെക്കുറിച്ചുള്ള വിശകലനം മാറ്റിവെച്ച് നമുക്ക് ഈയൊരു അളവുകോലുമായി ഓണസദ്യയിലേക്ക് പോകാം. ചിങ്ങമാസത്തില്‍ ചന്ദ്രന്‍ ശ്രാവണ നക്ഷത്രത്തില്‍ നില്‍ക്കുന്ന അത്തം പത്തിനാണ് ഓണം. അന്ന് മാത്രമാണ് തിരുവോണം. ഒരു പ്രത്യേക മാസത്തിലെ പ്രത്യേക ദിവസമാണിത് ആഘോഷിക്കുന്നത് എന്നു വരുമ്പോള്‍ ഇലശ്ശേരിയും പുളിശ്ശേരിയും പറ്റും. പപ്പടവും പാല്‍പായസവും കുഴപ്പമില്ല. ചോറും സാമ്പാറും ഒന്നാന്തരം എന്നൊക്കെയാണെങ്കിലും അത് ചിങ്ങത്തിലാവുമ്പോള്‍, അത്തം പത്തിനു തന്നെയുമാവുമ്പോള്‍ അനിസ്ലാമികമാവില്ലേ സുല്ലമീ. പുണ്യകര്‍മമാണെന്ന് സ്ഥിരപ്പെടാത്ത കാര്യം സമയബന്ധിതമായി നടപ്പിലാക്കുമ്പോള്‍ ശിര്‍ക്കു വരണമെന്നുണ്ടെങ്കില്‍ റബീഉല്‍ അവ്വലും പന്ത്രണ്ടുമാവണമെന്നത് ഏതു ഖുര്‍ആനില്‍ നിന്ന്, ഹദീസില്‍ നിന്ന് മൌലവിമാര്‍ കണ്ടെത്തിയെന്നറിയാന്‍, പ്രവാചക സ്നേഹികള്‍ക്ക് അവകാശമുണ്ട്. അതല്ലെങ്കില്‍ ഓണാഘോഷം പുണ്യകര്‍മമാണെന്ന് സ്ഥിരപ്പെട്ടതായ രേഖയുദ്ധരിക്കണം.
ഓര്‍ത്തു നോക്കുക. ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമായി സമര്‍ഥിക്കുന്ന മൌലിദാഘോഷം നിഷേധിക്കാനും ആഘോഷിക്കുന്നവരെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാനും റബീഉല്‍ അവ്വലിലായി എന്ന, ആരും പഠിപ്പിക്കാത്ത ദുര്‍ബല ന്യായീകരണം, വന്‍പ്രമാണമാക്കുന്നവര്‍, പൊതുസമൂഹത്തില്‍ നല്ലപിള്ള ചമയാനും ഓണസദ്യയുണ്ണാനും ഇതേ പ്രമാണം പൂര്‍ണമായി വിസ്മരിക്കുന്നു. പകപോക്കലുകള്‍ക്കിടയില്‍ ഇസ്ലാം ദൂരെ മാറ്റപ്പെടുകയാണിത്. ഇത്തരക്കാരോട് വളരെ മാന്യതയോടെ ചോദിക്കട്ടെ. നിങ്ങളുടെയൊക്കെ മതമേതാണ്?